Wednesday, 13 January 2021

HAFEEZ JALANDHARI | ഹഫീസ് ജലന്ധരി അഭി തൊ മെ ജവാന്‍ ഹൂ -ഷബീര്‍ രാരങ്ങോത്ത്

 ജനുവരി 14 ഹഫീസ് ജലന്ധരിയുടെ ജന്മദിനം
ഡിസംബര്‍ 2 ഹഫീസ് ജലന്ധരി ഓര്‍മ്മദിനം

حفیظؔ اپنی بولی محبت کی بولی

نہ اردو نہ ہندی نہ ہندوستانی

ഹഫീസ് അപ്‌നീ ബോലീ മൊഹബ്ബത് കീ ബോലീ
ന ഉര്‍ദു ന ഹിന്ദി ന ഹിന്ദുസ്ഥാനി

ഹഫീസിന്റെ ഭാഷ പ്രണയത്തിന്റേതാണ്
ഉര്‍ദുവോ ഹിന്ദിയോ ഹിന്ദുസ്ഥാനിയോ അല്ല

വേണ്ടത്ര വിദ്യാഭ്യാസം നേടാതെ തന്നെ ഉയരങ്ങളില്‍ പാര്‍ക്കുക! വളരെ അപൂര്‍വമായി മാത്രം സംഭവിക്കാവുന്ന ഒന്നാണത്. ഹഫീസ് ജലന്ധരി സ്വപരിശ്രമം കൊണ്ട് അത്തരത്തില്‍ ഉയരം കീഴടക്കിയ ഒരു പ്രതിഭയാണ്. സ്‌കൂളിലെ പ്രാഥമിക ക്ലാസുകളില്‍ പോലും മറികടക്കാന്‍ സാധിക്കാതിരുന്ന ഹഫീസ് ജലന്ധരി ഏഴാം വയസില്‍ കവിത കുറിച്ചു തുടങ്ങിയിട്ടുണ്ട് എന്നു പറയുന്നത് എത്രമേല്‍ അത്ഭുതകരമായ കാര്യമാണ്. പിന്നീടദ്ദേഹം അതിപ്രശസ്തിയും ഉയര്‍ന്ന ശമ്പളവും പുരസ്‌കാരങ്ങളുമെല്ലാം ഏറ്റുവാങ്ങുന്ന അവസ്ഥയിലേക്കെത്തി.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനായ്യി മൂന്നോളം സ്ഥാപനങ്ങളില്‍ ചെന്നെത്തിയെങ്കിലും ഏറെ വൈകാതെ തന്നെ അവ്വിടെ നിന്നെല്ലാം അദ്ദേഹം പെട്ടെന്നു തന്നെ തിരിച്ചിറങ്ങി പോരുകയാണുണ്ടായത്. കണക്കിനോടുള്ള വെറുപ്പായിരുന്നു സ്‌കൂള്‍ വിടാനുള്ള കാരണം. ഉര്‍ദു മാത്രമാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്.

ഉര്‍ദുവിലെ പ്രമുഖ കവിയായിരുന്ന ഗുലാം ഖാദിര്‍ ഗിരാമി അദ്ദേഹത്തിന്റെ കവിത ചൊല്ലുന്നതു കേട്ട ഹഫീസിന് അതിനോട് താല്പര്യം ജനിച്ചു. ഏറെ വൈകാതെ തന്നെ തന്റെ നോട്ടുപുസ്തകത്തില്‍ കവിത കുറിച്ചു വെച്ചു അദ്ദേഹം. ഇത് കണ്ട ഒരു അധ്യാപകന്‍ നോട്ട്ബുക്ക് വൃത്തികേടാക്കൈയതിന് കണക്കിന് ചീത്തപറയുകയും ചെയ്തു.

എന്നാല്‍ മറ്റൊരധ്യാപകനായിരുന്ന ഗോപാല്‍ ദാസ് ഹഫീസിനെ പ്രോത്സാഹിപ്പിക്കുകയും കവിതയെഴുതാന്‍ പ്രേരണ നല്കുകയും ചെയ്തു. ഈ പ്രേരണയാണ് ഹഫീസ് ജലന്ധരിയെന്ന കവിയെ ഉന്മ്രേഷത്തോടെ കവിതയെഴുതാന്‍ പ്രാപ്തനാക്കിയത്.

