Showing posts with label ഷബീര്‍ രാരങ്ങോത്ത്. Show all posts
Showing posts with label ഷബീര്‍ രാരങ്ങോത്ത്. Show all posts

Saturday, 10 July 2021

ഖതീൽ ഷിഫായ്; മുഷായറകളെ കൊള്ളയടിച്ച കവി -ഷബീര്‍ രാരങ്ങോത്ത്


യെ മോജ്സാ ഭി മുഹബ്ബത് കഭി ദിഖായെ മുഝെ

കി സംഗ് തുഝ് പെ ഗിരെ ഔർ സഖ്‌മ്‌ ആയെ മുഝെ

(കല്ല് നിന്നിലാണ്‌ ആപതിക്കുന്നതെങ്കിലും മുറിവേല്ക്കുന്നതെനിക്കത്ര

പ്രണയം ചിലപ്പോൾ ഈ അത്ഭുതവും കാണിക്കാറുണ്ട്)

പ്രണയത്തിലായിരിക്കെ കാമുകീ കാമുകന്മാരിൽ രൂപപ്പെടുന്ന അനുഭൂതിയെ ഇത്ര മനോഹരമായി വർണിക്കാൻ അപൂർവം കവികൾക്കേ സാധിച്ചിട്ടുള്ളൂ. പുരോഗമന കവികൾക്കിടയിൽ ഒരുപക്ഷേ ഖതീലിനോളം കാല്പനികനായ കവി വേറെയുണ്ടാകണമെന്നില്ല. ഗസലിന്റെ ചിട്ടവട്ടങ്ങളിൽ നിന്നുകൊണ്ട് കാല്പനികമായ കവിത കുറിക്കുന്നതിൽ ഖതീൽ അഗ്രഗണ്യനായിരുന്നു.

1919 ഡിസംബർ 24 നാണ്‌ അദ്ദേഹത്തിന്റെ ജനനം. മുഹമ്മദ് ഔറംഗസേബ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്‌. പഠന കാലയളവിൽ തന്നെ പിതാവ് മരണപ്പെട്ടതോടെ ഉന്നത പഠനമെന്ന സ്വപനത്തിന്‌ വിരാമമിടേണ്ടി വന്നു. പിന്നീട് സ്വന്തമായി കായിക ഉത്പന്നങ്ങളുടെ കട തുടങ്ങിയ അദ്ദേഹത്തിന്‌ ബിസിനസ് നഷ്ടമായതോടെ കളം മാറ്റിച്ചവിട്ടാൻ രാവൽപിണ്ടിയിലേക്ക് ചേക്കേറേണ്ടി വന്നു. അവിടെ ഒരു ട്രാൻസ്പോർട്ട് കമ്പനിയിലായിരുന്നു ജോലി. യാതൊരു വിധ സാഹിത്യ പാരമ്പര്യവുമവകാശപ്പെടാനില്ലാത്ത അദ്ദേഹം കഠിന പരിശ്രമത്തിലൂടെയാണ്‌ കാവ്യവഴി വെട്ടിപ്പിടിക്കുന്നത്.

ഖതീൽ എന്ന് തൂലികാ നാമത്തിൽ താൻ എഴുതുന്ന കവിതകൾ ഹകിം യഹ്‌യ ഷിഫ കാൺപുരിയെ കാണിക്കുകയും ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തെ ഗുരുതുല്യനായി പരിഗണിച്ചിരുന്ന ഖതീൽ അദ്ദേഹത്തോടുള്ള ആദരവിനാലാണ്‌ ഷിഫായ് എന്നത് ഖതീൽ പേരിനോട് ചേർക്കുന്നത്. പിന്നീട് അഹ്മദ് നദീം ഖസ്മിയുടെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു ഖതീൽ. ഖമർ അജ്നൽവിയുടേ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന സ്റ്റാർ എന്ന വാരികയിലാണ്‌ ഖതീലിന്റെ ആദ്യ ഗസൽ പ്രസിദ്ധീകരിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് ഗസലുകലും നസ്‌മുകളും വിരിഞ്ഞു കൊണ്ടേയിരുന്നു. അതിനിടയിൽ 1946 ൽ അദബെ ലതിഫ് എന്ന മാസികയിൽ അദ്ദേഹം സഹപത്രാധിപരായും ജോലി നോക്കിയിട്ടുണ്ട്.

ഇതിനിടയിലാണ്‌ തെരി യാദ്(1948) എന്ന സിനിമക്കു വേണ്ടി ഗാനരചന നടത്തുന്നത്. ഇതോടെ അദ്ദേഹം പാകിസ്താൻ സിനിമാഗാന രചനാ രംഗത്ത് സജീവ സാന്നിധ്യമായി. സിനിമാ ഗാനാ ശാഖകളിലേക്ക് ഗസലിന്റെ മനോഹാരിത പകർന്നു എന്നതാണ്‌ ഉർദു സാഹിത്യ ശാഖക്ക് അദ്ദേഹം നല്കിയ വലിയ സംഭാവനകളിലൊന്ന്. തൻവീർ നഖ്‌വി, സാഹിർ ലുധിയാൻവി എന്നിവരൊക്കെ തുടങ്ങി വെച്ച സിനിമയിലെ ഗസൽ സമ്പുഷ്ടീകരണത്തിന്‌ ഖതീൽ പൂർണത നല്കുകയായിരുന്നു.

അദബെ ലതിഫിൽ സഹ പത്രാധിപ ജോലിയിൽ ഏർപ്പെട്ടതിനു പിന്നാലെ സിനിമാ വാരികയായ അദാകറിൽ പത്രാധിപരായി അദ്ദേഹത്തിന്‌ ജോലി കിട്ടി.

ഈ കാലയളവിലാണ്‌ സാമൂഹ്യപ്രധാനമായ കവിതകളുമായി നിരന്തരം അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

മുഷായറകളും പൊതു സദസുകളും അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ടുമാത്രം തിളങ്ങുന്ന സാഹചര്യങ്ങളുണ്ടായി. അത്തരം സദസുകളിലെ ജീവൻ തന്നെ അദ്ദേഹമായിരുന്നു എന്നു പറഞ്ഞാൽ പോലും അതിൽ അതിശയോക്തിയുണ്ടാവില്ല. ഒരു മുഷായറ തന്നെ കൊള്ളയടിക്കാൻ പോന്ന കവിയായിരുന്നു അദ്ദേഹം.

സിനിമയിലും കവിതയിലും ഒരു മിനിമം ക്വാളിറ്റി സൂക്ഷിച്ച അപൂർവം കവികളിലൊരാളാണ്‌ അദ്ദേഹം. മാത്രമല്ല മജ്‌റൂഹിനും സാഹിർ ലുധിയാൻവിക്കും ശേഷം പുരോഗമന ചിന്തകൾ വിജയകരമായി പാട്ടുകളിലുൾക്കൊള്ളിച്ച പ്രതിഭാശാലി കൂടിയായിരുന്നു അദ്ദേഹം. ഗുൻഗ്‌രൂ ടൂട്ട് ഗയെ എന്ന പേരിൽ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്. സിനിമാ രംഗത്തെ ഉള്ളുകള്ളികളും തന്റെ സുഹൃദ്സംഘത്തിലെ സാഹിർ ലുധിയാൻവി, നൂർജഹാൻ, ഇഖ്ബാൽ ബാനോ പോലുള്ളവരുടെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുമെല്ലാം അതിലുണ്ട്. 2001 ജൂലൈ 11 നാണ്‌ അദ്ദേഹഥിന്റെ മരണം. മരണാനന്തരമാണ്‌ ഈ പുസ്തകം പുറത്തിറങ്ങുന്നത്.

അദ്ദേഹം എഴുതിവെച്ച വരികൾ മുഹമ്മദ് റഫിയുടെ ശബ്ദത്തിൽ അദ്ദേഹത്തിന്റെ ഈ ഓർമ ദിനത്തിൽ കേൾക്കൂ


ദുഖ് സുഖ് കി ഹർ ഇക് മാലാ

ഖുദ്‌റത് ഹി പ്‌ഹിറോതി ഹെ

Dukh Sukh Ki Har Ek Mala | Kudrat | Chandar Shekhar

Tuesday, 2 March 2021

ആത്മവർണങ്ങളുടെ സംഗീത പ്രകാശനം (അമീന ഹമീദിന്റെ സംഗീത യാത്ര) - ഷബീര്‍ രാരങ്ങോത്ത്

അമീന ഹമീദിന്‍റെ ഗസല്‍ കേള്‍ക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

 കണ്ണൂരിലെ ആലക്കോട് ഒരു സംഗീത പരിപാടി നടക്കുകയാണ്. പ്രശസ്ത തബല വാദകനായ റോഷൻ ഹാരിസിന്റെ നേതൃത്വത്തിലുള്ള 'റൂഹ് രംഗ്' ബാൻഡാണ് പരിപാടി അവതരിപ്പിക്കുന്നത്. പേരാമ്പ്രക്കാരിയായ ഒരു പെൺകുട്ടിയാണ് ഗായിക. അവളുടെ മനോഹരമായ ആലാപനം കൂടിയിരുന്നവരിൽ ആനന്ദം നിറച്ചു. ഷകീൽ ബദായുനി രചിച്ച് ബേഗം അക്തർ പാടി പ്രശസ്തമാക്കിയ 'ഏ മൊഹബ്ബത് തെരെ അൻജാം പെ രോനാ ആയാ' എന്ന മനോഹരമായ ഗസലും കൂട്ടത്തിൽ ആലപിക്കുകയുണ്ടായി. സദസിലുണ്ടായിരുന്ന മെല്ബിൻ എന്ന ഗസൽ ഗവേഷക ഈ ആലാപനം വീഡിയോയിൽ പകർത്തുകയും ഫെയ്‌സ്ബുക്ക്, യൂട്യൂബ് പോലുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായി. പത്തുലക്ഷത്തിലധികം ആളുകൾ ആ ആലാപനം യൂട്യൂബിൽ മാത്രം കണ്ടു. ഉത്തരേന്ത്യയിലും ഇത് വ്യാപകമായി പ്രചരിക്കപ്പെടുകയും ആസ്വദിക്കുകയും ചെയ്തു. ഹിന്ദി ചാനലുകളിൽ നിന്ന് അവരുടെ റിയാലിറ്റി ഷോകളിൽ പങ്കെടുക്കാമോ എന്നു ചോദിച്ചുകൊണ്ട് വിളികളെത്തി. പഠനം അവതാളത്തിലാകുമെന്ന ഭയത്താൽ അവയോടൊക്കെയും 'നോ' പറഞ്ഞ് മടക്കിയയക്കുകയായിരുന്നു അമീന ഹമീദ് എന്ന ആ പെൺകുട്ടി. ഇന്ന് കേരളത്തിലുടനീളം ഗസലുകൾ ആലപിച്ച് ശ്രദ്ധ നേടുകയാണ് അമീന ഹമീദ് എന്ന ആ കലാകാരി.

പ്രത്യേകിച്ച് സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഏറെച്ചെറുപ്പം മുതല്‌ക്കേ അമീന പാടിത്തുടങ്ങിയിട്ടുണ്ട്. കെ ജി ക്ലാസുകൾ മുതൽ ഏഴാം ക്ലാസു വരെ പേരാമ്പ്ര സെയ്ന്റ് ഫ്രാൻസിസ് സ്‌കൂളിലായിരുന്നു അമീന പഠിച്ചിരുന്നത്. കെ ജി ക്ലാസുകളിൽ വെച്ചു തന്നെ അമീനയിലെ ഗായികയെ അധ്യാപകർ തിരിച്ചറിഞ്ഞിരുന്നു. ജെ സി കലോത്സവത്തിനായി കുട്ടികളെ പങ്കെടുപ്പിക്കാൻ വേണ്ടി എല്ലാ കുട്ടികളെയും അധ്യാപികമാർ പാടിപ്പിച്ചു നോക്കാറുണ്ടായിരുന്നു. അത്തരമൊരവസരത്തിലായിരുന്നു അമീനയിലെ ഗായികയെ അവർ തിരിച്ചറിയുന്നത്. മിന്നലേ മിന്നലേ എന്ന പാട്ടായിരുന്നു അധ്യാപകർക്കു മുന്നിൽ അമീന പാടിയത്. ഒട്ടും അമാന്തിക്കാതെ മത്സര പരിപാടിക്കായി അമീനയെ അവർ തയ്യാറാക്കി. 'പച്ചപ്പനം തത്തേ' എന്ന ഗാനമായിരുന്നു മത്സരത്തിൽ അമീന ആലപിച്ചത്. അത് ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

