Showing posts with label ഷബീർ രാരങ്ങോത്ത്. Show all posts
Showing posts with label ഷബീർ രാരങ്ങോത്ത്. Show all posts

Wednesday, 8 September 2021

അക്ബര്‍ അലഹബാദി നർമത്തിൽ ചാലിച്ച കവിത -ഷബീർ രാരങ്ങോത്ത്


പൂഛാ അക്ബര്‍ ഹെ ആദ്മി കൈസാ
ഹസ് കെ ബോലെ വൊ ആദ്മി ഹീ നഹീ

(അക്ബര്‍ എത്തരത്തിലുള്ള മനുഷ്യനാണെന്ന് ചോദിക്കപ്പെട്ടു
ചിരിച്ചു കൊണ്ട് പറഞ്ഞു: അവന്‍ മനുഷ്യന്‍ തന്നെ അല്ല)

ഗൗരവതരമായ കാര്യങ്ങള്‍ പറയാന്‍ ആക്ഷേപ ഹാസ്യത്തെ കൂട്ടുപിടിച്ച ഒരു കവിയാണ് അക്ബര്‍ അലഹബാദി. പ്രണയവും രാഷ്ട്രീയവുമെല്ലാം ഹാസ്യത്തില്‍ ചാലിച്ച് അവതരിപ്പിക്കാനും കൃത്യമായ വാക്കുകള്‍ വെച്ച് അമ്പെയ്യാനും അദ്ദേഹത്തിന് പ്രത്യേക സിദ്ധി തന്നെയുണ്ടായിരുന്നു. പ്രണയത്തിലും രാഷ്ട്രീയത്തിലുമെല്ലാം മുന്‍പ് ഉപയോഗിക്കപ്പെട്ടിരുന്ന വാക്കുകള്‍ക്ക് പകരം പുതിയ പ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളെ സമ്പന്നമാക്കിയിരുന്നു.

അലഹബാദില്‍ നിന്നും പതിനൊന്ന് മൈല്‍ അപ്പുറം ബാര എന്ന നഗരത്തില്‍ 1846 നവംബര്‍ 16 നാണ് അക്ബര്‍ അലഹബാദിയുടെ ജനനം. സയ്യിദ് അക്ബര്‍ ഹുസൈന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. പിതാവ് തഫസ്സുല്‍ ഹുസൈനില്‍ നിന്നാണ് അക്ബര്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരുന്നത്. 1856 ല്‍ അലഹബാദിലെ ജമുന മിഷന്‍ സ്‌കൂളില്‍ വിദ്യാഭ്യാസത്തിനായി ചേര്‍ത്തു. ഇംഗ്ലീഷ് പഠനം നന്നായി കൊണ്ടു പോയ അക്ബര്‍ സ്‌കൂള്‍ പഠനകാലത്തിനു ശേഷം റെയില്‍വെ എഞ്ചിനിയറിംഗ് ഡിപാര്‍ട്ട്‌മെന്റില്‍ ക്ലര്‍കായി ജോലി നോക്കുകയുണ്ടായി. ജോലിയിലിരിക്കെ തന്നെ ബാരിസ്റ്റര്‍ പരീക്ഷ പാസാവുകയും വകീല്‍, തഹ്‌സില്‍ദാര്‍, സെഷന്‍ കോര്‍ട്ട് ജഡ്ജ് എന്നീ നിലകളില്‍ ജോലി നോക്കുകയും ചെയ്തു.

തന്റെ കവിതകളിലൂടെ ശക്തമായ വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിക്കുമായിരുന്നു. ഹൃദയശൂന്യരായ നേതാക്കളെ അദ്ദേഹം പരിഹസിക്കുന്നതിങ്ങനെയാണ്

ഖൗം കെ ഗം മെ ഡിന്നര്‍ ഖാതെ ഹെ ഹുക്കാം കെ സാഥ്
രഞ്ച് ലീഡര്‍ കൊ ബഹുത് ഹെ ആരാം കെ സാഥ്

(സമൂഹത്തിന്റെ ദുരിതത്തെക്കുറിച്ച വിലാപം അധികാരികള്‍ക്കൊപ്പം തീന്മേശയിലാണ്

നേതാവിന് ദുഃഖമൊക്കെ ധാരാളമുണ്ട് പക്ഷെ ആശ്വാസകരമാണെന്നു മാത്രം)

വെസ്‌റ്റേണ്‍ സംസ്‌കാരത്തെ അനുകരിക്കുന്നതിനോടും പകര്‍ത്തുന്നതിനോടും എതിര്‍പ്പു പ്രകടിപ്പിച്ച അദ്ദേഹം പക്ഷെ, തന്റെ ജീവിതത്തില്‍ ആ ഐഡിയോളജി പ്രാവര്‍ത്തികമാക്കിയതായി കണ്ടിരുന്നില്ല. അദ്ദേഹത്തിന്റെ കവിതകളില്‍ ഇംഗ്ലീഷ് പദങ്ങളുടെ ഒരു ആധിക്യം തന്നെ കാണാമായിരുന്നു.

മതങ്ങളുടെ പേരില്‍ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട സമയത്ത് മതസൗഹാര്‍ദത്തിനായി പേനയുന്തിയയാളാണ് അദ്ദേഹം. സമുദായങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ അനുരണനങ്ങള്‍ക്കായി അദ്ദേഹത്തിന്റെ കവിതകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം സമാധാനാഹ്വാനങ്ങള്‍ തുടര്‍ന്നപ്പോള്‍ അക്ബര്‍ മദ്യപാനത്തില്‍ വീണു പോയെന്ന ഊഹാപോഹങ്ങള്‍ ഉയരുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഏറെ പ്രസിദ്ധമായ ഹംഗാമ ഹെ ക്യൂ ബര്‍പാ എന്ന ഗസല്‍ പിറക്കുന്നത്. അദ്ദേഹം ആ ആരോപണത്തിന് മറുപടി പറയുന്നതിങ്ങനെയാണ്.

ഉസ് മെ സെ നഹി മത്‌ലബ് ദില്‍ ജിസ് സെ ഹെ ബേഗാനാ
മഖ്‌സൂദ് ഹെ ഉസ് മെ സെ ദില്‍ ഹി മെ ജൊ ഖീഞ്ച്തി ഹെ

(സ്വന്തത്തെ നഷ്ടമാക്കിക്കളയുന്ന (ഒരാളെ മറ്റൊരാളാക്കുന്ന) മദ്യത്തില്‍ എനിക്ക് താല്പര്യമില്ല തന്നെ 
ഹൃദയത്തിലൂറുന്ന മധുവാണ് (സ്‌നേഹം) ഞാന്‍ തേടുന്ന ലഹരി)

തന്നെ മദ്യപനെന്നു വിളിച്ചവരോട് അദ്ദേഹം ഇങ്ങനെ കൂടി പറയുന്നുണ്ട്.

നാ തജ്റബകാരീ സെ വായിസ് കി യെ ഹെ ബാതേ
ഇസ് രംഗ് കൊ ക്യാ ജാനെ പൂച്ഛോ തൊ കഭി പി ഹെ

(ധർമോപദേശികൾ അനുഭവ പരിജ്ഞാനമില്ലായ്മയുടെ വിവരക്കേടുകളാണ് വിളമ്പുന്നത്;
അതിൻ്റെ രുചിയെക്കുറിച്ചവർക്കെന്തറിയാം, അവരത് രുചിച്ചു നോക്കിയിട്ടുണ്ടോയെന്ന് ചോദിക്കൂ)

ശക്തമായ പ്രമേയങ്ങള്‍ എയ്തു വിടുന്ന അദ്ദേഹത്തിന്റെ കവിത പോലും ഒരു നറു പുഞ്ചിരി ചുണ്ടില്‍ ബാക്കി വെച്ചാണ് അവസാനിച്ചിരുന്നത്.

ഹം ആഹ് ഭി കര്‍തെ ഹെ തൊ ഹൊ ജാതെ ഹെ ബദ്‌നാം
വൊ ഖത്ല്‍ ഭി കര്‍തെ ഹെ തൊ ചര്‍ചാ നഹി ഹോതാ

(ഞാന്‍ ഒരു നിശ്വാസമുതിര്‍ക്കുമ്പോഴേക്കും അത് അപവാദമുണ്ടാക്കുന്നു
അവള്‍ കൊലചെയ്‌തെന്നാല്‍ പോലും അത് ചര്‍ച്ചയാവുന്നില്ല തന്നെ)

1921 സെപ്തംബര്‍  9 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

Monday, 11 January 2021

IBN E INSHA | ഇബ്ൻ എ ഇൻഷ; ഉർദു സാഹിത്യത്തെ വാരിപ്പുണർന്ന ഒറ്റയാൻ -ഷബീർ രാരങ്ങോത്ത്

ദോസ്തോ ഇഷ്ഖ് ഹെ ഖതാ ലേകിൻ
ക്യാ ഖതാ ദർഗുസർ നഹി ഹോതി
പ്രിയരെ, പ്രണയമൊരു തെറ്റാണ്‌, പക്ഷെ
എന്താണോ തെറ്റിയത് അത് പുനപ്പരിശോധിക്കപ്പെടില്ല തന്നെ

ഇബ്നെ ഇൻഷയെപ്പോലെയെഴുതാനോ സംസാരിക്കാനോ ആർക്കും സാധിക്കില്ല. നമ്മുടെ സാഹിത്യ ലോകത്ത് അദ്ദേഹമില്ലാത്തതിന്റെ ഒരു വലിയ വിടവു കിടപ്പുണ്ട്. ഹൃദയത്തിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകൾ. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയും.

