Showing posts with label ഡോ. കെ പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്. Show all posts
Showing posts with label ഡോ. കെ പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്. Show all posts

Friday, 12 November 2021

നെഹ്റുവിന്‍റെ പ്രണയ ഭാഷ - ഉര്‍ദു

ഭൂമിശാസ്ത്രത്തിനു പുറത്തുള്ള ഇന്ത്യയെ കണ്ടെത്തിയ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു പ്രഗൽഭനായ പ്രധാനമന്ത്രി മാത്രമല്ല നമ്മുടെ സംസ്കാരം, തത്വചിന്ത, ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളെ സ്വാധീനിച്ച വ്യക്തിത്വം കൂടിയായിരുന്നു. ഇന്ത്യയെ പുരോഗതിയുടെ മുൻപന്തിയിൽ എത്തിക്കാൻ ആഗ്രഹിച്ച നെഹ്റുവിന് രാജ്യവുമായി ബന്ധപ്പെട്ടതെല്ലാം പ്രിയപ്പെട്ടവയായിരുന്നു. ഇന്ത്യന്‍ മണ്ണിൽ പിറന്നതും മാധുര്യമൂറുന്നതുമായ ഉര്‍ദു ഭാഷയും നെഹ്റുവിന് അങ്ങേയറ്റം പ്രിയങ്കരമായിരുന്നു.

1946 - Pt. Jawahar Lal Nehru's Constituent Assembly speech at Delhi

നെഹ്റു ചെറുപ്പത്തിൽ പ്രധാനമായും പഠിച്ചിരുന്നത് പേർഷ്യന്‍ ഭാഷയായിരുന്നു. ഉര്‍ദുവായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലെ സംസാര ഭാഷ. ലാഹോറുകാരിയായ അമ്മ സ്വരൂപ് റാണി ദേവി ഉര്‍ദു മനോഹരമായി കൈകാര്യം ചെയ്യുമായിരുന്നു. പിതാവ് മോത്തിലാൽ നെഹ്റുവിനും ഉര്‍ദുഭാഷയിൽ അഗാധമായ ജ്ഞാനം ഉണ്ടായിരുന്നു. 1907-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സംസ്ഥാന സമ്മേളനം യുപിയിൽ ചേർന്നപ്പോൾ അധ്യക്ഷത വഹിച്ച മോത്തിലാൽ നെഹ്റു ഉർദുവിലായിരുന്നു പ്രസംഗിച്ചത്. അലഹബാദിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘കശ്മീർ ദർപ്പണി’ന്റെ 1907 മാർച്ച് ലക്കത്തിൽ ഈ പ്രസംഗത്തിന്റെ പൂർണരൂപം കൊടുത്തിട്ടുണ്ട്. മതമൈത്രിക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഈ പ്രസംഗം വളരെ പ്രസിദ്ധവുമാണ്. 1916ൽ ജവഹർ ലാലിന്റെ വിവാഹ ക്ഷണക്കത്ത് മോത്തിലാല്‍ തയ്യാറാക്കിയത് ഉര്‍ദുവിലായിരുന്നു.


അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന നെഹ്റു സത്യാഗ്രഹ സഭയിൽ ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ സമരരംഗത്ത് എത്തിയപ്പോഴേക്കും ഉർദു-ഹിന്ദി ഭാഷാപ്രശ്നങ്ങൾ രൂക്ഷമായിത്തീർന്നിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നിലപാടിന്റെ ഭാഗമായിട്ടായിരുന്നു ബ്രിട്ടീഷുകാർ ഭാഷാവിവാദം തുടങ്ങിവച്ചത്. ജാതി മത വ്യത്യാസമില്ലാതെ ഇന്ത്യക്കാർ സംസാരിച്ചിരുന്ന ഉര്‍ദു പഴയകാലത്ത് ഹിന്ദി-ഹിന്ദ്‍വിഎന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ എന്ന അർത്ഥത്തിലാണ് ‘ഹിന്ദി' എന്ന പേരിൽ ഉർദു അറിയപ്പെട്ടിരുന്നത്. ഇന്ന് നാം പഠിക്കുന്ന ഹിന്ദിക്ക് ചരിത്രകാരന്മാർ 'ആധുനിക ഹിന്ദി' എന്നാണ് പറയുന്നത്.

1800ല്‍ കൽക്കത്തയില്‍ സ്ഥാപിതമായ ഫോർട്ട് വില്യം കോളേജിൽ വച്ച് ബ്രിട്ടീഷുകാരാണ് ഉർദു, ഹിന്ദി എന്നിങ്ങനെ രണ്ടു ഭാഷകൾ ആക്കാൻ ശ്രമം നടത്തിയത്. മാത്രവുമല്ല സാധാരണക്കാർക്കിടയിൽ ഉര്‍ദു മുസല്‍മാന്‍മാരുടേതെന്നും ഹിന്ദി ഹിന്ദുക്കളുടേതെന്നുമുള്ള ധാരണ ഉണ്ടാക്കാനും അവർക്കായി. ഇതോടെയാണ് യഥാർത്ഥത്തിൽ ഇന്ത്യയുടെ ഐക്യം തകരാൻ ആരംഭിച്ചത്. ഇത് ചെന്നവസാനിച്ചതാകട്ടെ ഇന്ത്യയുടെ വിഭജനത്തിലും.

ഉർദു അറിയില്ലായിരുന്ന ഗാന്ധിജിയും ഉര്‍ദുവിനെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന നെഹ്റുവും ഈ ഭാഷയ്ക്ക് അർഹമായ അംഗീകാരം കിട്ടാൻ ഏറെ പരിശ്രമിച്ചിരുന്നു. ഗാന്ധിജി രാഷ്ട്രീയരംഗത്ത് എത്തിയതിനുശേഷമാണ് ഉര്‍ദു പഠിച്ചതും ഉര്‍ദു ഭാഷയില്‍ കത്തെഴുതുകയും ഔദ്യോഗിക രേഖകളിൽ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുള്ളത്. ഉര്‍ദു ഭാഷയ്ക്ക് അർഹമായ അംഗീകാരം നേടിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണാതെ വന്നപ്പോഴാണ് ഹിന്ദുസ്താനി എന്ന ഫോർമുലയുമായി ഗാന്ധിജി രംഗത്തുവന്നത്. ഉര്‍ദു ഭാഷ, സെമിറ്റിക് ലിപിയിലും ദേവനാഗരി ലിപിയിലും എഴുതുകയും സാധാരണക്കാർക്ക് മനസ്സിലാകാത്ത സംസ്കൃതം, അറബി, പേർഷ്യൻ പദങ്ങൾ ഒഴിവാക്കി ഇന്ത്യൻ പദങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ളതാകണം ഹിന്ദുസ്താനി എന്നുള്ളതായിരുന്നു ഗാന്ധിജിയുടെ വാദം. ഈ രീതിക്ക് നെഹ്റു പിന്തുണ നൽകുകയും ചെയ്തു.

സ്വതന്ത്ര ഭാരതത്തിലെ രാഷ്ട്രഭാഷ ഹിന്ദുസ്താനി ആകണം എന്നുള്ളതിന് എല്ലാ മുതിർന്ന നേതാക്കളും ഏകാഭിപ്രായക്കാരായിരുന്നു. 1938ൽ ഗാന്ധിജിയുടെ സൂചന പ്രകാരം ഇതുസംബന്ധിച്ച് ‘അൻജുമൻ തർഖി ഉർദു’വും ഇന്ത്യൻ നാഷണൽ കോൺഗ്രസും തമ്മിൽ ഒരു കരാർ ഉണ്ടാക്കിയിരുന്നു. ഇതിൽ ഗാന്ധിജിക്ക് പുറമെ കോൺഗ്രസ് പ്രതിനിധിയായി ഡോക്ടർ രാജേന്ദ്ര പ്രസാദ് അൻജുമന്‍ പ്രതിനിധി മൗലവി അബ്ദുൽ ഹഖ് എന്നിവർ ഒപ്പുവച്ചിരുന്നു.

എന്നാൽ മറ്റൊരു ഭാഗത്ത് ഉര്‍ദുവിനെ പൂർണരൂപത്തിൽ നിഷ്കാസനം ചെയ്യാനുള്ള നീക്കം സജീവമായിക്കൊണ്ടിരുന്നു. ഇതിനെ ശക്തമായി എതിർത്ത നെഹ്റു കോൺഗ്രസ് പ്രവർത്തകരോട് പലപ്പോഴും ഭാഷാപ്രശ്നങ്ങൾ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഈ പ്രശ്നത്താൽ ഭാവിയിൽ ഉണ്ടായിത്തീർന്നേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് താക്കീത് നൽകുകയും ചെയ്തിരുന്നു. സ്വതന്ത്ര ഭാരതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നത്തിൽ ‘ഹിന്ദുസ്താനി' എന്ന രാഷ്ട്രഭാഷയും ഉണ്ടായിരുന്നു.

1940ൽ ഇസഡ്. എ. അഹമ്മദ് ഇന്ത്യയിലെ രാഷ്ട്രീയ സാംസ്കാരിക ചരിത്ര ഭാഷാ രംഗങ്ങളിലെ പണ്ഡിതരായ പ്രമുഖ വ്യക്തിത്വങ്ങളിൽ നിന്ന് ‘രാഷ്ട്രഭാഷ' എന്ന ശീർഷകത്തിൽ ലേഖനങ്ങൾ ക്ഷണിച്ചുകൊണ്ട് ഗ്രന്ഥരൂപത്തിൽ ഒരു സിമ്പോസിയം സംഘടിപ്പിച്ചു. 23 പ്രമുഖർ അണിനിരന്ന ഈ മഹാ സമാഹാരത്തിൽ പണ്ഡിറ്റ് നെഹ്റുവും പങ്കെടുത്തിരുന്നു. ഇതിലും ഉർദു-ഹിന്ദി വിവാദം ഒഴിവാക്കാനുള്ള ഏക മാർഗമായി ഹിന്ദുസ്താനി ആണ് നിർദേശിക്കപ്പെട്ടിരുന്നത്. എന്നാൽ ഉര്‍ദു ഒരിക്കലും അവഗണിക്കപ്പെട്ടുകൂടാ എന്ന നിർബന്ധം നെഹ്റുവിനുണ്ടായിരുന്നു. ഉര്‍ദു ഭാഷയുടെ ലിപിയോടാണ് പലർക്കും അസഹിഷ്ണുത ഉണ്ടായിരുന്നത്. എന്നാൽ ലിപി സംരക്ഷണം കോൺഗ്രസിന്റെ ബാധ്യതയായിരുന്നു. ആധാരം, പ്രമാണം, രേഖകൾ, അപേക്ഷകൾ എന്നിവയെല്ലാം ഉര്‍ദുവിലും ദേവനാഗരി ലിപിയിലും എല്ലായിടത്തും അംഗീകരിക്കപ്പെട്ടിരുന്നതാണ്. ഭാഷാപ്രശ്നത്തിൽ തന്റെ പാർട്ടി ലിപിയും സംസ്കാരവും ഭാഷയും സംരക്ഷിക്കുമെന്ന തീരുമാനം പാസാക്കിയിട്ടുണ്ടെന്ന് നെഹ്റു എഴുതി.

നെഹ്റുവിന്‍റെ ധീരമായ ഈ നിലപാട് ലേഖനത്തിൽ മറ്റൊരു ഭാഗത്തും കാണാനാകും. ഓരോ സംസ്ഥാനത്തെ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യം നൽകിക്കൊണ്ട് ഒരു രാഷ്ട്രഭാഷയ്ക്ക് ഏകീകൃതമായ സ്വഭാവം ഉണ്ടാകണം. അതാകട്ടെ ഹിന്ദുസ്താനിയിലൂടെ മാത്രമേ സാധ്യമാകു. ഭൂരിപക്ഷക്കാരായ സാധാരണക്കാർ വീടുകളിൽ സംസാരിക്കുന്ന ഭാഷയിൽ ഉർദു/ഹിന്ദി വ്യത്യാസമില്ല. പക്ഷേ ചില കുബുദ്ധികൾ ഇവയെ വേർതിരിച്ച് തമ്മിൽ കലഹം ഉണ്ടാക്കി ആസ്വദിക്കുകയാണ്. ജീവനുള്ള ഭാഷകളെ ഇങ്ങനെയല്ല വളർത്തേണ്ടത്. ഇനി ആരെങ്കിലും വിചാരിച്ചാൽ ഇതിൽ വലിയ മാറ്റങ്ങളൊന്നും വരുത്താനും സാധ്യമല്ല. ഈ ഭാഗത്ത് തന്നെ തന്റെ നിർദേശങ്ങൾ അവതരിപ്പിച്ചുകൊണ്ട് നെഹ്റു ഇങ്ങനെ പറയുന്നു.

1. സർക്കാർ കാര്യങ്ങൾ അതതു സംസ്ഥാനത്തെ ഭാഷകളിൽ ആയിരിക്കണം. ഭാഷകൾ ഹിന്ദുസ്താനി (ഉർദു/ഹിന്ദി), ബംഗള, ഗുജറാത്തി, മറാഠി, തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഒഡിയ, ആസാമി, സിന്ധി, പഞ്ചാബി എന്നിങ്ങനെയാണ്.