ഏറെ സന്തോഷം തോന്നിയ അധ്യാപികമാർ അമീനയെ പാട്ടു പഠിപ്പിക്കണമെന്ന് രക്ഷിതാക്കളെ വിളിച്ച് നിർബന്ധം ചെലുത്തി. ഒന്നാം ക്ലാസു മുതല്ക്കു തന്നെ അമീന കർണാടിക് സംഗീതം പഠിച്ചു തുടങ്ങുകയും ചെയ്തു. സ്‌കൂളിലെ അധ്യാപികമാരായിരുന്ന ബിന്ദു ടീച്ചറും സിൽവി ടീച്ചറുമായിരുന്നു ആദ്യ ഗുരുക്കന്മാർ. പിന്നീട് നിരന്തര പരിശീലനങ്ങളുടെ കാലമായിരുന്നു. ഒന്നാം ക്ലാസിൽ വെച്ചു തന്നെ മാപ്പിളപ്പാട്ട്, അറബി പദ്യം തുടങ്ങിയ ഇനങ്ങളിൽ അമീന മത്സര രംഗത്തെത്തി. ഒന്നാം ക്ലാസുകാരിയെ സംബന്ധിച്ചിടത്തോളം ബാലികേറാ മലയായി തോന്നാവുന്ന 28 വരികളുള്ള അറബി പദ്യമായിരുന്നു അമീന അന്ന് ചൊല്ലിയത്. തുടർന്നുള്ള അഞ്ച് വർഷങ്ങളിലും ഇതേ കവിത തന്നെ ചൊല്ലി അമീന ഒന്നാം സ്ഥാനം നേടുകയുണ്ടായി.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഉർദു പദ്യം പഠിക്കാനായി കോഴിക്കോട് ഗവണ്മെന്റ് ടി ടി ഐയിലെ അധ്യാപകനായ സി എം ലത്തീഫ് മാസ്റ്ററെ കാണുന്നത്. ഹസ്റത് മൊഹാനിയുടെ 'റോഷൻ ജമാൽ യാർ സെ ഹെ' എന്ന കവിതയായിരുന്നു അന്ന് പഠിച്ചത്. ആ പഠനമാണ് ഉർദു കവിതകളുടെയും ഗസലുകളുടെയും ലോകത്തേക്ക് അമീനയെ നയിക്കുന്നത്. സി എം ലത്തീഫ് മാഷിന്റെ നിരന്തര ശിക്ഷണവും നിർബന്ധവും കൂടി ചേർന്നപ്പോൾ സംഗതി എളുപ്പമാവുകയും ചെയ്തു. സ്‌കൂൾ പഠന കാലത്തു തന്നെ കലോത്സവ വേദികളിൽ നിന്നു വിഭിന്നമായ പൊതു വേദികളിലും അമീന ഗസലുകളുമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഉർദു ടീച്ചേഴ്‌സ് അസോസിയേഷന്റെ തിരൂർ വെച്ചു നടന്ന സംഗമത്തിൽ പാടാനായി അമീനയെ സി എം ലത്തീഫ് മാഷ് ക്ഷണിക്കുന്നത്. 'ഹംഗാമ ഹെ ക്യൂ ബർപാ', 'ചുപ്‌കെ ചുപ്‌കെ', 'ഹം കൊ കിസ്‌കെ ഗം നെ മാരാ' തുടങ്ങിയ ഗസലുകളായിരുന്നു അന്ന് അവിടെ ആലപിച്ചത്. സദസ്യരിൽ നിന്ന് നല്ല പ്രോത്സാഹനമാണ് അന്ന് ലഭിച്ചത്. കലോത്സവങ്ങളിലൊക്കെ പങ്കെടുക്കുന്ന സന്ദർഭങ്ങളിൽ തൊണ്ട വരളുന്നതും മറ്റും സ്ഥിരം സംഭവങ്ങളായിരുന്നു. ആ സ്റ്റേജ് ഫിയർ ഇല്ലാതെയാകുന്നത് പൊതുവേദികളിൽ കൂടി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനു ശേഷമാണ്. അതോടൊപ്പം തന്നെ അനിൽ ദാസ് സാറിന്റെ കീഴിൽ ഹിന്ദുസ്ഥാനി പഠിച്ചു തുടങ്ങുകയും ചെയ്തു. ഏഴ്, എട്ട് ക്ലാസുകളിലായപ്പോഴേക്കു തന്നെ വലിയ വലിയ വേദികൾ അമീനയെത്തേടിയെത്താൻ തുടങ്ങി. ഇതിനിടയിൽ തന്നെ റോഷൻ ഹാരിസിന്റെ കീഴിലേക്ക് ഹിന്ദുസ്ഥാനി പഠനം മാറിയിരുന്നു. അതേ സമയം തന്നെ മേപ്പയ്യൂർ സത്യൻ മാസ്റ്ററുടെ കീഴിൽ ശാസ്ത്രീയ സംഗീതവും അഭ്യസിക്കുകയുണ്ടായി. ഇതിനിടെ നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂളിലേക്ക് പഠനം മാറിയിരുന്നു.

ഹൈസ്‌കൂൾ വിഭാഗം കലോത്സവത്തിന് ഗസൽ ആലാപനം ഒരു മത്സരയിനം ആണ്. സ്വാഭാവികമെന്നോണം എട്ടാം ക്ലാസിൽ വെച്ചു തന്നെ അമീന ഗസൽ ആലാപന മത്സരത്തിൽ പങ്കെടുത്തു. ഹഫീസ് ഹോഷിയാർപുരിയുടെ 'മുഹബ്ബത് കർനെ വാലേ കം ന ഹോംഗെ' എന്ന ഗസലായിരുന്നു എട്ടാം ക്ലാസിൽ വെച്ച് ആലപിച്ചത്. അന്ന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു അമീന. പിറ്റേ വർഷം മുതൽ ഷകിൽ ബദായുനിയുടെ 'ഏ മുഹബ്ബത് തെരെ' ആയി ആലാപനം. അത് പഠിപ്പിച്ചത് റോഷൻ ഹാരിസ് ആയിരുന്നു. അപ്രാവശ്യം മുതൽ ഉർദു ഗസൽ ആലാപന മത്സരത്തിൽ അമീനക്കായിരുന്നു ഒന്നാം സ്ഥാനം. ഒൻപതിലും പത്തിലും അമീന തന്നെയായിരുന്നു സംസ്ഥാന തലത്തിൽ ഒന്നാമത്. പിന്നീട് +2 പഠനത്തിനായി കോക്കല്ലൂർ ഗവണ്മെന്റ് ഹൈസ്‌കൂളിൽ ചേർന്നു. +1 കാലയളവിൽ ഗസൽ ആലാപന മത്സരത്തിൽ നന്നായി പാടിയെങ്കിലും അമീനയ്ക്ക് സംസ്ഥാന തലത്തിൽ എത്താൻ സാധിച്ചില്ല. സ്വാഭാവികമെന്നോണം പഠനത്തിൽ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായും മുന്നനുഭവത്തിന്റെ നൈരാശ്യത്താലും അമീന മത്സരത്തിൽ നിന്ന് പിറകോട്ട് നില്ക്കാൻ തീരുമാനിച്ചു. എന്നാൽ ഈ വിവരമറിഞ്ഞ സ്‌കൂൾ പ്രിൻസിപൽ ഗണേശൻ മാസ്റ്റർ അമീനയെ നിർബന്ധം ചെലുത്തി മത്സരത്തിനയച്ചു. അത്തവണ സംസ്ഥാന തലത്തിൽ തന്നെ ഒന്നാം സ്ഥാനം നേടിയാണ് അമീന മടങ്ങിയത്.

അമീനയ്ക്ക് ഗസലുകൾ തിരഞ്ഞെടുക്കുന്നതിൽ സഹായമായി വർത്തിച്ചിരുന്നത് ലത്തീഫ് മാസ്റ്ററായിരുന്നു. ഒരിക്കൽ ഒരു മത്സരത്തിനായി യുദ്ധക്കെടുതികൾ വിവരിക്കുന്ന ഒരു യുദ്ധ വിരുദ്ധ ഉർദു കവിത അദ്ദേഹം തിരഞ്ഞെടുത്തു നല്കി. അതു വരെ ആരും പാടിയ മുൻമാതൃകകളില്ലാത്ത ആ കവിത പ്രേംകുമാർ വടകരയെക്കൊണ്ട് സംഗീതം ചെയ്യിച്ചാണ് മത്സരത്തിൽ പാടിയത്. ആ കവിതയ്ക്ക് സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.

യു പി കാലഘട്ടത്തിൽ മാപ്പിളപ്പാട്ടിലും അമീന ഒരു കൈ നോക്കിയിരുന്നു. നവാസ് പാലേരിയായിരുന്നു ഗുരു. ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലായിരിക്കെയാണ് ദർശന ചാനലിൽ ഇശൽ നിലാവ് എന്ന പേരിൽ ഒരു മാപ്പിളപ്പാട്ട് പരിപാടി അവതരിപ്പിക്കുന്നത്. പിന്നീടൊരവസരത്തിൽ ഒരു ഈദിനോടനുബന്ധിച്ച് ദർശനയിൽ തന്നെ ഒരു ഗസൽ പ്രോഗ്രാമും അമീന അവതരിപ്പിക്കുകയുണ്ടായി.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മഞ്ചേരിയിലെ വേദി എന്ന ഗസൽ കൂട്ടായ്മ ഒരു ഗസൽ സന്ധ്യ സംഘടിപ്പിക്കുകയുണ്ടായി. അമീനയും അതിന്റെ ഭാഗമായിരുന്നു. അന്ന് ആ പരിപാടി കേൾക്കുന്നവരുടെ കൂട്ടത്തിൽ കേരളത്തിലെ ഒട്ടുമിക്ക ഗസൽ വേദികളിലും സ്ഥിര സാന്നിധ്യവും അഗാധ ജ്ഞാനവുമുണ്ടായിരുന്ന നസീം അരീക്കോടും ഉണ്ടായിരുന്നു. പ്രോഗ്രാം കഴിഞ്ഞ ശേഷം അദ്ദേഹം അമീനയെ പരിചയപ്പെടുകയും അഭിനന്ദനമറിയിക്കുകയും. പിന്നീട് വീട്ടിലേക്ക് വിളിച്ച് രക്ഷിതാക്കളോട് പഠനം മാത്രമാക്കരുതെന്നും പാട്ടു തുടരണമെന്നുമെല്ലാം അദ്ദേഹം പറയുകയും ചെയ്തു. ഇടയ്ക്ക് അദ്ദേഹം ഫർമയിഷുകൾ പറയുകയും അമീന അത് പാടി നല്കുകയും ചെയ്യാറുണ്ടായിരുന്നു. 'ശാമെ ഫിറാഖ് അബ് ന പൂച്ഛ്' എന്ന ഫൈസ് അഹമ്മദ് ഫൈസിന്റെ ഗസൽ അദ്ദേഹം ഫർമയിഷായി ആവശ്യപ്പെട്ടിരുന്നു. ആ ഗസൽ പാടി അയച്ചു കൊടുത്ത അന്ന് അദ്ദേഹം ഹിമാലയ യാത്രയ്ക്കിടയിൽ മരണപ്പെട്ട വാർത്തയാണ് കേട്ടത്. ആ വാർത്ത വലിയൊരു ഞെട്ടലോടെ മാത്രമാണ് അമീനക്ക് കേൾക്കാനായത്. അദ്ദേഹത്തിന്റെ കനപ്പെട്ട ഉപദേശങ്ങൾ ഇപ്പോഴും അമീനയുടെ ഗസൽ യാത്രയിൽ പ്രചോദനമാകുന്നുണ്ട്.

വർഷങ്ങൾക്കു മുൻപ് കോഴിക്കോട്ട് ഉമ്പായി ഒരു പരിപാടി അവതരിപ്പിച്ചത് അമീനയുടെ ഓർമകളിലുണ്ട്. ഗസൽ ആലപിക്കുന്നവരുടെയും ഇഷ്ടപ്പെടുന്നവരുടെയുമൊക്കെ സ്വപ്‌നമായിരുന്നു ഉമ്പായിക്കയോടൊപ്പമുള്ള അല്പ നിമിഷങ്ങൾ. മടിച്ചു മടിച്ചാണെങ്കിലും പരിപാടിക്കു ശേഷം ഉമ്പായിക്കയെ കാണാനായി അമീനയും ഉപ്പയും ലത്തീഫ് മാസ്റ്റർക്കൊപ്പം ചെന്നു. ഏഴാം ക്ലാസിലാണ് അന്ന് അമീന. ഉമ്പായി കാണിച്ച കരുതലും സ്‌നേഹവും അമീനയെ വല്ലാതെയാകർഷിച്ചു. മെഹ്ദി ഹസന്റെ പാട്ടുകൾ സ്ത്രീ ശബ്ദത്തിൽ അപൂർവമായേ കേൾക്കാറുള്ളൂ എന്നും തുടർന്നും പാടണമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഒരുമിച്ച് പാടാമായിരുന്നല്ലോ എന്ന് അദ്ദേഹം പറയുക കൂടി ചെയ്തതോടെ അമീനയ്ക്ക് ലഭിച്ച ഊർജം വളരെ വലുതായിരുന്നു.

ലോക്ക്ഡൗൺ കാലത്താണ് അമീന സ്വന്തമായി കമ്പോസ് ചെയ്തു തുടങ്ങുന്നത്. സ്വന്തമായി ഈണം നല്കിയ ഗാനങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അമീനയിപ്പോൾ.

പ്രേം കുമാർ വടകര, ഉസ്താദ് ഹാരിസ് ഭായ്, ഷഹനായ് വാദകൻ ഉസ്താദ് ഹസൻ ഭായ് കാസർഗോഡ് തുടങ്ങിയവരുടെ ശിക്ഷണം അമീനക്ക് നല്കിയ ആത്മവിശ്വാസവും ഊർജവും ചെറുതല്ല. അതോടൊപ്പം തന്നെ ഷഹ്ബാസ് അമൻ, റാസ റസാഖ് പോലുള്ള ഗായകരും അമീനയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഹാർമോണിയം വായിക്കാൻ ശിവാനന്ദൻ മാഷുടെ ശിക്ഷണം കൂടിയായപ്പോൾ അമീന ഉയരങ്ങളിലേക്ക് കുതിച്ചു തുടങ്ങി.

ഉപ്പ അബ്ദുൽഹമീദും ഉമ്മ സൗദയും സഹോദരൻ മുഹമ്മദ് ബാസിതുമടങ്ങുന്ന കുടുംബം വലിയ പ്രോത്സാഹനങ്ങൾ നല്കി കൂടെത്തന്നെയുണ്ട്. ഈയിടെയായി തന്റെ ആലാപന മാധുരിയിൽ വിരിയുന്ന പാട്ടുകൾ അമീന 'Ameena Gazals' എന്ന തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തു വിടാറുമുണ്ട്. ഫാറൂഖ് കോളജിൽ ബി എസ് സി സുവോളജിക്ക് പഠിക്കുന്ന അമീന തന്റെ നേട്ടങ്ങളെല്ലാം സർവേശ്വരന്റെ അനുഗ്രഹമാണെന്ന തികഞ്ഞ ബോധ്യത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. അമീനയുടെ സ്വരമാധുരി മലയാളിയുടെ ഹൃദയത്തിന് ഇനിയും ആനന്ദവും ആശ്വാസവുമേകുമെന്ന് പ്രത്യാശിക്കാം. 