ഇബ്നെ ഇൻഷയെക്കുറിച്ച് പ്രമുഖ നാടകകൃത്തായിരുന്ന ബാനു ഖുദ്സിയ പറഞ്ഞ വാക്കുകളാണിത്. ഉർദു സാഹിത്യ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. ഉർദു സാഹിത്യത്തിൽ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ലെന്നു തന്നെ പറയാം. കവിത, ഹാസ്യം, യാത്രാ വിവരണങ്ങൾ, ലേഖനങ്ങൾ, ബാല സാഹിത്യം, വിവർത്തനം തുടങ്ങി സകല മേഖലകളിലും അദ്ദേഹം മികച്ചു തന്നെ നിന്നു. സ്ഥിരതയും വ്യത്യസ്തതയുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളെ എടുത്തു കാണിക്കുന്ന ഒന്ന്. കാല്പനികതയും വിപ്ലവവും ഒരു പോലെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. 

1927 ജൂൺ 15 ന്‌ ജലന്ദറിലെ ഫില്ലൗരിയിലാണ്‌ അദ്ദേഹത്തിന്റെ ജനനം. ശേർ മുഹമ്മദ് ഖാൻ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ നാമം. പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും കറാച്ചി യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം പാകിസ്താൻ ഗവണ്മെന്റിന്റെ വിവിധ സർവീസുകളിൽ ജോലി ചെയ്യുകയും യു എന്നുമായി സഹകരിച്ച് പ്രവർത്തിക്കുകയുമുണ്ടായി. ഇതാണ്‌ അദ്ദേഹത്തെ വലിയ യാത്രകൾക്ക് സഹായിച്ചത്. അദ്ദേഹത്തിലെ യാത്രയെഴുത്തുകാരനെ ഉണർത്തി വിടാനും ഇത് നിമിത്തമായി.

അദ്ദേഹത്തിന്റെ ഹാസ്യം ഏറെ അഭിനന്ദിക്കപ്പെട്ടതായിരുന്നു. വിഭജനാനന്തരമുള്ള പാകിസ്താനെ ഹാസ്യാത്മകമായി അദ്ദേഹം അവതരിപ്പിച്ചതിങ്ങനെയാണ്‌. ‘സ്വാതന്ത്ര്യത്തിനു മുൻപ് ഹിന്ദു മുതലാളിമാരും വ്യാപാരികളും നമ്മെ കൊള്ള ചെയ്തു. നമുക്ക് അതിനൊരു അന്ത്യം വേണമായിരുന്നു. ഇപ്പോൾ നാം മുസ്‌ലിം വ്യാപാരികളെയും സേഠ്മാരെയും നമ്മെ കൊള്ള ചെയ്യാൻ അനുവദിച്ചിരിക്കുന്നു. ഒടുക്കം, ആ ആഗ്രഹം സഫലീകരിക്കപ്പെട്ടിരിക്കുന്നു’

തന്റെ പതിനൊന്നാം വയസിൽ അദ്ദേഹം കവിത കുറിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യ കാലത്ത് തന്റെ മാതാപിതാക്കൾ സമ്മാനിച്ച ശേർ മുഹമ്മദ് ഖാൻ എന്ന പേരിൽ നിന്നല്പം വ്യത്യാസം വരുത്തി ശേർ മുഹമ്മദ് അസ്ഗർ എന്ന പേരിലായിരുന്നു കവിതയെഴുത്ത്. പിന്നീട് ലുധിയാനയിലെ സ്കൂൾ കാലത്ത് മയൂസ് അദമബാദി എന്ന തൂലികാ നാമത്തിലേക്ക് അദ്ദേഹം മാറി. മയൂസി(മടുപ്പ്) എന്നത് അത്ര ഗുണകരമല്ലാത്ത വാക്കാണ്‌ എന്ന ഉപദേശം സ്വീകരിച്ച് ഏറെ വൈകാതെ ഖൈസർ സെഹ്‌റായ് എന്ന തൂലികാ നാമത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. പിന്നീട് ഇബ്നെ ഇൻഷ എന്ന പേര്‌ അദ്ദേഹം സ്വീകരിക്കുന്നത്. ആന്റൺ ചെക്കോവിന്റെ ഒരു പുസ്തകം വിവർത്തനം ചെയ്തതിനു ലഭിച്ച 150 രൂപയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതിഫലം. അതു തന്നെയായിരുന്നു ആദ്യ പുസ്തകവും. പിന്നീട് തന്റെ കവിതകൾ ഒരുമിച്ചു കൂട്ടി പുസ്തകമാക്കാൻ ഒരുങ്ങുന്നതിനിടയിലാണ്‌ വിഭജനം സംഭവിക്കുന്നത്. വിഭജനത്തിൽ സംഭവിച്ച ഒരുപാട് ദുരന്തങ്ങൾക്കിടയിൽ സംഭവിച്ച ഏക നല്ല കാര്യം ആ പുസ്തകത്തിന്റെ ഡ്രാഫ്റ്റ് നഷ്ടപ്പെട്ടതാണെന്നായിരുന്നു അദ്ദേഹം പറയാറുണ്ടായിരുന്നത്.

ഇൻഷാ ജി ഉഠോ, കൽ ചൗദ്വി കി രാത് ഥി തുടങ്ങിയ എണ്ണം പറഞ്ഞ ഹിറ്റ് ഗസലുകൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ പിറന്നു വീണവയാണ്‌. അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പ്രണയവും വിപ്ലവവും ഒരുപോലെ വിരിഞ്ഞിറങ്ങി.

حق اچھا پر اس کے لیے کوئی اور مرے تو اور اچھا

تم بھی کوئی منصور ہو جو سولی پہ چڑھو خاموش رہو

ഹഖ് അച്ഛാ പർ ഉസ് കെ ലിയെ 
കൊയി ഓർ മരേ തൊ ഓർ അച്ഛാ
തും ഭി കൊയി മൻസൂർ ഹൊ ജൊ 
സൂലി പെ ചഡോ ഖാമോഷ് രഹോ
(അവകാശങ്ങൾ നല്ലതാണ്‌, പക്ഷെ അതിനു വേണ്ടി മറ്റാരെങ്കിലും മരിക്കുന്നെങ്കിൽ കൂടുതൽ നല്ലത്
നീയെന്താ കഴുമരത്തിൽ കയറിയ വല്ല മൻസൂറുമാണോ, (അല്ലല്ലോ) എങ്കിൽ മിണ്ടാതിരിക്ക്)

രാഷ്ട്രീയ വിമർശങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ ഒട്ടേറെയുണ്ടാകാറുണ്ട്. യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് അദ്ദേഹം ഒട്ടേറെ കുറിച്ചിട്ടുണ്ട്. തന്റെ ആദ്യ കവിതാ സമാഹാരമായ ചാന്ദ് നഗറിന്റെ ആമുഖത്തിൽ അദ്ദേഹം ഇത് പറഞ്ഞു വെക്കുന്നുണ്ട്. 

‘എന്റെ ദൈർഘ്യമുള്ള കവിതകൾ മിക്കവാറും എന്റെ ചുറ്റിലുമുള്ള കൈപ്പേറിയ യാഥാർഥ്യങ്ങളുടെയും കാല്പനിക ചോദനയുടെയും സംഘട്ടനങ്ങളിൽ നിന്നുയിർക്കൊണ്ട ഉല്പന്നങ്ങളായിരിക്കും. കൊറിയൻ യുദ്ധം എന്നെയുലച്ചു കളഞ്ഞതാണ്‌. അതിന്റെ അലയൊലികൾ ഇതുവരേക്കും എന്റെ എല്ലാ കവിതകളിലും കേൾക്കാനുണ്ട്. എന്നെ സംബന്ധിച്ച് യുദ്ധം പത്രങ്ങളിലെ തലക്കെട്ടുകളല്ല, അതു തീയും നാശവുമാണ്‌. പട്ടാളക്കാരനാകട്ടെ യൂനിഫോമും തോക്കും തിരയുമല്ല അതൊരു മകനും സഹോദരനും പ്രിയപ്പെട്ടവനുമൊക്കെ കുടികൊള്ളുന്ന ശരീരമാണ്‌‘

യുദ്ധ കെടുതികളെക്കുറിച്ച 1952 ൽ രചിക്കപ്പെട്ട അമൻ കാ ആഖ്‌രി ദിൻ എന്ന കവിത ഇപ്പോഴും പ്രസക്തമാണ്‌. 1967 ലെ യുദ്ധാനന്തരം ബാഗ്ദാദിലൂടെ അദ്ദേഹം സഞ്ചരിക്കുകയും ഒരു നീണ്ട കവിതയായി ബഗ്ദാദ് കി ഏക് രാത് എന്ന പേരിൽ പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. തെരുവുകളുടെയും നഗരങ്ങളുടെയും ചന്തകളുടെയും യുദ്ധാനന്തരമുള്ള കഷ്ടത നിറഞ്ഞ മുഖം അനാവരണം ചെയ്യുകയായിരുന്നു ആ ദീർഘ കവിതയിലൂടെ അദ്ദേഹം.

ചാന്ദ് നഗർ, ദിലെ വെഹ്ശി, ഇസ് ബസ്തി കെ ഇക് കൂചെ മെ തുടങ്ങിയവ അദ്ദേഹത്തിന്റെ കാവ്യ സമാഹാരങ്ങളാണ്‌. മികച്ച പ്രോസുകൾ സമ്മാനിച്ച അദ്ദേഹത്തിന്റെ ലേഖനങ്ങൾ, വിമർശങ്ങൾ, ഹാസ്യം തുടങ്ങിയവയുടെ കനപ്പെട്ട ശേഖരമാണ്‌ ഉർദു കി ആഖ്‌രി കിതാബ്.