2. ഹിന്ദുസ്താനി ഭാഗങ്ങളിൽ ഉർദു/ഹിന്ദി രണ്ട് ലിപിയിലും കൂടിയാകണം. വിദ്യാഭ്യാസം, കോടതി, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നവർക്ക് രണ്ട് ലിപിയിലും എഴുത്തുകുത്ത് നടത്താം.

3. ഹിന്ദുസ്താനിയിലൂടെ വിദ്യാഭ്യാസം നേടുന്ന കുട്ടിയുടെ രക്ഷിതാവിന് ഉർദു ലിപിയോ ഹിന്ദി ലിപിയോ തീരുമാനിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.

4. ഹിന്ദുസ്താനി (രണ്ട് ലിപിയിലും) അഖിലേന്ത്യാടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ടതാണ്. സർക്കാരുമായുള്ള ഏത് ഇടപാടുകൾക്കും രണ്ട് ലിപിയിലൂടെയും ആശയവിനിമയം നടത്താം.

5. ഹിന്ദുസ്താനി അല്ലാത്ത ഭാഗങ്ങളിലും സംസ്ഥാനങ്ങളിലും പ്രൈമറി തലത്തിൽ തന്നെ അടിസ്ഥാന ഹിന്ദുസ്താനി (ഹിന്ദി/ഉർദു) തുടങ്ങേണ്ടതും ലിപി അവരവര്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാവുന്നതുമാണ്.

6. സര്‍വ്വകലാശാല തലത്തില്‍ വിദ്യാഭ്യാസത്തിനുള്ള മീഡിയം അതത് സംസ്ഥാനത്തെ ഭാഷയിലായിരിക്കും. എന്നാല്‍ ഹിന്ദുസ്താനിയും (രണ്ട് ലിപിയിലും) ഒരു വിദേശ ഭാഷയും നിര്‍ബന്ധമായി പഠിപ്പിക്കും.

ഇങ്ങനെ 17 നിര്‍ദ്ദേശങ്ങള്‍ നെഹ്റു മുമ്പോട്ട് വെക്കുന്നുണ്ട്. ഉര്‍ദുവിനെ കുറിച്ച് മറ്റൊരു സ്ഥലത്ത് നെഹ്റു ഇങ്ങനെ പറയുന്നു:

“ഉര്‍ദുവും ഹിന്ദിയും ഹിന്ദുസ്താനിയുടെ രണ്ട് രൂപങ്ങളാണ്. അടിസ്ഥാനമെല്ലാം ഒന്നു തന്നെയാണ്. വ്യാകരണവും ഒന്നുതന്നെ. ഉര്‍ദു മുസൽമാന്റെതും ഹിന്ദി ഹിന്ദുക്കളുടെതെന്നും ചിന്തിക്കുന്നത് മഹാ വിഡ്ഢിത്തമാണ്. ഉര്‍ദുവിന്റെ ലിപിയൊഴികെ ഇത് സമ്പൂര്‍ണ്ണമായും ഒരു ശുദ്ധമായ ഇന്ത്യൻ ഭാഷയാണ്."

ഉത്തരേന്ത്യയിലെ ഹിന്ദു കുടുംബങ്ങളില്‍ ഭൂരിഭാഗവും വീട്ടില്‍ സംസാരിക്കുന്ന ഭാഷയാണിത്. ഉര്‍ദുവിന്റെ ലിപിമാറ്റം ഒരിക്കലും നെഹ്റു ആഗ്രഹിച്ചിട്ടില്ല.

നെഹ്റുവിന്റെ ആത്മകഥയിൽ ഇങ്ങനെ പറയുന്നു: “സമ്പന്നമായ ഒരു പഴമയോട് കൂടിയ ഏതു ഭാഷയ്ക്കും അത്യന്തം ജീവപ്രധാനമായ ഒരു മാറ്റമാണ് ലിപിഭേദം. എന്തുകൊണ്ടെന്നാൽ ലിപി അതിന്റെ സാഹിത്യത്തിലെ ഏറ്റവും ഉള്ളിൽ തട്ടുന്ന ഒരംശമാണ്. അപ്പോൾ വ്യത്യസ്തങ്ങളായ വാഗ്‍രൂപങ്ങൾ പൊന്തി വരും. വ്യത്യസ്ത ആശയങ്ങളും വ്യത്യസ്ത ശബ്ദങ്ങളും. പഴയ സാഹിത്യത്തിന്റെയും പുതിയതിന്റെയും നടുവിൽ മിക്കവാറും കടന്നുമറിയാൻ കഴിയാത്ത ഒരു വേലി പണി തീരും. പഴയത് ഏതാണ്ട് ചത്തുപോയ ഒരു വിദേശഭാഷയാകും. സംരക്ഷിക്കപ്പെടാൻ യോഗ്യമായ ഒരു സാഹിത്യം ഇല്ലാത്തിടത്ത് ഈ അപകടം നോക്കാനില്ല. ഇന്ത്യയിൽ ഈ മാറ്റത്തെ കുറിച്ച് എനിക്ക് ഊഹിക്കാൻ പോലും വയ്യ. എന്തുകൊണ്ടെന്നാൽ നമ്മുടെ സാഹിത്യം സമ്പന്നവും അമൂല്യവുമാണെന്ന് മാത്രമല്ല. അത് നമ്മുടെ ചരിത്രവും നമ്മുടെ ചിന്താഗതിയുമായി കെട്ടുപിണഞ്ഞു കിടക്കുന്നുമുണ്ട്. നമ്മുടെ സാമാന്യ ജനത്തിന്റെ ജീവിതവുമായി ഏറ്റവും അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ ഒരു മാറ്റം നിർബന്ധമായി വെച്ചു കൊടുക്കുക എന്നത് ക്രൂരമായ ഒരു കീറിമുറിക്കലാകും. ബഹുജന വിദ്യാഭ്യാസത്തിലുള്ള നമ്മുടെ പുരോഗതിയെ അത് തടയുകയും ചെയ്യും."

1947 ഓഗസ്റ്റ് 15 ഇന്ത്യ സ്വതന്ത്രയായപ്പോൾ ഭൂപടത്തോടൊപ്പം പലതും മാറി ഗാന്ധിജി, നെഹ്റു, ആസാദ് എന്നിവരുടെ സ്വപ്നങ്ങൾ പൂവണിഞ്ഞില്ല. രാഷ്ട്രഭാഷ ഉർദു ആക്കാൻ യാതൊരു യോഗ്യതയും ഇല്ലാത്ത പാകിസ്താൻ രാഷ്ട്രഭാഷാ പ്രഖ്യാപനം നടത്തിയപ്പോൾ സ്വന്തം മണ്ണിൽ പിറന്ന ഉർദുവിന് ഇന്ത്യയിൽ ശത്രുക്കളേറി. ഗാന്ധിജി, ആസാദ്, നെഹ്റു എന്നിവരുടേതുമാത്രമല്ല രാജേന്ദ്രപ്രസാദ്, ആസിഫ് അലി, സാക്കിർ ഹുസൈൻ, രാജഗോപാലാചാരി തുടങ്ങി പലരുടെയും സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമായില്ല. ഒടുവിൽ ദേവനാഗരി ലിപിയിലുള്ള ഹിന്ദിയെ ഇന്ത്യയുടെ രാജ്യഭാഷയാക്കി.


ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിൽ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തേണ്ട ഭാഷകളെ പറ്റി ചൂടുപിടിച്ച വാദപ്രതിവാദം നടന്നു. ഉർദു ഭാഷയെയും അതിൽ ഉൾപ്പെടുത്തണം എന്ന് അഭിപ്രായം വന്നപ്പോൾ ഹിന്ദി ഭാഷാ വാദി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോവിന്ദ ദാസ് രോഷാകുലനായി ചോദിച്ചു. “ഈ ഉർദു ഭാഷ ആരുടെയെങ്കിലും മാതൃഭാഷയാണോ?"

നെഹ്റു അതോടെ ചാടിയെഴുന്നേറ്റു പറഞ്ഞു “ഉർദു എന്റെ അമ്മയുടെയും അമ്മൂമ്മയുടെയും ഭാഷയാണ്". ഒടുവിൽ ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉർദു സ്ഥാനം നേടി.

ഹിന്ദിയെ രാജ്യഭാഷയാക്കിയപ്പോൾ കൂടുതൽ സംസ്കൃതവൽക്കരിക്കാനുള്ള ശ്രമം നടന്നതിന്റെ ഫലമായി സാധാരണക്കാർക്ക് മനസ്സിലാകാത്ത രൂപത്തിലാകാൻ തുടങ്ങി. ഒരിക്കൽ നെഹ്റു ലഖ്നൗ റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തു നിൽക്കുന്ന സമയത്ത് ട്രെയിൻ അല്പം വൈകിയതിനാൽ പ്ലാറ്റ്ഫോമിലൂടെ നടന്നു കൊണ്ടിരിക്കെ ഓഫീസുകളുടെയും കടകളുടെയും പുതിയ ഹിന്ദി സൈൻ ബോർഡുകൾ വീക്ഷിക്കുകയായിരുന്നു. നെഹ്റു ദേഷ്യത്തോടെ ചോദിച്ചുവത്രേ; “ഈ മുറി ചായ കുടിക്കുന്ന സ്ഥലമാണോ അതോ കക്കൂസോ?" ‘ശൗചാലയ' എന്താണ് ഇത് അർത്ഥമാക്കുന്നത് എന്ന് ഒന്ന് പറയാമോ? ശ്രദ്ധയിൽപെട്ട മറ്റൊരു ബോർഡ് നെഹ്റു കൈകൊണ്ട് വലിച്ചിറക്കുന്നത് കണ്ട ഉദ്യോഗസ്ഥൻ ആ ബോർഡ് താഴെ ഇറക്കി. നെഹ്റു അത് പൊളിച്ചിട്ടു.

വിഭജനത്തെ തുടർന്ന് പാകിസ്താനിലേക്ക് പോയ ഉർദു കവി ജോശ് മലീഹാബാദി ഒരിക്കൽ ഡൽഹിയിൽ വന്നപ്പോൾ നെഹ്റുവിനെ സന്ദർശിക്കുകയുണ്ടായി. സംസാരവേളയിൽ നെഹ്റു പറഞ്ഞു "ജോശ് സാഹബ്, പാക്കിസ്താൻ ഉണ്ടാക്കിയത് ഇസ്‍ലാമിന്റെയും ഇസ്ലാമിക സംസ്കാരത്തിന്റെയും ഉർദു ഭാഷയുടെയും പേരിലാണല്ലോ? ഞാൻ കുറച്ചുദിവസം മുമ്പ് അവിടെ പോയിരുന്നു ശേർവാനിയും പൈജാമയും ധരിച്ച ഞാൻ അവിടെ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടു. അവർ 100% ബ്രിട്ടീഷുകാരുടെ വസ്ത്രമാണ് ധരിച്ചിരുന്നത്. അവർ എന്നോട് പരിചയപ്പെട്ടിരുന്നത് ഇംഗ്ലീഷിലായിരുന്നു. എന്നാൽ ഞാൻ സ്വയം പരിചയപ്പെടുത്തിയത് ഉർദുവിലായിരുന്നു. അവരിൽ അത് അത്ഭുതമുളവാക്കിയെങ്കിലും എന്നിൽ ദുഃഖമാണുണ്ടാക്കിയത്. ഇന്ത്യയിൽ ഉർദു.... ഉർദു ... എന്ന മുദ്രാവാക്യം വിളിച്ചത് തികച്ചും പുറംപൂച്ച് ആയിരുന്നു. ജോശ് സാഹബ്, ക്ഷമിക്കണം. നിങ്ങൾ ഏതൊരു ഉർദുവിനു വേണ്ടിയാണോ ഈ രാജ്യം വിട്ടത് ആ ഉര്‍ദുവിനെ അവിടെ ആരും ചോദിക്കുന്നു പോലുമില്ല. ഇനിയും പൊയ്ക്കോളൂ പാകിസ്താനിലേക്ക്".

മനോഹരമായ ഉർദു ഭാഷയിലായിരുന്നു നെഹ്റു പ്രസംഗിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ വാചകങ്ങൾ ആകാശവാണിയിലൂടെ പുറത്തുവരുമ്പോൾ ബ്യൂറോക്രസിയുടെ കത്തിവെപ്പ് കാരണം തീർത്തും ഹിന്ദിവൽക്കരിച്ചായിരുന്നു പുറത്ത് വന്നിരുന്നത്. പ്രസ് റിലീസായി വരുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഇതിനു വിധേയമായിരുന്നു. ഒരുപക്ഷേ, ബ്യൂറോക്രസിയാൽ വധിക്കപ്പെട്ട് ഭാഷാവിരോധത്തിന് ആദ്യ ഇരയായ പ്രധാനമന്ത്രി ആയിരിക്കാം പണ്ഡിറ്റ് നെഹ്റു.