പാട്ടുമുറ്റത്തു നിന്നൊരു വിസ്മയ സംഗീതം - സരിത റഹ്മാന്റെ സംഗീത യാത്രകള്‍ - ഷബീര്‍ രാരങ്ങോത്ത്

സരിത റഹ്മാന്‍ ഗസല്‍ കേള്‍ക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

ഏഴാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടി. ജനനം മുതലേ ഉപ്പയും ഉമ്മയും വിരിച്ച സംഗീതപ്പായയില്‍ ഉണ്ടുമുറങ്ങിയും കളിച്ചും വളര്‍ന്ന പെണ്‍കുട്ടി. ഉമ്മയുടെ ആലാപനവും ഉപ്പയുടെ ഹാര്‍മോണിയം വായനയും അവളുടെയുള്ളില്‍ സ്വാഭാവികമായും സംഗീത വാസനയൂട്ടി. ഉള്ളിലുള്ള സംഗീതത്തിന് തന്റെ രൂപഭംഗി പുറത്തു കാണിക്കേണ്ടതുണ്ടായിരുന്നു. ഉള്ളില്‍ ഒരു തിരമാല കണക്കെ ഇരമ്പിയ സംഗീതം ഒടുവില്‍ ആ കുഞ്ഞു മനസില്‍ നിന്ന് പുറത്തേക്കൊഴുകി. തന്റെ ഉള്ളില്‍ വിരിഞ്ഞ ഈണം പുറത്തേക്കൊഴുക്കാനായി അവള്‍ ആദ്യമായി ഒരു വരി കുറിച്ചിട്ടു. അടുത്ത വരി കുറിക്കാന്‍ ഉമ്മയും പിന്നെ അനിയത്തിയും ഒപ്പം കൂടി. അല്പം വരികളും ബാക്കി ഹമ്മിംഗുമായി ആ ഏഴാം ക്ലാസുകാരി ഒരു പാട്ടൊരുക്കി. വൈകിട്ട് വന്ന ഉപ്പയെ പാട്ട് കേള്‍പ്പിച്ചു. അല്പം ചില തിരുത്തലുകളേ വേണ്ടി വന്നുള്ളൂ, ഉപ്പ ഹാര്‍മോണിയമെടുത്ത് മകളുടെ പാട്ടിന് ജീവന്‍ നല്കി. സംഗീത ലോകത്ത് വിസ്മയാവഹമായ യാത്ര സമ്മാനിച്ച സരിത റഹ്മാന്‍ എന്ന ഗായികയുടെ രാഗസഞ്ചാരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന ഒരേട് ഇങ്ങനെയായിരുന്നു.

മലയാളികളുടെ സ്വന്തം ബാബുക്കയുടെ ശിഷ്യന്‍ ചാവക്കാട് റഹ്മാന്റെയും ആബിദ റഹ്മാന്റെയും മകള്‍ക്ക് പാട്ടുകാരിയാകാനായില്ലെങ്കിലല്ലേ അത്ഭുതം വേണ്ടതുള്ളൂ. ഗായക ദമ്പതികളായ ഉപ്പയുടെയും ഉമ്മയുടെയും സംഗീത യാത്രകളില്‍ വേദികള്‍ക്കു പിറകില്‍ സംഗീതോപകരണങ്ങളുടെ കവറുകളില്‍ കിടന്നുറങ്ങിയും കളിച്ചുമാണ് സരിതയുടെ ബാല്യം കഴിച്ചു കൂട്ടുന്നത്. ഈ യാത്രകളും വീടിനുള്ളിലെ സംഗീതസാന്ദ്രമായ അനുഭവങ്ങളും പാരമ്പര്യമായി പകര്‍ന്നുകിട്ടിയ സംഗീതത്തുടിപ്പുകളുമായിരിക്കാം സരിതയുടെ ഹൃദയത്തെ സംഗീതത്തോട് ചേര്‍ത്തു കെട്ടിയിരിക്കുക. ഏറെച്ചെറുപ്പത്തില്‍ തന്നെ സരിത പാട്ടു മൂളിത്തുടങ്ങിയിട്ടുണ്ട്. പ്രി സ്‌കൂള്‍ കാലം തൊട്ടുതന്നെ പാട്ടുമത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി.

രണ്ടാം വയസിലാണ് ആദ്യമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഉപ്പയ്ക്കൊപ്പം കുറ്റിപ്പുറത്തൊരു ഗാനമേള വേദിയില്‍. അന്ന് 'വാന്‍ മേഘം പൂ പൂവായ്' എന്ന ഗാനമായിരുന്നു കുഞ്ഞു സരിത പാടിയത്. പാട്ട് കേട്ട സദസ്യര്‍ കരഘോഷങ്ങളോടെ പാട്ടിനെയും പാട്ടുകാരിയെയും സ്വീകരിച്ചു. ഒരു ഗാനം കൂടി പാടാനായി പിന്നെ ആവശ്യം, ഒടുവില്‍ 'അഹദോന്റെ തിരുനാമം' എന്ന പാട്ടിന്റെ ഈണത്തില്‍ ചിട്ടപ്പെടുത്തിയ 'റഹ്മാനെ ഭയഭക്തി നിറഞ്ഞുള്ള' എന്ന മാപ്പിളപ്പാട്ടു കൂടി പാടിയാണ് സരിത സ്റ്റേജില്‍ നിന്ന് പിന്‍വാങ്ങുന്നത്.

ഉപ്പയും ഉമ്മയും തന്നെയായിരുന്നു സരിതയുടെ സംഗീത പ്രചോദനം. കുട്ടിക്കാലത്ത് അവര്‍ പാടിക്കേള്‍പ്പിച്ച പാട്ടുകളും ഹാര്‍മോണിയത്തില്‍ വായിച്ചു കേള്‍പ്പിച്ച ഈണങ്ങളും സരിതയുടെ സംഗീത ബോധത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഒരു സംഗീത ക്ലാസിന്റെ ചിട്ടവട്ടങ്ങളോടെ ഇരുന്നഭ്യസിച്ചില്ലെങ്കിലും ഉമ്മയായിരുന്നു സരിതയുടെ ആദ്യ ഗുരു. കുറച്ച് കുട്ടികള്‍ക്ക് ഉമ്മ ക്ലാസെടുക്കാറുണ്ടായിരുന്നു. ആ ക്ലാസുകള്‍ കേട്ടാണ് പഠനത്തിന്റെ തുടക്കം. പിന്നീട് സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലുകളില്‍ മത്സരത്തിന് പേര് നല്കി പാട്ടുമായി ഉമ്മയുടെ അടുത്ത് ചെന്ന് പാടിക്കൊടുക്കും. ഉമ്മ സ്നേഹപൂര്‍വം അരികത്തിരുത്തി തെറ്റുകള്‍ പറഞ്ഞ് തിരുത്തി നല്കും. ഇങ്ങനെ പാടിയും തിരുത്തിയുമാണ് ഉമ്മയില്‍ നിന്ന് സംഗീത പാഠങ്ങള്‍ പഠിക്കുന്നത്.

എന്നും വൈകുന്നേരം വീട്ടില്‍ ഹാര്‍മോണിയവുമെടുത്ത് ഉപ്പയുടെ പാട്ടുണ്ടാകും, ഇത് ഉള്ളിലുള്ള താളബോധത്തിന് ജീവന്‍ നല്കുന്ന അനുഭവമായിരുന്നു. അക്കാലത്ത് പ്രശസ്തനായ ഹാര്‍മോണിസ്റ്റ് കോഴിക്കോട് ഹാരിസ്ഭായ് വൈകുന്നേരങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. അദ്ദേഹത്തിലൂടെയാണ് സരിത ലതാജിയുടെ പാട്ടുകളെ അടുത്തറിയുന്നത്. അതിനു മുന്‍പ് തന്നെ ലതാജിയുടെ പാട്ടുകള്‍ സരിത കേട്ടിട്ടുണ്ട്. ഉപ്പയും ഉമ്മയും ഒരു ഗള്‍ഫ് പരിപാടിക്ക് പോയി വരുന്ന സമയത്ത് ലതാജിയുടെ ലണ്ടന്‍ പ്രോഗ്രാമിന്റെ കാസറ്റ് കൊണ്ടുവന്നിരുന്നു. ഹിറ്റുകള്‍ക്ക് പുറമെ അനേകം നല്ല പാട്ടുകള്‍ ആ കാസറ്റിലുണ്ടായിരുന്നു. അവയുടെ കേള്‍വി ലതാജിയുടെ പാട്ടുകളോടും അതുവഴി ഹിന്ദി ഗാനങ്ങളോടും അടുപ്പം സൃഷ്ടിച്ചു. ഹിന്ദി ഗാനങ്ങളോടുള്ള അടുപ്പം അവയുടെ പ്രപഞ്ചം തേടിപ്പോകാന്‍ പ്രചോദനം നല്കി. ഹാരിസ് ഭായ് കൊച്ചിയില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് ഉമ്മയും അതിലൊരു ഗായികയായിരുന്നു. അക്തരി ഭായ്(ബേഗം അക്തര്‍), സൊഹ്‌റ ഭായ് അഗര്‍വലി പോലുള്ളവരുടെ പാട്ട് ഉമ്മയ്ക്ക് പാടാനുണ്ടായിരുന്നു. അന്ന് ആദ്യമായാണ് ആ പേരുകളും അവരുടെ ഗാനങ്ങളും സരിത കേള്‍ക്കുന്നത്. ഉമ്മയെ ഹാരിസ് ഭായ് പാട്ടു പഠിപ്പിക്കുന്നതിനൊത്തു തന്നെ സരിതയും ആ ഗാനങ്ങള്‍ പഠിച്ചെടുത്തു. ഹിന്ദി ഗാനങ്ങളോടുള്ള പ്രിയത്താല്‍ പഴയ ഹിന്ദി സിനിമാ ഗാന പുസ്തകങ്ങളില്‍ നിന്ന് വരികള്‍ തപ്പിപ്പിടിച്ച് അവയും പഠിച്ചെടുത്തു. 

ഉസ്താദ് ഗുലാം അലി, ഉസ്താദ് മെഹ്ദി ഹസന്‍, ഉസ്താദ് അനൂപ് ജലോട്ട, ജഗ്ജിത് സിംഗ്, ചിത്ര സിംഗ്, മിതാലി സിംഗ് തുടങ്ങിയവര്‍ ആലപിച്ച ഗസല്‍ ആല്‍ബങ്ങള്‍ വീട്ടില്‍ എന്നും മുഴങ്ങാറുണ്ടായിരുന്നു. ഗസലിനോടുള്ള അടുപ്പം അന്നു മുതലേ കൂടെയുണ്ട്. അക്കാലത്ത് ഒരു മെഹ്ഫിലില്‍ മിതാലി സിംഗ് ആലപിച്ച ഇബ്‌റാഹിം അഷ്ഖ് രചിച്ച 'രാത് ഗുലാബി തെരെ നാം' എന്ന ഗസല്‍ ആലപിച്ച ഒരു ചെറിയ ഓര്‍മ അവരുടെയുള്ളിലുണ്ട്. ഹൈസ്‌കൂള്‍ പഠന കാലത്താണ് ഹരിഹരനെ കേള്‍ക്കുന്നത്. കേട്ട മാത്രയില്‍ തന്നെ ആ ആലാപന ശൈലിയോട് ഒരിഷ്ടം പിറന്നു. പിന്നീട് അവരുടെ ആലാപനങ്ങളില്‍ ഹരിഹരന്റെ സംഗീതവും കൂടി ഇടം പിടിച്ചു. താനൂരിലെ യു കെ ബാപ്പുക്കയുടെ വീട്ടിലെ ഒരു വിശേഷ ദിനത്തോടനുബന്ധിച്ച് ഒരു മെഹ്ഫില്‍ സംഘടിപ്പിച്ചിരുന്നു. അന്ന് ആ മെഹ്ഫിലില്‍ സരിത, ഹരിഹരന്‍ പാടിവെച്ച ഒരു ഗസല്‍ കൂടി പാടി. ആ മെഹ്ഫില്‍ ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. സരിത ഗസല്‍ ഗായകരില്‍ അടയാളപ്പെടുത്തപ്പെടേണ്ട ഒരാളാണെന്ന് മനസിലാക്കിയ ബാപ്പുക്കയുടെ മരുമകനടക്കമുള്ള ഒരു സംഘം ഫറോക്ക് പേട്ടയില്‍ 1995 ല്‍ സരിതയ്ക്ക് വേണ്ടി ഒരു വേദിയൊരുക്കി. സരിത ഒരു മുഴുനീള ഗസല്‍ പ്രോഗ്രാം ആദ്യമായി അവതരിപ്പിക്കുന്നത് അന്നാണ്.

സംഗീതം ഉള്ളില്‍ ഇരമ്പിക്കൊണ്ടിരുന്ന സരിത പത്താം ക്ലാസു കഴിഞ്ഞ് ചിറ്റൂര്‍ ഗവണ്മെന്റ് മ്യൂസിക് കോളജില്‍ സംഗീതമഭ്യസിക്കാനായി ചേര്‍ന്നു. അവിടെ നിന്ന് ഡിഗ്രി നേടി പുറത്തിറങ്ങിയപ്പോഴും സരിതയുടെ ഗസലിനോടുള്ള അടുപ്പത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. അഞ്ചാം വയസില്‍ ഉമ്മയോടൊപ്പം ഡോ. ഷകീലുമൊത്ത് ആദ്യമായി ഗസല്‍ ആലപിച്ചതു മുതലിങ്ങോട്ട് അതിനെ കൈവിട്ടിട്ടില്ല. മനസിനെ ഇത്രമേല്‍ ഗസലുകള്‍ കീഴടക്കിയതു കൊണ്ടു തന്നെയായിരിക്കണം, ഗസല്‍ ലോകത്തെ എക്കാലത്തെയും മികച്ച കവി മിര്‍സ ഗാലിബിനെക്കുറിച്ച് കെ പി എ സമദ് രചിച്ച പുസ്തകത്തിന്റെ പ്രകാശനവേളയില്‍ ഗാലിബിന്റെ കഠിനമായ ഗസലുകള്‍ സരിത മനോഹരമായി തന്നെ അവതരിപ്പിച്ച് പ്രശംസ നേടുകയുണ്ടായി.

ജമാല്‍ കൊച്ചങ്ങാടി ലതാജിയെക്കുറിച്ച് രചിച്ച പുസ്തകത്തിന്റെ പ്രകാശന വേളയില്‍ ലതാജി പാടിയ ഗാനങ്ങള്‍ മാത്രം പാടി ഒരു ഗാനമാലിക അവതരിപ്പിക്കാനും സരിതക്ക് സാധിച്ചിരുന്നു.