1978 ജനുവരി 11 ന്‌ തൊണ്ടയിലെ കാൻസറിനെത്തുടർന്ന് ലണ്ടനിൽ വെച്ചാണ്‌ അദ്ദേഹത്തിന്റെ മരണം. മരണം തന്റെ തൊണ്ടക്കുഴിയിലെത്തിയ സമയം അദ്ദേഹം ഇങ്ങനെ കുറിച്ചു.

അബ് ഉംർ കി നഖ്ദി ഖതം ഹുയി
അബ് ഹം കൊ ഉധാർ കി ഹാജത് ഹെ
ഹെ കൊയി സാഹുകാർ ബനെ
ഹെ കൊയി ജൊ ദീവാൻഹാർ ബനെ
കുച് സാൽ മഹീനേ ദിൻ ലോഗോ
പെർ സൂദ് ബെയജ് കെ ബിൻ ലോഗോ
(ആയുസിന്റെ സമ്പാദ്യം ഇതാ തീർന്നിരിക്കുന്നു
ഇപ്പോഴെനിക്ക് ലോൺ ആവശ്യമുണ്ട്
ഹുണ്ടികക്കാരനായി ആരെങ്കിലുമുണ്ടോ?
നല്കാനായി ആരെങ്കിലുമുണ്ടോ
കുറച്ച് വർഷങ്ങൾ, മാസങ്ങൾ, ദിവസങ്ങൾ ലോകരേ
പക്ഷേ, പലിശയോ ലാഭമോ ഇല്ലാതെ പ്രിയരേ

Thursday, 7 January 2021

ഖാജാ മീര്‍ ദര്‍ദ് | خواجہ میر درد -ഷബീർ രാരങ്ങോത്ത്

زندگی ہے یا کوئی طوفان ہے!

ہم تو اس جینے کے ہاتھوں مر چلے

സിന്ദഗി ഹെ യാ കൊയി തൂഫാന്‍ ഹെ
ഹം തൊ ഇസ് ജീനെ കെ ഹാഥോ മര്‍ ചലെ

ജീവിതമോ അതോ ഏതോ കൊടുങ്കാറ്റോ!
ഞാന്‍ ഈ ജീവിതത്തിന്റെ കരങ്ങളാൽ മരണമടഞ്ഞിരിക്കുന്നു.


ക്ലാസികല്‍ ഉര്‍ദു ഗസലുകളുടെ നെടുന്തൂണായി അറിയപ്പെടുന്ന കവികളില്‍ പ്രധാനിയാണ് ഖാജാ മീര്‍ ദര്‍ദ്. മിര്‍ തഖി മീര്‍, മിര്‍സ സൗദ എന്നിവരാണ് മറ്റുള്ളവര്‍. മീര്‍ തഖി മീര്‍ പ്രണയകവിതകളുടെയും സൗദ ആക്ഷേപ ഹാസ്യത്തിന്റെയും പേരില്‍ പ്രശസ്തരായപ്പോള്‍ മീര്‍ ദര്‍ദ് മിസ്റ്റിക് കവിതകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു.
ഡല്‍ഹിയിലെ സൂഫീവര്യനും കവിയുമായിരുന്ന ഖാജാ മുഹമ്മദ് നസീര്‍ അന്ദലീബിന്റെ പുത്രനായി 1721 ലാണ് ഖാജാ മീര്‍ ദര്‍ദിന്റെ ജനനം. പിതാവില്‍ നിന്നു തന്നെയാണ് അദ്ദേഹം തന്റെ അനൗപചാരിക പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. പിതാവുമായി ബന്ധം പുലര്‍ത്തിയിരുന്ന പണ്ഡിത ശ്രേഷ്ഠരുമായും സംഗീതജ്ഞരുമായുമുള്ള നിരന്തര സമ്പര്‍ക്കം മീര്‍ ദര്‍ദിന് ജ്ഞാനവും സര്‍ഗസിദ്ധികളും സമ്മാനിച്ചു. അറബ്, പേര്‍ഷ്യന്‍ ഭാഷകളില്‍ മികച്ച പ്രാവീണ്യം നേടിയെടുത്ത അദ്ദേഹം സംഗീതത്തോട് കടുത്ത പ്രണയം വെച്ചു പുലര്‍ത്തിയിരുന്നു. ഭൗതിക സൗകറ്റിയങ്ങളോട് വിരക്തി പ്രകടിപ്പിച്ച് തന്റെ 28 ആം വയസില്‍ തന്നെ അദ്ദേഹം ആത്മീയതയുടെ വഴി തിരഞ്ഞെടുത്തു.
പ്രക്ഷുബ്ധമായ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലായിരുന്നു ദര്‍ദിന്റെ ജീവിതം. അക്കാലത്ത് ദില്ലി നിരന്തരമായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് വേദിയായിരുന്നു. ദില്ലി നിവാസികള്‍ കുടിയേറ്റത്തിന് നിര്‍ബന്ധിതരായി. മീര്‍, സൗദ പോലുള്ളവര്‍ പോലും ദില്ലി വിട്ട് ലഖ്‌നൗവിലേക്ക് കുടിയേറിയപ്പോഴും ദര്‍ദ് ദില്ലിയില്‍ തന്നെ തുടര്‍ന്നു. സൂഫി സൈദ്ധാന്തികതകളില്‍ ധൈര്യത്തിനായുള്ള മാര്‍ഗങ്ങള്‍ ചികയുകയായിരുന്നു അദ്ദേഹം. ദൈവ വിധിയിലുള്ള അടങ്ങാത്ത വിശ്വാസമാണ് ദര്‍ദിനെ ദില്ലിയില്‍ പിടിച്ചു നിര്‍ത്തിയതെന്നു പറയാം. ഈ അചഞ്ചലമായ വിശ്വാസത്തിന്റെ അലയൊലികള്‍ അദ്ദേഹത്തിന്റെ കവിതകളിലും പ്രതിഫലിക്കാറുണ്ടായിരുന്നു.
ഭൗതിക വിരക്തി പ്രകടിപ്പിക്കുമ്പോഴും ഒട്ടും വരണ്ടതല്ലാത്ത മനോഹരമായ കവിതകള്‍ സമ്മാനിക്കാന്‍ ദര്‍ദിനു കഴിഞ്ഞിരുന്നു. ആത്മീയ ഭാവം തുളുമ്പുന്ന വരികളീപ്പോലും ഏതൊരുവനും കാത്തുവെക്കാനുതകുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
വളരെ ഹൃസ്വമായ നീളത്തില്‍, ഏഴോ ഒന്‍പതോ ശേറുകള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഗസലുകളായിരുന്നു ദര്‍ദ് കൂടുതലായും രചിക്കാറുണ്ടായിരുന്നത്. ലളിതവും സംഗീതാത്മകവുമായ രചനാശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ ഉര്‍ദു ദീവാനു പുറമെ എട്ട് പേര്‍ഷ്യന്‍ പുസ്തകങ്ങള്‍ സൂഫിസത്തെക്കുറിച്ച് അദ്ദേഹം രചിച്ചിട്ടുണ്ട്. ഭൗതിക വിരക്തി പ്രകടമായിരുന്നെങ്കിലും, ഭൗതിക ജീവിതത്തെ നിരാകരിക്കാതെ ഏറ്റവും ലളിതമായി ജീവിക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. ജീവിതത്തില്‍ നിന്നോടിയൊളിക്കുന്നതിനു പകരം അതിന്റെ നിഗൂഢാര്‍ഥങ്ങളെ ചികയാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്.
1785 ജനുവരി 7 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

Tuesday, 24 November 2020

പർവിൻ ഷാകിർ; പുരുഷാധിപത്യത്തിനു നേർക്ക് കവിത കൊണ്ടൊരു ചാട്ടുളി -ഷബീർ രാരങ്ങോത്ത്

 

 ഇത്‌നെ ഘനെ ബാദല്‍ കെ പീഛെ
കിത്‌നാ തന്‍ഹാ ഹോഗാ ചാന്ദ്
(ഇത്രമേല്‍ സാന്ദ്രമായ മേഘങ്ങള്‍ക്കു പിറകില്‍ 
എത്രയേറെ ഏകാന്തതയിലാവും തിങ്കള്‍)

ഉര്‍ദു കാവ്യലോകത്ത് ഇത്തിരിക്കാലം കൊണ്ട് ഒത്തിരി അത്ഭുതങ്ങള്‍ സൃഷ്ടിച്ച കവയത്രിയാണ് പര്‍വിൻ ഷാകിര്‍. ആണധികാര ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയും ശക്തമായ പ്രമേയങ്ങളില്‍ കവിത രചിക്കുകയും ചെയ്ത ആളാണ് അവർ. കാല്പനിക ഭാവങ്ങള്‍ അവരുടെ കവിതകള്‍ക്ക് ചന്തം ചാര്‍ത്തി.

1952 നവംബര്‍ 24 ന് കറാച്ചിയിലെ ഒരു മധ്യ വര്‍ഗ കുടുംബത്തിലാണ് അവരുടെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ കഥകളും ലേഖനങ്ങളും കവിതകളും അവരുടെ തൂലികത്തുമ്പില്‍ വിരിഞ്ഞിരുന്നു. ബീന എന്ന തൂലികാ നാമത്തിലായിരുന്നു ആദ്യ കാലത്ത് അവരുടെ രചനകള്‍. പിന്നീടാണ് സ്വന്തം പേരില്‍ തന്നെ കവിതയെഴുതിത്തുടങ്ങുന്നത്. തന്റെ ഇരുപത്തിനാലാം വയസില്‍ തന്നെ ഖുഷ്ബു എന്ന പേരോടു കൂടി ആദ്യ കവിതാ സമാഹാരം പുറത്തിറക്കാന്‍ അവര്‍ക്കായി. സാഹിത്യ രംഗത്തെ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് പാകിസ്താന്‍ സര്‍ക്കാര്‍ സമ്മാനിക്കുന്ന പ്രൈഡ് ഓഫ് പെര്‍ഫോമന്‍സ് അവാര്‍ഡും അവരെത്തേടിയെത്തി.