1900 ജനുവരി 14 ന് ജലന്ധറിലാണ് ഹഫീസ് ജലന്ധരിയുടെ ജനനം. അബുല്‍ അസ്ര്‍ ഹഫീസ് എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ നാമം. കയ്യില്‍ കിട്ടുന്ന ഉര്‍ദു പുസ്തകങ്ങള്‍ മുഴുവന്‍ വായിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഹോബി. അത് ഉര്‍ദു ക്ലാസികല്‍ സാഹിത്യത്തിലേക്ക് വായനയെ നയിച്ചു. ഇത് അദ്ദേഹത്തിന്റെ പദ സമ്പത്ത് നന്നാക്കാനും ഭാഷ മിനുക്കാനും സഹായകമായി.

1917 ല്‍ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റ് ഒരു മുഷായറ മത്സരം സംഘടിപ്പിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ മത്സരം. ഹഫീസും ആ മത്സരത്തില്‍ പങ്കെടുക്കുകയും യുദ്ധവും സമാധാനവും എന്ന വിഷയത്തില്‍ കവിത രചിക്കുകയും ചെയ്തു. ആ മത്സരത്തില്‍ അദ്ദേഹം ഒന്നാം സമ്മാനത്തിനും ഗോള്‍ഡ് മെഡലിനും അര്‍ഹനായി. ഒരു വലിയ ജൈത്ര യാത്രയുടെ തുടക്കമായിരുന്നു ആ സമ്മാനം.

മറ്റൊരു മുഷായറയില്‍ കൂടി പങ്കെടുത്ത് വിജയിയായതോടെ ഹഫീസ് ഗിരാമിയെ തേടി ചെന്നു. അദ്ദേഹത്തോട് തന്നെ ശിഷ്യനായി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു. എത്ര മികച്ച പ്രതിഭയാണെങ്കിലും ഏതെങ്കിലും ഒരു കവിക്ക് ശിഷ്യപ്പെടുക എന്നതായിരുന്നു സമ്പ്രദായം. അങ്ങനെ ശിഷ്യപ്പെടാത്തവരെ ബേ ഉസ്തദ(ഗുരുവില്ലാ തട്ടിപ്പുകാരന്‍) എന്ന് പേരു വിളിച്ച് ആക്ഷേപിക്കുമായിരുന്നു. അത് ഭയപ്പെട്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു ചെന്നത്.

കൗമാരത്തിന്റെ അവസാനത്തില്‍ വിവാഹിതനായ അദ്ദേഹം പിന്നീട് ജീവിത സന്ധാരണത്തിനായി പല ജോലികളിലേര്‍പ്പെട്ടു. പെര്‍ഫ്യൂം വില്പന, ടൈലറിംഗ്, പോര്‍ട്ടര്‍, ധാന്യ വില്പന എന്നിവയ്ക്കു പുറമെ സ്വന്തം കവിത സ്വന്തമായി എഴുതാന്‍ കഴിവില്ലാത്ത പുതിയ 'കവികള്‍ക്ക്' വിറ്റു വരെ അദ്ദേഹം ഉപജീവനത്തിനായി പൊരുതി.

1919 ല്‍ ബ്രിട്ടീഷ് റൂളിനെ വിമര്‍ശിച്ചു കൊണ്ട് ഒരു കവിതയെഴുതുകയുണ്ടായി. അതിനെത്തുടര്‍ന്ന് മൂന്നു മാസത്തോളം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം മറ്റൊരിടത്ത് തയ്യല്‍ മെഷീന്‍ വില്പനയുമായി കുറഞ്ഞ കാലം അദ്ദേഹം കഴിച്ചു കൂട്ടി. അപ്പോഴും അദ്ദേഹത്തിന്റെയുള്ളില്‍ കവിത നിറയുന്നുണ്ടായിരുന്നു. 1921 ല്‍ തിരികെ ജലന്ധറിലെത്തിയ അദ്ദേഹം ഗിരാമിയോടൊത്ത് ഒരു സാഹിത്യ മാഗസില്‍ ആരംഭിച്ചു. ഇഅ്ജാസ് എന്ന് പേരിട്ടിരുന്ന ആ മാഗസിനു പക്ഷെ മാസങ്ങളുടെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടുത്ത സാമ്പത്തിക പരാധീനതകളെത്തുടര്‍ന്ന് അത് അവസാനിപ്പിക്കുകയായിരുന്നു.