ഭര്‍ത്താവ് നൗഷാദ് സരിതയുടെ സംഗീത പ്രയാണത്തില്‍ താങ്ങും തണലുമായി ഒപ്പം തന്നെയുണ്ടായിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ വരികള്‍ സംഗീതം ചെയ്ത് 'ഒരു വാക്കു പിന്നെയും ബാക്കി' എന്ന പേരില്‍ ഒരു സംഗീത ആല്‍ബം പുറത്തിറക്കാനും സാധിച്ചു. ഇടയ്ക്കെപ്പോഴോ അദ്ദേഹം സരിതയോടൊരു ചോദ്യം ചോദിച്ചു. 'പത്തിരുപത് വര്‍ഷം കഴിഞ്ഞില്ലേ സംഗീത രംഗത്ത്, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ടതില്ലേ' എന്ന അദ്ദേഹത്തിന്റെ ചോദ്യത്തെ തുടര്‍ന്നാണ് എന്തു വ്യത്യസ്തമായി ചെയ്യും എന്ന ചിന്തയുണര്‍ന്നത്. ഒടുവില്‍ അത് ലതാജിയിലേക്കെത്തി. അങ്ങനെയാണ് 'കുച്ഛ് ദില്‍ നെ കഹാ' എന്ന പേരില്‍ ലതാജിക്കൊരു ഗാനപ്രണാമം അവതരിപ്പിക്കുന്നത്. സി ഡി എ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍, കെ പി അബ്ദുല്ലക്കോയ, പി കെ അബ്ദുല്ലക്കോയ തുടങ്ങിയവരായിരുന്നു ആ പരിപാടിയുടെ സംഘാടകര്‍. 'കുച്ഛ് ദില്‍ നെ കഹാ' കഴിഞ്ഞ ഉടനെ പി കെ അബ്ദുല്ലക്കോയ അഭിനന്ദനവുമായെത്തി. കോഴിക്കോടും മലപ്പുറവും മാത്രമായി ഒതുങ്ങേണ്ടയാളല്ല സരിത എന്നും, ഒരു വര്‍ഷം നീളുന്ന പദ്ധതിയായി കേരളം മുഴുവന്‍ ഈ പരിപാടി അവതരിപ്പിക്കുമെങ്കില്‍ അതിന് താന്‍ സഹായ സഹകരണങ്ങള്‍ നല്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ആ വാഗ്ദാനത്തിനു മുന്‍പില്‍ രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ലാതെ തന്നെ അവര്‍ അത് സ്വീകരിച്ചു. പിന്നീട് കഠിന പരിശീലനങ്ങളുടെ ഒരു വര്‍ഷമായിരുന്നു. ഓരോ മാസവും ഓരോന്ന് എന്ന തോതില്‍ പരിപാടികളുണ്ടായിരുന്നു. ഉണര്‍ന്നു കഴിഞ്ഞാല്‍ പാട്ടിന്റെ ലോകത്തേക്ക് അലിയും. ലതാജിയുടെ ഇരുപത് പാട്ടുകളായിരുന്നു ഓരോ പ്രോഗ്രാമിനും പാടേണ്ടിയിരുന്നത്. തനിക്കിഷ്ടപ്പെട്ടതിനു പുറമെ ഓരോ നാടിനും നാട്ടുകാര്‍ക്കും ഇഷ്ടമാകാനിടയുള്ള പാട്ടുകള്‍ കൂടി വേണ്ടതുണ്ടായിരുന്നു. ഓരോ പാട്ടും കേട്ടുകേട്ട് ഉള്ളില്‍ പതിയണം. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാട്ടു കേട്ടുറങ്ങും. മിക്കവാറും ഉമ്മ വന്നാണ് ടേപ്പ് ഓഫ് ചെയ്യുക. ഒരു വര്‍ഷത്തിനിടെ കേരളത്തിനകത്തും പുറത്തുമായി 12 വേദികളില്‍ അവര്‍ ലതാജിക്ക് സംഗീത പ്രണാമം നല്കുകയുണ്ടായി. ലതാജി ഇതിനെക്കുറിച്ചറിയണം എന്നൊരാഗ്രഹവും അവരെ കണ്ടുമുട്ടണം എന്ന ആഗ്രഹവും സരിതയ്ക്കുണ്ടായിരുന്നു. പലരും അതിനു വേണ്ടി പരിശ്രമിച്ചെങ്കിലും അതു നടന്നില്ല.

ചിറ്റൂര്‍ കോളജില്‍ വെച്ച് കര്‍ണാടിക് സംഗീതമഭ്യസിച്ച സരിതക്ക് ഹിന്ദുസ്ഥാനി സംഗീതത്തില്‍ താങ്ങായത് ഉസ്താദ് ദിനേശ് ദേവദാസി, ഉസ്താദ് ദത്താത്രയ, ഉസ്താദ് അഭിലാഷ് എന്നിവരാണ്. ഇവരുടെ ശിക്ഷണം ഗസല്‍, ഹിന്ദി ഗാനങ്ങള്‍ എന്നിവയില്‍ ശോഭിക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട്. ഗസലുകള്‍ക്കും ഹിന്ദി ഗാനങ്ങള്‍ക്കും പിറകെയുള്ള ഓട്ടങ്ങള്‍ക്കിടയിലും ബാബുക്കയെ കൈവിടാന്‍ സരിതക്ക് സാധിക്കുമായിരുന്നില്ല. ബാബുക്കയുടെ പാട്ടുകള്‍ മാത്രം കോര്‍ത്തിണക്കി ഒരു പരിപാടി കഴിഞ്ഞ ഫെബ്രുവരിയില്‍ തുഞ്ചന്‍പറമ്പില്‍ വെച്ച് സരിത അവതരിപ്പിക്കുകയുണ്ടായി. മികച്ച പ്രതികരണങ്ങളായിരുന്നു അവയ്ക്ക്. കോഴിക്കോടും കൊച്ചിയുമാണ് സരിതയ്ക്ക് ഏറ്റവുമധികം കേള്‍വിക്കാരെ സമ്മാനിച്ച ഇടങ്ങള്‍. സംഗീത യാത്രയില്‍ ഇവിടങ്ങളിലെ സംഗീത സഭകള്‍ സരിതയ്ക്കു നല്കിയ പ്രോത്സാഹനവും അത്യത്ഭുതകരമാണ്.

പാട്ടിനു പുറമെ രചനാപരമായ കഴിവുകളും സരിതയ്ക്കുണ്ട്. നന്നായി കഥകളും നോവലുകളും വായിക്കാറുള്ള സരിത ഇടയ്ക്ക് കുറിച്ചുവെച്ച ചെറുകഥകള്‍ ചേര്‍ത്ത് 'പാട്ടു വണ്ടിയിലെ കഥാ സഞ്ചാരം' എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.

ഭര്‍ത്താവ് നൗഷാദിനും മക്കളായ നസീം അഹമ്മദ് മിര്‍സ, നൂറ മിസ്രിയ എന്നിവര്‍ക്കുമൊപ്പം സന്തോഷകരമായ സംഗീതയാത്രയിലാണവര്‍. തനിക്കു വേണ്ടി തന്നെ പാടുക എന്നതിലാണ് സരിത വിശ്വസിക്കുന്നത്. തനിക്കു പോലും ആസ്വദിക്കാനാകാത്തത് മറ്റുള്ളവര്‍ ആസ്വദിക്കണമെന്ന് കരുതുന്നതില്‍ അര്‍ഥമില്ലല്ലോ.

Sunday, 14 February 2021

MIRZA GHALIB | മിര്‍സ ഗാലിബ്: കാവ്യക്കൂട്ടിലൊരു പ്രണയക്കാട് -ഷബീര്‍ രാരങ്ങോത്ത്








ഫെബ്രുവരി 15 മഹാകവി മിര്‍സാ ഗാലിബ് വിടവാങ്ങി.

ഡിസംബര്‍ 27 മിർസാ ഗാലിബിന്റെ ജന്മദിനം

ന സുനോ ഗര്‍ ബുരാ കഹെ കൊയി
ന കഹൊ ഗര്‍ ബുരാ കരെ കൊയി
ആരെങ്കിലും വേണ്ടാത്തത് പറഞ്ഞെന്നാല്‍ കേള്‍ക്കാതിരിക്കുക
വേണ്ടാത്തതൊരുവന്‍ ചെയ്തെന്നാല്‍ അത് പറയാതിരിക്കുക

ഗസലുകളെ നെഞ്ചേറ്റിയവര്‍ക്ക് മറന്നു കൂടാനാകാത്ത പേരാണ് ഗാലിബിന്റേത്. മിര്‍സ അസദുല്ലാഹ് ബൈഗ് ഖാന്‍ എന്ന മിര്‍സ ഗാലിബ് ഗസലിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ മഹാനാണ്.

അസദ്, ഗാലിബ് എന്നീ തൂലികാ നാമങ്ങളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ദാബിറുല്‍ മുല്ക്, നജ്മുദ്ദൗള എന്നീ പേരുകള്‍ അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ഥം അദ്ദേഹത്തിന് ചാര്‍ത്തി നല്കിയിരുന്നു. 'മുഗള്‍ ഭരണം ഭാരതത്തിനു നല്കിയ അമൂല്യ നിധികള്‍ മൂന്നാണ്. താജ്മഹല്‍, ഉര്‍ദു, ഗാലിബ് എന്നിവയാണ് അവ.' എന്ന് എഴുതപ്പെട്ടിട്ടുണ്ട്. ലളിത വാക്കുകള്‍ കൊണ്ടും ലളിതാര്‍ഥങ്ങള്‍ കൊണ്ടും നിറഞ്ഞു നിന്നിരുന്ന ഗസല്‍ കാവ്യ ശാഖയിലേക്ക് അല്പം ഗഹനമായ ചിന്തകളും വാക്കുകളും സമ്മാനിച്ചാണ് ഗാലിബിന്റെ കടന്നു വരവ്.

1797 ഡിസംബര്‍ 27 നാണ് ഗാലിബിന്റെ ജനനം. ബാല്യകാലത്തു തന്നെ ഗാലിബിനു പിതാവിനെ നഷ്ടമായിരുന്നു. പതിമൂന്നാം വയസില്‍ തന്നെ വിവാഹിതനാവുകയും ഡല്‍ഹിയില്‍ താമസമാക്കുകയുമായിരുന്നു. പതിനൊന്നാം വയസില്‍ തന്നെ ഗാലിബ് കവിത കുറിച്ചു തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി ഗാലിബിന് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. എല്ലാ കാര്യങ്ങളിലും സ്വന്തം ബോധ്യങ്ങള്‍ ഗാലിബിനുണ്ടായിരുന്നു. അമീര്‍ ഖുസ്രോവിനെ മാത്രമാണ് ഗാലിബ് തന്റെ നിലവാരത്തിലുള്ള പേര്‍ഷ്യന്‍ പണ്ഡിതനായി അംഗീകരിച്ചിരുന്നത്. കവിതയിലാകട്ടെ തന്നോളമൊപ്പമെത്താന്‍ മറ്റാര്‍ക്കുമാവില്ലെന്ന് ഗാലിബ് വിശ്വസിച്ചിരുന്നു. കാവ്യ ലോകത്ത് ഇബ്രാഹിം സൗഖുമായി അദ്ദേഹം തുടര്‍ന്നു പോന്നിരുന്ന കലഹം ഏറെ പ്രസിദ്ധവുമാണ്. ബഹദൂര്‍ ഷാ സഫറുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു ഗാലിബ്. 1837 ല്‍ ബഹദൂര്‍ ഷാ സഫര്‍ തന്റെ ഗുരുവായിരുന്ന ഇബ്രാഹിം സൗഖിനെ കൊട്ടാരം ആസ്ഥാന കവിയായി നിയമിച്ചതിലുള്ള നീരസം അദ്ദേഹം മറച്ചു വെച്ചിരുന്നില്ല. സൗഖിന്റെ മരണശേഷമാണ് പിന്നീട് ഗാലിബ് ആസ്ഥാന കവിയായി അവരോധിക്കപ്പെടുന്നത്.

വായനയും എഴുത്തുമായി കഴിഞ്ഞിരുന്ന ഗാലിബ് പക്ഷെ പുസ്തകങ്ങള്‍ ഒന്നും തന്നെ വാങ്ങിയിരുന്നില്ല എന്നാണ് വിവരം. ലൈബ്രറികളായിരുന്നു അദ്ദേഹത്തിന്റെ വായനയെ മുന്നോട്ടു നടത്തിയത്. 

പരലോകത്തെ തെറ്റിന് ഇഹലോകത്ത് ശിക്ഷ ലഭിച്ചതാണ് തന്റെ ജീവിതമെന്നാണ് ഗാലിബ് പറഞ്ഞിരുന്നത്. 1212 റജബ് 8 തന്റെ കോടതിയിലേക്കുള്ള വരവായും(ജനനം), 1225 റജബ് 7 ന് തനിക്ക് ജീവപര്യന്തം ശിക്ഷ(വിവാഹം) ലഭിച്ചതായും അദ്ദേഹം എഴുതിയിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് തന്റെ വീട്ടിലേക്ക് (പരലോകം) തന്നെയല്ലാതെ മറ്റെവിടെ പോകാന്‍ എന്നും അദ്ദേഹം ചോദിക്കുന്നു.

ഗാലിബിന്റെ രചനകള്‍ ഏറെ സങ്കീര്‍ണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലളിത പദങ്ങള്‍ക്കു പകരം ഗഹനമായ പദങ്ങളെ ഗാലിബ് അനായാസം ഉപയോഗിച്ചു. കടുത്ത വിമര്‍ശനങ്ങളും ഇതിനെത്തുടര്‍ന്ന് അദ്ദേഹം നേരിടുകയുണ്ടായി. ഒരു സാധാരണക്കാരന് ഒറ്റയടിക്ക് മനസിലാക്കാവുന്നതായിരുന്നില്ല ഗാലിബിന്റെ രചനകളില്‍ മിക്കതും. അതിനെത്തുടര്‍ന്ന് ഗാലിബ് വേദികളില്‍ നിരന്തരം പരിഹസിക്കപ്പെട്ടിരുന്നു. ഗാലിബ് ഹാജറെന്നു കണ്ടാല്‍ കഠിന പദങ്ങള്‍ കോര്‍ത്തിണക്കി അസംബന്ധങ്ങള്‍ മുഷായറകളില്‍ മുഴക്കി ഗാലിബിനെ അപമാനിക്കാന്‍ ശ്രമിക്കുക പതിവായിരുന്നു.

