Sunday, 8 November 2020

ഉർദു: സംഗീത സാന്ദ്രമായ ഭാഷ -ഷബീർ രാരങ്ങോത്ത്

വൊ കരെ ബാത് തൊ ഹര്‍ ലഫ്‌സ് സെ ഖുഷ്ബു ആയെ
ഐസീ ബോലീ വഹീ ബോലെ ജിസെ ഉര്‍ദു ആയെ

അവര്‍ സംസാരിച്ചെന്നാല്‍, ഓരോ വാക്കില്‍ നിന്നും സുഗന്ധം വരും
അത്തരമൊരു ഭാഷ ഉര്‍ദു അറിയുന്നവരേ മൊഴിയുകയുള്ളൂ

(അഹ്മദ് വസി)
ഓരോ വാക്കിലും സംഗീതമൊളിപ്പിച്ചു വെച്ചിട്ടുള്ള ഭാഷയാണ് ഉര്‍ദു. ഏറ്റവും നിസാരമെന്നു കരുതാവുന്ന ഒരു കാര്യത്തെ പോലും ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ ഉര്‍ദു ഭാഷയിലൂടെ സാധ്യമാകുന്നു. ഈയൊരു പ്രത്യേകത തന്നെയാണ് മികച്ച കാവ്യ ശില്പങ്ങള്‍ ഉര്‍ദു ഭാഷയിലൂടെ രൂപം കൊള്ളുന്നതിനു കാരണമാകുന്നത്.
അതിശക്തമായ വികാരങ്ങളെയും അതിനിര്‍മലമായ അനുഭൂതികളെയും കേവലമൊരു വാക്കില്‍ കുടിയിരുത്താനുള്ള കഴിവ് ഉര്‍ദു ഭാഷയ്ക്കുണ്ട്. 
ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിനടുത്ത് പശ്ചേമേശ്യയില്‍നിന്ന് വടക്കേ ഇന്ത്യയിലേക്കുണ്ടായ കുടിയേറ്റത്തിന്റെ ഫലമായാണ് ഉര്‍ദു ഭാഷ ഉല്‍ഭവിച്ചത്. അന്ന് ഉത്തരേന്ത്യയിലെ ഭാഷ സംസ്‌കൃതത്തില്‍നിന്ന് രൂപംകൊണ്ട ഏതാനും പ്രാദേശിക ഭാഷകളായിരുന്നു. പുറമേനിന്നു വന്നവര്‍ നാട്ടുകാരുമായി സംസാരിക്കുമ്പോള്‍ സ്വാഭാവികമായി അവരുടെ മാതൃഭാഷയിലെ പദങ്ങളും ശൈലികളും ധാരാളമായി നാട്ടുഭാഷയില്‍ കലരുകയുണ്ടായി. ഈ മിശ്രഭാഷ പില്‍ക്കാലത്ത് 'ഉര്‍ദു' എന്നും 'ഹിന്ദുസ്ഥാനി'  എന്നും അറിയപ്പെട്ടുതുടങ്ങി. 
ഉത്തരേന്ത്യയില്‍ മുസ്്ലിം ഭരണം നൂറ്റാണ്ടുകള്‍ തുടര്‍ന്നപ്പോള്‍ ഉര്‍ദു ഇന്ത്യയില്‍ വ്യാപകമായി വളര്‍ന്നു. അറബി-പേര്‍ഷ്യന്‍ ഭാഷകളിലെ പദാവലികള്‍ മുഴുവന്‍ ഉര്‍ദുവില്‍ ലയിച്ചു. ഉര്‍ദു സാഹിത്യത്തിന്ന് തുണയായത് മുഖ്യമായി പേര്‍ഷ്യന്‍ സാഹിത്യമായിരുന്നതിനാല്‍ പ്രാദേശിക സാഹിത്യ പാരമ്പര്യവുമായി ഗണ്യമായ വ്യത്യസ്തത പുലര്‍ത്തി.
ഉര്‍ദു സാഹിത്യത്തില്‍ എന്നും ഏറെ പ്രചാരം ലഭിച്ച ഒന്ന് ഗസലുകളായിരുന്നു. ഒരേ മീറ്ററില്‍ രചിക്കപ്പെട്ടിരുന്ന മനോഹരമായ കവിതകള്‍ എന്നതിനൊപ്പം തന്നെ സ്വയം സംഗീതം പൊഴിച്ച് നിലനില്ക്കാന്‍ ഗസലുകള്‍ക്കായിരുന്നത് ആ ഭാഷാ സൗന്ദര്യം തന്നെയായിരുന്നു.
ഉര്‍ദുവല്ലാത്ത ഭാഷകളിലും ഗസലുകള്‍ ഒട്ടനവധി പിറവിയെടുത്തിരുന്നെങ്കിലും ഉര്‍ദു ഭാഷ സമ്മാനിച്ചയത്ര മനോഹാരിത അവയ്‌ക്കൊന്നും സമ്മാനിക്കാന്‍ സാധിച്ചിരുന്നില്ല. പ്രണയത്തിന്റെ ഭാഷയെന്ന് ഉര്‍ദു വിശേഷിപ്പിക്കപ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