ഒന്‍പതു വര്‍ഷത്തോളം അധ്യാപക വൃത്തിയിലേര്‍പ്പെട്ട അവര്‍ പിന്നീട് സിവില്‍ സര്‍വീസില്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരുകയും ഫെഡറല്‍ ബോര്‍ഡ് ഓഫ് റെവന്യൂവിന്റെ സെകന്റ് സെക്രട്ടറിയാവുകയും ചെയ്തു.

ജോലിത്തിരക്കുകള്‍ക്കിടയിലും ഉര്‍ദുവിലും ഇംഗ്ലീഷിലുമായി നിരവധി ലേഖനങ്ങളും കവിതകളും അവര്‍ എഴുതുകയുണ്ടായി. ഖുഷ്ബുവിനു പുറമെ സര്‍ദ്ബാഗ്, ഖുദ് കലാമി തുടങ്ങിയ ഗ്രന്ഥങ്ങളും അവരുടേതായി പിറവി കൊണ്ടു. പാരമ്പര്യവാദികളും യാഥാസ്ഥിതികരുമായിരുന്ന കുടുംബാംഗങ്ങളും സമൂഹവും പര്‍വിൻ ഷാകിര്‍ മുഷായറകളില്‍ പങ്കെടുക്കുന്നതും മറ്റു കവികളുമായി തന്റെ കവിത ചര്‍ച്ച ചെയ്യുന്നതും തടയാന്‍ ശ്രമിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഈ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്താണ് അവര്‍ കാവ്യയാത്ര ചെയ്തത്. ഗസലിലും സ്വതന്ത്ര കവിതകളിലും പര്‍വിൻ ഷാകിര്‍ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു.

പ്രണയവും സൗന്ദര്യവും അവയ്ക്കിടയിലെ പരസ്പര വൈരുധ്യങ്ങളും അവരുടെ കവിതകളില്‍ നിറഞ്ഞു നിന്നിരുന്നു. ഉപമാലങ്കാരങ്ങളാല്‍ സമ്പന്നമായ കവിതകളായിരുന്നു മിക്കതും. തന്റെ കവിതകളില്‍ ഫെമിനിസ്റ്റ് ആശയങ്ങൾ ശക്തമായി പ്രമേയമാക്കുന്നതിൽ അവര്‍ ഒട്ടും മടി കാണിച്ചിരുന്നില്ല. പുരുഷ മേധാവിത്വ ഉര്‍ദു കാവ്യ ലോകത്ത് ലഡ്കി(പെണ്‍കുട്ടി) കേന്ദ്രബിന്ദുവാകുന്ന കവിതകള്‍ അവര്‍ നിരന്തരം രചിച്ചിട്ടുണ്ട് എന്ന് കാണാനൊക്കും.

ഉന്നം വെച്ച് അമ്പെയ്യാനറിയുന്ന തൂലികയായിരുന്നു ഷാകിറിന്റേത്. ഏതു വാക്കു കൊണ്ട് മുറിവേല്പിക്കണം എന്ന കൃത്യമായ ധാരണ അവര്‍ക്കുണ്ടായിരുന്നു. ഒരുദാഹരണം നോക്കൂ

വൊ തൊ ഖുഷ്ബു ഹെ ഹവാ മെ ബിഖര്‍ ജായേഗ
മസ്‌ലാ ഫൂല്‍ കാ ഹെ ഫൂല്‍ കിധര്‍ ജായേഗാ
(അത് പരിമളമാണ്, കാറ്റിലത് ചിതറിപ്പോയിക്കൊള്ളും
പ്രശ്‌നം പൂവിന്റേതാണ്, പൂവ് എങ്ങോട്ടു പോകാനാണ്)

നോക്കൂ, എത്ര കൃത്യമായാണ് അവര്‍ അമ്പ് തൊടുത്തു വിട്ടിരിക്കുന്നതെന്ന്. പ്രണയത്തില്‍ പെണ്ണ് എന്താണെന്ന് കൃത്യമായി അവര്‍ വരച്ചു വെക്കുകയാണിവിടെ. 

പ്രണയവും അനന്തരകാര്യങ്ങളുമായിരുന്നു അവരുടെ ഗസലുകള്‍ക്ക് വിഷയമെങ്കില്‍ സാമൂഹ്യ പ്രാധാന്യമുള്ള കാര്യങ്ങളായിരുന്നു അവരുടെ സ്വതന്ത്ര കവിതകള്‍ക്ക് വിഷയമായി വന്നത്. ഒരു സ്ത്രീയുടെ മുഴുസമയങ്ങളും അവര്‍ തന്റെ കവിതകളില്‍ അടയാളപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. നിഷ്‌കളങ്ക ബാല്യം തൊട്ട് മുതിര്‍ന്നവര്‍ വരെ അനുഭവിക്കേണ്ടി വരുന്ന സാമൂഹ്യ സമ്മര്‍ദങ്ങളും അതിന്റെ അനന്തര ഫലങ്ങളുമെല്ലാം അവരുടെ കവിതകളില്‍ ഉണ്ടായിരുന്നതായ നിരീക്ഷണങ്ങളുണ്ട്. സ്ത്രീ പക്ഷ വായന നടത്തിയ കവയത്രി എന്ന നിലക്ക് പര്‍വിൻ ഷാകിറിന്റെ പേര് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. പാരമ്പര്യങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള കവിതകള്‍ ജനിപ്പിക്കുന്നതില്‍ അവര്‍ ഒട്ടും ഭയപ്പെട്ടിരുന്നില്ല. 

1994 ഡിസംബര്‍ 26 ന് ഒരു കാറപകടത്തിലാണ് അവര്‍ കൊല്ലപ്പെടുന്നത്. അപകടം നടന്ന റോഡിന് പിന്നീട് പര്‍വിൻ ഷാകിര്‍ റോഡ് എന്ന് നാമകരണം ചെയ്യുകയുണ്ടായി.

Sunday, 22 November 2020

ഷബീർ രാരങ്ങോത്ത് (ലേഖനങ്ങള്‍)

Thursday, 19 November 2020

ഫെയ്‌സ് അഹ്മദ് ഫെയ്‌സ് വിപ്ലവ വീര്യമുള്ള തൂലിക -ഷബീർ രാരങ്ങോത്ത്


ജബ് സുല്‌മോ സിതം കെ കോഹെ ഗിരാന്‍
രൂയി കി തരഹ് ഉഡ് ജായേംഗെ
ഹം മെഹ്കൂമോ കെ പാവ് തലെ
ജബ് ധര്‍തി ധഡ് ധഡ് ധഡ്‌കേഗി
ഓര്‍ അഹ്‌ലെ ഹകം കെ സര്‍ ഊപര്‍
ജബ് ബിജ്‌ലി കഡ് കഡ് ലഡ്‌കേഗി
ഹം ദേഖേംഗെ
(നമ്മെ വന്നു മൂടിയ) നിഷ്ഠൂരതയുടെ പര്‍വങ്ങള്‍ പരുത്തി കണക്കെ പാറിപ്പോവുക തന്നെ ചെയ്യും
നമ്മള്‍ അധകൃതരുടെ കാലടിയൊച്ചകളാല്‍ ധരണി പ്രകമ്പനം കൊള്ളപ്പെടുകയും (ആ പ്രകമ്പനം) ഏകാധിപതികള്‍ക്കു മേല്‍ ഇടിത്തീയായി ഭവിക്കുകയും ചെയ്യും. നമ്മളത് കാണുക തന്നെ ചെയ്യും

വിപ്ലവ ചിന്തകള്‍ ഉദയം ചെയ്യുന്നിടത്തൊക്കെ അതിന്റെ വിജയത്തെക്കുറിച്ച് പ്രതീക്ഷ നല്കാന്‍ ഉപയോഗിക്കപ്പെടുന്ന വരികളാണിവ. അധികാര ബലപ്രയോഗത്തിന്റെ ഏതവസരങ്ങളിലും അനുയോജ്യമാകുന്ന ഈ വരികള്‍ ഫെയ്‌സ് അഹ്മദ് ഫെയ്‌സ് എന്ന വിപ്ലവ കവിയുടെ തൂലികയിലൂടെയാണ് പിറവി കൊള്ളുന്നത്. പാകിസ്താനില്‍ സിയാഉല്‍ ഹഖ് ഭരണം അട്ടിമറിക്കുകയും സുല്ഫിക്കര്‍ അലി ഭൂട്ടോയെ കഴുവിലേറ്റുകയും ഖുര്‍ആനിനെ തനിക്കു വേണ്ട വിധം ദുര്‍വ്യാഖ്യാനിച്ച് നിയമങ്ങളുണ്ടാക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഫെയ്‌സ് അഹ്മദ് ഫെയ്‌സ് ഈ കവിതയെഴുതുന്നത്. ഫെയ്‌സ് സിയാഹുല്‍ ഹഖിനെതിരെ പ്രതികരിച്ചത് ഖുര്‍ആനിന്റെ ആശയ പദ സമ്പത്തു കൊണ്ടു തന്നെയായിരുന്നു. ദൈവത്തിന്റെ പേരില്‍ നടത്തുന്ന ഈ ക്രൂരതക്ക് അന്ത്യനാളില്‍ ദൈവത്തിനു മുന്നില്‍ കണക്കു പറയേണ്ടി വരും എന്ന് ഫെയ്‌സ് സിയാഹുല്‍ ഹഖിനെ ഓര്‍മപ്പെടുത്തുകയും അധകൃതര്‍ക്ക് പ്രതീക്ഷ നല്കുകയുമായിരുന്നു. ഈ കവിത പ്രതിഷേധത്തിന്റെ അടയാളമായി മാറുന്നത് 1985 ല്‍ സാരി ധരിക്കുന്നത് നിരോധിക്കപ്പെട്ടപ്പോഴാണ്. ഇഖ്ബാല്‍ ബാനോ ആ കവിതയ്ക്ക് ഈണം നല്കി പ്രതിഷേധ സൂചകമായി ആലപിച്ചു. കവിതയുടെ രചയിതാവ് ഫെയ്‌സ് അഹ്മദ് ഫെയ്‌സ് അടക്കമുള്ളവര്‍ ഇതേ ഭരണകൂടത്തിന്റെ തടവിലായിട്ടുണ്ട് എന്നത് ആ ആലാപനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുകയായിരുന്നു.

