Showing posts with label ആഗസ്റ്റ് 15. Show all posts
Showing posts with label ആഗസ്റ്റ് 15. Show all posts

Saturday, 21 August 2021

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിന ക്വിസ്-2021

സ്വാതന്ത്ര്യദിന ക്വിസ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്
*സര്‍ട്ടിഫിക്കറ്റ് തിരുത്തി തരുന്നതല്ല

തൃശ്ശൂര്‍,പത്തനംതിട്ട,തിരുവനന്തപുരം ഒരുമിച്ചാണ്.
ആലപ്പുഴ, എറണാകുളം, ഇടുക്കി ഒരുമിച്ചാണ്.
കൊല്ലം,കോട്ടയം ഒരുമിച്ചാണ്.


A ഗ്രേഡ് നേടിയ റാങ്ക് 1549 മുല്‍ 4840 (19 -16 മാര്‍ക്ക്) വരെയുള്ളവരുടെ അനുമോദന പത്രം 


ഫലപ്രഖാപനം കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

ആദ്യ 100 റാങ്കുകാര്‍ 

101 മുതല്‍ 1000 വരെയുള്ള റാങ്കുകാര്‍

1001 മുതല്‍ 1549 വരെയുള്ള റാങ്കുകാര്‍


















Independence Day Quiz in Urdu/ Malayalam






Sunday, 15 August 2021

സ്വാതന്ത്ര്യ സമരത്തില്‍ ഉര്‍ദു കവികള്‍ വഹിച്ച പങ്ക് -എം.എൻ. സത്യാർത്ഥി

ഉര്‍ദു കവികള്‍ കേവലം പുഷ്പങ്ങളുടെ മന്ദഹാസത്തിലും, പൂങ്കുയിലുകളുടെ കളകൂജനങ്ങളിലും, സഖിമാരുടെ കാല്‍ച്ചിലമ്പൊലിയിലും മതിമയങ്ങി സൗന്ദര്യാരാധന നടത്തുക മാത്രമല്ല ചെയ്തിട്ടുള്ളത്. അവര്‍ തങ്ങളുടെ കവിതകളാല്‍ ഭാരതീയരില്‍ ദേശീയബോധമുണര്‍ത്തി. സ്വാതന്ത്ര്യപ്രസ്ഥാനത്തിനു ജീവനും വായുവും നല്‍കി. ജാതിചിന്തകള്‍ക്കെതിരെ, അടിമത്തത്തിനെതിരെ സമരം ചെയ്യുവാന്‍ നമ്മെ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. കൂടാതെ ഉര്‍ദു കവികള്‍ മനുഷ്യന്‍റെ മൗലികാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സ്വയം രംഗത്തിറങ്ങി സമരം നടത്തുകയും ചെയ്തു.

അന്ധകാരാവൃതമായ മാര്‍ഗ്ഗങ്ങളില്‍കൂടി ചലിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യസമര സേനാനികള്‍ക്കും പുതിയ പ്രകാശം നല്‍കി നേര്‍മാര്‍ഗ്ഗങ്ങളുപദേശിക്കുന്നതിലും ഉര്‍ദു കവികള്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.