ഒരിക്കല്‍ ഒരു മൗലവി വന്ന് ഗാലിബിന്റെ ഒരു ശേറിന്റെ അര്‍ഥം മനസിലായില്ലെന്ന് പറയുകയുണ്ടായി. ഗാലിബ് ഏതാണ് ഷേര്‍ എന്നാരാഞ്ഞു

പഹ്ലെ തൊ രൗഹന്‍ഗുല്‍ ഭേസ് കെ അണ്ഡേ സെ നിക് ലാ

ഫിര്‍ ദവാ ജിത്നാ ഹെ, കുല്‍ ഭേസ് കെ അണ്ഡേ സെ നിക് ലാ

(ആദ്യം എരുമമുട്ടയില്‍ നിന്ന് പനിനീര്‍ സത്ത് പുറത്തു വന്നു

പിന്നാലെ, മറ്റു മരുന്നുകളും ഓരോന്നായി പുറത്തു വന്നു)

അമ്പരന്ന ഗാലിബ് അത് തന്റേതല്ലെന്നു പറഞ്ഞു. മൗലവി പക്ഷേ, തറപ്പിച്ചു പറഞ്ഞു. ഗാലിബിന് കാര്യം മനസിലായത് പിന്നീടാണ്. മൗലവി അദ്ദേഹത്തെ അധിക്ഷേപിച്ചതായിരുന്നു.

ഗാലിബ് പിന്നീട് മറുപടിയായെഴുതി.

മുഷ്‌കില്‍ ഹെ സബ്സ് കലാം മെരാ ഏ ദില്‍

സുന്‍ സുന്‍ കെ ഉസേ സുഖ്വന്‍വരാനെ കാമില്‍

ആസാന്‍ കെഹ്നെ കി കര്‍തെ ഹെ ഫര്‍മയിഷ്

ഗൊയം മുഷ്‌കില്‍ വഗര്‍നാ ഗോയം മുഷ്‌കില്‍

(ഓ ഹൃദയമേ, ശരിയാണല്ലോ, എന്റെ രചനകള്‍ ദുര്‍ഗ്രാഹ്യമാണല്ലോ

കാവ്യലോകം കീഴടക്കിയ മഹാകവികള്‍ അത് കേള്‍ക്കെ

ലളിതമായെഴുതാന്‍ പറയുന്നുവല്ലോ

ഞാനെന്തു ചെയ്യാന്‍, പ്രയാസകരമായല്ലാതെയെഴുതുക എന്നത് എനിക്കേറെ പ്രയാസകരമാണല്ലോ)

ഗാലിബിന്റെ ഈ മറുപടി കുറിക്കു കൊള്ളുന്നതായിരുന്നു. ഒടുക്കം എല്ലാ കവികളേയും പിണക്കുക അത്ര പന്തിയല്ലെന്നു കണ്ട് പേര്‍ഷ്യന്‍ ഭാഷയില്‍ കവിതയെഴുതുകയായിരുന്നു ഗാലിബ്. വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് ഗാലിബ് വീണ്ടും ഉര്‍ദുവില്‍ എഴുതിയത്.

നിലപാടുകളുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും ഗാലിബ് തയ്യാറായിരുന്നില്ല. ഗാലിബിന്റെ വ്യക്തിജീവിതം വളരെ കുത്തഴിഞ്ഞ നിലയിലായിരുന്നു. മദ്യപാനവും ചൂതുകളിയുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചൂതുകളിച്ചതിന്റെ പേരില്‍ അദ്ദേഹം തടവിലാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം സ്വഭാവദൂഷ്യങ്ങളിലൂടെയുള്ള ജീവിതാനുഭവങ്ങള്‍ ഒരു കവിക്ക് അത്യാവശ്യമാണെന്നായിരുന്നു ഗാലിബിന്റെ ഭാഷ്യം.

ഗസലിനു പുറമെ മസ്നവികളും ഖസീദകളും ഗാലിബിന്റെ തൂലികയില്‍ നിന്ന് പിറവി കൊണ്ടിരുന്നു. ഗസലിലാകട്ടെ പരമ്പരാഗതമായ പ്രണയമെന്ന വിഷയത്തിനു പുറമെ തത്വ ചിന്തകളെക്കൂടി ഉള്‍പ്പെടുത്താന്‍ ധൈര്യം കാണിച്ചത് ഗാലിബാണ്. മികച്ച ഒരു കത്തെഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കത്തെഴുത്ത് സംസാരം പോലെയായിരുന്നു. അകലം കുറക്കാന്‍ പേന കൊണ്ട് സംസാരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അദ്ദേഹത്തിന്റെ കത്തുകള്‍ ഖുതൂതെ ഗാലിബ് എന്ന പേരില്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 

ഉര്‍ദു കാവ്യ പാരമ്പര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഗാലിബ് എന്ന പേര് ഏറെ പ്രധാനമാകുന്നത് അദ്ദേഹത്തിന്റെ കവിതകളുടെ കാലാതിവര്‍ത്തിത്തം കൊണ്ടു തന്നെയാണ്. ഗൂഡാര്‍ഥ പ്രദാനമായ ആ രചനാ ശൈലി ഇന്നും വെല്ലുവിളി നേരിടാതെ കിടപ്പുണ്ട്.

1869 ഫെബ്രുവരി 15 ന് ആ മഹാ കവി വിടവാങ്ങി.

പൂച്തെ ഹെ വൊ കി ഗാലിബ് കോന്‍ ഹെ
കൊയി ബത്ലാവൊ കി ഹം ബത്ലായേ ക്യാ

(ഗാലിബ് ആരാണെന്ന് അവര്‍ ചോദിക്കുന്നു
ആരെങ്കിലുമൊന്നു പറയൂ, ഞാനെന്തു പറയാനാണ്)

Thursday, 14 January 2021

Kaifi Azmi | കൈഫി ആസ്മി; മനുഷ്യ വികാരങ്ങള്‍ വാക്കുകളില്‍ കോറിയ മനീഷി -ഷബീര്‍ രാരങ്ങോത്ത്

ജനുവരി 14 കൈഫി ആസ്മി ജന്മദിനം
മെയ് 10 കൈഫി ആസ്മി ഓര്‍മ്മദിനം

کوئی کہتا تھا سمندر ہوں میں

اور مری جیب میں قطرہ بھی نہیں

കൊയി കഹ്താ ഥാ സമുന്ദര്‍ ഹൂ മെ
ഓര്‍ മെരി ജേബ് മെ കത്റാ ഭി നഹി
(ആരോ പറയുന്നുണ്ടായിരുന്നു ഞാനൊരു സമുദ്രമാണെന്ന്
എന്റെ കീശയിലാകട്ടെ ഒരു തുള്ളി പോലുമില്ല)

കൈഫി ആസ്മിയുമായി ബന്ധപ്പെട്ട ചെറുപ്പ കാലത്തിലെ ഒരോര്‍മ മകള്‍ ഷബാന ആസ്മി പങ്കു വെക്കുന്നുണ്ട്. കുട്ടിക്കാലത്ത് അവര്‍ ഒരു നീലക്കണ്ണുള്ള പ്രശാന്തമായ മുഖമുള്ള പാവക്കു വേണ്ടി പിതാവ് കൈഫി ആസ്മിയോട് ആവശ്യപ്പെട്ടു. പീടികയിലുള്ള കറുത്ത ഒരു പാവയെ അദ്ദേഹം മകള്‍ക്ക് വാങ്ങി നല്കുകയും കറുപ്പ് സുന്ദരമാണ് എന്ന് പറയുകയുമുണ്ടായി. തന്റെ മകളില്‍ ചെറുപ്പത്തില്‍ രൂപപ്പെട്ടു പോകാനിടയുള്ള വികൃതമായ സൗന്ദര്യ സങ്കല്പത്തിന് തിരുത്തു നിര്‍ദേശിക്കുകയായിരുന്നു കൈഫി ആസ്മി. 

1919 ജനുവരി 14 നാണ് കൈഫി ആസ്മിയുടെ ജനനം. അത്തര്‍ ഹുസൈന്‍ റിസ്വി എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഒരു മദ്റസയില്‍ ഇസ്ലാമിക പഠനത്തിനായി കൈഫിയെ ചേര്‍ക്കുകയുണ്ടായി. എന്നാല്‍, ഏറെ ചെറുപ്പത്തിലേ വലിയ സാമൂഹ്യ ബോധം കാണിക്കുകയും സമരങ്ങള്‍ക്കായി സഹപാഠികളെ ഒരുമിച്ചുകൂട്ടുകയുമൊക്കെ ചെയ്തതോടെ അധികൃതര്‍ അദ്ദേഹത്തെ പറഞ്ഞു വിടുകയാണുണ്ടായത്. 

പതിനൊന്നാം വയസ്സോടു കൂടി തന്നെ കൈഫി ആസ്മി ഗസലുകള്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്. 

اتنا تو زندگی میں کسی کے خلل پڑے

ہنسنے سے ہو سکون نہ رونے سے کل پڑے

ഇത്നാ തൊ സിന്ദഗി മെ 
കിസി കെ ഖലല്‍ പഡെ
ഹസ്നെ സെ ഹൊ സുകൂന്‍ 
ന രോനെ സെ കല്‍ പഡെ
(ജീവിതത്തില്‍ ഇത്രമേല്‍ പ്രശ്നങ്ങളുണ്ടായെന്നിരിക്കും
ചിരിയിലൂടെ സമാധാനമോ കരച്ചിലിലൂടെ നാളെയോ ഉണ്ടാവില്ല)

എന്നു തുടങ്ങുന്ന ഗസല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ രചന. അദ്ദേഹം ഒരു മുഷായറയില്‍ ഈ ഗസല്‍ അവതരിപ്പിക്കുകയും മുഷായറയുടെ അധ്യക്ഷന്‍ മനി ജൈസി അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. എന്നാല്‍, സദസ്യരില്‍ ഭൂരിഭാഗവും, കൈഫിയുടെ പിതാവടക്കം, ഇത് കൈഫിയുടെ രചനയാണെന്ന് വിശ്വസിച്ചില്ല. ഇത്ര ചെറിയ പ്രായത്തില്‍ എങ്ങനെ ഇത്തരമൊരു രചന നടത്താന്‍ കഴിയും എന്നതായിരുന്നു അവരുടെ സംശയം. കൈഫി മൂത്ത സഹോദരന്റെ രചന മോഷ്ടിച്ചതാവാമെന്ന് അവര്‍ കരുതി, എന്നാല്‍ മൂത്ത സഹോദരന്‍ അത് തന്റെ രചനയല്ലെന്ന് ആണയിട്ടു. അതൊടെ കൈഫിയെ ഒന്ന് പരീക്ഷിക്കാന്‍ പിതാവ് തീരുമാനിച്ചു. ഒരു ഈരടി കൈഫിക്കു മുന്‍പില്‍ നല്കുകയും അതേ മീറ്ററില്‍ അതേ പ്രാസത്തില്‍ ഒരു ഗസല്‍ കുറിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൈഫി ആസ്മി ആ ചലഞ്ച് ഏറ്റെടുക്കുകയും വിജയകരമായി ഗസല്‍ കുറിക്കുകയും ചെയ്തു. 

പ്രതിഭാധന്യമായ ആ ജീവിതം അനീതിക്കെതിരെ ശക്തമായ വാക്പ്രയോഗങ്ങള്‍ തന്നെ നടത്തി. ഗസലുകളേക്കാള്‍ കൈഫിയുടെ തൂലികയിലൂടെ മികച്ച നസ്മുകള്‍ വിരിഞ്ഞിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ഓരത്' എന്ന നസ്മ്. അരികുവത്കരിക്കപ്പെടേണ്ടവളല്ല സ്ത്രീ എന്നും സമൂഹത്തില്‍ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ആഹ്വാനം ചെയ്യുന്ന ഒരു കവിതയായിരുന്നു അത്. ഏറെ ശ്രദ്ധിക്കപ്പെട്ട ആ കവിത മികച്ച അഭിപ്രായങ്ങള്‍ നേടുകയും ചെയ്തു. 

അടിമത്ത ഇന്ത്യയില്‍ ജനിക്കുകയും സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുകയും സോഷ്യലിസ്റ്റ് ഇന്ത്യയില്‍ മരിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ആളാണ് താന്‍ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. സാമുദായിക സൗഹാര്‍ദത്തിന് അദ്ദേഹം വലിയ പ്രാധാന്യം കല്പിച്ചിരുന്നു. 1992 ലെ ബാബരി മസ്ജിദ് ധ്വംസനവും അതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ മനസിനെ വല്ലാതെ നോവിക്കുകയുണ്ടായി. ശ്രീരാമന്‍ അയോധ്യയിലെ സരയൂ നദീ തീരത്തു തിരികെ വരുന്നതായി സങ്കല്പിച്ച് അദ്ദേഹം കവിതയെഴുതുകയുണ്ടായി. ബാബരി മസ്ജിദ് ധ്വംസനത്തെ ശ്രീരാമന്‍ എങ്ങനെ നോക്കിക്കാണുമെന്നതായിരുന്നു ആ കവിത. അദ്ദേഹം അതില്‍ ഇങ്ങനെ കുറിച്ചു.