ഉർദു സാഹിത്യത്തെ കുറിച്ചും സാഹിത്യകാരൻമാരെകുറിച്ചും നെഹ്റുവിന് നല്ല അവഗാഹമുണ്ടായിരുന്നു. നിർമാതാവും സംവിധായകനുമായിരുന്ന സുഹ്റാബാ മോദിയുടെ ‘മിർസാ ഗാലിബ്’ എന്ന സിനിമയ്ക്ക് അവാർഡ് നൽകുന്ന ഡൽഹിയിലെ ചടങ്ങിൽ നടി സുരയ്യയെ മൈക്കിലൂടെ പരിചയപ്പെടുത്തുന്ന സമയത്ത് നെഹ്റു പറഞ്ഞു: “താങ്കളെ ആര് മറക്കും? മിർസാ ഗാലിബിന്റെ കാമുകിയായിരുന്നുവല്ലോ”. ആ ചലച്ചിത്രം എത്രത്തോളമാണ് നെഹ്റുവിനെ സ്വാധീനിച്ചിരുന്നതെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അതുപോലെതന്നെ നെഹ്റു അസുഖ ബാധിതനായിരിക്കെ ഒരിക്കൽ സാഹബ് സാദ യാക്കൂബ്ഖാൻ ഡൽഹിയിലെ ‘ത്രിമൂർത്തി’ യിൽ എത്തി ആശ്വാസവചനങ്ങൾ പറഞ്ഞു. “പണ്ഡിറ്റ്ജീ, താങ്കളെ കണ്ടിട്ട് തോന്നുന്നത് വിശ്രമിക്കാനുള്ള സൂത്രമൊപ്പിച്ചതാണ് എന്നാണ്”. ഉരുളയ്ക്കുപ്പേരി പോലെ നെഹ്റു ഗാലിബിന്റെ ഈരടി ചൊല്ലി:

“ഉൻകെ ദേഖേ സേ ജോ ആജാത്തി ഹേ മൂഹ് പർ റൗനക്ക് /
വോ സമഝ്‍ത്തെ ഹേ കെ ബീമാർ കാ ഹാൽ അച്ഛാ ഹെ"

(എന്നെ അവർ നോക്കുമ്പോൾ എന്റെ മുഖം തേജസ്സാർന്നതാവുകയാണ്. ഇതു കണ്ട് അവർ കരുതുന്നത് രോഗി നല്ല സുഖത്തിലാണെന്നാണ്).

1958 ഫെബ്രുവരി 15ന്‍ ഡൽഹിയിൽ ചെങ്കോട്ടയ്ക്കടുത്തുള്ള ജാമിഅ മസ്ജിദിന് മുമ്പിലുള്ള പരേഡ് ഗ്രൗണ്ടിൽ ‘ആന്‍ജുമന്‍ തർഖി ഉര്‍ദു' സംഘടിപ്പിച്ച വിഖ്യാതമായ ഓൾ ഇന്ത്യ ഉർദു കോൺഫറൻസ് ഉദ്ഘാടനം ചെയ്തു കൊണ്ട് നെഹ്റു പറഞ്ഞു:

“കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഭാഷയുടെ പ്രശ്നത്തിൽ വളരെയേറെ ബഹളങ്ങളുണ്ടായി. ദക്ഷിണേന്ത്യയിൽ ഹിന്ദിക്കെതിരായി സമരങ്ങൾ തന്നെ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഭരണഘടനയിൽ പതിന്നാലു ഭാഷകളെ ദേശീയ ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. ഉർദുവിന് ഈ അംഗീകാരം കിട്ടിയിട്ടുണ്ടെങ്കിലും ഞാൻ വിചാരിക്കുന്നതു പോലെയുള്ള പരിഗണന കിട്ടിയിട്ടില്ല. പ്രത്യേകിച്ച് ഭൂരിപക്ഷം ഉർദു സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ അവരെ നല്ല ദൃഷ്ടികൊണ്ട് നോക്കുന്നു പോലുമില്ല."

“എനിക്ക് ഉർദുവിനെകുറിച്ച് യാതൊരു വ്യാകുലതയുമില്ല. ഉർദു ഒരു ജീവൽഭാഷയാണ്. ഇതിനെ അടിച്ചമർത്തി നിഷ്കാസിതമാക്കാൻ ആർക്കും സാധ്യമല്ല. ഉർദുവിനെ എതിർക്കുന്ന സങ്കുചിത മനസ്സുകളെ കാണുമ്പോൾ എനിക്ക് സങ്കടം തോന്നുകയാണ്. ഉർദു വളർന്ന് ഇനിയുമേറെ പുരോഗതി പ്രാപിക്കണം എന്നാണ് എന്റെ അഭിപ്രായം . ഇന്ത്യയിൽ ഉർദുവിന് യഥാർത്ഥ സ്ഥാനവും അവകാശങ്ങളും കിട്ടേണ്ടതുണ്ട്. അല്ലാതെ ഏതെങ്കിലും ഒരു ഭാഷയെ ഒഴിവാക്കി പകരം സ്ഥാപിക്കുകയല്ല ചെയ്യേണ്ടത്.

ഇതിനു ശേഷം മൂന്നു മാസം പിന്നിട്ടപ്പോൾ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ സമ്മേളനം ഡൽഹിയിൽ തന്നെ നടക്കുകയുണ്ടായി. ഉർദുവിന് വേണ്ടി ഗർജ്ജിച്ചു കൊണ്ട് നെഹ്റു പറഞ്ഞു:

“ചില സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ ഉർദുവിനോട് തെറ്റായ രീതിയിലാണ് പെരുമാറുന്നത്. അവർ മനഃപൂർവം നിയമത്തിലെ ഖണ്ഡികയ്ക്കെതിരായി നീങ്ങുകയാണ്. ഉര്‍ദു ഈ നാട്ടിലെ വലിയ ഭാഷയാണ്. നാം ചെറിയ ചെറിയ പ്രാദേശിക ഭാഷകൾക്ക് വേണ്ടി വാദിക്കുമ്പോൾ എന്തുകൊണ്ട് ഉർദുവിനെതിരെ മുഖം തിരിക്കണം. ഉര്‍ദുപക്ഷക്കാർ കാലങ്ങളായി നിശ്ശബ്ദസമരം തുടങ്ങിയിട്ട്. നമ്മുടെ ഭരണത്തിൻമേൽ ഇത് ഏൽക്കുന്നില്ല. എന്നാൽ അധികകാലം ഉര്‍ദുവിനെ മാറ്റിനിർത്താൻ നമുക്കാവില്ല. ഉര്‍ദു പ്രശ്നം വളരെ ഗുരുതരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം. ചിലർ ഉര്‍ദുവിനോടുള്ള അനീതി മുതലാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസും കോൺഗ്രസ് പ്രവർത്തകരും ഉര്‍ദുവിനോട് അശ്രദ്ധ കാണിച്ചാൽ ഭരണം പോലും നഷ്ടമാകാൻ സാധ്യതയുണ്ട്. വർഗീയമായ കണ്ണുകൊണ്ട് ആരെങ്കിലും ഈ വിഷയത്തെ കാണുന്നുവെങ്കിൽ കോൺഗ്രസ്സിൽ നിന്ന് അവരെ വേരോടെ എടുത്തു കളയേണ്ടതാണ്. വടക്കേ ഇന്ത്യയിൽ ഉർദു സ്വീകാര്യമായാൽ ഹിന്ദിക്ക് ഒരു നഷ്ടവും ഉണ്ടാകില്ല. ഹിന്ദിയോടോ ഉർദുവിനോടോ യാതൊരു ശത്രുതയും ഇല്ല. എന്തുകൊണ്ട് ഉര്‍ദുവിന്റെ ആവശ്യങ്ങൾ സഹിഷ്ണുതയോടെ സ്വീകരിച്ചുകൂടാ. മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നത് ഹിന്ദി ഉര്‍ദു രണ്ടു ലിപികളും സ്വീകരിച്ചുകൊണ്ട് രണ്ടും ഒരുപോലെ നടപ്പാക്കണമെന്നതായിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസ് അഖിലേന്ത്യാപ്രവർത്തക സമിതി പ്രമേയം പാസാക്കിയിട്ടുണ്ട്. ഉര്‍ദുവിനെ വേർതിരിക്കുകയും ഹിന്ദി അടിച്ചേൽപ്പിക്കുകയും ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് ഇവിടെ ജോലിയിൽ ആനുപാതികമായ പ്രാതിനിധ്യം ഉണ്ടാവുന്നില്ല. ഇതാകട്ടെ ന്യൂനപക്ഷങ്ങളുടെ ജീവല്‍പ്രശ്നം കൂടിയാണ്.

നെഹ്റുവിന്റെ ഹൃദയസ്പൃക്കായ ഈ സംസാരം കേട്ട് കോൺഗ്രസ് പ്രവർത്തകരുടെ മനസ്സലിഞ്ഞു. അന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ പാസായ പ്രമേയങ്ങൾ ഇവയായിരുന്നു.

1. ഉര്‍ദു നമ്മുടെ ദേശീയ ഭാഷകളിലൊന്നാണ്. ഇതിനോട് നാം നീതി പുലർത്തിയാൽ ദേശീയ ഐക്യവും പുരോഗതിയുമുണ്ടാകും.

2. പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഉര്‍ദു പൊതുവായി സംസാരിക്കുന്ന ഭാഷയാണ്.

3. പ്രാഥമിക വിദ്യാഭ്യാസം ഉർദുവിലൂടെ നേടാനുള്ള വ്യവസ്ഥ നിർബന്ധമാണ്. കൂടാതെ പാഠപുസ്തക നിർമാണത്തിലും അധ്യാപക ശിക്ഷണത്തിലും ഉര്‍ദു വേണം.

4. സെക്കൻഡറി തല വിദ്യാഭ്യാസ ഘട്ടത്തിൽ ഉര്‍ദു പഠിപ്പിക്കാനുള്ള സൗകര്യം ഉണ്ടാക്കേണ്ടത് സർക്കാരിന്റെ കടമയാണ്.

5. അപേക്ഷകളും ഹർജികളുമൊക്കെ ഉർദുവില്‍ കൊടുക്കാനുള്ള അനുവാദം ഉണ്ടായിരിക്കണം. മാത്രവുമല്ല ഉർദുവിൽ ആധാരം, പ്രമാണം തുടങ്ങിയ രേഖകളും അവതരിപ്പിക്കാനുള്ള സൗകര്യം ഉണ്ടാക്കണം. ഇതിന്റെ വിവർത്തനമോ അല്ലെങ്കിൽ ഹിന്ദിയിലോ ചെയ്യേണ്ട ആവശ്യം ഒരിക്കലുമുണ്ടായിക്കൂടാ.

6. സർക്കാരിന്റെ പ്രധാനപ്പെട്ട നിയമങ്ങളും വിജ്ഞാപനങ്ങളും ഉര്‍ദുവിലും സ്വീകരിക്കേണ്ടതും പ്രസിദ്ധീകരിക്കേണ്ടതുമാണ്.

7. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാറുകളുമെല്ലാം ഈ നിർദേശപത്രം അംഗീകരിക്കേണ്ടതാണ്.

8. ഉര്‍ദു സാഹിത്യത്തിന്റെ പുരോഗതിക്കായി യുക്തമായി പ്രയത്നിക്കേണ്ടതും അത് സർക്കാരിന്റെ ബാധ്യതയിൽ പെട്ടതുമായിരിക്കും.

നെഹ്റുവിന്റെ ഹൃദയാന്തരത്തിൽ നിന്ന് മുഴങ്ങിയ ഈ ശബ്ദം അന്തരീക്ഷത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗീകരിച്ച ഈ പ്രമേയം നടപ്പിലായില്ലെന്നു മാത്രമല്ല പ്രധാനമന്ത്രിയായിരിക്കെ നെഹ്റുവിനുപോലും ചില ആന്തരിക ശക്തികളുടെ സമ്മർദത്താൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. ഉര്‍ദുവിനോടുള്ള അനീതിയും അന്യായവും സങ്കുചിത കാഴ്ചപ്പാടുമെല്ലാം നെഹ്റുവിന് കണ്ടിരിക്കേണ്ടിവന്നു. സർവകലാശാലയിലെ ഉര്‍ദു വിഭാഗത്തിലെ പ്രമുഖനും പ്രശസ്ത എഴുത്തുകാരനുമായ ഖ്വാജാ അഹമ്മദ് ഫാറൂഖി യൂറോപ്പിൽ പോയി അവിടുത്തെ ലൈബ്രറികളിൽ നിന്ന് ഉർദുവിനെക്കുറിച്ചുള്ള അമൂല്യമായ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ ഡൽഹിയിലേക്ക് കൊണ്ടുവരികയുണ്ടായി. ഉര്‍ദു ഭാഷാസാഹിത്യ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഈ രേഖകൾ രണ്ടു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. ഇത് സമർപ്പിക്കപ്പെട്ടിരുന്നത് പണ്ഡിറ്റ് നെഹ്റുവിന്റെ നാമത്തിൽ ആയിരുന്നു. ഈ ഗ്രന്ഥങ്ങൾക്കു വേണ്ടി 1961 ഏപ്രിൽ ഒന്നിന് നെഹ്റു തന്നെ സർവ്വകലാശാലയിൽ എത്തിയത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി. മണിക്കൂറുകളോളം ഉർദു വിഭാഗത്തിൽ ഇരുന്ന് സംസാരിച്ചുകൊണ്ട് നെഹ്റു പറഞ്ഞു:

“എനിക്ക് ഉര്‍ദു അറിഞ്ഞാലും ഇല്ലെങ്കിലും ഇന്ത്യയിൽ ഉർദു അർഹിക്കുന്ന സ്ഥാനം എന്താവണം എന്ന് എനിക്ക് നന്നായി അറിയാം. യൂണിവേഴ്‍സിറ്റിയിൽ ഉര്‍ദു വിഭാഗം ഉണ്ടായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇവിടെ ഇതുണ്ടായില്ലെങ്കിൽ മനസ്സിൽ വല്ലാത്തൊരു ദുഃഖമായി അവശേഷിച്ചേനെ. കാരണം ഉര്‍ദു ജനിച്ചത് ഈ ഡൽഹിയുടെ മണ്ണിലാണ്.”