1857 ലെ കാലഘട്ടത്തില്‍ ഉര്‍ദു കവിത യൗവ്വനദശയിലെത്തിയിരുന്നിട്ടും മിര്‍സാ ഗാലിബ്, മോമന്‍, സൗക്ക്, ബഹദൂര്‍ഷാ സഫര്‍ ആദിയായ കവികള്‍ ഉര്‍ദു കവിതയെ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരുന്നു. എന്നാല്‍ മുഗള്‍ ഭരണത്തിന്‍റെ പതനവും സാമ്രാജ്യത്വമോഹികളായ ബ്രിട്ടീഷുകാരുടെ ആക്രമണവും നിമിത്തം സൗന്ദര്യഗായകന്‍മാരായ ആ കവികള്‍ക്ക് വിപ്ലവഗീതങ്ങള്‍ മുഴക്കേണ്ടി വന്നു. സ്വാതന്ത്ര്യത്തിനും, മാതൃഭൂമിക്കും വേണ്ടി എന്തുയാതനകളും സഹിക്കുവാനുള്ള സന്നദ്ധതയോടെ അവര്‍ തെരുവിലേക്കിറങ്ങി. ബാബറിന്‍റെയും അക്ബര്‍ ചക്രവര്‍ത്തിയുടെയും പിന്‍ഗാമിയായ ബഹദൂര്‍ഷാ സഫര്‍ കിരീടവും ധരിച്ച് സിംഹാസനത്തിലിരിക്കേണ്ട ഒരു ചക്രവര്‍ത്തി എല്ലാം നഷ്ടപ്പെട്ട് അവസാനം കല്‍ത്തുറുങ്കില്‍ കിടന്ന് നരകയാതനകളനുഭവിക്കേണ്ടിവന്നപ്പോഴും കവിതയില്‍കൂടി സ്വപ്രജകളെ സമാശ്വാസിപ്പിച്ചതിപ്രകാരമാണ്.

ഡെല്‍ഹിയുടെ ഈ നെടുവീര്‍പ്പുകളൊരു ദിവസം ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ സിംഹാസനമിളക്കിമറിച്ചിട്ടും, ലോകത്തിലെ സാമ്രാജ്യശക്തികളുടെ നിഷ്ഠൂരങ്ങള്‍ അറുത്തെറിയുന്നത് ഡെല്‍ഹിയിലെ കൊടുങ്കാറ്റായിരിക്കും.

പുഷ്പശയ്യയിലുറങ്ങിയിരുന്ന ഒരു ചക്രവര്‍ത്തിക്ക് കല്‍ത്തുറുങ്കില്‍ കിടന്നു നരകിക്കേണ്ടിവന്നപ്പോള്‍ പറഞ്ഞുപ്പോയ വാക്കുകളാണിതെങ്കിലും അദ്ദേഹത്തിന്‍റെ പ്രവചനം ഭാരതീയരെ സംബന്ധിച്ചിടത്തോളമെത്ര സത്യമായിരിക്കുന്നു.

ബഹദൂര്‍ഷാ സഫറിനോടൊന്നിച്ചു തന്നെ ഇന്ത്യയുടെ ക്ഷേമവും സമൃദ്ധിയും നഷ്ടപ്പെട്ടതായി ഭാരതീയര്‍ക്കനഭുവപ്പെട്ടു. സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചത്തില്‍ ജീവിച്ച ഭാരതീയര്‍ക്ക് അടിമത്തം ഒരു ശാപമായി അനുഭവപ്പെട്ടു. തന്നെയുമല്ല ഭാരതീയ സംസ്കാരത്തെപ്പോലും ഉന്‍മൂലനം ചെയ്യുവാനുള്ള യത്നങ്ങള്‍ നാലുപാടും നടന്നുകൊണ്ടിരുന്നു. തല്‍സമയം ഉര്‍ദു കവികള്‍, സംസ്കാരത്തിന് നേരെയുള്ള ആക്രമണത്തെ ചെറുക്കുന്നതിനും അടിമത്തച്ചങ്ങലയെ പൊട്ടിച്ചെറിയുന്നതിനും വേണ്ടി സധൈര്യം മുന്നോട്ടു വന്നു.

ഡല്‍ഹിയിലെ വിപ്ലവത്തിന് മുമ്പും ഉര്‍ദു കവിത രാഷ്ട്രീയവും സാമുദായികവും ദേശീയവുമായ വിഷയങ്ങളില്‍ അജ്ഞമല്ലായിരുന്നു. അതൊരു നൂറ്റാണ്ടു മുമ്പു മുതല്‍ക്കു തന്നെ ഇംഗ്ലീഷുകാരുടെ ഗൂഡതന്ത്രങ്ങളില്‍ ജാഗരൂകരായിരുന്നുകൊള്ളാന്‍ ഭാരതീയര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കികൊണ്ടിരുന്നു. സൗദാ, മീര്‍ തുടങ്ങിയ കവികള്‍ അടിമത്തത്തിനെതിരായി ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ വിപ്ലവം ഉര്‍ദു കവികളെ ഒന്നടങ്കം സ്വാതന്ത്ര്യസമരാങ്കണത്തിലേക്കാനയിച്ചു. അങ്ങനെ 1857 ലെ കാലഘട്ടം മുതല്‍ ഉര്‍ദുവില്‍ വിപ്ലവ കവിതകള്‍ സാധാരണയായിത്തീര്‍ന്നു.