جگمگاتے تھے جہاں رام کے قدموں کے نشاں

پیار کی کاہکشاں لیتی تھی انگڑائی جہاں

موڑ نفرت کے اسی راہ گزر میں آئے

ജഗ്മഗാതെ ഥെ ജഹാ റാം കെ 
കദ്മോ കെ നിഷാന്‍
പ്യാര്‍ കി കെഹ്കഷാന്‍ 
ലേതീ ഥി അംഗ്ഡായി ജഹാ
മോഡ് നഫ്റത് കെ ഉസി 
രാഹ്ഗുസര്‍ മെ ആയെ
(രാമന്റെ കാലടിയുള്ള സ്ഥലത്തെ പ്രഭ വിസ്മയാവഹമായിരുന്നു,
സ്നേഹത്തിന്റെ പ്രസന്നമായ ഒരു പ്രപഞ്ചം അവിടെയുണര്‍ന്നിരുന്നു, ഇപ്പോഴാ വഴിയിലാകട്ടെ വെറുപ്പ് കൂടുകൂട്ടിയിരിക്കുന്നു)

കൈഫി സി പി ഐ അംഗമായിരുന്നു. ബോംബെയിലേക്ക് ചേക്കേറിയ സമയത്ത് അലി സര്‍ദാര്‍ ജാഫ്രിയുമായി ചെര്‍ന്ന് കൗമി ജംഗ് എന്ന പാര്‍ട്ടി പത്രത്തില്‍ അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. പിന്നീട് അദ്ദേഹം ഹിന്ദി സിനിമകളില്‍ ലിറിസിസ്റ്റ് എന്ന നിലക്കും കഴിവു തെളിയിച്ചിട്ടുണ്ട്. ഒരു ഷിയാ വിശ്വാസിയായിരുന്നു കൈഫി. അതുകൊണ്ടു തന്നെ സമൂഹത്തിലെ ഓരോ സ്വേച്ഛാധിപതികളെയും അതിക്രമകാരികളെയും യസീദ് ആയായിരുന്നു അദ്ദേഹം കരുതിയിരുന്നത്, ഓരോ അടിച്ചമര്‍ത്തപ്പെട്ടവനിലും ഹുസൈനെയും അദ്ദേഹം കണ്ടെത്തി. (ഹുസൈനിനെ വധിക്കാന്‍ ഉത്തരവിട്ടയാളാണ് യസീദ്).

ഒരു മുഷായറയാണ് കൈഫിയുടെ ജീവിതത്തില്‍ വലിയ ഒരു വഴിത്തിരിവുണ്ടാക്കുന്നത്. യൗവന കാലമാണ്. ഓരത് എന്ന വിശ്വപ്രസിദ്ധമായ കവിത കൈഫി ഒരു മുഷായറയില്‍ അവതരിപ്പിക്കുകയാണ്. പകുതിയെത്തിക്കാണില്ല, അതിനു മുന്‍പു തന്നെ സദസിലുള്ള ഒരു യുവതി തന്റെ കൂട്ടുകാരിയോട് കവിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. 'ഇയാളെന്തൊരു കവിയാണ്? ഇങ്ങനെ കെഞ്ചുന്നു, ഏതു പെണ്ണാണ് അയാള്‍ക്കൊപ്പം സഞ്ചരിക്കാനായി സമ്മതിക്കുക?'. എന്നാല്‍ കവിത തീരുമ്പോഴേക്ക് അവള്‍ മറ്റൊരു തീരുമാനമെടുത്തിരുന്നു. തന്നോട് വിവാഹമുറപ്പിച്ചിരുന്ന പുരുഷനുമായുള്ള ബന്ധം വിച്ഛേദിക്കുകയും പിന്നീട് കൈഫി ആസ്മിയുമായി വിവാഹം നടത്തുകയുമായിരുന്നു. ഗാംഭീര്യമേറിയ കവിതകള്‍ സമ്മാനിച്ച കൈഫി ആസ്മി 2002 മെയ് 10 നാണ് മരണപ്പെടുന്നത്

Wednesday, 13 January 2021

HAFEEZ JALANDHARI | ഹഫീസ് ജലന്ധരി അഭി തൊ മെ ജവാന്‍ ഹൂ -ഷബീര്‍ രാരങ്ങോത്ത്

 ജനുവരി 14 ഹഫീസ് ജലന്ധരിയുടെ ജന്മദിനം
ഡിസംബര്‍ 2 ഹഫീസ് ജലന്ധരി ഓര്‍മ്മദിനം

حفیظؔ اپنی بولی محبت کی بولی

نہ اردو نہ ہندی نہ ہندوستانی

ഹഫീസ് അപ്‌നീ ബോലീ മൊഹബ്ബത് കീ ബോലീ
ന ഉര്‍ദു ന ഹിന്ദി ന ഹിന്ദുസ്ഥാനി

ഹഫീസിന്റെ ഭാഷ പ്രണയത്തിന്റേതാണ്
ഉര്‍ദുവോ ഹിന്ദിയോ ഹിന്ദുസ്ഥാനിയോ അല്ല

വേണ്ടത്ര വിദ്യാഭ്യാസം നേടാതെ തന്നെ ഉയരങ്ങളില്‍ പാര്‍ക്കുക! വളരെ അപൂര്‍വമായി മാത്രം സംഭവിക്കാവുന്ന ഒന്നാണത്. ഹഫീസ് ജലന്ധരി സ്വപരിശ്രമം കൊണ്ട് അത്തരത്തില്‍ ഉയരം കീഴടക്കിയ ഒരു പ്രതിഭയാണ്. സ്‌കൂളിലെ പ്രാഥമിക ക്ലാസുകളില്‍ പോലും മറികടക്കാന്‍ സാധിക്കാതിരുന്ന ഹഫീസ് ജലന്ധരി ഏഴാം വയസില്‍ കവിത കുറിച്ചു തുടങ്ങിയിട്ടുണ്ട് എന്നു പറയുന്നത് എത്രമേല്‍ അത്ഭുതകരമായ കാര്യമാണ്. പിന്നീടദ്ദേഹം അതിപ്രശസ്തിയും ഉയര്‍ന്ന ശമ്പളവും പുരസ്‌കാരങ്ങളുമെല്ലാം ഏറ്റുവാങ്ങുന്ന അവസ്ഥയിലേക്കെത്തി.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനായ്യി മൂന്നോളം സ്ഥാപനങ്ങളില്‍ ചെന്നെത്തിയെങ്കിലും ഏറെ വൈകാതെ തന്നെ അവ്വിടെ നിന്നെല്ലാം അദ്ദേഹം പെട്ടെന്നു തന്നെ തിരിച്ചിറങ്ങി പോരുകയാണുണ്ടായത്. കണക്കിനോടുള്ള വെറുപ്പായിരുന്നു സ്‌കൂള്‍ വിടാനുള്ള കാരണം. ഉര്‍ദു മാത്രമാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്.

ഉര്‍ദുവിലെ പ്രമുഖ കവിയായിരുന്ന ഗുലാം ഖാദിര്‍ ഗിരാമി അദ്ദേഹത്തിന്റെ കവിത ചൊല്ലുന്നതു കേട്ട ഹഫീസിന് അതിനോട് താല്പര്യം ജനിച്ചു. ഏറെ വൈകാതെ തന്നെ തന്റെ നോട്ടുപുസ്തകത്തില്‍ കവിത കുറിച്ചു വെച്ചു അദ്ദേഹം. ഇത് കണ്ട ഒരു അധ്യാപകന്‍ നോട്ട്ബുക്ക് വൃത്തികേടാക്കൈയതിന് കണക്കിന് ചീത്തപറയുകയും ചെയ്തു.

എന്നാല്‍ മറ്റൊരധ്യാപകനായിരുന്ന ഗോപാല്‍ ദാസ് ഹഫീസിനെ പ്രോത്സാഹിപ്പിക്കുകയും കവിതയെഴുതാന്‍ പ്രേരണ നല്കുകയും ചെയ്തു. ഈ പ്രേരണയാണ് ഹഫീസ് ജലന്ധരിയെന്ന കവിയെ ഉന്മ്രേഷത്തോടെ കവിതയെഴുതാന്‍ പ്രാപ്തനാക്കിയത്.

1900 ജനുവരി 14 ന് ജലന്ധറിലാണ് ഹഫീസ് ജലന്ധരിയുടെ ജനനം. അബുല്‍ അസ്ര്‍ ഹഫീസ് എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ നാമം. കയ്യില്‍ കിട്ടുന്ന ഉര്‍ദു പുസ്തകങ്ങള്‍ മുഴുവന്‍ വായിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഹോബി. അത് ഉര്‍ദു ക്ലാസികല്‍ സാഹിത്യത്തിലേക്ക് വായനയെ നയിച്ചു. ഇത് അദ്ദേഹത്തിന്റെ പദ സമ്പത്ത് നന്നാക്കാനും ഭാഷ മിനുക്കാനും സഹായകമായി.

1917 ല്‍ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റ് ഒരു മുഷായറ മത്സരം സംഘടിപ്പിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ മത്സരം. ഹഫീസും ആ മത്സരത്തില്‍ പങ്കെടുക്കുകയും യുദ്ധവും സമാധാനവും എന്ന വിഷയത്തില്‍ കവിത രചിക്കുകയും ചെയ്തു. ആ മത്സരത്തില്‍ അദ്ദേഹം ഒന്നാം സമ്മാനത്തിനും ഗോള്‍ഡ് മെഡലിനും അര്‍ഹനായി. ഒരു വലിയ ജൈത്ര യാത്രയുടെ തുടക്കമായിരുന്നു ആ സമ്മാനം.

മറ്റൊരു മുഷായറയില്‍ കൂടി പങ്കെടുത്ത് വിജയിയായതോടെ ഹഫീസ് ഗിരാമിയെ തേടി ചെന്നു. അദ്ദേഹത്തോട് തന്നെ ശിഷ്യനായി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു. എത്ര മികച്ച പ്രതിഭയാണെങ്കിലും ഏതെങ്കിലും ഒരു കവിക്ക് ശിഷ്യപ്പെടുക എന്നതായിരുന്നു സമ്പ്രദായം. അങ്ങനെ ശിഷ്യപ്പെടാത്തവരെ ബേ ഉസ്തദ(ഗുരുവില്ലാ തട്ടിപ്പുകാരന്‍) എന്ന് പേരു വിളിച്ച് ആക്ഷേപിക്കുമായിരുന്നു. അത് ഭയപ്പെട്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു ചെന്നത്.

കൗമാരത്തിന്റെ അവസാനത്തില്‍ വിവാഹിതനായ അദ്ദേഹം പിന്നീട് ജീവിത സന്ധാരണത്തിനായി പല ജോലികളിലേര്‍പ്പെട്ടു. പെര്‍ഫ്യൂം വില്പന, ടൈലറിംഗ്, പോര്‍ട്ടര്‍, ധാന്യ വില്പന എന്നിവയ്ക്കു പുറമെ സ്വന്തം കവിത സ്വന്തമായി എഴുതാന്‍ കഴിവില്ലാത്ത പുതിയ 'കവികള്‍ക്ക്' വിറ്റു വരെ അദ്ദേഹം ഉപജീവനത്തിനായി പൊരുതി.

1919 ല്‍ ബ്രിട്ടീഷ് റൂളിനെ വിമര്‍ശിച്ചു കൊണ്ട് ഒരു കവിതയെഴുതുകയുണ്ടായി. അതിനെത്തുടര്‍ന്ന് മൂന്നു മാസത്തോളം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം മറ്റൊരിടത്ത് തയ്യല്‍ മെഷീന്‍ വില്പനയുമായി കുറഞ്ഞ കാലം അദ്ദേഹം കഴിച്ചു കൂട്ടി. അപ്പോഴും അദ്ദേഹത്തിന്റെയുള്ളില്‍ കവിത നിറയുന്നുണ്ടായിരുന്നു. 1921 ല്‍ തിരികെ ജലന്ധറിലെത്തിയ അദ്ദേഹം ഗിരാമിയോടൊത്ത് ഒരു സാഹിത്യ മാഗസില്‍ ആരംഭിച്ചു. ഇഅ്ജാസ് എന്ന് പേരിട്ടിരുന്ന ആ മാഗസിനു പക്ഷെ മാസങ്ങളുടെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടുത്ത സാമ്പത്തിക പരാധീനതകളെത്തുടര്‍ന്ന് അത് അവസാനിപ്പിക്കുകയായിരുന്നു.

ജീവിതത്തോടു തന്നെ വെറുപ്പു തോന്നിയ ഹാഫിസ് പിന്നീട് ഏതെങ്കിലും കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മാഹുതി ചെയ്യാനായി കാശ്മീരിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ കാശ്മീര്‍ അദ്ദേഹത്തിന്റെ മനസിനെ പിടിച്ചു നിര്‍ത്തി. എന്തിനാണ് ഇത്രമേല്‍ മനോഹരമായ ജീവിതത്തെ ഇങ്ങനെ അവസാനിപ്പിക്കുന്നത് എന്ന ചോദ്യം അദ്ദേഹത്തിനുള്ളില്‍ ഉയരുന്നതങ്ങനെയാണ്. അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കവിതയുടെ ആദ്യ വരി പിറക്കുന്നത്. അഭി തൊ മെ ജവാന്‍ ഹൂ( ഞാനിപ്പോഴും യുവാവാണ്).

പ്രമുഖ സാഹിത്യകാരനായിരുന്ന ഹകീം ഫിറോസ് തുഗ്‌റായിയെ അദ്ദേഹം കണ്ടു മുട്ടുന്നത് ഈ സംഭവത്തിനു ശേഷമാണ്. അദ്ദേഹം ഹാഫിസിനെ നന്നായി തന്നെ പ്രോത്സാഹിപ്പിക്കുകയും ഉത്തേജനം നല്കുകയും ചെയ്തു. കാശ്മീര്‍ മലയിറങ്ങിയ ഹഫീസ് ലാഹോറിലെത്തുകയും മുഷായറകളില്‍ പങ്കെടുക്കുകയും ചെയ്തു. അത്തരമൊരു മുഷായറയില്‍ വെച്ചാണ് അദ്ദേഹത്തിനു നേരെ ഷദാബെ ഉര്‍ദു എന്ന മാഗസിന്റെ പത്രാധിപത്വം വെച്ചു നീട്ടുന്നത്. ഒന്നിനു പിന്നാലെ ഒന്നെന്നോണം മറ്റു പല മാഗസിനുകളും ഇതേ പോലെ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.

