അമീന ഹമീദിന്‍റെ ഗസല്‍ കേള്‍ക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. |
കണ്ണൂരിലെ ആലക്കോട് ഒരു സംഗീത പരിപാടി നടക്കുകയാണ്. പ്രശസ്ത തബല വാദകനായ റോഷൻ ഹാരിസിന്റെ നേതൃത്വത്തിലുള്ള 'റൂഹ് രംഗ്' ബാൻഡാണ് പരിപാടി അവതരിപ്പിക്കുന്നത്. പേരാമ്പ്രക്കാരിയായ ഒരു പെൺകുട്ടിയാണ് ഗായിക. അവളുടെ മനോഹരമായ ആലാപനം കൂടിയിരുന്നവരിൽ ആനന്ദം നിറച്ചു. ഷകീൽ ബദായുനി രചിച്ച് ബേഗം അക്തർ പാടി പ്രശസ്തമാക്കിയ 'ഏ മൊഹബ്ബത് തെരെ അൻജാം പെ രോനാ ആയാ' എന്ന മനോഹരമായ ഗസലും കൂട്ടത്തിൽ ആലപിക്കുകയുണ്ടായി. സദസിലുണ്ടായിരുന്ന മെല്ബിൻ എന്ന ഗസൽ ഗവേഷക ഈ ആലാപനം വീഡിയോയിൽ പകർത്തുകയും ഫെയ്‌സ്ബുക്ക്, യൂട്യൂബ് പോലുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായി. പത്തുലക്ഷത്തിലധികം ആളുകൾ ആ ആലാപനം യൂട്യൂബിൽ മാത്രം കണ്ടു. ഉത്തരേന്ത്യയിലും ഇത് വ്യാപകമായി പ്രചരിക്കപ്പെടുകയും ആസ്വദിക്കുകയും ചെയ്തു. ഹിന്ദി ചാനലുകളിൽ നിന്ന് അവരുടെ റിയാലിറ്റി ഷോകളിൽ പങ്കെടുക്കാമോ എന്നു ചോദിച്ചുകൊണ്ട് വിളികളെത്തി. പഠനം അവതാളത്തിലാകുമെന്ന ഭയത്താൽ അവയോടൊക്കെയും 'നോ' പറഞ്ഞ് മടക്കിയയക്കുകയായിരുന്നു അമീന ഹമീദ് എന്ന ആ പെൺകുട്ടി. ഇന്ന് കേരളത്തിലുടനീളം ഗസലുകൾ ആലപിച്ച് ശ്രദ്ധ നേടുകയാണ് അമീന ഹമീദ് എന്ന ആ കലാകാരി.
പ്രത്യേകിച്ച് സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഏറെച്ചെറുപ്പം മുതല്‌ക്കേ അമീന പാടിത്തുടങ്ങിയിട്ടുണ്ട്. കെ ജി ക്ലാസുകൾ മുതൽ ഏഴാം ക്ലാസു വരെ പേരാമ്പ്ര സെയ്ന്റ് ഫ്രാൻസിസ് സ്‌കൂളിലായിരുന്നു അമീന പഠിച്ചിരുന്നത്. കെ ജി ക്ലാസുകളിൽ വെച്ചു തന്നെ അമീനയിലെ ഗായികയെ അധ്യാപകർ തിരിച്ചറിഞ്ഞിരുന്നു. ജെ സി കലോത്സവത്തിനായി കുട്ടികളെ പങ്കെടുപ്പിക്കാൻ വേണ്ടി എല്ലാ കുട്ടികളെയും അധ്യാപികമാർ പാടിപ്പിച്ചു നോക്കാറുണ്ടായിരുന്നു. അത്തരമൊരവസരത്തിലായിരുന്നു അമീനയിലെ ഗായികയെ അവർ തിരിച്ചറിയുന്നത്. മിന്നലേ മിന്നലേ എന്ന പാട്ടായിരുന്നു അധ്യാപകർക്കു മുന്നിൽ അമീന പാടിയത്. ഒട്ടും അമാന്തിക്കാതെ മത്സര പരിപാടിക്കായി അമീനയെ അവർ തയ്യാറാക്കി. 'പച്ചപ്പനം തത്തേ' എന്ന ഗാനമായിരുന്നു മത്സരത്തിൽ അമീന ആലപിച്ചത്. അത് ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