അടിമത്തത്തെ ചെറുക്കാനും ജാതി ചിന്തകളുപേക്ഷിച്ചു, മാതൃഭൂമിയെ സ്നേഹിക്കാനും ഒറ്റക്കെട്ടായി നിന്നുകൊണ്ട് സമരം ചെയ്യുവാനും ഉര്‍ദു കവികള്‍ നമ്മെ ഉപദേശിച്ചുകൊണ്ടിരുന്നു. അഭിമാനത്തോടെ ജീവിതം നയിക്കുവാനും  വിഷമഘട്ടങ്ങളില്‍ പരിഭ്രാന്തരാകാതിരിക്കുവാനും വര്‍ഗ്ഗീയ വിവേചനത്തിതതീനമായി രാജ്യത്തോട് കൂറു കാണിക്കുവാനും മൗലാനാ ഹാലി, മുഹമ്മദ് ഹുസൈന്‍ ആസാദ് എന്നീ കവികള്‍ ഭാരതീയരെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യയുടെ അടിമത്തത്തില്‍ ആദ്യമായി അശ്രുപൊഴിച്ച കവി, മൗലാനാ ഹാലിയാണ്. സ്വാതന്ത്ര്യത്തിനും മാതൃഭൂമിയുടെ പുരോഗതിക്കും വേണ്ടി ജീവനെപ്പോലും ബലികഴിക്കുവാന്‍ സന്നദ്ധരാക്കുക എന്ന ആഹ്വാനത്തോടെയാണദ്ദേഹം രംഗത്തു വന്നത്.

"പൗരുഷത്തോടെ മരിക്കാനാഗ്രഹിക്കുന്നവര്‍ മാതൃഭൂമിക്കുവേണ്ടി രക്തസാക്ഷികളാകുക" എന്ന് ഉല്‍ബോധിപ്പിച്ചുകൊണ്ടാണ് മുഹമ്മദ് ഹുസൈന്‍ ആസാദ് സ്വാതന്ത്ര്യസമരത്തിനിറങ്ങിയത്. ഇവരെ കൂടാതെ മൗലാനാ ശിബ് ലി  നുഅ്മാനി, ഇസ്മായില്‍ മീററ്റി, അക്ബര്‍ അലഹബാദി ആദിയായ കവികളും ബ്രിട്ടീഷ് സാമ്രാജ്യത്തത്തോട് വെറുപ്പും അമര്‍ഷവും പ്രകടിപ്പിച്ചുകൊണ്ട് പാശ്ചാത്യ ഗൂഢതന്ത്രങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തി. അങ്ങനെ മെല്ലെ മെല്ലെ രാജ്യത്തുടനീളം വിപ്ലവ മനോഭാവം വ്യാപിച്ചതോടെ ഭാരതീയര്‍ കൂട്ടം കൂട്ടമായി സ്വാതന്ത്ര്യസമരത്തിലണിനിരന്നു. അതോടെ ഉര്‍ദു കവികള്‍ ആവേശത്തോടെ രംഗത്തിറങ്ങി പ്രത്യക്ഷസമരത്തില്‍ പങ്കുകൊള്ളാന്‍ തുടങ്ങി.

ഈ കാലഘട്ടത്തിലാണ് അല്ലാമാ ഇക്ബാല്‍, മൗലാനാ സഫര്‍ അലി ഖാന്‍, ബ്രജ് നാരയണ്‍  ചക്ബസ്ത്, ഹസ്റത്ത് മോഹാനി, ജോശ് മലീഹാബാദി തുടങ്ങിയ കവികള്‍ മുന്നോട്ടുവന്ന് അടിമത്തത്തിനെതിരായി സമരം പ്രഖ്യാപിച്ചത്.