ജീവിതത്തോടു തന്നെ വെറുപ്പു തോന്നിയ ഹാഫിസ് പിന്നീട് ഏതെങ്കിലും കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മാഹുതി ചെയ്യാനായി കാശ്മീരിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ കാശ്മീര്‍ അദ്ദേഹത്തിന്റെ മനസിനെ പിടിച്ചു നിര്‍ത്തി. എന്തിനാണ് ഇത്രമേല്‍ മനോഹരമായ ജീവിതത്തെ ഇങ്ങനെ അവസാനിപ്പിക്കുന്നത് എന്ന ചോദ്യം അദ്ദേഹത്തിനുള്ളില്‍ ഉയരുന്നതങ്ങനെയാണ്. അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കവിതയുടെ ആദ്യ വരി പിറക്കുന്നത്. അഭി തൊ മെ ജവാന്‍ ഹൂ( ഞാനിപ്പോഴും യുവാവാണ്).

പ്രമുഖ സാഹിത്യകാരനായിരുന്ന ഹകീം ഫിറോസ് തുഗ്‌റായിയെ അദ്ദേഹം കണ്ടു മുട്ടുന്നത് ഈ സംഭവത്തിനു ശേഷമാണ്. അദ്ദേഹം ഹാഫിസിനെ നന്നായി തന്നെ പ്രോത്സാഹിപ്പിക്കുകയും ഉത്തേജനം നല്കുകയും ചെയ്തു. കാശ്മീര്‍ മലയിറങ്ങിയ ഹഫീസ് ലാഹോറിലെത്തുകയും മുഷായറകളില്‍ പങ്കെടുക്കുകയും ചെയ്തു. അത്തരമൊരു മുഷായറയില്‍ വെച്ചാണ് അദ്ദേഹത്തിനു നേരെ ഷദാബെ ഉര്‍ദു എന്ന മാഗസിന്റെ പത്രാധിപത്വം വെച്ചു നീട്ടുന്നത്. ഒന്നിനു പിന്നാലെ ഒന്നെന്നോണം മറ്റു പല മാഗസിനുകളും ഇതേ പോലെ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.

വിഭജനാനന്തരം പാകിസ്താന്‍ പിറവി കൊണ്ടപ്പോള്‍ അതിന്റെ ദേശീയ ഗാനത്തിനായി 700 ല്‍ പരം കവിതകള്‍ വരികയുണ്ടായി. അതില്‍ ഹഫീസിന്റെ രചനയാണ് പിന്നീട് അവര്‍ ദേശീയ ഗാനമായി തിരഞ്ഞെടുത്തത്.

ഒരു വശത്ത് ഇസ്ലാമിക കവിതകള്‍ രചിക്കുമ്പോഴും കൃഷ്ണ ഭക്തി പ്രകടിപ്പിക്കുന്ന കവിതകളും അദ്ദേഹത്തില്‍ നിന്ന് പിറവി കൊണ്ടു.

اے دیکھنے والو

اس حسن کو دیکھو

اس راز کو سمجھو

یہ نقش خیالی

یہ فکرت عالی

یہ پیکر تنویر

یہ کرشن کی تصویر

ഏ ദേഖ്‌നെ വാലോ
ഇസ് ഹുസ്ന്‍ കൊ ദേഖോ
ഇസ് റാസ് കൊ സംഝോ
യെ നഖ്‌ഷെ ഖയാലീ
യെ ഫിഖ്രതെ ആലി
യെ പൈകറെ തന്വീര്‍
യെ കൃഷ്ണ്‍ കി തസ്വീര്‍

(ഏ നോട്ടക്കാരേ
ഈ സൗന്ദര്യത്തെ നോക്കൂ
ഈ രഹസ്യത്തെ മനസിലാക്കൂ
ഈ കാല്പനിക ചിത്രം
ഈ ഉയര്‍ന്ന ചിന്ത
ഈ പ്രകാശത്തിന്റെ മൂര്‍ത്തീകരണം
ഈ കൃഷ്ണ ചിത്രം

നഗ്മ സര്‍, ഷാഹ്നാമായെ ഇസ്ലാം, സോസ് ഓ സാസ്, ചിരാഗെ സെഹര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. 1982 ഡിസംബര്‍ 21 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

No comments:

Post a Comment

ALLAMA IQBAL URDU TALENT TEST 2024-25, RANK LIST

ക്ലാസ് 5 :  Rank List STD V   ക്ലാസ് 6  :     Rank List STD VI   ക്ലാസ് 7  :    Rank List STD VII ക്ലാസ് 8 :    Rank List STD VIII STD VIII ...