ഉര്‍ദു ഭാഷ മുന്നോട്ടു വെക്കുന്ന സഭ്യതയും ആകര്‍ഷണിയതയും മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാനാകാത്തതാണ്. അതിന്റെ കാവ്യാത്മകതയാണ് ഏറ്റവുമധികം മനോഹരമായ കവിതകള്‍ ആ ഭാഷയില്‍ പിറവി കൊള്ളുന്നതിന് നിമിത്തമായിട്ടുള്ളതും.

തമ്മില്‍ പിരിയാനാവാത്ത വിധം ഇഴചേര്‍ന്നു കിടക്കുകയാണ് ഹിന്ദിയും ഉര്‍ദുവുമെങ്കിലും പില്ക്കാലത്ത് ഹിന്ദിയില്‍ വന്നു ഭവിച്ച സംസ്‌കൃത സ്വാധീനം ഹിന്ദി ഭാഷയിലെ കാവ്യാത്മകതക്ക് വലിയ പരിക്കുകള്‍ ഏല്പിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഹിന്ദിയില്‍ ഉര്‍ദു ചേര്‍ക്കപ്പെടുമ്പോഴുള്ള ഒരു മനോഹാരിത മനസിലാക്കാനായി ഒരുദാഹരണം മാത്രം സൂചിപ്പിക്കാം.
ഏറെ പ്രസിദ്ധമായ ഒരു സിനിമാ ഡയലോഗാണ് ഡോണ്‍ കൊ പകഡ്‌നാ മുഷ്‌കില്‍ ഹി നഹി നമുംകിന്‍ ഹെ എന്നത്. ഉര്‍ദു മുക്ത ഹിന്ദിയിലായിരുന്നു ഇതേ ഡയലോഗ് അവതരിപ്പിക്കപ്പെട്ടിരുന്നതെങ്കില്‍ ഡോണ്‍ കൊ പകഡ്‌നാ കഠിന്‍ ഹി നഹി അസംഭവ് ഹെ എന്നു പറയേണ്ടി വരുമായിരുന്നു. ഇതു പരിശോധിക്കുമ്പോള്‍ ആ രണ്ട് ഉര്‍ദു വാക്കുകള്‍ പകര്‍ന്ന മനോഹാരിത ദൃശ്യമാകും. ബോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെട്ട മിക്ക പാട്ടുകളിലും ഇത്തരമൊരു ഉര്‍ദു ഫാക്ടര്‍ നല്കിയ മനോഹാരിത കണ്ടെത്താനാകും. ചിലതിലാകട്ടെ അതാവും അതിന്റെ ആത്മാവു തന്നെ. ഏറ്റവും ചുരുക്കത്തില്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തേണ്ട സംഗീതഗര്‍ഭമായ ഭാഷയാണ് ഉര്‍ദു എന്നു സാരം. 

1 comment:

KUTA State Conference Quiz 2026

Quiz link Result   Kerala Urdu Teacher's Association,  KUTA State Conference,  Publicity Committee " 👉കേരള ഉർദു ടീച്ചേഴ്സ് അസോസിയേ...