പണ്ഡിറ്റ് നെഹ്റു ഉര്‍ദുവിനായി ഏറെ ശബ്ദിച്ചെങ്കിലും അദ്ദേഹം വിചാരിച്ച ഫലം കിട്ടിയില്ല. എങ്കിലും ചില പ്രതീക്ഷകൾ ഉയർന്നുവന്നു. കശ്മീരിലും ആന്ധ്രപ്രദേശിലും ഉർദുവിന്റെ പ്രാധാന്യത്തെ അംഗീകരിച്ചു. അന്നത്തെ ആന്ധ്ര ഭരണകൂടം ഉർദുവിനും തെലുങ്കിനും ഒരേ പദവി നൽകി. ഈ പ്രഖ്യാപനത്തെ ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ വളരെ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. ഇന്ന് ഡൽഹിയിൽ ഉർദു രണ്ടാം ഭാഷയായി അംഗീകരിക്കാൻ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ ശ്രമത്താൽ കഴിഞ്ഞു. അതുപോലെതന്നെ ബിഹാറിലും കർണാടകയിലും ‘ഉര്‍ദു ഭവനു’കളുണ്ടാക്കാൻ 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിമാർ വാഗ്ദാനം ചെയ്തിരുന്നു. ഉത്തർപ്രദേശിൽ മുലായംസിംഗ് യാദവിന്റെ ഭരണകാലത്തെ പ്രവർത്തനങ്ങൾ ഉർദുവിന് പുരോഗതി ഉണ്ടാകാൻ കാരണമായി. മഹാരാഷ്ട്ര സംസ്ഥാനം ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നു. 2002-ൽ തമിഴ്‍നാട്ടിൽ ഉർദു അക്കാദമി സ്ഥാപിച്ചു. കേരളത്തിലാകട്ടെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ ഉർദു പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ടാക്കിയെടുത്തു. മാതൃഭാഷയേ അല്ലാത്ത ഇവിടെ സർവ്വകലാശാല തലത്തിൽ പോലും ഉർദു പഠന സൗകര്യങ്ങളൊരുക്കി. ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ സാഹിബും മുൻ മന്ത്രി അഹമ്മദ് കുരിക്കളും വലിയ പങ്കാണ് വഹിച്ചത്.

ഇന്ന് കേരളത്തിൽ ഉർദുവിന് വേണ്ടി പ്രവർത്തിക്കാൻ രണ്ട് പ്രബല സംഘടനകളുണ്ട്. അധ്യാപക സംഘടനയായ ഉർദു ടീച്ചേഴ്സ് അസോസിയേഷനും (കെ.യു.ടി.എ.), എം.പി. അബ്ദുസ്സമദ് സമദാനി നേതൃത്വം നൽകുന്ന അൻജുമൻ തർക്കി ഉർദു ഹിന്ദും. 2016ൽ സംസ്ഥാന സർക്കാർ കാസർഗോഡ് ഉപ്പളയിൽ കേരള സംസ്ഥാന ഉർദു അക്കാദമി സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്റു എന്നിവരെ കുറിച്ച് പഠിക്കുമ്പോൾ പ്രത്യേകിച്ച് കേരളീയർ അവരുടെ ഭാഷാവീക്ഷണവും സമീപനങ്ങളും ഉർദു ആഭിമുഖ്യവും മനസ്സിരുത്തി വായിക്കേണ്ടതാണ്. കേരളത്തിന് പുറത്ത് സഞ്ചരിക്കുമ്പോൾ ഉര്‍ദുവിന്റെ പ്രാധാന്യങ്ങൾ അറിയാൻ ഏറെ അവസരങ്ങൾ ലഭിക്കും. നെഹ്റുവും ഉർദുമായുള്ള ബന്ധം അനാവരണം ചെയ്തുകൊണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ള തന്റെ ‘അലിഗഡിലെ ദിനങ്ങൾ' എന്ന ഓർമ്മക്കുറിപ്പിൽ 1963 ഒക്ടോബർ 17 ലെ ഒരു സംഭവം വിവരിക്കുന്നുണ്ട്;

“പണ്ഡിറ്റ്ജി പ്രസംഗിക്കുവാൻ എഴുന്നേറ്റു. കരഘോഷം മിനിറ്റുകളോളം നീണ്ടു നിന്നു. കാവ്യാത്മകമായിരുന്നു ആ പ്രസംഗം. ഒന്നാന്തരം ഉർദുവിൽ ഒരു മണിക്കൂർ നീണ്ടുനിന്ന പ്രസംഗത്തിൽ ചരിത്രവും മൺമറഞ്ഞ ഉര്‍ദു കവികളും ഉയർത്തെഴുന്നേറ്റു".

ഒരിക്കൽ നെഹ്റു മലപ്പുറം ജില്ലയിലെ തിരൂരിൽ ഒരു സ്വീകരണ ചടങ്ങിനെത്തിയപ്പോൾ ഇംഗ്ലീഷിൽ പ്രസംഗിക്കാൻ ആരംഭിക്കവേ ബസാറിലെ പ്രമുഖ വെറ്റില്ല വ്യാപാരിയും ഉർദു കവിയുമായിരുന്ന ‘ബേചൈൻ കേരൾവി' എന്ന സയ്യിദ് നൂറുദ്ദീനും സുഹൃത്തുക്കളും പറഞ്ഞു; “ഇവിടെ എല്ലാവർക്കും ഉർദു അറിയും. താങ്കൾ ഉർദുവിൽ പ്രസംഗിക്കണം". ഈ അഭ്യർഥന സ്വീകരിച്ച നെഹ്‌റു ഉർദുവിൽ ഒരു ഗംഭീര പ്രസംഗമാണ് നടത്തിയത്.

ഉർദുവിനെ സ്നേഹിക്കുന്നവർക്ക് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ 1964 മെയ് 27-ന് ആ പ്രതീക്ഷകൾ എന്നെന്നേക്കുമായി പൊലിഞ്ഞു. നെഹ്റു ഈ ലോകത്തോട് വിടപറഞ്ഞു.

നെഹ്റുവിന്റെ ശബ്ദമെന്ന രൂപേണ കൈഫി ആസ്മി രചിച്ച വരികൾ മുഹമ്മദ് റാഫി ഇങ്ങനെ പാടി:

“മേരി ആവാസ് സുനോ പ്യാര് കാ രാഗ് സുനോ/
മൈനേ ഏക് ഫൂൽ ജോ സീനേ പേ സജാ രഖാ ഥാ/
ഉസ്‌കെ പർദേ മേ തുമേ ദിൽ സേ ലഗാ രഖാ ഥാ/
ഥാ ജുദാ സബ് സേ മേരെ ഇശ്ഖ് കാ അൻദാസ് സുനോ"

(എന്‍റെ ശബ്ദം കേൾക്കുവിൻ, സ്നേഹത്തിന്റെ രാഗം കേൾക്കുവിൻ, എന്റെ നെഞ്ചിൽ ഒരു പൂവ് അലങ്കരിച്ചിരുന്നല്ലോ, അതിന്റെ മറവിൽ നിങ്ങൾ എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു. എല്ലാവരിലും വ്യത്യസ്തമായിട്ടാണ് എന്റെ അനുരാഗത്തിന്റെ ശൈലി, കേൾക്കുവിൻ.)

Saturday, 14 August 2021

രചയിതാക്കള്‍ മാറി മറിയുന്ന സ്വാതന്ത്ര്യസമരകാല ഉര്‍ദു കവിതകള്‍ -ഡോ. കെ.പി. ശംസുദ്ദീന്‍ തിരൂര്‍ക്കാട്



ആഗോളാടിസ്ഥാനത്തില്‍ തന്നെ അനുവാചക പ്രീതി നേടിയാണ് ഉര്‍ദുഭാഷാസാഹിത്യം വളര്‍ന്നത്. അതില്‍ തന്നെ ഏറെ ഉദ്ധരിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും ഉര്‍ദു കവിതകളാണ്. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പല അംഗങ്ങളുടെയും പ്രസംഗമദ്ധ്യേ ഏറെ ആലപിക്കപ്പെടുന്നത് ഉര്‍ദു ഈരടികളാണ്. ഉര്‍ദു ഭാഷയെ വര്‍ഗീയതയുടെ മഞ്ഞക്കണ്ണട വെച്ച് നോക്കുന്ന പലരും പ്രഭാഷണത്തിനിടെ ഉര്‍ദു കവിതകള്‍ ചൊല്ലാറുണ്ട്. ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാര്‍ലമെന്‍റ് മന്ദിരത്തിനകത്ത് പോലും ഉര്‍ദു കവിതകള്‍ കുറിച്ചുവെച്ചതും ആ ഭാഷയിലെ കാവ്യശാഖക്ക് ലഭിച്ച പൊതുസ്വീകാര്യതയെയാണ് സൂചിപപ്പിക്കുന്നത്. 

1994ല്‍ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.പി. അബ്ദുസ്സമദ് സമദാനി സത്യപ്രതിജ്ഞ ചൊല്ലിയത് ഉര്‍ദുവിലായിരുന്നു. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്‍റെ  ڇഫുനൂന്‍ലത്തീഫڈ എന്ന കവിത ചൊല്ലിയായിരുന്നു അദ്ദേഹം അവസാനിപ്പിച്ചത്. പാര്‍ലമെന്‍റംഗങ്ങള്‍ക്ക് അത്ഭുതവും കൗതുകവുമായിരുന്നു ഈ സംഭവമുണ്ടാക്കിയത്. ഡെപ്യൂട്ടി സ്പീക്കറായിരുന്ന നജ്മഹെപ്ത്തുള്ള ഒരിക്കല്‍ കൂടി അതേ വരികള്‍ ആലപിക്കാന്‍ സമദാനിയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. പിന്നീട് പലപ്പോഴും അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ നടക്കുമ്പോള്‍ പാര്‍ലമെന്‍റിനകത്ത് ഇഖ്ബാല്‍ കവിതകള്‍ മുഴങ്ങിക്കേട്ടു. അംഗങ്ങളാകെ ഉര്‍ദു കവിതകള്‍ ആസ്വദിക്കുന്ന അനുഭവമായിരുന്നു പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നത്.

സ്വാന്ത്ര്യസമരകാലത്ത് ഉര്‍ദു കവിതകള്‍ പൊതുജനങ്ങളെ ആവേശഭരിതരാക്കുമായിരുന്നു. അന്നുയര്‍ന്നു കേട്ട പല ഈരടികളുടെയും രചയിതാക്കള്‍ പില്‍ക്കാലത്ത് മാറി മറിഞ്ഞാണ് അറിയപ്പെടുന്നത്. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന ഉര്‍ദു മുദ്രവാക്യം മൗലാന ഹസ്റത്ത് മൊഹാനിയുടേതാണ്. വളരെ പ്രശസ്തമായ ഈ മുദ്രാവാക്യം പില്‍ക്കാലത്ത് പല സ്വാതന്ത്യസമരസേനാനികളുടെയും പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 1920ല്‍ ഉത്തര്‍പ്രദേശ് സംസ്ഥാനലേബര്‍ തൊഴിലാളികളുടെ പ്രക്ഷോഭപ്രകടനത്തിന് നേതൃത്വം  നല്‍കിയപ്പോഴായിരുന്നു ഹസ്റത്ത് മൊഹാനി ഈ മുദ്രാവാക്യം വിളിച്ചത്.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരം സമരചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ബ്രിട്ടീഷുകാരോട് പൊരുതിത്തോറ്റ അവസാനത്തെ മുഗള്‍ചക്രവര്‍ത്തി ബഹാദുര്‍ഷാ സഫറിന്‍റെ പേരില്‍ പ്രശസ്തി നേടിയ ഗസലായിരുന്നു


    ''നാ കിസീ കി ആന്‍ഖ് ക നൂര്‍ ഹു
നാ കിസീ കെ ദില്‍ ക ഖറാര്‍ ഹൂ
ജോ കിസി കേ കാം നാ ആ സക്ക
മൈ വോ ഏക് മുശ്ത്തെ ഗുബാര്‍ ഹൂ''

 ''ഒട്ടുമേ പ്രിയങ്കരനല്ല ഞാന്‍ ആര്‍ക്കും
ഹൃത്തിനാനന്ദ ഹേതുവായില്ല ഞാന്‍
ആര്‍ക്കും ഏനും ഉപകരിച്ചീടാത്ത
തുച്ഛമാമൊരു പിടി മണ്ണുമാത്രം''

ലാല്‍ഖിലാ എന്ന സിനിമയില്‍ മുഹമ്മദ് റാഫി അതിമനോഹരമായിട്ടാണ് ഈ ഗസല്‍ ആലപിച്ചിട്ടുള്ളത്. മഹേന്ദ്ര കപൂര്‍, അഭിഷേക് കുമാര്‍ എന്നിവരും ഇത് ആലപിച്ചിട്ടുണ്ട്. ബഹദൂര്‍ഷാ സഫറിന്‍റെ പേരില്‍ ധാരാളം ഗ്രന്ഥങ്ങളിലും ആനുകാലികങ്ങളിലും ഇത് പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ഉന്നത ശ്രേഷ്ഠനായ ഉര്‍ദു കവിയായിരുന്നു ബഹാദുര്‍ഷാ സഫര്‍.