ഏറെ സന്തോഷം തോന്നിയ അധ്യാപികമാർ അമീനയെ പാട്ടു പഠിപ്പിക്കണമെന്ന് രക്ഷിതാക്കളെ വിളിച്ച് നിർബന്ധം ചെലുത്തി. ഒന്നാം ക്ലാസു മുതല്ക്കു തന്നെ അമീന കർണാടിക് സംഗീതം പഠിച്ചു തുടങ്ങുകയും ചെയ്തു. സ്‌കൂളിലെ അധ്യാപികമാരായിരുന്ന ബിന്ദു ടീച്ചറും സിൽവി ടീച്ചറുമായിരുന്നു ആദ്യ ഗുരുക്കന്മാർ. പിന്നീട് നിരന്തര പരിശീലനങ്ങളുടെ കാലമായിരുന്നു. ഒന്നാം ക്ലാസിൽ വെച്ചു തന്നെ മാപ്പിളപ്പാട്ട്, അറബി പദ്യം തുടങ്ങിയ ഇനങ്ങളിൽ അമീന മത്സര രംഗത്തെത്തി. ഒന്നാം ക്ലാസുകാരിയെ സംബന്ധിച്ചിടത്തോളം ബാലികേറാ മലയായി തോന്നാവുന്ന 28 വരികളുള്ള അറബി പദ്യമായിരുന്നു അമീന അന്ന് ചൊല്ലിയത്. തുടർന്നുള്ള അഞ്ച് വർഷങ്ങളിലും ഇതേ കവിത തന്നെ ചൊല്ലി അമീന ഒന്നാം സ്ഥാനം നേടുകയുണ്ടായി.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഉർദു പദ്യം പഠിക്കാനായി കോഴിക്കോട് ഗവണ്മെന്റ് ടി ടി ഐയിലെ അധ്യാപകനായ സി എം ലത്തീഫ് മാസ്റ്ററെ കാണുന്നത്. ഹസ്റത് മൊഹാനിയുടെ 'റോഷൻ ജമാൽ യാർ സെ ഹെ' എന്ന കവിതയായിരുന്നു അന്ന് പഠിച്ചത്. ആ പഠനമാണ് ഉർദു കവിതകളുടെയും ഗസലുകളുടെയും ലോകത്തേക്ക് അമീനയെ നയിക്കുന്നത്. സി എം ലത്തീഫ് മാഷിന്റെ നിരന്തര ശിക്ഷണവും നിർബന്ധവും കൂടി ചേർന്നപ്പോൾ സംഗതി എളുപ്പമാവുകയും ചെയ്തു. സ്‌കൂൾ പഠന കാലത്തു തന്നെ കലോത്സവ വേദികളിൽ നിന്നു വിഭിന്നമായ പൊതു വേദികളിലും അമീന ഗസലുകളുമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഉർദു ടീച്ചേഴ്‌സ് അസോസിയേഷന്റെ തിരൂർ വെച്ചു നടന്ന സംഗമത്തിൽ പാടാനായി അമീനയെ സി എം ലത്തീഫ് മാഷ് ക്ഷണിക്കുന്നത്. 