ഹസ്റത്ത് മോഹാനി, സ്വാതന്ത്ര്യ സമരത്തിനു വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെക്കുകയാണ് ചെയ്തത്. അദ്ദേഹത്തെ അന്നത്തെ ഭരണാധികാരികള്‍ കല്‍ത്തുറുങ്കിലടച്ച് കൊടുംയാതനകള്‍ക്ക് വിധേയനാക്കി. എങ്കിലും ഹസ്റത്തിനെ തന്‍റെ ലക്ഷ്യത്തില്‍ നിന്ന് അണുവോളം വ്യതിചലിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അടിമത്തത്തോട് തനിക്കുള്ള അമര്‍ഷം ഹസ്റത്ത്  മോഹാനി ഇപ്രകാരവും വ്യക്തമാക്കാന്‍ മടിച്ചില്ല. ശത്രുക്കളുടെ പീരങ്കിക്കു മുന്‍പില്‍ ജീവിതമര്‍പ്പിക്കുന്നതെനിക്കു സ്വീകാര്യമല്ല. എന്നാല്‍ അതേ പീരങ്കീയുടെ മുഖം ശത്രുക്കളുടെ നേരെ തിരിച്ചുവെക്കുന്നതാണെനിക്ക് സന്തോഷം.

അല്ലാമാ ഇക്ബാല്‍ 'താരാനയേ ഹിന്ദി', 'നയാ ശിവാലാ', 'ബെച്ചോം കാ കൗമി ഗീത്' എന്നീ കൃതികളിലൂടെ ദേശഭക്തിയും സ്വാതന്ത്ര്യപ്രേമവും സ്പഷ്ടമാക്കി. ജോശ് മലീഹാബാദിയാകട്ടെ തൂലികയാകുന്ന വാളുമേന്തി പ്രത്യക്ഷസമരത്തിനൊരുങ്ങകയാണ് ചെയ്തത്.

അങ്ങനെ ഉര്‍ദു കവികള്‍ രംഗത്തിറങ്ങി സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഓജസ്സും, ഉന്‍മേഷവും നല്‍കി. അടിമത്തത്തിനെതിരായി സമരം ചെയ്യുവാന്‍ ഭാരതീയരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ആ കാലഘട്ടത്തിലാണ്, അലി സര്‍ദാര്‍ ജഅ്ഫരി, അസ്റാറുല്‍ ഹഖ് മജാസ്, മഖ്ദും മുഹ് യുദ്ധീന്‍, സിക്കന്തര്‍ അലിവാജിദ്, ഫൈസ് അഹമ്മദ് ഫൈസ്, ഹഫീസ് ജാലന്ധരി, ഉമര്‍ അന്‍സാരി, അനന്ദ് നരായണന്‍ മുല്ല, സാഗര്‍ നിസാമി, മജ്റൂഹ് സുല്‍ത്താന്‍പൂരി ആദിയായ കവികള്‍ മുന്നോട്ടുവന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തിന് അകമ്പടി സേവിച്ചുകൊണ്ട് തങ്ങളുടെ കവിതകളില്‍ കൂടി സമരത്തിന് പുതിയ ആവേശവും ഉന്‍മേഷവും നല്‍കിയത്.

അങ്ങനെ 1947 ല്‍ ഭാരതീയര്‍ ചിരകാലമായി പ്രതീക്ഷിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യ കൈവന്നതോടെ ഇക്ബാല്‍ സുഹൈല്‍ എന്ന കവി ആഹ്ളാദഭരിതനായി ഇങ്ങനെ പറഞ്ഞു. "മഹാത്മാഗാന്ധിയുടെ വചനമിതാസഫലമായിരിക്കുന്നു. അല്ലയോ കാറ്റേ, നീ വേഗം പോയി ടിപ്പുസുല്‍ത്താനെയും ബഹദൂര്‍ഷാ സഫറിനെയും ഝാന്‍സിറാണിയെയും ഉണര്‍ത്തുക. ആദ്യമവരെ വന്ദിച്ചശേഷം അറിയിക്കുക; നമ്മുടെ രാജ്യമിന്നു കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സ്വതന്ത്ര്യയാണെന്ന്. ആ വഴി സുഭാഷ് ചന്ദ്രബോസിനെയും അറിയിക്കുക".