കവിത കൊണ്ട് മായിക പ്രപഞ്ചം തീര്‍ത്തിരുന്ന ഫെയ്‌സ് 1911 ഫെബ്രുവരി 13 നാണ് ജനിക്കുന്നത്. പാകിസ്താനിലെ സിയാല്‌കോട്ടിനടുത്ത് കല കദര്‍ എന്ന അദ്ദേഹത്തിന്റെ ജന്മ സ്ഥലം ഇന്ന് ഫെയ്‌സ് നഗര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. സിയാല്‌കോട്ടിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന മുഹമ്മദ് ഇബ്രാഹിം സിയാല്‌കോട്ടിയുടെ കീഴിലാണ് ഫെയ്‌സ് പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. അറബ്, പേര്‍ഷ്യന്‍, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിക്കുന്നതില്‍ ഫെയ്‌സ് നല്ല മികവു പുലര്‍ത്തിയിരുന്നു. മതപരമായി മികച്ച അറിവു സ്വായത്തമാക്കാനും അദ്ദേഹം തല്പരനായിരുന്നു. 

അറബി ഭാഷയില്‍ ബിരുദം നേടിയ അദ്ദേഹം പഞ്ചാബ് യൂനിവേഴ്‌സിറ്റിയുടെ ഓറിയന്റല്‍ കോളെജില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുന്നതിനിടയിലാണ് എം എന്‍ റോയ്, മുസഫ്ഫര്‍ അഹമ്മദ് എന്നിവരെ കണ്ടു മുട്ടുന്നത്. ഇതാണ് പിന്നീട് അദ്ദേഹത്തെ കമ്യൂണിസത്തിലേക്ക് അടുപ്പിക്കുന്നത്. ഇത് അദ്ദേഹം നിരീശ്വരവാദിയായി എന്ന തെറ്റായ ചിന്തയില്‍ മനസിലാക്കാന്‍ ഇടയായിട്ടുണ്ട്. എന്നാല്‍ അദ്ദേഹം തന്റെ വിശ്വാസത്തെ മുറുകെ പിടിക്കുകയും ഒരു ഭരണ ക്രമത്തിന്റെ പ്രാവര്‍ത്തിക രീതി എന്ന നിലക്ക് കമ്യൂണിസത്തെ പിന്‍തുണക്കുകയുമായിരുന്നു. യഥാര്‍ഥത്തില്‍ ഫെയ്‌സ് സമൂഹത്തിനുള്ളിലൊരു പരിവര്‍ത്തനമുണ്ടാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം സ്വന്തം സമുദായത്തിലെ പുഴുക്കുത്തുകളോടും പ്രതികരിച്ചിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അവിശ്വാസിയാക്കി ചിത്രീകരിക്കാന്‍ പുരോഹിത വര്‍ഗം ശ്രമിച്ചിരുന്നു എന്നതാണ് വാസ്തവം.

വിപ്ലവ ചിന്തകള്‍ ഫെയ്‌സിന്റെ കവിതകളില്‍ പ്രകടമായിരുന്നു. രാജ്യം സ്വതന്ത്രമാവുകയും വിഭജിക്കപ്പെടുകയും ചെയ്തപ്പോള്‍

വൊ ഇന്‍തിസാര്‍ ഥാ ജിസ് കാ, 
യെ വൊ സെഹ്ര്‍ തൊ നഹി

ഈ പുലരിക്കു വേണ്ടിയായിരുന്നില്ല നമ്മള്‍ കാത്തിരുന്നത്

എന്നു അദ്ദേഹം കുറിക്കുകയുണ്ടായി. തന്റെ സങ്കടം അദ്ദേഹം പലപ്പോഴായി പങ്കുവെക്കുകയുമുണ്ടായിട്ടുണ്ട്.

റാവല്‍പിണ്ടി കോണ്‍സ്പിറസിയെത്തുടര്‍ന്ന് 4 വര്‍ഷത്തോളം അദ്ദേഹം ജയിലില്‍ കിടന്നിട്ടുണ്ട്. അനേകം കവിതകള്‍ ജനിക്കുന്നതും ആശയങ്ങള്‍ക്ക് തീ പിടിക്കുന്നതും ഇക്കാലത്താണ്. ആ സമയത്തു തന്നെയാണ് 'മുജ്‌സെ പെഹലി സി മുഹബ്ബത് മെരി മെഹബൂബ് ന മാംഗ്'. എന്ന കവിത ജനിക്കുന്നത്.

പ്രണയത്തിനുമപ്പുറം പലതുമുണ്ട് നമുക്ക് ചിന്തിക്കാന്‍ എന്ന കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് ആ കവിത നല്കിയത്. കാവ്യ സമ്പന്നമായ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ജയില്‍ മോചിതനായ ഫെയ്‌സിന് പാകിസ്താന്‍ ടൈംസിലെ ജോലി സര്‍ക്കാര്‍ വെച്ചു നീട്ടുകയുണ്ടായി. സര്‍ക്കാര്‍ പത്രം കയ്യേറി നടത്തുകയായിരുന്നു അന്ന്. ഫെയ്‌സ് ആ ഓഫറിനു നല്കിയ മറുപടി 'എന്റെ തത്വങ്ങള്‍ വില്പനക്കുള്ളതല്ല' എന്നായിരുന്നു. 

ഫെയ്‌സ് അഹ്മദ് ഫെയ്‌സ് ഇംഗ്ലണ്ടുകാരിയായ ആലീസിനെയാണ് വിവാഹം ചെയ്തിരുന്നത്. ആലീസാകട്ടെ കുല്‍സും എന്ന പേരു സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ വിവരം അധികമാര്‍ക്കും അറിയുമായിരുന്നില്ല. ജയിലിലായിരിക്കെ 'To kulsoom' എന്നെഴുതിയാണ് ദസ്തെ സബാ എന്ന കൃതി പ്രസിദ്ധീകരിക്കുന്നത്. ഇത് പലരുടെയും നെറ്റി ചുളിക്കാന്‍ ഇടവരുത്തി. ആരാണ് കുല്‍സൂം എന്ന അന്വേഷണത്തിനൊരുങ്ങി ചിലര്‍. പിന്നീടാണ് പലരും ഈ സത്യമറിഞ്ഞത്.

1990 ല്‍ മരണാനന്തര ബഹുമതിയായി നിഷാന്‍ എ ഇംതിയാസ് എന്ന പരമോന്നത ബഹുമതി നല്കി പാകിസ്താന്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1984 നവംബര്‍ 20 ന് ലാഹോറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.


Sunday, 8 November 2020

ഉർദു: സംഗീത സാന്ദ്രമായ ഭാഷ -ഷബീർ രാരങ്ങോത്ത്

വൊ കരെ ബാത് തൊ ഹര്‍ ലഫ്‌സ് സെ ഖുഷ്ബു ആയെ
ഐസീ ബോലീ വഹീ ബോലെ ജിസെ ഉര്‍ദു ആയെ

അവര്‍ സംസാരിച്ചെന്നാല്‍, ഓരോ വാക്കില്‍ നിന്നും സുഗന്ധം വരും
അത്തരമൊരു ഭാഷ ഉര്‍ദു അറിയുന്നവരേ മൊഴിയുകയുള്ളൂ