പ്രശസ്ത കവിയായിരുന്ന ശേഖ് മുഹമ്മദ് ഇബ്രാഹിം സൗഖ്നെ പോലെയുള്ളവരായിരുന്നു അദ്ദേഹത്തിന്‍റെ ഗുരുനാഥന്മാര്‍. എന്നാല്‍ മേല്‍ പരാമര്‍ശിച്ച ഗസല്‍ അദ്ദേഹത്തിന്‍റേതല്ല. ബഹദൂര്‍ഷാ സഫര്‍ പോലും അറിയാതെയായിരുന്നു ഈ ഗസല്‍ അദ്ദേഹത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. ഇതിന്‍റെ യഥാര്‍ത്ഥ സൃഷ്ടാവ് മുസ്ത്തര്‍ ഖൈറാബാദിയായിരുന്നു. 1869ല്‍ ഉത്തര്‍പ്രദേശിലെ സീത്തപൂരിലെ ഖൈറാബാദിലാണ് മുസ്ത്തര്‍ ഖൈറാബാദി എന്ന സയ്യദ് ഇഫ്ത്തിഖാര്‍ ഹുസൈന്‍ മുസ്ത്തറിന്‍റെ ജനനം. ഉര്‍ദു കവി അമീര്‍മീനായിയുടെ ശിഷ്യത്വം സ്വീകരിച്ചു. എങ്കിലും  ഒരു കവിത മാത്രമാണ് ഗുരുവില്‍ നിന്ന് അദ്ദേഹം തിരുത്തിയത്. പിന്നീട് സാഹിത്യലോകം അംഗീകരിച്ച കവിയായിട്ടാണ് ലോകം അദ്ദേഹത്തെ കണ്ടത്.  1862 നവംബര്‍ 7ന് മരണമടഞ്ഞ അവസാന മുഗള്‍ ചക്രവര്‍ത്തിയുടെ അവസാനകാലജീവത്തിനും ഈ കവിതക്കും സമാനതകള്‍ ഉണ്ടായതു കൊണ്ടായിരിക്കാം ഈ ഗസലിനെ ബഹാദൂര്‍ ഷാ സഫറിന്‍റെ പേരില്‍ പ്രചരിപ്പിച്ചത്. 1887ല്‍ നാല് വാള്യത്തിലായി ബഹദൂര്‍ഷാ സഫറിന്‍റെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരിടത്തും പരാമര്‍ശ ഗസല്‍ കാണാന്‍ സാധിച്ചിട്ടില്ല.

മുസ്ത്തര്‍ ഖൈറാബാദിയുടെ പുത്രന്‍ ജാന്‍ നിസാര്‍ അഖ്ത്തര്‍ അറിയപ്പെടുന്ന പുരോഗമന കലാസാഹിത്യ പ്രവര്‍ത്തകനും കവിയുമായിരുന്നു. പില്‍ക്കാലത്ത് ബോംബെയിലെത്തിയ അദ്ദേഹം പ്രശസ്ത ചലചിത്ര ഗാനരചയിതാവും കൂടിയായി. പിതാവിന്‍റെ കവിതകള്‍ മുഴുവന്‍ അദ്ദേഹം ശേഖരിച്ചിട്ടുണ്ടായിരുന്നു. ജാന്‍ നിസാര്‍ അഖ്ത്തറിന്‍റെ മകന്‍ ജാവേദ് അഖ്ത്തര്‍ ഈ കവിതകളും തന്‍റെ പിതാമഹനെ കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും ശേഖരിച്ചു വെച്ചിട്ടുണ്ട്.  ڇഖിര്‍മന്‍ڈ എന്ന നാമത്തില്‍ നാല് വാള്യങ്ങളിലായി പിതാമഹന്‍ മുസ്ത്തര്‍ ഖൈറാബാദിയുടെ രചനകള്‍ ജാവേജ് അഖ്ത്തര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ ഗസല്‍ ഇതിന്‍റെ ഒന്നാം വാള്യത്തില്‍ ഉണ്ട്താനും. ബോളിവുഡില്‍ ഇന്ന് അതി പ്രശസ്തനായ ജാവേദ് അഖ്ത്തര്‍ ചലചിത്രഗാനരചയിതാവും കവിയുമാണ്.

ബഹദുര്‍ഷാ സഫറിന്‍റെ പേരില്‍ അറിയപ്പെടുന്ന മറ്റൊരു ഈരടിയാണ്

 ''ഉമ്രേ ദരാസ് മാങ്ക് കെ ലായേ ഥെ ചാര്‍ ദിന്‍
ദോ ആര്‍സു മെ കട്ട് ഗയെ ദോ ഇന്‍ത്തസാര്‍ മെ ''

''ദീര്‍ഘജീവിതം തേടി നേടിയ നാലുനാള്‍
മോഹത്താല്‍ തീര്‍ന്നു പോയ് ആദ്യത്തെ രണ്ട്
കാത്തിരിപ്പില്‍ കഴിഞ്ഞു പോയ് ശേഷിച്ച രണ്ടും ''

1882 ജൂണ്‍ 5ന് ആഗ്രയില്‍ ജന്മം കൊണ്ട പ്രശസ്ത ഉര്‍ദു കവി അല്ലാമ സീമാബ് അക്ബറാബാദിയാണ് ഈ വരികളുടെ രചയിതാവ്. ശായര്‍ മാസികയുടെ പത്രാധിപരും പ്രശസ്തനായ ഉര്‍ദുകവിയുമായിരുന്നു അദ്ദേഹം. ആശിഖ് ഹുസൈന്‍ സിദ്ദീഖ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പൂര്‍ണ്ണനാമം. അദ്ദേഹത്തിന്‍റെ  ڇകലീമെ അജം ڈ എന്ന കവിതാ സമാഹാരത്തില്‍ ഈ കവിത ഉണ്ട്. മലബാറിനെ കുറിച്ചും അദ്ദേഹം ഈരടികള്‍ രചിച്ചിട്ടുണ്ട്.

1857ല്‍ മീററ്റില്‍ നിന്ന് പൊട്ടിപുറപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ കലാപത്തെയാണ് ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കുന്നതെങ്കിലും അതിന്‍റെ നൂറ് വര്‍ഷം മുമ്പായിരുന്നു, അതായത് 1757ല്‍ ബ്രിട്ടീഷുകാരോട് പോരാടി ബംഗാളിന്‍റെ നവാബായിരുന്ന സിറാജ്ജുദ്ദൗല രക്തസാക്ഷിത്വം വരിച്ചത്. ഈ മരണവാര്‍ത്ത കേട്ടപ്പോള്‍ അസീമാബാദിന്‍റെ സുബേദാറും പേര്‍ഷ്യന്‍ കവിയും കൂടിയായ രാം നാരായണന്‍ മോസോ പെട്ടെന്ന് ചൊല്ലിയ ഈരടികളായിരുന്നു.

''ഗസാലാ തും തൊ വാഖ്ഫ് ഹോ കഹോ മജ്നു കെ മര്‍നെ കി
ദീവാനാ മര്‍ ഗയാ ആഖിര്‍ കൊ വീരാനെ പെ ക്യാ ഗുസ്രി''

ഉര്‍ദുവില്‍ കവിത രചിക്കുകയോ ആലപിക്കുകയോ ചെയ്തിട്ടില്ലാത്ത റാം നാരാണന്‍ മോസോ സുബേദാര്‍ ആയതു കൊണ്ട് അദ്ദേഹം ചൊല്ലിയ ഈ ഈരടികള്‍ കൂടെയുള്ളവര്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വരികള്‍ അധികമാരുമറിയാത്ത ബനാറസിലെ ഉര്‍ദു കവി മിര്‍സാ ഇബ്രാഹിം മുശ്ത്താഖിന്‍റെയാണ്.

‘സര്‍ഫറോശി’യുടെ ഹൃത്തടം

സ്വാതന്ത്യസമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഏറ്റവും അധികം ആവേശം പകര്‍ന്ന ഒരു ഗസല്‍ ആയിരുന്നു  

''സര്‍ ഫറോശി കീ തമന്ന, അബ് ഹമാരേ  ദില്‍ മെ ഹൈ
ദേഖ്ന ഹൈ സോര്‍ കിത്ന ബാസുയെ ഖാത്തില്‍ മെ ഹൈ''

 ''ഹൃത്തടമേറെ കൊതിക്കുന്നതിപ്പോള്‍
ആത്മബലി ചെയ്തു ധന്യനാകാന്‍
ഏറെ കരുത്താലെ ദുഷ്ടന്‍ ഹനിക്കിലും
നേരിടാം ഉള്‍ക്കരുത്തിനാലെ''

പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിലിന്‍റെ പേരില്‍ അറിയപ്പെടുന്ന ഗസലാണ് ഇത്.  ഗോപിചന്ദ് നാരംഗിനെ പോലുള്ള പ്രശ്സത ഉര്‍ദു സാഹിത്യകാരന്‍ ഉള്‍പ്പെടെ പലരും പല ഗ്രന്ഥങ്ങളിലും അങ്ങനെ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത ഉര്‍ദുകവിതകളും ലേഖനങ്ങളും രേഖകളുമെല്ലാം പറയുന്നതു പ്രകാരമാണ് ഈ ഗസല്‍ റാം പ്രസാദ് ബിസ്മിലിന്‍റെ പേരില്‍ അറിയപ്പെട്ടത്. 1927 ഡിസംബര്‍ 19ന് കാക്കോരി കേസില്‍ ബ്രിട്ടീഷുകാര്‍ റാം പ്രസാദ് ബിസ്മിലിനെ തൂക്കിലേറ്റുന്ന സമയത്ത് അദ്ദേഹത്തിന്‍റെ ചുണ്ടുകളില്‍  ഈ വരികള്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ ഈ ഗസല്‍ അദ്ദേഹത്തിന്‍റെ പേരില്‍ എഴുതിവെച്ചതു കൊണ്ടു തന്നെ യഥാര്‍ത്ഥ രചയിതാവ് വിസ്മരിക്കപ്പെട്ടു. വലിയ അംഗീകാരവും സ്വീകാര്യതയും നേടിയ ഈ വരികള്‍ ഇന്ത്യക്കാര്‍ക്ക് ഏറെ പരിചിതമായിരുന്നു. പല ഹിന്ദി സിനിമകളിലും ഇതിന്‍റെ പൂര്‍ണ്ണ രൂപം ആലപിക്കപ്പെട്ടിട്ടുണ്ട്. ശഹീദ്, ഠവല ഹലഴമിറ ീള ആവമഴമേ ടശിഴവ ടീൃ്യേ എന്നിവ അവയില്‍ രണ്ടെണ്ണം മാത്രമാണ്. മുഹമ്മദ് റഫി, ലതാമങ്കേഷ്ക്കര്‍, മന്നഡോ, സോനുനിഗം, ഹരിഹരന്‍ എന്നിവരും ഈ വരികള്‍ ആലപിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിന്‍റെ യഥാര്‍ഥ  രചയിതാവ് സയ്യദ് ശാ മുഹമ്മദ് ഹസന്‍ ബിസ്മില്‍ ആണ്. 1901 ല്‍ ബീഹാറിലെ ഖുസ്രുപുരിയില്‍ ജനിച്ച സയ്യദ് ശാ മുഹമ്മദ് ഹസന്‍റെ പിതാവ് ബാരിസ്റ്റര്‍ സയ്യദ് ശാ ആലെ ഹസന്‍ 1894ല്‍ പറ്റ്നയിലെ അസീമാബാദില്‍ പ്രക്ടീസിന് വരികയും പിന്നീട് സകുടുംബം ഇവിടെ താമസിക്കുകയും ചെയ്തു. ശാ മുഹമ്മദ് ഹസന്‍ കുട്ടിക്കാലം മുതല്‍ തന്നെ കവിതാ രചനയില്‍ തല്‍പരനായിരുന്നു. ശാദ് അസീമാബാദി ആയിരുന്നു തന്‍റെ ഗുരു. രചനയിലെ പ്രാഗത്ഭ്യം കൊണ്ടും വലിയ കവിയരങ്ങുകളില്‍ പങ്കെടുക്കുന്നതുകൊണ്ടും തൂലികാനാമം ബിസ്മില്‍ എന്നായിരുന്ന അദ്ദേഹം ബിസ്മില്‍ അസീമാബാദി എന്ന പേരില്‍ പ്രശസ്തനായി.