അങ്ങനെ പ്രാരംഭം മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി നാം നടത്തിയ സമരത്തില്‍ ഗണ്യമായ പങ്ക് വഹിച്ചത് ഉര്‍ദു കവികളാണ്. ഒരു ക്ഷേമരാഷ്ട്രം  കെട്ടിപ്പടുക്കുവാന്‍ വേണ്ടി ഇന്ന് നാം നടത്തിക്കൊണ്ടിരിക്കുന്ന യജ്ഞത്തിലും ഉര്‍ദു കവികള്‍ ആരുടെയും പിന്നിലല്ല താനും. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഏറ്റവും അവഗണിക്കപ്പെട്ട ഒരു ഭാഷ ഉര്‍ദുവും അപമാനിക്കപ്പെട്ട കവികള്‍ ഉര്‍ദു കവികളും ആണെന്ന പരമാര്‍ത്ഥം ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. ഇത് ദേശാഭിമാനികള്‍ക്ക് ഭൂഷണമാണോ എന്ന് ഓരോരുത്തരും ചിന്തിച്ചുനോക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സ്വാതന്ത്ര്യ സമരത്തിൽ ഇങ്ക്ലാബ് മുഴക്കിയ ഉർദു -യൂനുസ് വടകര

سارے جہاں سے اچھا ہندوستاں ہمارا

ہم بلبلیں ہیں اس کی، یہ گلستاں ہمارا

അധിനിവേശ ശക്തികളിൽ നിന്ന് രാജ്യം സ്വതന്ത്രമായതിന്റെ ഓർമ്മകളിലൂടെ, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി ധീര ദേശാഭിമാനികളുടെ ത്യാഗോജ്വലമായ  പോരാട്ട കഥകൾ അയവിറക്കുകയാണല്ലോ നാം!


വിപ്ലവത്തിന്റെ പര്യായമായ ഇൻഖ്വിലാബ് സിന്ദാബാദ് എന്ന ഹസ്രത്ത് മൊഹാനി യുടെ മുദ്രാവാക്യവും,

നൂറ്റാണ്ട് പിന്നിട്ടിട്ടും ദേശസ്നേഹികൾ ആവേശത്തോടെ ഏറ്റുപാടുന്ന അല്ലാമാ ഇഖ്ബാലിന്റെ

 സാരേ ജഹാസെ അച്ഛാ

 എന്ന ദേശസ്നേഹ ഗീതവും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉർദു ഭാഷയുടെ പങ്ക് ചർച്ച ചെയ്യുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിൽ ആദ്യം കടന്നുവരുന്ന ഓർമ്മകളാണ്.

 അല്ലാമാ ഇഖ്ബാലിന്റെ 

സാരേ ജഹാം സേ അച്ഛാ എന്ന ദേശസ്നേഹ ഗീതം

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജി ജയിലിൽ വെച്ച് നൂറിലേറെ തവണ കേട്ടു എന്നത് ഈ ഗാനത്തിന്റെ വൈകാരികതയെ ഓർമ്മപ്പെടുത്തുന്നു.

സാമ്രാജ്യത്വ ശക്തികൾക്കെതിരെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന ചെറുതും വലുതുമായ നിരവധി വിപ്ലവങ്ങളിലേക്ക് ഇന്ത്യൻ ജനതയെ പ്രേരിപ്പിച്ച ഉർദു ഭാഷ മുദ്രാവാക്യങ്ങളിലൂടെയും കവിതകളിലൂടെയും സാഹിത്യകൃതികളിലൂടെയും പത്രങ്ങളിലൂടെയും ഒപ്പം ജവഹർലാൽ നെഹ്റു , മഹാത്മാഗാന്ധി ,  മൗലാനാ അബുൽ കലാം ആസാദ് , മൗലാനാ മുഹമ്മദലി ജൗഹർ തുടങ്ങിയ ദേശീയ നേതാക്കളുടെ ആവേശോജ്വലമായ പ്രസംഗങ്ങളും ഇന്ത്യൻ ജനതയിൽ ദേശസ്നേഹത്തിന്റെ അതി തീക്ഷ്ണത  ആളി കത്തിച്ചു.  