'ഹംഗാമ ഹെ ക്യൂ ബർപാ', 'ചുപ്‌കെ ചുപ്‌കെ', 'ഹം കൊ കിസ്‌കെ ഗം നെ മാരാ' തുടങ്ങിയ ഗസലുകളായിരുന്നു അന്ന് അവിടെ ആലപിച്ചത്. സദസ്യരിൽ നിന്ന് നല്ല പ്രോത്സാഹനമാണ് അന്ന് ലഭിച്ചത്. കലോത്സവങ്ങളിലൊക്കെ പങ്കെടുക്കുന്ന സന്ദർഭങ്ങളിൽ തൊണ്ട വരളുന്നതും മറ്റും സ്ഥിരം സംഭവങ്ങളായിരുന്നു. ആ സ്റ്റേജ് ഫിയർ ഇല്ലാതെയാകുന്നത് പൊതുവേദികളിൽ കൂടി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനു ശേഷമാണ്. അതോടൊപ്പം തന്നെ അനിൽ ദാസ് സാറിന്റെ കീഴിൽ ഹിന്ദുസ്ഥാനി പഠിച്ചു തുടങ്ങുകയും ചെയ്തു. ഏഴ്, എട്ട് ക്ലാസുകളിലായപ്പോഴേക്കു തന്നെ വലിയ വലിയ വേദികൾ അമീനയെത്തേടിയെത്താൻ തുടങ്ങി. ഇതിനിടയിൽ തന്നെ റോഷൻ ഹാരിസിന്റെ കീഴിലേക്ക് ഹിന്ദുസ്ഥാനി പഠനം മാറിയിരുന്നു. അതേ സമയം തന്നെ മേപ്പയ്യൂർ സത്യൻ മാസ്റ്ററുടെ കീഴിൽ ശാസ്ത്രീയ സംഗീതവും അഭ്യസിക്കുകയുണ്ടായി. ഇതിനിടെ നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂളിലേക്ക് പഠനം മാറിയിരുന്നു.
ഹൈസ്‌കൂൾ വിഭാഗം കലോത്സവത്തിന് ഗസൽ ആലാപനം ഒരു മത്സരയിനം ആണ്. സ്വാഭാവികമെന്നോണം എട്ടാം ക്ലാസിൽ വെച്ചു തന്നെ അമീന ഗസൽ ആലാപന മത്സരത്തിൽ പങ്കെടുത്തു. ഹഫീസ് ഹോഷിയാർപുരിയുടെ 'മുഹബ്ബത് കർനെ വാലേ കം ന ഹോംഗെ' എന്ന ഗസലായിരുന്നു എട്ടാം ക്ലാസിൽ വെച്ച് ആലപിച്ചത്. അന്ന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു അമീന. പിറ്റേ വർഷം മുതൽ ഷകിൽ ബദായുനിയുടെ 'ഏ മുഹബ്ബത് തെരെ' ആയി ആലാപനം. അത് പഠിപ്പിച്ചത് റോഷൻ ഹാരിസ് ആയിരുന്നു. അപ്രാവശ്യം മുതൽ ഉർദു ഗസൽ ആലാപന മത്സരത്തിൽ അമീനക്കായിരുന്നു ഒന്നാം സ്ഥാനം. ഒൻപതിലും പത്തിലും അമീന തന്നെയായിരുന്നു സംസ്ഥാന തലത്തിൽ ഒന്നാമത്. പിന്നീട് +2 പഠനത്തിനായി കോക്കല്ലൂർ ഗവണ്മെന്റ് ഹൈസ്‌കൂളിൽ ചേർന്നു. +1 കാലയളവിൽ ഗസൽ ആലാപന മത്സരത്തിൽ നന്നായി പാടിയെങ്കിലും അമീനയ്ക്ക് സംസ്ഥാന തലത്തിൽ എത്താൻ സാധിച്ചില്ല. സ്വാഭാവികമെന്നോണം പഠനത്തിൽ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായും മുന്നനുഭവത്തിന്റെ നൈരാശ്യത്താലും അമീന മത്സരത്തിൽ നിന്ന് പിറകോട്ട് നില്ക്കാൻ തീരുമാനിച്ചു. എന്നാൽ ഈ വിവരമറിഞ്ഞ സ്‌കൂൾ പ്രിൻസിപൽ ഗണേശൻ മാസ്റ്റർ അമീനയെ നിർബന്ധം ചെലുത്തി മത്സരത്തിനയച്ചു. അത്തവണ സംസ്ഥാന തലത്തിൽ തന്നെ ഒന്നാം സ്ഥാനം നേടിയാണ് അമീന മടങ്ങിയത്.