(അഹ്മദ് വസി)
ഓരോ വാക്കിലും സംഗീതമൊളിപ്പിച്ചു വെച്ചിട്ടുള്ള ഭാഷയാണ് ഉര്‍ദു. ഏറ്റവും നിസാരമെന്നു കരുതാവുന്ന ഒരു കാര്യത്തെ പോലും ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ ഉര്‍ദു ഭാഷയിലൂടെ സാധ്യമാകുന്നു. ഈയൊരു പ്രത്യേകത തന്നെയാണ് മികച്ച കാവ്യ ശില്പങ്ങള്‍ ഉര്‍ദു ഭാഷയിലൂടെ രൂപം കൊള്ളുന്നതിനു കാരണമാകുന്നത്.
അതിശക്തമായ വികാരങ്ങളെയും അതിനിര്‍മലമായ അനുഭൂതികളെയും കേവലമൊരു വാക്കില്‍ കുടിയിരുത്താനുള്ള കഴിവ് ഉര്‍ദു ഭാഷയ്ക്കുണ്ട്. 
ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിനടുത്ത് പശ്ചേമേശ്യയില്‍നിന്ന് വടക്കേ ഇന്ത്യയിലേക്കുണ്ടായ കുടിയേറ്റത്തിന്റെ ഫലമായാണ് ഉര്‍ദു ഭാഷ ഉല്‍ഭവിച്ചത്. അന്ന് ഉത്തരേന്ത്യയിലെ ഭാഷ സംസ്‌കൃതത്തില്‍നിന്ന് രൂപംകൊണ്ട ഏതാനും പ്രാദേശിക ഭാഷകളായിരുന്നു. പുറമേനിന്നു വന്നവര്‍ നാട്ടുകാരുമായി സംസാരിക്കുമ്പോള്‍ സ്വാഭാവികമായി അവരുടെ മാതൃഭാഷയിലെ പദങ്ങളും ശൈലികളും ധാരാളമായി നാട്ടുഭാഷയില്‍ കലരുകയുണ്ടായി. ഈ മിശ്രഭാഷ പില്‍ക്കാലത്ത് 'ഉര്‍ദു' എന്നും 'ഹിന്ദുസ്ഥാനി'  എന്നും അറിയപ്പെട്ടുതുടങ്ങി. 
ഉത്തരേന്ത്യയില്‍ മുസ്്ലിം ഭരണം നൂറ്റാണ്ടുകള്‍ തുടര്‍ന്നപ്പോള്‍ ഉര്‍ദു ഇന്ത്യയില്‍ വ്യാപകമായി വളര്‍ന്നു. അറബി-പേര്‍ഷ്യന്‍ ഭാഷകളിലെ പദാവലികള്‍ മുഴുവന്‍ ഉര്‍ദുവില്‍ ലയിച്ചു. ഉര്‍ദു സാഹിത്യത്തിന്ന് തുണയായത് മുഖ്യമായി പേര്‍ഷ്യന്‍ സാഹിത്യമായിരുന്നതിനാല്‍ പ്രാദേശിക സാഹിത്യ പാരമ്പര്യവുമായി ഗണ്യമായ വ്യത്യസ്തത പുലര്‍ത്തി.
ഉര്‍ദു സാഹിത്യത്തില്‍ എന്നും ഏറെ പ്രചാരം ലഭിച്ച ഒന്ന് ഗസലുകളായിരുന്നു. ഒരേ മീറ്ററില്‍ രചിക്കപ്പെട്ടിരുന്ന മനോഹരമായ കവിതകള്‍ എന്നതിനൊപ്പം തന്നെ സ്വയം സംഗീതം പൊഴിച്ച് നിലനില്ക്കാന്‍ ഗസലുകള്‍ക്കായിരുന്നത് ആ ഭാഷാ സൗന്ദര്യം തന്നെയായിരുന്നു.
ഉര്‍ദുവല്ലാത്ത ഭാഷകളിലും ഗസലുകള്‍ ഒട്ടനവധി പിറവിയെടുത്തിരുന്നെങ്കിലും ഉര്‍ദു ഭാഷ സമ്മാനിച്ചയത്ര മനോഹാരിത അവയ്‌ക്കൊന്നും സമ്മാനിക്കാന്‍ സാധിച്ചിരുന്നില്ല. പ്രണയത്തിന്റെ ഭാഷയെന്ന് ഉര്‍ദു വിശേഷിപ്പിക്കപ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

ഉര്‍ദു ഭാഷ മുന്നോട്ടു വെക്കുന്ന സഭ്യതയും ആകര്‍ഷണിയതയും മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാനാകാത്തതാണ്. അതിന്റെ കാവ്യാത്മകതയാണ് ഏറ്റവുമധികം മനോഹരമായ കവിതകള്‍ ആ ഭാഷയില്‍ പിറവി കൊള്ളുന്നതിന് നിമിത്തമായിട്ടുള്ളതും.

തമ്മില്‍ പിരിയാനാവാത്ത വിധം ഇഴചേര്‍ന്നു കിടക്കുകയാണ് ഹിന്ദിയും ഉര്‍ദുവുമെങ്കിലും പില്ക്കാലത്ത് ഹിന്ദിയില്‍ വന്നു ഭവിച്ച സംസ്‌കൃത സ്വാധീനം ഹിന്ദി ഭാഷയിലെ കാവ്യാത്മകതക്ക് വലിയ പരിക്കുകള്‍ ഏല്പിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഹിന്ദിയില്‍ ഉര്‍ദു ചേര്‍ക്കപ്പെടുമ്പോഴുള്ള ഒരു മനോഹാരിത മനസിലാക്കാനായി ഒരുദാഹരണം മാത്രം സൂചിപ്പിക്കാം.
ഏറെ പ്രസിദ്ധമായ ഒരു സിനിമാ ഡയലോഗാണ് ഡോണ്‍ കൊ പകഡ്‌നാ മുഷ്‌കില്‍ ഹി നഹി നമുംകിന്‍ ഹെ എന്നത്. ഉര്‍ദു മുക്ത ഹിന്ദിയിലായിരുന്നു ഇതേ ഡയലോഗ് അവതരിപ്പിക്കപ്പെട്ടിരുന്നതെങ്കില്‍ ഡോണ്‍ കൊ പകഡ്‌നാ കഠിന്‍ ഹി നഹി അസംഭവ് ഹെ എന്നു പറയേണ്ടി വരുമായിരുന്നു. ഇതു പരിശോധിക്കുമ്പോള്‍ ആ രണ്ട് ഉര്‍ദു വാക്കുകള്‍ പകര്‍ന്ന മനോഹാരിത ദൃശ്യമാകും. ബോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെട്ട മിക്ക പാട്ടുകളിലും ഇത്തരമൊരു ഉര്‍ദു ഫാക്ടര്‍ നല്കിയ മനോഹാരിത കണ്ടെത്താനാകും. ചിലതിലാകട്ടെ അതാവും അതിന്റെ ആത്മാവു തന്നെ. ഏറ്റവും ചുരുക്കത്തില്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തേണ്ട സംഗീതഗര്‍ഭമായ ഭാഷയാണ് ഉര്‍ദു എന്നു സാരം. 