 انقلاب زندہ باد  

 ഇൻഖ്വിലാബ് സിന്ദാബാദ്‌...... 

സ്വാതന്ത്ര്യ സമരത്തിൽ മാത്രമല്ല  ഇന്നും ഏതൊരു വിപ്ലവ വേദിയിലും  ആവേശത്തോടെ വിളിക്കുന്ന ഈ മുദ്രാവാക്യം പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മാധ്യമ പ്രവർത്തകനും, ഉർദു കവിയും കൂടിയായ മൗലാനാ ഹസ്‌റത് മൊഹാനിയാണ് 1921 ൽ ആദ്യമായി ഉപയോഗിച്ചത്. 1929 ൽ ഡൽഹി സെൻട്രൽ അസംബ്ലിയിൽ ബോംബ് എറിഞ്ഞ ശേഷം ഭഗത് സിംഗും ഈ മുദ്രാവാക്യം ആവേശത്തോടെ  വിളിച്ചു  തുടർന്ന് മറ്റു സമരഭടൻമാർ മുഷ്ട്ടി ചുരുട്ടി ആവേശത്തോടെ ഉറക്കെ വിളിച്ച ഹിന്ദുസ്ഥാൻ ഛോഡോ, ജയ്‌ഹിന്ദ്‌ എന്നീ മുദ്രാവാക്യങ്ങൾ ഒക്കെയും ഉർദു ഭാഷയുടെ സംഭാവനകളാണ്.

سرفروشی کی تمنا اب ہمارے دل میں ہے

دیکھنا ہے زور کتنا بازوئے قاتل میں ہے

സർഫരോഷിക്കി തമ്മന്ന അബ് ഹമാരെ ദിൽമെഹെ......

 കൊലയാളികളായ ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധങ്ങളുടെ മൂർച്ചയളക്കാൻ ഞങ്ങളുടെ ശിരസ്സുകൾ ബലിയർപ്പിക്കാൻ മനസ്സ് കൊതിക്കുന്നു 

എന്ന് സധൈര്യം പാടിയ ബിസ്മൽ അസീം ആബാദി യുടെ കവിത ഉൾപ്പെടെ ഹിന്ദുസ്താനി സിനിമയിലൂടെ ഇന്നും നാം ആവേശത്തോടെ പാടുന്ന ഒട്ടുമിക്ക സമര ഗാനങ്ങളും ജോഷ് മലീഹാബാദി, ഹസ്രത്ത് മൊഹാനി, അലി സർദാർ ജാഫ്രി, സഫർ അലി ഖാൻ, ബ്രജ് നാരായൺ ചക്ബസ്ത്ത് തുടങ്ങിയവരുടെ ഉർദു കവിതകളാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കവിതകളിലൂടെ സമരവീര്യത്തിന്റെ വികാരതീവ്രത ഇത്രമേൽ പ്രകടമാക്കിയ മറ്റൊരു ഇന്ത്യൻ ഭാഷയും നമുക്ക് കാണാനാവില്ല.

کام ہے میرا تغیر نام ہے میرا شباب

میرا نعرہ انقلاب و انقلاب و انقلاب

കാംഹെ മേരാ തഅമീർ

നാംഹെ മേരാ ഷബാബ്

എന്റെ യൗവ്വനം പരിവർത്തനം സൃഷ്ടിക്കുന്നതിനും, എന്റെ മുദ്രാവാക്യം ജ്വലിക്കുന്ന വിപ്ലവങ്ങൾക്കും വേണ്ടിയാണെന്ന് എഴുതിയ   വിപ്ലവ കവി ജോഷ് മലീഹ ആബാദി യുടെ വരികളും

بہت برباد ہیں لیکن صدائے انقلاب آئے

وہیں سے وہ پکار اٹھے گا جو ذرہ جہاں ہوگا

 ബഹുത്ത് ബർബാദ് ഹെ ലേക്കിൻ സദാ

ഇൻകിലാബ്ഹെ.....

