Thursday, 7 January 2021

ഖാജാ മീര്‍ ദര്‍ദ് | خواجہ میر درد -ഷബീർ രാരങ്ങോത്ത്

زندگی ہے یا کوئی طوفان ہے!

ہم تو اس جینے کے ہاتھوں مر چلے

സിന്ദഗി ഹെ യാ കൊയി തൂഫാന്‍ ഹെ
ഹം തൊ ഇസ് ജീനെ കെ ഹാഥോ മര്‍ ചലെ

ജീവിതമോ അതോ ഏതോ കൊടുങ്കാറ്റോ!
ഞാന്‍ ഈ ജീവിതത്തിന്റെ കരങ്ങളാൽ മരണമടഞ്ഞിരിക്കുന്നു.


ക്ലാസികല്‍ ഉര്‍ദു ഗസലുകളുടെ നെടുന്തൂണായി അറിയപ്പെടുന്ന കവികളില്‍ പ്രധാനിയാണ് ഖാജാ മീര്‍ ദര്‍ദ്. മിര്‍ തഖി മീര്‍, മിര്‍സ സൗദ എന്നിവരാണ് മറ്റുള്ളവര്‍. മീര്‍ തഖി മീര്‍ പ്രണയകവിതകളുടെയും സൗദ ആക്ഷേപ ഹാസ്യത്തിന്റെയും പേരില്‍ പ്രശസ്തരായപ്പോള്‍ മീര്‍ ദര്‍ദ് മിസ്റ്റിക് കവിതകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു.
ഡല്‍ഹിയിലെ സൂഫീവര്യനും കവിയുമായിരുന്ന ഖാജാ മുഹമ്മദ് നസീര്‍ അന്ദലീബിന്റെ പുത്രനായി 1721 ലാണ് ഖാജാ മീര്‍ ദര്‍ദിന്റെ ജനനം. പിതാവില്‍ നിന്നു തന്നെയാണ് അദ്ദേഹം തന്റെ അനൗപചാരിക പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. പിതാവുമായി ബന്ധം പുലര്‍ത്തിയിരുന്ന പണ്ഡിത ശ്രേഷ്ഠരുമായും സംഗീതജ്ഞരുമായുമുള്ള നിരന്തര സമ്പര്‍ക്കം മീര്‍ ദര്‍ദിന് ജ്ഞാനവും സര്‍ഗസിദ്ധികളും സമ്മാനിച്ചു. അറബ്, പേര്‍ഷ്യന്‍ ഭാഷകളില്‍ മികച്ച പ്രാവീണ്യം നേടിയെടുത്ത അദ്ദേഹം സംഗീതത്തോട് കടുത്ത പ്രണയം വെച്ചു പുലര്‍ത്തിയിരുന്നു. ഭൗതിക സൗകറ്റിയങ്ങളോട് വിരക്തി പ്രകടിപ്പിച്ച് തന്റെ 28 ആം വയസില്‍ തന്നെ അദ്ദേഹം ആത്മീയതയുടെ വഴി തിരഞ്ഞെടുത്തു.
പ്രക്ഷുബ്ധമായ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലായിരുന്നു ദര്‍ദിന്റെ ജീവിതം. അക്കാലത്ത് ദില്ലി നിരന്തരമായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് വേദിയായിരുന്നു. ദില്ലി നിവാസികള്‍ കുടിയേറ്റത്തിന് നിര്‍ബന്ധിതരായി. മീര്‍, സൗദ പോലുള്ളവര്‍ പോലും ദില്ലി വിട്ട് ലഖ്‌നൗവിലേക്ക് കുടിയേറിയപ്പോഴും ദര്‍ദ് ദില്ലിയില്‍ തന്നെ തുടര്‍ന്നു. സൂഫി സൈദ്ധാന്തികതകളില്‍ ധൈര്യത്തിനായുള്ള മാര്‍ഗങ്ങള്‍ ചികയുകയായിരുന്നു അദ്ദേഹം. ദൈവ വിധിയിലുള്ള അടങ്ങാത്ത വിശ്വാസമാണ് ദര്‍ദിനെ ദില്ലിയില്‍ പിടിച്ചു നിര്‍ത്തിയതെന്നു പറയാം. ഈ അചഞ്ചലമായ വിശ്വാസത്തിന്റെ അലയൊലികള്‍ അദ്ദേഹത്തിന്റെ കവിതകളിലും പ്രതിഫലിക്കാറുണ്ടായിരുന്നു.
ഭൗതിക വിരക്തി പ്രകടിപ്പിക്കുമ്പോഴും ഒട്ടും വരണ്ടതല്ലാത്ത മനോഹരമായ കവിതകള്‍ സമ്മാനിക്കാന്‍ ദര്‍ദിനു കഴിഞ്ഞിരുന്നു. ആത്മീയ ഭാവം തുളുമ്പുന്ന വരികളീപ്പോലും ഏതൊരുവനും കാത്തുവെക്കാനുതകുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
വളരെ ഹൃസ്വമായ നീളത്തില്‍, ഏഴോ ഒന്‍പതോ ശേറുകള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഗസലുകളായിരുന്നു ദര്‍ദ് കൂടുതലായും രചിക്കാറുണ്ടായിരുന്നത്. ലളിതവും സംഗീതാത്മകവുമായ രചനാശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ ഉര്‍ദു ദീവാനു പുറമെ എട്ട് പേര്‍ഷ്യന്‍ പുസ്തകങ്ങള്‍ സൂഫിസത്തെക്കുറിച്ച് അദ്ദേഹം രചിച്ചിട്ടുണ്ട്. ഭൗതിക വിരക്തി പ്രകടമായിരുന്നെങ്കിലും, ഭൗതിക ജീവിതത്തെ നിരാകരിക്കാതെ ഏറ്റവും ലളിതമായി ജീവിക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. ജീവിതത്തില്‍ നിന്നോടിയൊളിക്കുന്നതിനു പകരം അതിന്റെ നിഗൂഢാര്‍ഥങ്ങളെ ചികയാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്.
1785 ജനുവരി 7 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

2 comments:

  1. ارض و سماں کہاں تیری وسعت کو پاسکے
    میرا ہی دل ہے وہ جہاں تو سما سکے
    مبارکباد

    ReplyDelete

ALLAMA IQBAL URDU TALENT TEST 2024-25, RANK LIST

ക്ലാസ് 5 :  Rank List STD V   ക്ലാസ് 6  :     Rank List STD VI   ക്ലാസ് 7  :    Rank List STD VII ക്ലാസ് 8 :    Rank List STD VIII STD VIII ...