പണ്ഡിറ്റ് റാം പ്രസാദ് ബിസ്മില്‍ കവി അല്ലായിരുന്നെങ്കിലും ഇഷ്ടപ്പെട്ട വരികള്‍ ചൊല്ലുകയും അവ ഡയറിയില്‍ കുറിച്ചിടുകയും ചെയ്യുമായിരുന്നു. മാത്രമല്ല ബിസ്മില്‍ എന്ന തൂലികാനാമം സ്വീകരിക്കുകയും ചെയ്തിരുന്നു. രക്തസാക്ഷ്യം വരിച്ച ശേഷം പിടിച്ചെടുക്കപ്പെട്ട അദ്ദേഹത്തിന്‍റെ ഡയറികളില്‍ നേരത്തെ പരാമര്‍ഷിച്ച ഗസല്‍ വരികള്‍ കാണപ്പെട്ടതിനാലാവണം യഥാര്‍ത്ഥ സൃഷ്ടാവ് മാറിപ്പോയത്.

1921ലാണ് സര്‍ഫറോശി കി തമന്ന എന്ന ഗസല്‍ സയ്യദ് ശാ മുഹമ്മദ് ഹസന്‍ ബിസ്മില്‍ അസീമാബാദി രചിച്ചത്. സബാഹ് എന്ന മാഗസിനില്‍ ഇത് പ്രസിദ്ധീകരിച്ചിരുന്നു. മാഗസിന്‍ ബ്രിട്ടീഷുകാര്‍ കണ്ട് കെട്ടിയിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹം കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ മൗലാനാ ആസാദിന്‍റെ സാന്നിദ്ധ്യത്തില്‍ ഈ ഗസല്‍ ആലപിക്കുകയുണ്ടായി. ഈ ഗസല്‍ രചിച്ച ശേഷം ബിസ്മില്‍ തന്‍റെ ഗുരു ശാദ് അസീമാബാദിക്ക് അയച്ചു കൊടുക്കുകയും അതില്‍ തന്നെ ശാദ് തിരുത്തി തിരിച്ചയക്കുകയും ചെയ്ത കോപ്പി ഇന്നും പാറ്റ്നയിലെ ഖുദാബഖ്ശ് പബ്ലിക് ഓറിയന്‍റല്‍ ലൈബ്രറിയില്‍ ഉണ്ട്. ബിസ്മില്‍ തന്‍റെ കവിത സമാഹാരമായ  ڇഹിക്കായത്തെ ഹസ്തി ڈയിലും ഈ ഗസല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1973 മാര്‍ച്ച് 25ന് പ്രസിദ്ധീരിച്ച  'മിലാപ്പ്'(ലണ്ടന്‍) പത്രത്തിന്‍റെ ഭഗത്സിംഗ് വിശേഷാല്‍ പതിപ്പിന്‍റെ എഡിറ്റോറിയലില്‍ പത്രാധിപര്‍ എഴുതിയത് ഇങ്ങനെയായിരുന്നു.  'കാക്കോരി സംഭവത്തിലെ രക്തസാക്ഷികള്‍ക്ക് സമ്മാനമായിട്ട് മൗലാനാ ഹസ്റത്ത് മൊഹാനി എഴുതിക്കൊടുത്തതായിരുന്നു സര്‍ഫറോശി കി തമന്ന എന്ന വരികള്‍ പിന്നീട് അദ്ദേഹം ആ കവിതയുടെ അവകാശത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.' എന്നാല്‍ പിന്നീട് നടന്ന ഗവേഷണങ്ങളില്‍ ഇത് ശുദ്ധ അസംബന്ധമാണെന്ന് തെളിയുകയായിരുന്നു.

ധാരാളം കവിതകളും ഈരടികളും ഇപ്രകാരം യഥാര്‍ത്ഥ രചയിതാക്കളെ വിസ്മരിച്ചുകൊണ്ട് പലരുടെയും പേരില്‍ അറിയപ്പെട്ടിട്ടുണ്ട്. അല്ലാമാ ഇഖ്ബാലിന്‍റെ പേരില്‍ നൂറ് കണക്കിന് വ്യാജ ഉര്‍ദു ഈരടികള്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട്.

''ഫാനൂസ് ബന്‍ കെ ജിസ് കി ഹിഫാസത്ത് ഹവാ കറേ
വോ ശമ്മ ക്യാ ബുത്ഥേ ജിസേ റോശന്‍ ഖുദാ കറേ''

ഈ ഈരടി പലയിടത്തും ഇഖ്ബാലിന്‍റെ പേരില്‍ വന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ സൃഷ്ടാവ് ജോന്‍പൂരിലെ ശഹീര്‍ മച്ഛലി ശഹ്റിയാണ്. അത് പോലെ തന്നെ മീര്‍സാ മുഹമ്മദ് റസാ ഖാന്‍ ബര്‍ഖ് ലഖ്നവിയുടെ

''മുദ്ദഈ ലാഖ് ബുരാ ചാഹേ തൊ ക്യാ ഹോത്താ ഹൈ
വഹി ഹോത്ത ഹൈ ജോ മന്‍സൂറെ ഖുദാ ഹോത്താ ഹൈ''

എന്ന ഈരടിയും പലരും ഇഖ്ബാലിന്‍റെ നാമത്തില്‍ ചാര്‍ത്തി കൊടുക്കാറുണ്ട്.

''ഖുദാ നെ ആജ് തക്ക് ഉസ് ഖൗം കി ഹാലത്ത് നഹീ ബദ് ലി
നാ ഹോ ജിസ് കൊ ഖയ്യാല്‍ ആപ്പ് അപ്നി ഹാലത്ത് കെ ബദല്‍ നെ ക ''

സമീന്ദാര്‍ പത്രത്തിന്‍റെ പത്രാധിപരും കവിയുമായ മൗലാന സഫര്‍ അലിഖാന്‍റെ വരികളാണിത്. കേരളം സന്ദര്‍ശിച്ച അദ്ദേഹം മലബാറിനെക്കുറിച്ച് കവിതകള്‍ എഴുതിയിട്ടുണ്ട്.  ڇബഹാറിസ്താന്‍ ڈ എന്ന അദ്ദേഹത്തിന്‍റെ കവിത സമാഹാരത്തിലുള്ള ഈ കവിത പലരും ഇഖ്ബാലിന്‍റെ പേരില്‍ പ്രചരിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും ഇത്തരം പ്രചരണം വളരെ സജീവമാണ്,

ഒരിക്കല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രോഗബാധിതനായി കിടക്കുമ്പോള്‍ സുനില്‍ദത്തിന്‍റെ ഭാര്യ നര്‍ഗ്ഗീസ് അദ്ദേഹത്തെ കാണാനെത്തിയപ്പോള്‍ നെഹ്റു ചൊല്ലിയ ഈരടികള്‍ ഇങ്ങനെയായിരുന്നു.

''ഉന്‍  കെ ദേ ഖെ സെ ജോ ആജിത്തി ഹൈ മൂപ്പര്‍ റൗനബ്
വോ സമത്ധ നെ ഹൈ കെ ബീമാര്‍ കഹാല്‍ അച്ഛാ ഹൈ''

''അവരെ ദര്‍ശിച്ചതിനാല്‍ വര്‍ണ്ണാഭമായെന്‍ വദനം 
രോഗി സൗഖ്യത്തിലായെന്നവര്‍ ധരിച്ചിരിക്കുന്നു''

നെഹ്റുവിന്‍റെ മാതൃഭാഷ ഉര്‍ദു ആയതിനാലായിരിക്കണം ഉര്‍ദു സാഹിത്യത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവര്‍ ഇത് നെഹ്റുവിന്‍റെ സ്വന്തം വരികളാണെന്ന് ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് മിര്‍സാഗലിബിന്‍റെ പ്രശസ്തമായ വരികളാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്.

ഉര്‍ദുഭാഷയിലെ കവിതാശകലങ്ങള്‍ പലരും സ്ഥാനത്തും അസ്ഥാനത്തും ധാരാളമായി ഉപയോഗിക്കാറുണ്ട്. ചില പ്രത്യേക സംഭവങ്ങളുമായി ബന്ധപ്പെട്ട് ചിലതെല്ലാം രചയിതാവിനെ മറന്ന് പ്രശസ്തമാകും. ഒരു കവിയുടെ രചനകള്‍ മറ്റൊരു പ്രശസ്ത കവിയുടെ പേരില്‍ പ്രചരിപ്പിക്കുന്നതും സാധാരണമാണ്. ഇതെല്ലാം ബോധപൂര്‍വ്വമല്ലാതെയും ശ്രദ്ധക്കുറവിനാലും സംഭവിക്കുന്നവയാണ്. രചയിതാക്കളെ മറന്ന് ആസ്വാദക വൃന്ദത്തിനകത്ത് ചിരകാലത്തേക്ക് ഓര്‍മ്മിക്കപ്പെടുന്ന നിരവധി ഈരടികള്‍ സൗന്ദര്യവും കവിഭേദമന്യേ സാഹിത്യ സംഗീതപ്രേമികളെ സ്വാധീനിച്ചിരിക്കുന്നു എന്നും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്.

Sunday, 24 January 2021

മലബാര്‍ ചരിത്രത്തില്‍ ഉര്‍ദു ഭാഷ്യം - ഡോ. കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്

ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ഭാഷയായി ഉര്‍ദുവിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷകളില്‍ ഉര്‍ദു ഇടം നേടിയിട്ടുണ്ട്. ഭാഷകളെല്ലാം പൊതുവായ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. സര്‍വഭേദങ്ങള്‍ക്കുമന്യേ സംസാരിക്കപ്പെടുന്ന മലയാളം കേരളത്തിന്റെ സാംസ്‌കാരികാവബോധത്തിന്റെ മികച്ച ഉദാഹരണമാണ്.