Sunday, 25 October 2020

പൽ ദോ പൽ കാ ഷായർ -ഷബീർ രാരങ്ങോത്ത്

 തു ഹിന്ദു ബനേഗ ന മുസല്മാന് ബനേഗ
ഇന്സാന് കി ഔലാദ് ഹെ ഇന്സാന് ബനേഗ
(ഹിന്ദുവോ മുസല്മാനോ ആവുകയില്ല
മനുഷ്യപുത്രനാണ്, നീയൊരു മനുഷ്യനാവും)
മാനുഷികതയുടെ പാഠം വിളിച്ചോതുന്ന ഈ കവിത പിറന്നത് സാഹിര് ലുധിയാന്വിയുടെ തൂലികയിലൂടെയാണ്. സാഹിര് ചോദ്യങ്ങളെ ഭയപ്പെടുകയോ ചോദ്യങ്ങളുയര്ത്തുന്നതില് അമാന്തം കാണിക്കുകയോ ചെയ്തിരുന്നില്ല.
1921 മാര്ച്ച് 8 നാണ് അദ്ദേഹത്തിന്റെ ജനനം. അബ്ദുല് ഹയ്യ് എന്നതായിരുന്നു സാഹിറിന്റെ യഥാര്ഥ പേര്. പിതാവിന്റെ പന്ത്രണ്ടാമത്തെ ഭാര്യയായിരുന്നു സാഹിറിന്റെ മാതാവ്. അദ്ദേഹത്തില് നിന്നുള്ള ക്രൂരതകളെത്തുടര്ന്ന് പിതാവിനോട് അങ്ങേയറ്റം വെറുപ്പായിരുന്നു സാഹിറിന്. ദുരിതപൂര്ണമായ ജീവിതത്തില് നിന്നാണ് സാഹിറിന്റെ എഴുത്തിന് അഗ്‌നി കൈവന്നത്. ബിരുദ പഠന കാലയളവില് തന്നെ ഗസലുകളും നസ്മുകളും എഴുതുക വഴി സാഹിര് പ്രശസ്തിയുടെ കൊടുമുടി കയറിയിരുന്നു. 
1943 ല് സാഹിര് തന്റെ തല്ഖിയാന് എന്ന കാവ്യ സമാഹാരം പുറത്തിറക്കി. ശക്തമായ സാമൂഹ്യ വിമര്ശം തന്റെ കവിതകളില് അദ്ദേഹം ഉള്ക്കൊള്ളിച്ചിരുന്നു. പിന്നീട് ആദാബെ ലതീഫ്, ഷഹ്കാര്, പ്രിത്‌ലരി, സവേര തുടങ്ങിയ മാഗസിനുകളില് എഡിറ്ററായി ജോലി നോക്കിയിരുന്നു. അക്കാലയളവിനുള്ളില് തന്നെ പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷനില് അദ്ദേഹം അംഗമാവുകയും ചെയ്തു.
കവിതകളില് പുരോഗമനപരവും യാഥാര്ഥ്യ ബോധവുമുള്ള വരികള് കുറിക്കുമ്പോഴും താളം പ്രാസം എന്നിവ കാത്തു സൂക്ഷിക്കാന് അദ്ദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ടു തന്നെ ഏതു വിഭാഗം ജനങ്ങള്ക്കും സാഹിറിന്റെ കവിതകള് ഏറെ ഇഷ്ടമായിരുന്നു. ഏതെങ്കിലും ഒരു വിഭാഗം കവിതകള് മാത്രം എഴുതുന്ന ഒരാളായിരുന്നില്ല സാഹിര്. എല്ലാ തരത്തിലുള്ള കവിതകളും സാഹിറിന്റെ തൂലികയില് നിന്ന് പിറവി കൊണ്ടു. ഫ്യൂഡല് സമൂഹത്തെ നിശിതമായി വിമര്ശിക്കുമ്പോഴും ഒരു പ്രതീക്ഷാ നാളത്തെ ബാക്കി വെക്കുന്ന തരത്തിലായിരുന്നു സാഹിറിന്റെ രചനകള് എന്നു കാണാം.
ഗാന രചയിതാക്കള്ക്ക് ഒട്ടും പ്രസക്തിയില്ലാത്ത കാലത്ത് കഴിവു കൊണ്ടും പരിശ്രമം കൊണ്ടും കവികള്ക്കും അര്ഹമായ സ്ഥാനം കണ്ടെത്തുന്നതില് സാഹിര് വലിയ സംഭാവനകളര്പ്പിച്ചിട്ടുണ്ട്. സാഹിര് സ്വയം ഒരു ആക്ടിവിസ്റ്റ് എന്നാണ് അടയാളപ്പെടുത്തിയിരുന്നത്. തെരുവുകളില് പതാക വഹിക്കുക മാത്രമല്ല, താന് പ്രതിനിധീകരിക്കുന്ന കലകളിലൂടെ ആക്ടിവിസം പ്രകടിപ്പിക്കുകയാണ് സാഹിര് ചെയ്തത്.
പാട്രിക് ലുമുംബയെ കൊന്നു കളഞ്ഞപ്പോള് സാഹിര് ഒരു കവിതയെഴുതിയിരുന്നു.
സുല്മ് ഫിര് സുല്മ് ഹെ ബഡ്താ ഹെ തൊ മിട് ജാതാ ഹെ
ഖൂന് ഫിര് ഖൂന് ഹെ തപ്‌കേഗാ തൊ ജം ജായേഗ
(അനീതി അനീതി തന്നെയാണ്, അധികരിച്ചെന്നാല് സകലതും തകരും
രക്തം രക്തം തന്നെയാണ്, ചിന്തിയെന്നാല് കട്ടപിടിക്കും.)
സാഹിറിന്റെ കവിതകള് അനീതിക്കിരയാവുന്നവര്ക്കുള്ള പരിചയായിരുന്നു. പ്രണയത്തേക്കാള് വലുതായി മറ്റു പലതുമിവിടെയുണ്ട് എന്ന ചിന്തയായിരുന്നു സാഹിറിനുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ വിവാഹിതനാകാന് സാഹിറിന് സാധിക്കുമായിരുന്നില്ല. ബോളിവുഡ് സിനിമാ ചരിത്രത്തില് ഇത്രയേറെ അംഗീകരിക്കപ്പെട്ട മറ്റൊരു കവി അപൂര്വമാണ്. 1980 ഒക്ടോബര് 25 ന് ഹൃദയാഘാതം മൂലമാണ് അദ്ദേഹത്തിന്റെ മരണം.
മുജ്‌സെ പെഹ്‌ലെ കിത്‌നെ ഷായര് ആയെ ഔര് ചലേ ഗയെ
കുച് ആഹേ ഭര് കര് ലോട്ട് ഗയെ കുച് നഗ്മേ ഗാകര് ചലേ ഗയെ
വൊ ഭി ഇക് പല് ക കിസ്സാ ഥെ, മെ ഭി ഇക് പല് കാ കിസ്സാ ഹൂ
കല് തുംസെ ജുദാ ഹോ ജാഊംഗാ, വൊ ആജ് തുമാരാ ഹിസ്സാ ഹൂ
(എനിക്കു മുന്പും ഒരുപാട് കവികള് ഇവിടെ വന്നു പോയിട്ടുണ്ട്
കുറച്ചു പേര് ഒരു നെടുവീര്പ്പിട്ടു കടന്നു പോയി, മറ്റു ചിലര് അല്പം പാട്ടുപാടിയും കടന്നു പോയി
അവരും ഇവിടെയൊരു നിമിഷത്തേക്കു മാത്രമുള്ളവരായിരുന്നു, ഞാനും ഒരു നിമിഷത്തിന്റെ കഥ മാത്രമാണ്
നാളെ ഞാനും നിങ്ങളെ പിരിഞ്ഞു പോകേണ്ടവനാണ്, ഇന്ന് ഞാന് നിങ്ങളുടെ ഭാഗവുമാണ്.)

Wednesday, 9 September 2020

മീർ തകി മീർ; ഗസലുകളുടെ ഉടയതമ്പുരാൻ -ഷബീർ രാരങ്ങോത്ത്

 

ریختے کے تمہیں استاد نہیں ہو غالبؔ

کہتے ہیں اگلے زمانے میں کوئی میرؔ بھی تھا

രേഖ്തെ കെ തുമീ ഉസ്താദ് നഹി ഹൊ ഗാലിബ് 
കെഹ്തെ ഹെ അഗ്‌ലെ സമാനെ മെ കൊയി ‘മിർ’ ഭി ഥാ

 രേഖ്തക്ക് (ഉർദു) നീ മാത്രമല്ല ഉസ്താദായി ഉള്ളത് ഗാലിബ്, പോയ കാലത്ത് ഏതോ ഒരു മീറുമുണ്ടായിരുന്നതായി പറഞ്ഞു കേൾക്കുന്നു.

 ഉർദു കവികളിൽ ഏറെ ആദരിക്കപ്പെടുന്ന കവികളിലൊരാളായിരുന്ന മീർ തകി മീറിനെക്കുറിച്ച് മിർസാ ഗാലിബ് എഴുതിയ വരികളാണ്‌ മുകളിലുള്ളത്. ഉർദു കാവ്യ ശാഖയിൽ എന്നും ആദരിക്കപ്പെടുന്ന നാമമാണ്‌ മീറിന്റേത്. ഖുദായെ സുഖൻ (കവിതയുടെ ദൈവം)എന്ന് അദ്ദേഹം വിളിക്കപ്പെട്ടിരുന്നു. 

1722 ലെ ഫെബ്രുവരി മാസത്തിൽ ആഗ്ര (പഴയ അക്ബറാബാദ്)യിലാണ്‌ അദ്ദേഹത്തിന്റെ ജനനം. സൂഫി വിചാരധാരയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പിതാവും അമ്മാവനുമാണ്‌ മീറിന്റെ ചിന്താധാരയിൽ നിർണായക സ്വാധീനം ചെലുത്തുന്നത്. സ്നേഹവും കാരുണ്യവും ആർദ്രതയുമെല്ലാം ഇങ്ങനെയാണ്‌ മീർ തന്റെ ജീവിതത്തോട് ചേർത്തു വെക്കുന്നത്.
പത്തു വയസു പിന്നിട്ടപ്പോഴേക്കും മീറിന്‌ തുണയും തണലുമായിരുന്ന പിതാവും അമ്മാവനും മരണമടഞ്ഞിരുന്നു. തനിക്ക് രക്ഷയാകേണ്ടവർ തന്റെ വിദ്യാഭ്യാസത്തെച്ചൊല്ലി നിസ്സഹായരാണ്‌ എന്ന് മനസിലാക്കിയതോടെ മീർ നാട് വിട്ട് അലഞ്ഞു നടക്കാൻ തുടങ്ങി.
ദില്ലി, ആഗ്ര, ലക്നൗ തുടങ്ങി പലയിടങ്ങളിലും മീർ ചെന്നെത്തി. ഒടുവിലാണ്‌ ദില്ലിയിൽ താമസിക്കാനാരംഭിക്കുന്നത്. അക്കാലയളവിൽ സംസമുദ്ദൗള പ്രതിദിനം ഒരു രൂപ കണക്കിന്‌ നല്കിയിരുന്ന സ്കോളർഷിപ്പായിരുന്നു അദ്ദേഹത്തിന്റെ വരുമാന സ്രോതസ്. പക്ഷെ, ആ സഹായവും ഏറെ നീണ്ടു നിന്നില്ല. നാദിർ ഷാ ദില്ലി ആക്രമിക്കുകയും സംസമുദ്ദൗള കൊല്ലപ്പെടുകയും ചെയ്തു.
നാദിർഷയുടെ വരവോടെ ദില്ലിയിൽ കവികൾക്ക് പ്രാധാന്യം കുറഞ്ഞു. അതോടു കൂടിയാണ്‌ മീർ ലക്നൗവിലേക്ക് ചെന്നെത്തുന്നത്. ദില്ലി ചിന്താ ധാരയും ലക്നൗ ചിന്താ ധാരയും പ്രത്യക്ഷത്തിൽ തന്നെ വളരെ വ്യത്യസ്തമായ ശൈലിയായിരുന്നു എഴുത്തിൽ പിന്തുടർന്നിരുന്നത്. ലക്നൗവിൽ എത്തിയെങ്കിലും ആ ചിന്താ ധാര മീറിനെ സ്വാധീനിച്ചതേയില്ല.
അസഫുദ്ദൗളയുടെ സദസിലേക്കാണ്‌ ലക്നൗവിൽ മീർ വന്നു പെടുന്നത്. മീറിനെ ഏറെ ആദരവോടെയാണ്‌ അദ്ദേഹം കണ്ടിരുന്നതെങ്കിലും ആ നാട്ടുകാരായ കവികൾ മീറിനെ ഇഷ്ടപ്പെട്ടിരുന്നില്ല. 
മീറിന്റെ കവിതകളിൽ പ്രണയം നിറയെയുണ്ടായിരുന്നു. എന്നിരുന്നാലും വേർപാടിന്റെ വേദന മുഴച്ചു നില്ക്കുന്ന ഒട്ടനവധി രചനകൾ അദ്ദേഹത്തിൽ നിന്ന് പിറവി കൊണ്ടിട്ടുണ്ട്.