വിഭജനാനന്തരം പാകിസ്താന്‍ പിറവി കൊണ്ടപ്പോള്‍ അതിന്റെ ദേശീയ ഗാനത്തിനായി 700 ല്‍ പരം കവിതകള്‍ വരികയുണ്ടായി. അതില്‍ ഹഫീസിന്റെ രചനയാണ് പിന്നീട് അവര്‍ ദേശീയ ഗാനമായി തിരഞ്ഞെടുത്തത്.

ഒരു വശത്ത് ഇസ്ലാമിക കവിതകള്‍ രചിക്കുമ്പോഴും കൃഷ്ണ ഭക്തി പ്രകടിപ്പിക്കുന്ന കവിതകളും അദ്ദേഹത്തില്‍ നിന്ന് പിറവി കൊണ്ടു.

اے دیکھنے والو

اس حسن کو دیکھو

اس راز کو سمجھو

یہ نقش خیالی

یہ فکرت عالی

یہ پیکر تنویر

یہ کرشن کی تصویر

ഏ ദേഖ്‌നെ വാലോ
ഇസ് ഹുസ്ന്‍ കൊ ദേഖോ
ഇസ് റാസ് കൊ സംഝോ
യെ നഖ്‌ഷെ ഖയാലീ
യെ ഫിഖ്രതെ ആലി
യെ പൈകറെ തന്വീര്‍
യെ കൃഷ്ണ്‍ കി തസ്വീര്‍

(ഏ നോട്ടക്കാരേ
ഈ സൗന്ദര്യത്തെ നോക്കൂ
ഈ രഹസ്യത്തെ മനസിലാക്കൂ
ഈ കാല്പനിക ചിത്രം
ഈ ഉയര്‍ന്ന ചിന്ത
ഈ പ്രകാശത്തിന്റെ മൂര്‍ത്തീകരണം
ഈ കൃഷ്ണ ചിത്രം

നഗ്മ സര്‍, ഷാഹ്നാമായെ ഇസ്ലാം, സോസ് ഓ സാസ്, ചിരാഗെ സെഹര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. 1982 ഡിസംബര്‍ 21 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