ഉര്‍ദു ഭാഷയില്‍ രചിക്കപ്പെട്ട മലബാറിന്റെയും കേരളത്തിന്റെയും ചരിത്ര കൃതികളിലൂടെ സഞ്ചരിക്കുന്നത് ഏറെ കൗതുകകരമാണ്. ചരിത്രാന്വേഷണത്തിന്റെ പുതുവഴി കൂടിയായി ഇതിനെ കാണാം. മലബാര്‍ ചരിത്രത്തിന്റെ അവിഭാജ്യ ഭാഗമാണ് 1921ലെ ബ്രിട്ടീഷ് വിരുദ്ധപോരാട്ടം. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഈ സമരത്തിന്റെ നാനാവശങ്ങളും വക്രതയില്ലാതെ അനാവരണം ചെയ്യപ്പെട്ടതും പുറംലോകത്ത് ചര്‍ച്ചയാക്കിയതും ഉര്‍ദു പ്രസിദ്ധീകരണങ്ങളിലൂടെയാണ്. സമീന്ദാര്‍, വക്കീല്‍, ഖിലാഫത്ത്, ഹംദര്‍ദ്, തുടങ്ങിയ ഉര്‍ദുപത്രങ്ങളായിരുന്നു നിരന്തരം വാര്‍ത്തകളും എഡിറ്റോറിയലുകളും പ്രസിദ്ധീകരിച്ചിരുന്നത്. നിരവധി ലേഖനങ്ങളും ഇവയിലൂടെ വന്നുകൊണ്ടിരുന്നു. മലയാളത്തില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട വാര്‍ത്തകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് ഉര്‍ദുപത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടായിരുന്നു.
1921ലെ സമരാനന്തരം മലബാറിന്റെ ദുരവസ്ഥയെകുറിച്ച് വായിച്ചറിഞ്ഞ പൂനെ ആസ്ഥാനമായ ജെ.ഡി.ടി.ഐ (ജംഇയ്യത്തെ ദഅ്‌വത്തെ തബ്‌ലിഗെ ഇസ്‌ലാം) എന്ന സംഘടന കോഴിക്കോട്ട് ഒരു അനാഥശാല സ്ഥാപിച്ചു. കേരളത്തിലെ ആദ്യ അനാഥശാലയാണ് ഇത്. ജെ.ഡി.ടി.ഐയുടെ മറ്റൊരു ശാഖ ലാഹോറിലെ പഞ്ചാബിലായിരുന്നു. ഇവിടെ നിന്നാണ് കേരളത്തിലേക്ക് ആശ്വാസ പ്രവര്‍ത്തനങ്ങളുമായി ഖസൂരി കുടുംബം എത്തുന്നത്. ഇവിടെ നടന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചിരുന്നത് മൊഹിയുദ്ദീന്‍ അഹമ്മദ് ഖസൂരി ആയിരുന്നു. അദ്ദേഹം ‘റൂദാദെ അമല്‍, മലബാര്‍’ (മലബാറിലെ സ്ഥിതിഗതികളും റിലീഫ് പ്രവര്‍ത്തനങ്ങളും) എന്ന നാമത്തില്‍ എഴുപത്തിനാല് പേജുള്ള ഒരു പുസ്തകം 1922 ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. കലാപാനന്തര മലബാറിന്റെ നേര്‍ക്കാഴ്ചകളായിരുന്നു ഈ പുസ്തകം വിവരിച്ചത്.
മലബാറില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധസമരങ്ങളെ അക്കാലത്ത് സങ്കുചിതമായി ചിലര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിരുന്നു. തികച്ചും വര്‍ഗീയമായി അവതരിപ്പിക്കാന്‍ നടന്ന അത്തരം ശ്രമങ്ങളെ നേരിടാനും തിരുത്താനും ഉര്‍ദു പത്രങ്ങളാണ് രംഗത്തുവന്നത്. കലാപത്തെ സംബന്ധിച്ച് വീക്ഷണങ്ങള്‍ പ്രചരിക്കവേ മലബാറില്‍ യഥാര്‍ഥത്തില്‍ നടന്നതെന്തെന്ന് അന്വേഷിക്കുന്നതിനായി ജംഇയ്യത്തുല്‍ ഉലമയുടെ അഖിലേന്ത്യാ കമ്മിറ്റി മൗലാനാ മാജിദ് ഖാദിരിയുടെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും അവരുടെ ഉര്‍ദുവിലുള്ള കണ്ടെത്തലുകള്‍ 1923 ജനുവരി 28ന് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ‘കശഫെ ഹഖീഖത്ത് മലബാര്‍’ (മലബാറിലെ യാഥാര്‍ഥ്യങ്ങളുടെ വെളിപ്പെടുത്തലുകള്‍) എന്ന പേരിലുള്ള ഈ കൊച്ചു കൃതി ദാറുല്‍ തസാനീഫ്, ബദായൂന്‍ എന്ന പ്രസിദ്ധീകരണ സ്ഥാപനം വഴി മുഹമ്മദ് അബ്ദുല്‍ ഹാമിദ് ഖാദരി സാഹിബ് ഉസ്മാനി പ്രസ്സ് (ബദായൂന്‍) ല്‍ നിന്നാണ് അച്ചടിച്ച് പുറത്തിറക്കിയത്.
ഈ കൃതിക്ക് പിറകെ മലബാറിനെ കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു കൃതിയായിരുന്നു ‘മലബാര്‍ വ മാപ്പില’ (മലബാറും മാപ്പിളമാരും) മൗലാന ആസാദ് സുബ്ഹാനി രചിച്ച 60 പേജുള്ള ഈ കൃതി 1924ല്‍ കാണ്‍പൂരിലെ ‘ദാരിയത്തുല്‍ ഇല്‍മിയ’ ആണ് പ്രസിദ്ധീകരിച്ചത്. ആസാദ് സുബ്ഹാനി മുസ്‌ലിം ലീഗിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും മുതിര്‍ന്ന നേതാവായിരുന്നു. അക്കാലത്ത് കേരളം സന്ദര്‍ശിക്കുകയും ചെയ്തു.
മദ്രാസ് സര്‍വകലാശാലക്ക് കീഴിലുള്ള മദ്രാസ് മുഹമ്മദന്‍ കോളജില്‍ 1928 ഫെബ്രുവരി 21 ന് സംഘടിപ്പിച്ച ഒരു പ്രഭാഷണ പരിപാടിയില്‍ ചരിത്രകാരനും ഗവേഷകനും പണ്ഡിതനുമായ സയ്യിദ് ശംസുല്ല ഖാദിരി ‘മലബാര്‍ സെ അറബോം കെ തഅ്ല്ലൂഖാത്ത്’ (മലബാറുമായുള്ള അറബികളുടെ ബന്ധം) എന്ന വിഷയത്തില്‍ നടത്തിയ സുദീര്‍ഘമായ ഉര്‍ദു പ്രഭാഷണം 1929 ല്‍ 16 പേജുള്ള ഒരു ബുക്ക്‌ലെറ്റായി ഹൈദരാബാദില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. 1885 നവംബര്‍ അഞ്ചിന് ഹൈദരാബാദില്‍ ജനിച്ച് വളര്‍ന്ന ഈ മഹാപണ്ഡിതന്‍ ഉര്‍ദുവില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1928 ല്‍ അദ്ദേഹം മദ്രാസില്‍ അവതരിപ്പിച്ച പ്രബന്ധത്തെ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തി ‘മലബാര്‍’ എന്ന നാമത്തിലുള്ള പുസ്തകം അലിഗഢ് മുസ്‌ലിം സര്‍വകലാശാല പ്രസിദ്ധീകരിക്കുകയുണ്ടായി. അലിഗഢിലെ മുസ്‌ലിം എഡ്യുക്കേഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായിട്ടാണ് 1930ല്‍ ഇത് പ്രസിദ്ധീകരിച്ചത്. ഉര്‍ദുഭാഷയില്‍ രചിക്കപ്പെട്ട ആധികാരികമായ മലബാര്‍ ചരിത്രരേഖയാണിത്. ‘പ്രാചീന മലബാര്‍’ എന്ന നാമത്തില്‍ ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ആദ്യകാല മലബാറിനെ കുറിച്ചുള്ള ആധികാരിക ചരിത്ര ഗ്രന്ഥമാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം അറബിയില്‍ രചിച്ച ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’. ഹിജ്‌റ വര്‍ഷം 992 ല്‍ രചിച്ച ഈ ഗ്രന്ഥം 1936ല്‍ സയ്യിദ് ശംസുല്ല ഖാദിരി ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്തത് അലിഗഢില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതും ഓള്‍ ഇന്ത്യാ മുസ്‌ലിം എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായിട്ടാണ് പ്രസിദ്ധീകരിച്ചത്.
ഇത് കൂടാതെ സയ്യിദ് ശംസുല്ല ഖാദിരി തന്റെ ഉര്‍ദുമാസികയായ ‘താരീഖ്’ ലും ഉസ്മാനിയ യൂനിവേഴ്‌സിറ്റിയുടെ മാഗസിനിലും മലബാറിനെ കുറിച്ച് ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഉര്‍ദു ലോകത്തേക്ക് മലബാര്‍ ചരിത്രം സവിസ്തരം എത്തിക്കുന്നതില്‍ സയ്യിദ് ശംസുല്ല ഖാദിരിയുടെ പങ്ക് വിലപ്പെട്ടതാണ്. 1953 ഒക്‌ടോബര്‍ 22 ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
1929 മാര്‍ച്ച് 22, 23 തിയ്യതികളിലായി അലഹബാറിലെ ഹിന്ദുസ്ഥാനി അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ പ്രശസ്ത പണ്ഡിതനും ഗവേഷകനും നിരവധി കൃതികളുടെ രചയിതാവുമായ മൗലാന സയ്യിദ് സുലൈമാന്‍ നദ്‌വി ‘അറബ് ഹിന്ദ് കെ തഅലൂഖാത്ത്’ എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിച്ച സുദീര്‍ഘമായ പ്രബന്ധം ക്രോഡീകരിച്ച് 1930ല്‍ 445 പേജുള്ള ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദുസ്താനി അക്കാദമി തന്നെയാണ് ഇതിന്റെ പ്രസാധകര്‍. അറേബ്യയുമായി മലബാറിന്റെ ചിരപുരാതന ബന്ധം വിവരിക്കുന്ന ഈ കൃതി മലയാളത്തില്‍ ‘ഇന്‍ഡോ അറബ് ബന്ധങ്ങള്‍’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മൗലാന സയ്യിദ് സുലൈമാന്‍ നദ്‌വി യുടെ മറ്റൊരു പ്രശസ്ത ഗ്രന്ഥമാണ് ‘അറബോം കി ജഹാസ് റാനി’. ഈ കൃതിയിലും മലബാര്‍ തീരത്തും മറ്റു തീരദേശങ്ങളിലും അറബികള്‍ നടത്തിയ കപ്പലോട്ടങ്ങളെ കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. 167 പേജുള്ള പ്രൗഢമായ ഗ്രന്ഥമാണിത്. ബോംബെയിലെ ഇസ്‌ലാമിക് റിസര്‍ച്ച് അസോസിയേഷനാണ് ഇത് ക്രോഡീകരിച്ച് 1935ല്‍ ആസംഗഢിലെ മആരിഫ് പ്രസില്‍ നിന്ന് അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. ‘അറബികളുടെ കപ്പലോട്ടം’ എന്ന പേരില്‍ ഇതും മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഇവ കൂടാതെ ഒട്ടേറെ ലേഖനങ്ങളും മലബാര്‍ ചരിത്ര സംബന്ധിയായി ഉര്‍ദു പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഉര്‍ദു പാഠപുസ്തകങ്ങളിലും ധാരാളമായി ഉര്‍ദു ചരിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ കലാലയമായ ഉസ്മാനിയാ സര്‍വകലാശാലയുടെ പാഠ പുസ്തകങ്ങളിലും ‘മലബാര്‍’ വിഷയമായിട്ടുണ്ട്. മൗലവി സയ്യിദ് ഹാശ്മി ഫരീദാബാദി 1920ല്‍ തയ്യാറാക്കിയ ‘താരിഖെ ഹിന്ദ്’ (ഇന്ത്യ ചരിത്രം) ലും 1937 ല്‍ അദ്ദേഹം തന്നെ മൂന്നു വാള്യങ്ങളിലായി രചിച്ച ‘താരീഖെ ഹിന്ദി’ ലും മലബാര്‍ അധ്യായങ്ങളുണ്ട്. അതുപോലെ തന്നെ 1879ല്‍ മൗലവി മുഹമ്മദ് സക്കാഉല്ല ഏഴ് വാള്യത്തില്‍ തയ്യാറാക്കിയ ‘താരിഖെ ഹിന്ദ്’ ലും മലബാര്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. അലിഗഢിലെ മുഹമ്മദന്‍ ഓറിയന്റല്‍ കോളജിനും അലഹാബാദിലെ മെവര്‍ സെന്‍ട്രല്‍ കോളജിനും വേണ്ടിയായിരുന്നു ഇത് തയ്യാറാക്കിയത്.
കേരളത്തില്‍ നിന്ന് ആദ്യമായി പ്രസിദ്ധീകരിച്ച ഉര്‍ദു മാസികയായിരുന്നു ‘നാര്‍ജിലിസ്താന്‍’ (കേരനാട്). 1938 മെയ് മാസത്തില്‍ തലശ്ശേരിയില്‍ നിന്നിറങ്ങിയ ഈ മാസികയുടെ ആദ്യലക്കത്തില്‍ ഡോ. മുഹമ്മദ് ഹമീദുല്ല ‘താരീഖ് ഹിന്ദ്‌മെ മലബാര്‍ കി അഹ്മിയത്ത്’ (ഇന്ത്യ ചരിത്രത്തില്‍ മലബാറിന്റെ പ്രസക്തി) എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയിരുന്നു. അദ്ദേഹത്തിന്റെ യാത്രാ വിവരണത്തിലും മലബാര്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, എന്നിവിടങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടെങ്കിലും അതിന്റെ വിവരണം പ്രസിദ്ധീകരിച്ചിട്ടില്ല. മൗലാന സഫര്‍ അലിഖാന്‍ നാര്‍ജിലിസ്താനില്‍ ‘മലബാര്‍’, ‘നാര്‍ജിലിസ്താന്‍’ എന്നീ പേരുകളിലെഴുതിയ പ്രൗഢമായ രണ്ട് കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് അദ്ദേഹം എഡിറ്ററായിരുന്ന ‘സമീന്ദാര്‍’ പത്രത്തില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നതാണ്. 1922 ഫെബ്രുവരി അഞ്ചിന് പുറത്തിറങ്ങിയ ‘സമീന്ദാര്‍’ പത്രത്തില്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ‘മുസല്‍മാനാനെ മലബാര്‍ കി ദര്‍ദ്‌നാക്ക് ഫരിയാദ്’ (മലബാറിലെ മുസ്‌ലിംകളുടെ വേദനാജനകമായ വിലാപങ്ങള്‍) എന്ന ഒരു ലേഖനമെഴുതിയിരുന്നു.
1921ല്‍ കറാച്ചിയില്‍ സ്ഥാപിതമായ ‘മലബാര്‍ മുസ്‌ലിം ജമാഅത്തി’ന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് 1971ല്‍ പുറത്തിറക്കിയ സുവനീറില്‍ ഡോ. മുഹമ്മദ് ഹമീദുല്ല ‘മലബാര്‍ കെ ഇഹ്‌സാന്‍ ഹിമാലയ തലെ കെ ബറെ ആസം’ (ഹിമാലയ പര്‍വതത്തോളം മലബാറിനോട് ഭൂഖണ്ഡം കടപ്പെട്ടിരിക്കുന്നു) എന്ന ശീര്‍ഷകത്തില്‍ ലേഖനമെഴുതിയിരുന്നു. ഇതേ സുവനീറില്‍ ‘മൊപലിസ്താന്‍ കീ താരീഖ്’ (മാപ്പിളനാടിന്റെ ചരിത്രം) മുഹമ്മദ് മലബാരിയുടെ ‘മലബാര്‍ കീ താരീഖ്’ (മലബാറിന്റെ ചരിത്രം) കൊന്നക്കാടന്‍ സുലൈമാന്റെ ‘മലബാര്‍ കീ പൈദാവര്‍’ (മലബാറിലെ ഉത്പന്നങ്ങള്‍) ഉമ്മത്തുല്‍ ലത്തീഫിന്റെ ‘മലബാര്‍ ഇസ്‌ലാമി തഹ്‌സീബ് ക ഗഹ്‌വാരാ’ (മലബാര്‍ ഇസ്‌ലാമിക സംസ്‌കാത്തിന്റെ മടിത്തട്ട്) പ്രൊഫ. സയ്യിദ് മുഹമ്മദ് സലീമിന്റെ ലേഖനങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിരുന്നു.
മലബാറിന്റെ ചരിത്രം ഇപ്രകാരം പലപ്പോഴായി ഉര്‍ദുവില്‍ രചിക്കപ്പെട്ടിട്ടുണ്ട്. മതപണ്ഡിതനും ഗവേഷകനുമായ മൗലാന അക്ബര്‍ ശാഹ്ഖാന്‍ നജീബ് ആബാദി 1920 ല്‍ രചിച്ച ‘ആയിനായെ ഹഖീഖത്ത് നുമാ’ (യാഥാര്‍ഥ്യത്തിന്റെ കണ്ണാടി) എന്ന രണ്ട് വാള്യത്തിലുള്ള ബൃഹത്തായ ഗ്രന്ഥത്തില്‍ മലബാറിലെ ഇസ്‌ലാമിന്റെ ആഗമനം, ചേരമാന്‍ പെരുമാള്‍ സംഭവം, എന്നിവ വിശദമായിത്തന്നെ പറയുന്നുണ്ട്. 2001 ല്‍ മൗലാന അബ്ദുല്‍ അഹമ്മദ് ഖാസിമി താരാപൂരിയുടെ ‘ഖമര്‍ വ മൊ അജിസ ശഖുല്‍ ഖമര്‍’ എന്ന ഗ്രന്ഥത്തില്‍ ചേരമാന്‍ പെരുമാള്‍ ചന്ദ്രന്‍ പിളര്‍ന്നത് കണ്ടതും തുടര്‍ സംഭവങ്ങളും മറ്റും വിവരിക്കുന്നുണ്ട്. ശാസ്ത്രവും മതവും അടിസ്ഥാനമാക്കിയാണ് സംഭവങ്ങളെ ഇതില്‍ വിലയിരുത്തുന്നത്. 2008 ല്‍ അനീസ് ചിശ്ത്തി രചിച്ച ‘ജ ങ്കെ ആസാദി ഓര്‍ മുസല്‍മാന്‍’ (സ്വാതന്ത്ര്യ സമരവും മുസ്‌ലിംകളും) എന്ന കൃതിയില്‍ 1921 ല്‍ നടന്ന ‘വാഗണ്‍ ട്രാജഡി’ സംഭവം വിശമദമായി പ്രതിപാദിക്കുന്നുണ്ട്. ഡല്‍ഹിയിലെ എഡ്യുക്കേഷണല്‍ പബ്ലിഷിങ് ഹൗസാണ് 68 പേജുള്ള ഈ കൃതി പ്രസിദ്ധീകരിച്ചത്. 2015 ല്‍ ലഖ്‌നൗവില്‍ നിന്ന് ‘മജ്‌ലിസ് തഹ്ഖീഖാത്ത് വനശ് റിയാത്ത് ഇസ്‌ലാം’ പ്രസിദ്ധീകരിച്ച കൃതിയായിരുന്നു ‘തഹ്‌രീകെ ആസാദി മെ ഉലമാ ക കിര്‍ദാര്‍’. ഇത് ഫൈസല്‍ അഹമ്മദ് നദ്‌വി ഭട്ടക്കലിയായിരുന്നു രചിച്ചത്. ഈ ഗ്രന്ഥത്തിലെ അമ്പതോളം പേജുകള്‍ രണ്ട് അദ്ധ്യായങ്ങളിലായി കേരള ചരിത്രമാണ് വിവരിക്കുന്നത്. 1857 വരെയുള്ള കേരള ചരിത്രവും സ്വാതന്ത്ര്യ സമരവും ഇതില്‍ ഉള്‍പ്പെടുന്നു.
ഉര്‍ദുവിലെ മലബാര്‍ ചരിത്രത്തെ കുറിച്ച് ഇനിയും കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ട്. കാണാമറയത്തുള്ള നിരവധി ചരിത്ര സംഭവങ്ങള്‍ ഇനിയുമേറെ അനാവരണം ചെയ്യാനുണ്ട്.