عشق ہی عشق ہے جہاں دیکھو

سارے عالم میں بھر رہا ہے عشق

ഇഷ്ഖ് ഹി ഇഷ്ഖ് ഹെ ജഹാ ദേഖോ
സാരെ ആലം മെ ഭർ രഹാ ഹെ ഇഷ്ഖ് 
(എവിടെയും പ്രണയമുണ്ട്. ഈ ലോകം മുഴുക്കെ പ്രണയം കവിഞ്ഞൊഴുകുകയാണ്‌) 
പ്രണയത്തിന്റെ മുറിവേറ്റവരോടുള്ള അദ്ദേഹത്തിന്റെ സംസാരം നോക്കൂ.

ഇബ്തിദായെ ഇഷ്ഖ് ഹെ രോതാ ഹെ ക്യാ 
ആഗെ ആഗെ ദേഖിയെ ഹോതാ ഹെ ക്യാ
 ( ഇത് പ്രണയത്തിന്റെ തുടക്കം മാത്രമാണല്ലോ, (ഇപ്പോഴേ) നീ കരയുവതെന്തിന്‌? 
അല്പം കൂടി കാത്തിരിക്കൂ, എന്തു സംഭവിക്കുമെന്ന് നോക്കൂ).

മീറിന്‌ ഉർദു ഗസലിലുള്ള സ്ഥാനം എന്താണ്‌ എന്നതു സംബന്ധിച്ച ചർച്ചകൾ പല വഴിക്കു സഞ്ചരിച്ചിട്ടുണ്ട്. ഉർദു ഗസലിന്റെ എതിർക്കപ്പെടാത്ത ഗുരു എന്ന ചിലർ അദ്ദേഹത്തെ വാഴ്ത്തുന്നുണ്ട്. മറ്റു ചിലരാകട്ടെ ഗാലിബുമായി അദ്ദേഹത്തെ താരതമ്യം ചെയ്യുകയും ഗാലിബോ മീറോ എന്ന ചോദ്യമുയർത്തുകയും ചെയ്യുന്നു. എന്നാൽ ഗാലിബോ സൗഖോ എന്ന ചർച്ചകൾ സജീവമായിരുന്ന സമയത്തു പോലും ഗാലിബും സൗഖും മീറിന്റെ സ്ഥാനത്തെ ആദരവോടെയാണ്‌ കണ്ടിരുന്നത്.
പ്രണയം സമ്മാനിച്ച ദുരന്തങ്ങൾ വളരെ കൃത്യതയാർന്ന വാക്കുകൾ കൊണ്ട് മീർ അടയാളപ്പെടുത്തിയിരുന്നു.
ദില്ലിയുമായി മീർ മാനസികമായ ഒരു ബന്ധം തന്നെ സ്ഥാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ദില്ലിയുടെ സ്വാധീനം അദ്ദേഹത്തിന്റെ രചനകളിലുണ്ടായിരുന്നതോടൊപ്പം ദില്ലിയോറ്റുള്ള പ്രിയം അദ്ദേഹം ഒരിക്കലും മറച്ചു വെച്ചിരുന്നില്ല.
ഒരവസരത്തിൽ ലഖ്നൗവിലെ കുറച്ച് പൗരപ്രമുഖർ മീറിനെ കണ്ടു മുട്ടുകയുണ്ടായി. സുഖാന്വേഷണങ്ങൾക്കു ശേഷം മീറിനോട് ഒരു കവിത ചൊല്ലാനായി അവർ ആവശ്യപ്പെട്ടു. ഒഴിഞ്ഞു മാറാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ അവർ നിർബന്ധം പിടിച്ചപ്പോൾ തന്റെ കവിത അവർക്ക് മനസിലാക്കാൻ കഴിയില്ല എന്ന് വ്യക്തമായി തന്നെ മീർ പറഞ്ഞു വെച്ചു.
അറിയപ്പെടുന്ന പേർഷ്യൻ കവികളായ അൻവരിയുടെയും ഖാകനിയുടെയുമെല്ലാം കവിതകൾ ഞങ്ങൾക്ക് മനസിലാകുന്നുണ്ടല്ലോ എന്നായിരുന്നു അവരിലൊരാളുടെ മറുപടി. ‘നിങ്ങൾക്കത് മനസിലാകുമെന്ന് എനിക്കുറപ്പുണ്ട്. എന്നാൽ, എന്റെ കവിത മനസിലാക്കണമെങ്കിൽ ദില്ലി ജുമാ മസ്ജിദിന്റെ പടവുകളിൽ സംസാരിക്കപ്പെടുന്ന ഭാഷയാണ്‌ നിങ്ങൾക്കറിയേണ്ടത്. അതാകട്ടെ നിങ്ങൾക്ക് അറിയില്ല താനും’ എന്നായിരുന്നു മീറിന്റെ പ്രത്യുത്തരം. 
ഇടക്കാലത്ത് നവാബ് അസഫുദ്ദൗളയുമായി മീർ ശത്രുതയിലായി. ഈ ശത്രുതക്കിടയിലും നവാബ് മീറിനുള്ള സ്റ്റൈപ്പന്റ് മുടക്കിയിരുന്നില്ല. അദ്ദേഹത്തിനു പിൻഗാമിയായി വന്ന നവാബ് സാദത്ത് അലി ഖാനും മീറിനുള്ള സ്റ്റൈപ്പന്റ് നല്കിപ്പോന്നു. എന്നാൽ അദ്ദേഹവുമായും മീർ ശത്രുതയിലായി. ശത്രുത മൂർച്ഛിച്ച് തനിക്കായി കൊണ്ടു വന്ന പണം ആരെയെങ്കിലും സഹായിക്കാൻ കൊടുത്തോളൂ എന്ന് പറഞ്ഞ് മടക്കിയയച്ച മീർ.

ജിസ് സർ കൊ ഗുരൂർ ആജ് ഹെ യാൻ താജ്‌വരി കാ 
കൽ ഉസ് പെ യഹീ ഷോർ ഹെ ഫിർ നൗഹഗരീ കാ 
(ഇന്ന് കിരീടത്തിന്റെ പ്രതാപം ഏതു തലക്കു മുകളിലാണോ നാളെ അത് ഇവിടെ സ്വയം വിലാപത്തിൽ മുങ്ങും) എന്ന് കുറിച്ചിടുകയും ചെയ്തു.

ഇതോടെ നവാബ് മീറിനുള്ള സഹായം നിർത്തലാക്കുകയും മീർ ദാരിദ്ര്യത്തിൽ അകപ്പെടുകയുമുണ്ടായി. അതോടു കൂടി ലക്നൗവിനോട് ശത്രുതാഭാവത്തിൽ പെരുമാറുകയും ദില്ലി വിട്ടതിൽ പരിതപിക്കുകയുമുണ്ടായി.

ഖരാബാ ദില്ലി കാ വൊ ചന്ദ് ബെഹ്തർ ലക്നൗ സെ ഥാ 
വഹീ മെ കാശ് മർ ജാതാ സരാ സീമാ ന ആതാ യഹാ 
(മരുവായ ദില്ലി തന്നെയായിരുന്നു ലക്നൗവിനെക്കാൾ നല്ലത് ഇങ്ങോട്ട് വരാതിരിക്കുകയും അവിടെത്തന്നെ മരിക്കുകയും ചെയ്തിരുന്നെങ്കിൽ!) 
എന്ന് അദ്ദേഹം കുറിച്ചു വെച്ചിരുന്നു.

തന്റെ തൂലിക കൊണ്ട് എന്തിനെയും വിമർശിക്കാൻ അദ്ദേഹം മടികാണിച്ചിരുന്നില്ല. മതപരമായി ഉന്നതി കാണിക്കുകയും ഇരുളിന്റെ മറ പറ്റി തോന്നിവാസം നടത്തുകയും ചെയ്യുന്ന പൗരോഹിത്യത്തെ അദ്ദേഹം തുറന്നു കാണിക്കുന്നതിങ്ങനെയാണ്‌.

ശൈഖ് ജൊ ഹെ മസ്ജിദ് മെ നംഗ, 
രാത് കൊ ഥാ മൈഖാനെ മെ 
ജുബ്ബ ഖിർഖ കുർത്ത ടോപി മസ്തി മെ ഇനാം കിയാ 
(മസ്ജിദിനു മുൻപിൽ വിവസ്ത്രനായിരിക്കുന്ന ദിവ്യൻ രാത്രിയിൽ മധുശാലയിലുണ്ടായിരുന്നു, മേലങ്കി, ജുബ്ബ, കുപ്പായം, തൊപ്പി… എല്ലാം ലഹരിയിൽ ടിപ്പു നല്കിയതാണ്‌).

മീറിൻ്റെ വിശ്വാസം ചോദ്യം ചെയ്തവരോടുള്ള അദ്ദേഹത്തിൻ്റെ മറുപടി ഏറെ പ്രസിദ്ധമാണ്. 
മീർ കെ ദീനൊ മസ്ഹബ് കൊ അബ് പൂച്തെ ക്യാ ഹൊ ഉൻ നെ തൊ 
ഖഷ്ക ഖീൻചാ ദേർ മെ ബൈഠാ കബ് കാ തർക് ഇസ്ലാം കിയാ 
(നിങ്ങളെന്തിനാണിപ്പോൾ മീറിൻ്റെ മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമാരായുന്നത്? നെറ്റിയിൽ കുറി വരച്ച് അമ്പലത്തിലിരുന്ന് എന്നോ ഇസ് ലാം ഉപേക്ഷിച്ചതാണ്).

മീർ തകി മീറിൻ്റെ വേർപാടിന് ഇന്ന് 210 വർഷം തികയുന്നു. തൻ്റെ നിലപാടുകൾ കൃത്യമായി സംവദിക്കാൻ കവിതയെ ആയുധമാക്കിയ മീർ 1810 സപ്തംബർ 21 നാണ്‌ മരണപ്പെടുന്നത്.

പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026

Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026  QUIZ LINK 8 PM  ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും  ക്വിസ്സ്...