അമീനയ്ക്ക് ഗസലുകൾ തിരഞ്ഞെടുക്കുന്നതിൽ സഹായമായി വർത്തിച്ചിരുന്നത് ലത്തീഫ് മാസ്റ്ററായിരുന്നു. ഒരിക്കൽ ഒരു മത്സരത്തിനായി യുദ്ധക്കെടുതികൾ വിവരിക്കുന്ന ഒരു യുദ്ധ വിരുദ്ധ ഉർദു കവിത അദ്ദേഹം തിരഞ്ഞെടുത്തു നല്കി. അതു വരെ ആരും പാടിയ മുൻമാതൃകകളില്ലാത്ത ആ കവിത പ്രേംകുമാർ വടകരയെക്കൊണ്ട് സംഗീതം ചെയ്യിച്ചാണ് മത്സരത്തിൽ പാടിയത്. ആ കവിതയ്ക്ക് സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.
യു പി കാലഘട്ടത്തിൽ മാപ്പിളപ്പാട്ടിലും അമീന ഒരു കൈ നോക്കിയിരുന്നു. നവാസ് പാലേരിയായിരുന്നു ഗുരു. ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലായിരിക്കെയാണ് ദർശന ചാനലിൽ ഇശൽ നിലാവ് എന്ന പേരിൽ ഒരു മാപ്പിളപ്പാട്ട് പരിപാടി അവതരിപ്പിക്കുന്നത്. പിന്നീടൊരവസരത്തിൽ ഒരു ഈദിനോടനുബന്ധിച്ച് ദർശനയിൽ തന്നെ ഒരു ഗസൽ പ്രോഗ്രാമും അമീന അവതരിപ്പിക്കുകയുണ്ടായി.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മഞ്ചേരിയിലെ വേദി എന്ന ഗസൽ കൂട്ടായ്മ ഒരു ഗസൽ സന്ധ്യ സംഘടിപ്പിക്കുകയുണ്ടായി. അമീനയും അതിന്റെ ഭാഗമായിരുന്നു. അന്ന് ആ പരിപാടി കേൾക്കുന്നവരുടെ കൂട്ടത്തിൽ കേരളത്തിലെ ഒട്ടുമിക്ക ഗസൽ വേദികളിലും സ്ഥിര സാന്നിധ്യവും അഗാധ ജ്ഞാനവുമുണ്ടായിരുന്ന നസീം അരീക്കോടും ഉണ്ടായിരുന്നു. പ്രോഗ്രാം കഴിഞ്ഞ ശേഷം അദ്ദേഹം അമീനയെ പരിചയപ്പെടുകയും അഭിനന്ദനമറിയിക്കുകയും. പിന്നീട് വീട്ടിലേക്ക് വിളിച്ച് രക്ഷിതാക്കളോട് പഠനം മാത്രമാക്കരുതെന്നും പാട്ടു തുടരണമെന്നുമെല്ലാം അദ്ദേഹം പറയുകയും ചെയ്തു. ഇടയ്ക്ക് അദ്ദേഹം ഫർമയിഷുകൾ പറയുകയും അമീന അത് പാടി നല്കുകയും ചെയ്യാറുണ്ടായിരുന്നു. 'ശാമെ ഫിറാഖ് അബ് ന പൂച്ഛ്' എന്ന ഫൈസ് അഹമ്മദ് ഫൈസിന്റെ ഗസൽ അദ്ദേഹം ഫർമയിഷായി ആവശ്യപ്പെട്ടിരുന്നു. ആ ഗസൽ പാടി അയച്ചു കൊടുത്ത അന്ന് അദ്ദേഹം ഹിമാലയ യാത്രയ്ക്കിടയിൽ മരണപ്പെട്ട വാർത്തയാണ് കേട്ടത്. ആ വാർത്ത വലിയൊരു ഞെട്ടലോടെ മാത്രമാണ് അമീനക്ക് കേൾക്കാനായത്. അദ്ദേഹത്തിന്റെ കനപ്പെട്ട ഉപദേശങ്ങൾ ഇപ്പോഴും അമീനയുടെ ഗസൽ യാത്രയിൽ പ്രചോദനമാകുന്നുണ്ട്.