Monday, 11 January 2021

അഹ്മദ് ഫറാസ്: പൂ മണമുള്ള ഗസല്‍; തീച്ചൂടുള്ള കവിത -ഷബീര്‍ രാരങ്ങോത്ത്

ജനുവരി 12 അഹ്മദ് ഫറാസ് ജന്മദിനം
ആഗസ്ത് 25 അഹ്മദ് ഫറാസ് ഓര്‍മ്മദിനം

മെരാ ഖലം തൊ അമാനത് ഹെ മെരെ ലോഗോം കി
മെരാ ഖലം തൊ അദാലത് മെരെ സമീര് കി ഹെ
ഇസി ലിയെ തൊ ജൊ ലിഖാ തപക് എ ജാന് സെ ലിഖാ
ജഭി തൊ ലോച് കമാന് കാ സബാന് തീര് കി ഹെ
എന്റെ തൂലിക എന്റെ ജനങ്ങള് എന്നില് വിശ്വസിച്ചേല്പ്പിച്ചതാണ്,
എന്റെ തൂലിക എന്റെ തന്നെ മനസ്സാക്ഷിക്കോടതിയാണ്,
ഞാനെഴുതിയതൊക്കെ ആര്ജവത്തോടിരിക്കുന്നത് അതിനാലാണ്
അതിനാലാണ് അതിന് വില്ലിന്റെ മുറുക്കവും അമ്പിന്റെ നാവുമുള്ളത്...
ഫൈസ് അഹ്മദ് ഫൈസിനും സര്ദാര് അലി ജാഫ്രിക്കും പിറകെ ജനമനസുകളില് പ്രതിഷ്ഠ നേടിയ കാല്പനിക കവി അഹ്മദ് ഫറാസ് സ്വന്തം കവിതകളെ വിലയിരുത്തിയത് ഇപ്രകാരമാണ്...
പ്രണയ കാല്പനികതയും വിപ്ലവതീയും ഒരുപോലെ കവിതകളില് പടര്ത്തിയ അഹ്മദ് ഫറാസിന് കവിത ഇപ്രകാരമായിരുന്നു.
രഞ്ജിഷ് ഹി സഹി,
അബ് കെ ഹം ബിച്ഛ്‌ഡേ,
ഷോലാ ഥാ,
തുടങ്ങി നമ്മളറിയുന്ന ഫറാസിന്റെ ഗസലുകള് പ്രണയത്തിന്റെ വിവിധ ഭാവങ്ങളെ ആസ്വാദകന്റെ മനസിലേക്ക് നിറക്കുന്നതായിരുന്നു, കാല്പനിക കവിയെന്ന് പാടിപ്പുകഴ്ത്തുമ്പോഴും ഉള്ളില് തീയുള്ള കവിയായിരുന്നു ഫറാസ്, അനീതി കാണുമ്പോഴൊക്കെയും അത് ആളിക്കത്തി, കവിതകള്ക്ക് അമ്പിന്റെ മൂര്ച്ച കൈവന്നു,
1931 ജനുവരി 12 നാണ് അദ്ദേഹത്തിന്റെ ജനനം, സയ്യിദ് അഹ്മദ് ഷാ എന്നായിരുന്നു യഥാര്ഥ പേര്, പിന്നീട് ഫറാസ് എന്ന തൂലികാ നാമം സ്വീകരിച്ചു, ജീവിതത്തില് അവഗണന നേരിട്ടു എന്നു തോന്നിയ സന്ദര്ഭത്തിലായിരുന്നു ആദ്യ കവിത പിറക്കുന്നത്, അന്ന് ഫറാസ് ഒന്പതാം ക്ലാസിലാണ്, ആ വര്ഷത്തെ ചെറിയപെരുന്നാളിന് വീട്ടിലെല്ലാവര്ക്കും പുതുവസ്ത്രങ്ങളെടുത്തിട്ടുണ്ട്, ഒന്നാം ക്ലാസുകാരനായ അനിയന്റെ വസ്ത്രത്തേക്കാള് മോശം വസ്ത്രമാണ് തനിക്ക് ലഭിച്ചതെന്നും താന് അവഗണിക്കപ്പെട്ടു എന്നും തോന്നിയപ്പോഴാണ് ആദ്യ ശേര് ഉരുവം കൊണ്ടത്,
ജബ് കെ സബ് കെ വാസ്‌തെ ലായെ ഹെ കപ്‌ടെ സാലെ സെ
ലായെ ഹെ മെരെ ലിയെ ഖൈദി കാ കംബല് ജെയ്‌ല് സെ
എല്ലാവര്ക്കും അഴകുള്ള വസ്ത്രം കൊണ്ടു വന്നിരിക്കുന്നു,
എനിക്കാകട്ടെ തടവു പുള്ളികളുടെ വസ്ത്രവും...
പിറ്റേ വര്ഷമാണ് അഹ്മദ് ഫറാസ് എന്ന കവിയുടെ ജനനത്തില് പ്രധാന പങ്കുവഹിച്ച സംഭവമുണ്ടാകുന്നത്.
ഫറാസ് പത്താം ക്ലാസിലേക്കെത്തിയിരുന്നു, മകന്റെ പഠനം കൂടുതല് മെച്ചപ്പെടുത്താനായി പത്താം ക്ലാസില് പഠിക്കുന്ന ബന്ധുവായ പെണ്കുട്ടിക്കൊപ്പം ഒരുമിച്ചു പഠിക്കാനായി ഫറാസിനെ രക്ഷിതാക്കള് ചുമതലപ്പെടുത്തി, ഉര്ദു നന്നായി പഠിക്കുമായിരുന്ന അവളുമൊത്തിരുന്നായി പിന്നെ പഠനം, ഇടയ്‌ക്കൊരിക്കല് അവള്: 'നമുക്ക് ബൈത്ബാസി (അന്താക്ഷരി) കളിച്ചാലോ..?' എന്നൊരു ചോദ്യവുമായി ഫറാസിനടുത്തെത്തി, ഫറാസിനാണെങ്കില് ബൈത് ബാസിയുടെ നിയമാവലികള് അത്ര വശമില്ലായിരുന്നു, അവളുടെ ചോദ്യത്തിനു മുന്പില് ഫറാസ് ഒന്നന്ധാളിച്ചു നിന്നു, അവള് നിയമങ്ങള് സൂക്ഷ്മമായി ഫറാസിനെ പഠിപ്പിച്ചു, തുടര്ന്ന് ബൈത്ബാസി അരങ്ങേറി, മര്യാദക്ക് ഒരു ശേറു പോലുമറിയാത്ത ഫറാസുണ്ടോ ഉര്ദു സാഹിത്യത്തില് നല്ല അറിവുള്ള കസിനോട് ജയിക്കുന്നു..!
തോല്വി തന്നെ ഫലം, ഓരോതവണ ബൈത് ബാസി ആവര്ത്തിക്കുമ്പോഴും ഫറാസ് തോറ്റുകൊണ്ടേയിരുന്നു, ഒടുവില് അല്പം ശേറുകളൊക്കെ സമയമെടുത്ത് പഠിച്ചായി പോരാട്ടം, പിന്നെയും തോല്വി തന്നെയായിരുന്നു ഫലം, ഒടുവില് വിജയിക്കാനായി ഫറാസ് ഒരു വഴി കണ്ടെത്തി...
നിമിഷാര്ദ്ധങ്ങള്ക്കുള്ളില് പുതുകവിതകള് സ്വയം രചിക്കുക എന്നതായിരുന്നു അദ്ദേഹം കണ്ടെത്തിയ വഴി, ബൈത്ബാസികളില് ഫറാസ് ജയിക്കുന്നതാണ് പിന്നെ കണ്ടത്, ഏതോ വലിയ കവികളുടെ ശേറുകളാണെന്നു കരുതി സഹോദരി, ഫറാസ് പടച്ചുണ്ടാക്കുന്ന മീറ്ററും പ്രാസവുമൊത്ത കവിതകളെ അംഗീകരിക്കുകയും ചെയ്തു.
ഫറാസ് എന്ന കവിയുടെ ജനനത്തില് ഈയൊരു സംഭവം നാഴികക്കല്ലായി, പിന്നീട് ആ തൂലികയില് നിന്ന് കവിതകള് വിരിഞ്ഞുകൊണ്ടേയിരുന്നു, ബിരുദ പഠനത്തിനായി അദ്ദേഹം പെഷവാറിലെ എഡ്വാര്ഡ് കോളേജിലാണ് പോയിരുന്നത്, കാമ്പസിലെ മികച്ച കവിയായി അദ്ദേഹം അന്ന് അറിയപ്പെട്ടു, ആയിടയ്ക്കാണ് ഗുജറാത്തിലെ ഒരു കോളേജില് നിന്ന് മുഷായിറ മത്സരത്തിലേക്കുള്ള ക്ഷണവുമായി കോളേജില് ഒരു കത്തു വരുന്നത്, ഒരു ഇംഗ്ലീഷുകാരനായിരുന്നു പ്രിന്സിപ്പല്, ഫറാസ് അറിയാവുന്ന ഇംഗ്ലീഷൊപ്പിച്ച് പറഞ്ഞ് പ്രിന്സിപ്പലിനെ കയ്യിലെടുത്ത് മുഷായറിക്ക് പോകാനുള്ള അനുമതി വാങ്ങി, അപ്പോഴാണ് മറ്റൊരു പ്രശ്‌നമുദിക്കുന്നത്, ടീമായാണ് മുഷായറ മത്സരം, ഫറാസിനൊപ്പം പോകാന് കവികളില്ല, ഉടന് തന്നെ തന്റെ സുഹൃത്തിനെ ഫറാസ് അടുത്തു വിളിച്ചു, ഒരു കഷണം കടലാസില് ഒരു കവിതയെഴുതി കയ്യില് കൊടുത്ത് അതുമായി പ്രിന്സിപ്പലിനെ കാണാന് പോകാനാവശ്യപ്പെട്ടു, ശ്രമങ്ങള്ക്കൊടുവില് ഇരുവരും ഗുജറാത്തിലേക്ക് യാത്രയായി.
മുഷായറയില് ഫറാസ് കശ്മീരിനെക്കുറിച്ചുള്ള കവിതയാണ് ചൊല്ലിയത്,
തഖ്രീബെ ഗുലിസ്താന് ഹോതി ഹെ
താമീറെ ഗുലിസ്താന് സെ പെഹ്ലെ
(സൃഷ്ടിപ്പിനും മുന്പ് പൂന്തോട്ടത്തിന്റെ നാശം സംഭവിക്കുന്നു) എന്നു തുടങ്ങുന്ന കവിതയായിരുന്നു അത്, ഒന്നാം സമ്മാനവും നേടിയാണ് അദ്ദേഹം അവിടുന്ന് മടങ്ങുന്നത്.
Ab Ke Hum Bichhde - Mehdi Hassan
കവിയുടെ ഉയര്ച്ചയിലെ പടവുകളില് ഒന്ന് മാത്രമായിരുന്നു അത്, പ്രണയവും രോഷവും അദ്ദേഹത്തിന്റെ കവിതകളില് ജ്വലിച്ചു, മെഹ്ദിഹസനെ പോലുള്ള ഗസല് ഗായകര് അദ്ദേഹത്തിന്റെ ഗസലുകള് ആളുകള്ക്കിടയിലേക്ക് പരത്തി,
ഗസലുകളില് അദ്ദേഹം ഒരു ഒറ്റയാന് തന്നെയായിരുന്നു, ഗസലുകളില് അസാമാന്യമായ രചനാപാടവം അദ്ദേഹം പുലര്ത്തി, ഒപ്പം ശക്തമായ കവിതകളും അദ്ദേഹമെഴുതി.
അധികാരി വര്ഗം അദ്ദേഹത്തിന്റെ തൂലികയുടെ ചൂട് നന്നായറിഞ്ഞിട്ടുണ്ട്, ഫൈസ് അഹ്മദ് ഫൈസ് ആയിരുന്നു അദ്ദേഹത്തിന്റെ റോള്മോഡല് എന്നിരിക്കെ അങ്ങനെയല്ലാതെയാവാന് തരമില്ലല്ലോ... 1976ല് പാകിസ്താന് അക്കാദമി ഓഫ് ലെറ്റേഴ്‌സില് പ്രൊജക്ട് ഡയറക്ടറായി അദ്ദേഹം നിയമിതനായിരുന്നു, 1977ലെ അന്താരാഷ്ട്ര വനിതാ ദിനത്തിലെ മുഖ്യാതിഥിയായി അദ്ദേഹം ക്ഷണിക്കപ്പെട്ടു, ആ വേദിയില് അദ്ദേഹം തന്റെ പെഷവാര് ഖാതിലോ (ുൃീളലശൈീിമഹ സശഹഹലൃ)െ എന്ന കവിത ചൊല്ലി, സുല്ഫിക്കര് അലി ഭൂട്ടോ ഗവണ്മെന്റിനെതിരെയുള്ള ശക്തമായ വിമര്ശനങ്ങളായിരുന്നു ആ കവിതയില്, ആ ദിവസം പാതിരാത്രിയില് തന്നെ പൊലീസ് എത്തി ഫറാസിനെ കൊണ്ടു പോയി, പതിനഞ്ചു ദിവസത്തിനു ശേഷം നൂര്ജഹാനെ പോലുള്ള പ്രമുഖരുടെ ഇടപെടലിനെ തുടര്ന്നാണ് അദ്ദേഹം പുറത്തിറങ്ങുന്നത്.
എഴുത്തുകള് വീണ്ടും ജയില്വാസത്തിന് കാരണമാകുമോ എന്ന ചിന്ത അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിരുന്നേ ഇല്ല, പിന്നീട് ജനറല് സിയാഉല് ഹഖിന്റെ കാലത്ത് 'മഹസറ' എന്ന കവിതകൂടി വിവാദമായി, ഒടുവില് സ്വയം നാടുകടത്തപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ വിധി, പിന്നീട് വര്ഷങ്ങളോളം അദ്ദേഹം യൂറോപ്പിലായിരുന്നു, ആ സമയത്തും എഴുത്തിനോട് അദ്ദേഹം വിട പറഞ്ഞിരുന്നില്ല, പിന്നീട് പാകിസ്താനില് ജനാധിപത്യക്രമം സ്ഥാപിക്കപ്പെടുന്നതോടെയാണ് അദ്ദേഹം തിരികെ പാകിസ്താനിലെത്തുന്നത്, വര്ഷങ്ങളോളം അദ്ദേഹം നാഷണല് ബുക് ഫൗണ്ടേഷന് ചെയര്മാനായിരുന്നു, പിന്നീട് 2004ല് പാകിസ്താന് അദ്ദേഹത്തിന് 'ഹിലാലെ ഇംതിയാസ്' പദവി നല്കി ആദരിക്കുകയുണ്ടായി.
രണ്ട് വര്ഷങ്ങള്ക്കിപ്പുറം 2006ല് ആ പുരസ്‌കാരം അദ്ദേഹം മടക്കി നല്കി, മുഷര്റഫിന്റെ ഏകാധിപത്യത്തിനെതിരായ പ്രതിഷേധം എന്ന നിലയിലായിരുന്നു അത്, തന്റെ മനസാക്ഷി ഏകാധിപത്യത്തോട് ചേര്ന്നുനില്ക്കാന് അനുവദിക്കില്ലെന്നായിരുന്നു ബഹുമതി തിരികെ നല്കുമ്പോള് അദ്ദേഹം പ്രസ്താവിച്ചത്, ബഹുമതി തിരികെ നല്കിയ വേളയില് പത്രപ്രവര്ത്തകരിലാരോ 'എന്തേ ബഹുമതി രണ്ട് വര്ഷം കയ്യില് വെച്ചത്' എന്ന് ചോദിച്ചു: 'അത് മുട്ടയിട്ടു വിരിഞ്ഞെന്നു നിങ്ങള് കരുതുന്നുണ്ടോ..?' എന്ന മറുചോദ്യത്തിനു മുന്പില് ആ ശബ്ദം അപ്രസക്തമായി.
എഴുത്തില് തീപ്പൊരി വിതറുമ്പോള് തന്നെ സ്വഭാവത്തില് അതിനൈര്മല്യം സൂക്ഷിച്ച ഒരാളായിരുന്നു അഹ്മദ്ഫറാസ്, മൃദു സംസാരങ്ങള്, അതികാല്പനികന്, എന്നാലോ അനീതിക്കെതിരെ തീപോലുള്ള വാക്കുകളും. നിര്ഭയനായിരുന്നു എന്നുമദ്ദേഹം.
അദ്ദേഹത്തിന്റെ പ്രണയം തുളുമ്പുന്ന വരികള് ഏതു മനസിനേയും കാല്പനികമാക്കാന് പോന്നതായിരുന്നു.
തു ഖുദാ ഹെ ന മെരാ ഇഷ്ഖ്
ഫരിഷ്‌തോ ജൈസാ
ദോനോ ഇന്സാന് ഹെ തൊ ക്യൂം
ഇത്‌നെ ഹിജാബോ മെ മിലെ
നീ ദൈവമോ എന്റെ പ്രണയം മാലാഖമാരുടേതിനു സമാനമോ അല്ലല്ലോ;
നാമിരുവരും മനുഷ്യരാകുകില് (പിന്നെ) നമുക്കിടയിലെന്തിനിത്രയും മറകള്
പ്രണയത്തില് ചാര്ത്തപ്പെടുന്ന മറകളെ എത്ര മനോഹരമായാണ് അദ്ദേഹം അടയാളപ്പെടുത്തുന്നതെന്നു നോക്കൂ, കാപട്യമില്ലാതെ സ്‌നേഹിക്കാനാവണം എന്ന സന്ദേശം അദ്ദേഹം ഇതിലൂടെ പകരുന്നു, സ്‌നേഹത്തിന്റെ സര്വ മേഖലകളെയും അദ്ദേഹം സ്പര്ശിച്ചു പോയിട്ടുണ്ട്, രാജ്യം വിഭജിക്കപ്പെടുകയും, ഇരു കൂട്ടര്ക്കുമിടയില് ശത്രുതയുടെ നാമ്പ് പൊട്ടുകയും ചെയ്തപ്പോള് എങ്ങനെയാണ് നിങ്ങള്ക്ക് ശത്രുക്കളാകാന് കഴിയുന്നത് എന്ന അദ്ദേഹം ചോദിച്ചിട്ടുണ്ട്.
യെ ലോഗ് കൈസെ മഗര്
ദുഷ്മനി നിഭാതെ ഹെ
ഹമേ തൊ രാസ് ന ആയീ
മൊഹബ്ബതേ കര്നി
ഈയാളുകള്ക്ക് എങ്ങനെയാണ് ശത്രുതയില് കഴിഞ്ഞു കൂടാനാകുന്നത്..?
എനിക്ക് പ്രണയത്തിലാവുന്നതു തന്നെ അംഗീകരിക്കാനായിട്ടില്ല...
എന്നാണ് അദ്ദേഹം എഴുതുന്നത്, രാജ്യാതിര്ത്തികളില്ലാതെ സൗഹൃദത്തെ വളര്ത്താന് അദ്ദേഹം ശ്രമിച്ചിരുന്നു, ഇന്ത്യപാക് പ്രശ്‌നങ്ങള്ക്കിടയിലും സമാധാനത്തിന്റെ പാത തേടാനായി അദ്ദേഹം വളരെയധികം ശ്രമിച്ചു, രാജ്യങ്ങള്ക്കിടയില് പാലം പണിയാനുള്ള മാര്ഗങ്ങള് പലപ്പോഴും അദ്ദേഹം മുന്നോട്ടു വെച്ചു, ഒത്തുപോയാല് പാകിസ്താന് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും നല്കാന് ഇന്ത്യക്കും, മികച്ച സ്‌പോര്ട്‌സ് മെറ്റീരിയല്സ് നല്കാന് പാകിസ്താനും സാധിക്കുമെന്ന് അദ്ദേഹം ഇടക്കിടെ പറയാറുണ്ടായിരുന്നു, സാഹോദര്യവും സ്‌നേഹവുമായിരുന്നു ഇരുകക്ഷികള്ക്കുമിടയില് അദ്ദേഹം കൊതിച്ചിരുന്നത്, പാകിസ്താനിലെന്ന പോലെ തന്നെ ഇന്ത്യയിലും ഫറാസ് അംഗീകരിക്കപ്പെട്ടിരുന്നു, കവിതയ്ക്ക് അദ്ദേഹം പുതിയ മാനങ്ങള് നല്കി,
Shola tha jal bujha hoon original Mehdi Hassan
ഫറാസിന്റെ കവിതകള് ലോകത്ത് മുഴുക്കെ വിഹരിച്ചു, ഒപ്പം ഫറാസ് എന്ന പേരും, ഒരിക്കല് അമേരിക്കയില് വെച്ചൊരു മുഷായറയില് അദ്ദേഹം പങ്കെടുത്തു, കവിതകളുടെ അവതരണമൊക്കെ കഴിഞ്ഞ് ഓട്ടോഗ്രാഫിനായുള്ള തിക്കും തിരക്കും തുടങ്ങി, ആരാധകര്ക്കിടയില് നിന്ന് ഒരു ചെറുപ്പക്കാരി ഓട്ടോഗ്രാഫ് നീട്ടി, ഓട്ടോഗ്രാഫിലെഴുതാനായി അദ്ദേഹം പേരു ചോദിച്ചു. 'ഫറാസാ' എന്നായിരുന്നു അവളുടെ മറുപടി, ഇതെന്തു പേരാണ് എന്നായി അദ്ദേഹത്തിന്റെ ചോദ്യം, അഹ്മദ് ഫറാസിന്റെ ആരാധകരായിരുന്ന അച്ഛനുമമ്മയും തങ്ങള്ക്ക് ജനിക്കുന്ന കുഞ്ഞിന് ഫറാസ് എന്നു പേരിടണമെന്നു കരുതിയത്രെ, എന്നാല്, അവരുടെ പ്രതീക്ഷ തെറ്റിച്ചു പിറന്ന പെണ്കുഞ്ഞിന് പേരില് അല്പം മാറ്റം വരുത്തി ഫറാസാ എന്ന് പേരിടുകയായിരുന്നത്രെ, ഇതുകേട്ട അഹ്മദ് ഫറാസ് ആഹ്ലാദ ചിത്തനായി, തത്സമയം ഒരു ശേര് അവള്ക്കു കുറിച്ചു നല്കി...
ഓര് ഫറാസ് ചാഹിയേ കിത്‌നി
മൊഹബ്ബതേ തുജെ
മാഓന് നെ തെരെ നാം പര് ബച്ചോ
കാ നാം രഖ് ദിയാ
ഇനിയുമെത്ര സ്‌നേഹമാണ് നിനക്കു വേണ്ടത് ഫറാസ്,
നിന്റെ പേരെടുത്ത് അമ്മമാര് മക്കള്ക്ക് പേരിട്ടു കഴിഞ്ഞിരിക്കുന്നല്ലോ...
ഭരണവര്ഗത്തിന്റെ കണ്ണിലെ കരടായിരിക്കെ ക്രൂരമായ ചെയ്തികള്ക്ക് അദ്ദേഹം വിധേയമാകേണ്ടി വന്നിട്ടുണ്ട്, ഔദ്യോഗിക വസതികളില് നിന്ന് അദ്ദേഹത്തിന്റെ സാധനസാമഗ്രികള് ദൂരെക്കളയാനുള്ള ശ്രമങ്ങള് പലപ്പോഴും ഉണ്ടായി, എന്നാലും തന്റെ കാഴ്ചപ്പാടുകള് വെട്ടിത്തുറന്നു പറയാന് അദ്ദേഹം മടി കാണിച്ചിരുന്നില്ല, ഭരണ വര്ഗത്തിനെന്ന പോലെ പുരോഹിത വര്ഗത്തിനും അദ്ദേഹത്തോട് അത്ര താല്പര്യമുണ്ടായിരുന്നില്ല, ഒരിക്കല് നാലു പുരോഹിതര് ഫറാസിന്റെ വീട്ടിലെത്തി, അദ്ദേഹത്തെ വിളിച്ചു. ഉമ്മറത്തേക്കെത്തിയ ഫറാസിനോട് അവര് കലിമ (സത്യസാക്ഷ്യം) ചൊല്ലാനായി ആവശ്യപ്പെട്ടു. 'എന്തു പറ്റി? അതിനു വല്ല മാറ്റവും വന്നോ?' എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
ഉര്ദു കാവ്യശാഖക്ക് കനപ്പെട്ട സംഭാവനകള് തന്നെ അദ്ദേഹം നല്കിയിട്ടുണ്ട്, ഉര്ദു ഭാഷയിലായിപ്പോയി എന്നതിനാല് തന്നെ വേണ്ടത്ര ശ്രദ്ധനേടാതെ പോയ കവികളും കൃതികളും ഒരുപാടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം, സാഹിത്യത്തില് നൊബേല് നേടിയ പല കവികളെക്കാളും എന്തുകൊണ്ടും മുന്പിലാണ് ഫൈസ് അഹ്മദ് ഫൈസിന്റെ സ്ഥാനം എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു, ഒക്ടോവിയോ പാസിന് നൊബേല് കിട്ടാമെങ്കില് ഫൈസ് അഹ്മദ് ഫൈസിനുമാവാം എന്ന് അദ്ദേഹം വാദിച്ചു, ഉര്ദുഭാഷയോടുള്ള അവഗണനക്കെതിരെ അദ്ദേഹം ധീരമായി ശബ്ദമുയര്ത്തി, സ്വന്തം ജീവിത കാലയളവില് വലിയ മാറ്റങ്ങള്ക്ക് കാരണമായില്ലെങ്കിലും വരും തലമുറയ്ക്ക് ദിശാബോധം നല്കാന് പോന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതകള്.
1950ലാണ് അദ്ദേഹത്തിന്റെ തന്ഹ തന്ഹ എന്ന കൃതി പ്രസിദ്ധീകൃതമാകുന്നത്, അതിനുശേഷം മികച്ച പല കൃതികളും അദ്ദേഹം ഉര്ദു സാഹിത്യത്തിന് സംഭാവന നല്കി, 2008 ആഗസ്ത് 25ന് വൃക്ക തകരാറുമൂലമാണ് അദ്ദേഹം ലോകത്തോട് വിട പറയുന്നത്.

പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026

Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026  QUIZ LINK 8 PM  ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും  ക്വിസ്സ്...