Sunday, 8 November 2020

ഉര്‍ദുവിനെ പ്രണയിച്ച ശമ്മു - അബ്ദുസ്സലാം ഫൈസി അമാനത്

 
ഉര്‍ദുവിനെ പ്രണയിച്ച ശമ്മു കവി അല്ലാമ ഇഖ്ബാലിന്റെ ജന്മദിനത്തെ അനുസ്മരിച്ച് എല്ലാ വര്‍ഷവും നവംബര്‍ ഒന്‍പതിന് ഉര്‍ദു ദിനമായി ആചരിക്കുന്നു. ഉര്‍ദു ജീവിതസപര്യയായി കൊണ്ടുനടക്കുന്ന മലയാളിയെ പരിചയപ്പെടാം...

കേരളത്തിലെ ഉര്‍ദു ഭാഷാ ചരിത്രമെഴുതുമ്പോള്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ക്കാട്ടെ എ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉര്‍ദു അധ്യാപകന്‍ ഡോ. ശംസുദ്ദീന്‍ തിരൂര്‍ക്കാടിന് ശ്രദ്ധേയമായൊരു സ്ഥാനമുണ്ടാവും. അറിവിനോടും ഭാഷകളോടും അനുരാഗം പുലര്‍ത്തുന്നവര്‍ക്കൊക്കെ പകുത്ത് നല്‍കാന്‍ സദാ സന്നദ്ധനാണ് അനന്യസാധാരണമായ ഭാഷാപാടവവും ഉര്‍ദുവിലുള്ള അഗാധജ്ഞാനവുമുള്ള ഡോ. കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്. ഇഷ്ടക്കാര്‍ അദ്ദേഹത്തെ ശമ്മുവെന്നു വിളിക്കും. കാവ്യാത്മകമായി ഉര്‍ദുവില്‍ എഴുതുകയും പറയുകയും ചെയ്യുന്ന ഈ മഹാപ്രതിഭയുടെ 

അക്ഷരങ്ങള്‍ക്കും ശബ്ദത്തിനും സര്‍വ്വകലാശാലകളിലെ പഠിതാക്കളും ഗവേഷകരും അദ്ധ്യാപകര്‍പോലും കൗതുകത്തോടെ ചെവിയോര്‍ക്കുന്നു. ചെറുപ്പം മുതലേ തന്റെ രചനാപാടവം തെളിയിച്ച ശമ്മു അല്‍പകാലം ബോംബെയിലെ ഹിന്ദുസ് താന്‍ ഉര്‍ദു ദിനപ്പത്രത്തിലായിരുന്നു.

അദ്ദേഹത്തിന്റെ ലേഖനങ്ങളും രചനകളില്‍ മിക്കതും പ്രസിദ്ധീകൃതമായത് കേരളത്തിന്റെ പുറത്താണ്.

 മുംബൈയില്‍ നിന്ന് മലയാളക്കരയില്‍

 മുംബൈ മഹാനഗരത്തിന്റെ ഹൃദയത്തില്‍ ജനിച്ച്, ബാല്യം ചെലവഴിച്ച്, മലയാളത്തിന്റെ സുകൃതത്തിലേക്ക് ചേക്കേറിയ ശംസുദ്ദീന്റെ വൈജ്ഞാനിക സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണ്. കേരളത്തില്‍ ഉര്‍ദു ഭാഷയെ ജനപ്രിയമാക്കാനും അറിവിന്‍ രത്‌നങ്ങളെ ജ്ഞാനോത്സുക സമൂഹത്തിന് നല്‍കാനും അദ്ദേഹം കാണിച്ച ഔത്സുക്യവും മെയ്‌വഴക്കവും അനുപമമാണ്. സവിശേഷമായ ഈ സിദ്ധികളുടെ മൂല്യം നിശ്ചയിക്കുക പ്രയാസം. നാളിതുവരെയും തന്നെത്തേടിയെത്തിയ അസംഖ്യം ആദരങ്ങളും പുരസ്‌കാരങ്ങളും ഇക്കാര്യം സാക്ഷ്യപ്പെടുത്തും. അലഹാബാദ് സര്‍വ്വകലാശാലയിലെ അന്‍ജുമന്‍ റൂഹെ അദബും മുസ്‌ലിം ബോര്‍ഡിങ് ഹൗസും ചേര്‍ന്ന് നവോഥാന നായകന്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്റെ സന്തതസഹചാരി ജംഗ് ബഹാദുര്‍ സമീഉല്ലാ ഖാന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിനും ഈ ഭാഷാ പണ്ഡിതന്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ഉര്‍ദു ഭാഷയ്ക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ചായിരുന്നു ഈ അംഗീകാരം.

ഭാഷാസ്‌നേഹികളുടെ ആദരം

ഇന്ത്യയുടെ വ്യത്യസ്ത സംസ്‌കാരങ്ങളെയും വിഭിന്നങ്ങളായ ആചാരാനുഷ്ഠാനങ്ങളെയും ചിന്താപ്രസ്ഥാനങ്ങളെയും കോര്‍ത്തിണക്കുന്നതില്‍ ഉര്‍ദു ഭാഷയുടെ വിശാലതയും സവിശേഷമായ ഘടനയും തന്റെ രചനകളിലൂടെയും ലേഖനങ്ങളിലൂടെയും നിരന്തരമായി അദ്ദേഹം വിശദീകരിക്കാറുണ്ട്. ഉര്‍ദു ഒരിക്കലും മതാധിഷ്ഠിതമായ ഭാഷയല്ല, മതേതര ഭാഷയാണ്. അറബിയോടും പേര്‍ഷ്യനോടുമുള്ള ഉര്‍ദു ലിപിയുടെ സാമ്യതകൊണ്ട് മാത്രം ആ ഭാഷയ്ക്ക് ഒരു മതത്തിന്റെ നിറം ചാര്‍ത്തുന്നത് അജ്ഞതയും ചരിത്ര നിഷേധവുമാണെന്ന യാഥാര്‍ഥ്യം ഉര്‍ദു ഭാഷയുടെ ഈ കാവല്‍ക്കാരന്‍ വിളിച്ചു പറയുന്നു. ജമ്മു സര്‍വകലാശാലയിലേക്ക് സെമിനാര്‍ പേപ്പര്‍ പ്രസന്റേഷനു വേണ്ടി ക്ഷണിക്കപ്പെട്ട ശമ്മുവിന്റെ ഭാഷാ നൈപുണ്യം വേള്‍ഡ് ഉര്‍ദു കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ കൂടിയായ മോഡറേറ്റര്‍ പ്രൊഫ. ഖ്വാജാ ഇക്‌റാമുദ്ദീനെ ഏറെ വിസ്മയിപ്പിച്ചു. മറ്റുള്ളവര്‍ക്കെല്ലാം സമയപരിധി നിഷ്‌കര്‍ഷിക്കപ്പെട്ടപ്പോള്‍ ശമ്മുവിന് മാത്രം അതുണ്ടായില്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ ദക്ഷിണ മുനമ്പില്‍, ഉര്‍ദു ഭാഷ വേണ്ടപോലെ വേരിറങ്ങാത്ത കേരളത്തില്‍ നിന്നുവന്നെത്തിയ, തന്റെ മുന്‍പിലുള്ള അത്ഭുത മനുഷ്യനെ, അഗാധമായ അദ്ദേഹത്തിന്റെ അറിവിനെ സമയംകൊണ്ട് ബന്ധിക്കുന്നത് അനുചിതമാണെന്ന് തിരിച്ചറിഞ്ഞതിനാലാവാം ഒരുപക്ഷേ, മറ്റാര്‍ക്കുമില്ലാത്ത മോഡറേറ്ററുടെ ഈ ആനുകൂല്യം.

-സുപ്രഭാതം ദിനപത്രം, (ഞായര്‍ പ്രഭാതം) 2020 നവംബര്‍ 8

പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026

Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026  QUIZ LINK 8 PM  ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും  ക്വിസ്സ്...