വർഷങ്ങൾക്കു മുൻപ് കോഴിക്കോട്ട് ഉമ്പായി ഒരു പരിപാടി അവതരിപ്പിച്ചത് അമീനയുടെ ഓർമകളിലുണ്ട്. ഗസൽ ആലപിക്കുന്നവരുടെയും ഇഷ്ടപ്പെടുന്നവരുടെയുമൊക്കെ സ്വപ്‌നമായിരുന്നു ഉമ്പായിക്കയോടൊപ്പമുള്ള അല്പ നിമിഷങ്ങൾ. മടിച്ചു മടിച്ചാണെങ്കിലും പരിപാടിക്കു ശേഷം ഉമ്പായിക്കയെ കാണാനായി അമീനയും ഉപ്പയും ലത്തീഫ് മാസ്റ്റർക്കൊപ്പം ചെന്നു. ഏഴാം ക്ലാസിലാണ് അന്ന് അമീന. ഉമ്പായി കാണിച്ച കരുതലും സ്‌നേഹവും അമീനയെ വല്ലാതെയാകർഷിച്ചു. മെഹ്ദി ഹസന്റെ പാട്ടുകൾ സ്ത്രീ ശബ്ദത്തിൽ അപൂർവമായേ കേൾക്കാറുള്ളൂ എന്നും തുടർന്നും പാടണമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഒരുമിച്ച് പാടാമായിരുന്നല്ലോ എന്ന് അദ്ദേഹം പറയുക കൂടി ചെയ്തതോടെ അമീനയ്ക്ക് ലഭിച്ച ഊർജം വളരെ വലുതായിരുന്നു.
ലോക്ക്ഡൗൺ കാലത്താണ് അമീന സ്വന്തമായി കമ്പോസ് ചെയ്തു തുടങ്ങുന്നത്. സ്വന്തമായി ഈണം നല്കിയ ഗാനങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അമീനയിപ്പോൾ.
പ്രേം കുമാർ വടകര, ഉസ്താദ് ഹാരിസ് ഭായ്, ഷഹനായ് വാദകൻ ഉസ്താദ് ഹസൻ ഭായ് കാസർഗോഡ് തുടങ്ങിയവരുടെ ശിക്ഷണം അമീനക്ക് നല്കിയ ആത്മവിശ്വാസവും ഊർജവും ചെറുതല്ല. അതോടൊപ്പം തന്നെ ഷഹ്ബാസ് അമൻ, റാസ റസാഖ് പോലുള്ള ഗായകരും അമീനയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഹാർമോണിയം വായിക്കാൻ ശിവാനന്ദൻ മാഷുടെ ശിക്ഷണം കൂടിയായപ്പോൾ അമീന ഉയരങ്ങളിലേക്ക് കുതിച്ചു തുടങ്ങി.
ഉപ്പ അബ്ദുൽഹമീദും ഉമ്മ സൗദയും സഹോദരൻ മുഹമ്മദ് ബാസിതുമടങ്ങുന്ന കുടുംബം വലിയ പ്രോത്സാഹനങ്ങൾ നല്കി കൂടെത്തന്നെയുണ്ട്. ഈയിടെയായി തന്റെ ആലാപന മാധുരിയിൽ വിരിയുന്ന പാട്ടുകൾ അമീന 'Ameena Gazals' എന്ന തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തു വിടാറുമുണ്ട്. ഫാറൂഖ് കോളജിൽ ബി എസ് സി സുവോളജിക്ക് പഠിക്കുന്ന അമീന തന്റെ നേട്ടങ്ങളെല്ലാം സർവേശ്വരന്റെ അനുഗ്രഹമാണെന്ന തികഞ്ഞ ബോധ്യത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. അമീനയുടെ സ്വരമാധുരി മലയാളിയുടെ ഹൃദയത്തിന് ഇനിയും ആനന്ദവും ആശ്വാസവുമേകുമെന്ന് പ്രത്യാശിക്കാം.
No comments:
Post a Comment