എന്തൊക്കെ നശിപ്പിച്ചാലും വിപ്ലവത്തിന്റെ ശബ്ദം ഉയർന്നു തന്നെ നിൽക്കും എന്ന കവിതയും

സ്വാതന്ത്ര്യസമര വേളയിൽ ആവേശം പകർന്ന വരികളാണ്

800 വർഷത്തിലധികം ഇന്ത്യ ഭരിച്ച മുഗൾ രാജകുടുംബത്തിലെ അവസാന കണ്ണിയായ ബഹദൂർഷാ സഫർ അധികാരം നഷ്ടപ്പെട്ട് കൽത്തുറുങ്കിലടക്കപ്പെട്ടപ്പോഴും ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയുടെ

ഉർദു കവിതകൾ സമ്മാനിച്ച്  ഇങ്ങനെ എഴുതി.

 വിപ്ലവവീര്യമുള്ള ഡൽഹിയുടെ കാറ്റുകൾ ഒരിക്കലെങ്കിലും ബ്രിട്ടീഷുകാരുടെ കൊട്ടാരത്തെ ദുർബലപ്പെടുത്തും 

സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ അപകടങ്ങൾ ദീർഘവീക്ഷണത്തോടെ കണ്ട ഉർദു കവിയാണ് അക്ബർ അലഹബാദി.

یہ موجودہ طریقے راہیٔ ملک عدم ہوں گے

نئی تہذیب ہوگی اور نئے ساماں بہم ہوں گے

യെ മൗജൂദാ ത്വരിഖെ റായെ മുൽക്ക് ഹദം ഹോക്യെ

نئی تہذیب

'പുതിയ സംസ്കാരം' എന്ന  കവിതയിൽ ഇന്ത്യൻ സമൂഹം സാമ്രാജ്യത്വശക്തികളിൽ നിന്ന് മോചനം നേടിയാലും സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ അടിമകളായി തുടരുമോ എന്ന ആശങ്ക പങ്കുവെച്ചു .

ബ്രിട്ടീഷ് ഭരണത്തിനെതിരെ തൂലിക പടവാളാക്കിയ 'മുൻഷി പ്രേംചന്ദിന്റെ' വരികൾക്ക് പീരങ്കിയുണ്ടകളേക്കാൾ വീര്യമുള്ളതുകൊണ്ടാവാം നിരായുധരായ ഗ്രാമീണർ പോലും വായിക്കരുതെന്ന് കരുതി അദ്ദേഹത്തിന്റെ ആദ്യ കൃതി 'സോസേ വത്തൻ' ബ്രിട്ടീഷുകാർ പിടിച്ചെടുത്ത് നശിപ്പിച്ചത്.

 പ്രേംചന്ദ് തന്റെ 'ഗിലിടണ്ട' എന്ന ചെറുകഥയിൽ പാശ്ചാത്യ സംസ്കാരത്തിനെതിരെ വിരൽ ചൂണ്ടുന്നുണ്ട്.

അധിനിവേശ ശക്തിയോടുള്ള അടങ്ങാത്ത വെറുപ്പാണ്

പ്രേംചന്ദ് തന്റെ ജോലി ഉപേക്ഷിച്ചു ഗാന്ധിയൻ മാർഗം തേടിയതും 

പ്രേംചന്ദിന്റെ ചോഗനെ ഹസ്തി, ഗോഷ്യേ ആഫിയത്തും, ഹയാത്തുള്ള അന്സാരിയുട ലാഹു ക ഫൂൽ ഖദീജ മാസ്‌തൂറിന്റെ ആംഗൻ എന്ന നോവലുകളും സർദാർ ജയ്‌ഫ്‌രിയുടെ യെ കിസ്സ് ക്കാ ഖുൻ, അബു സയിദ് ഖുറേഷിയുടെ ആസാദി പോലുള്ള നാടകങ്ങളിലൂടെയും ഉർദു സാഹിത്യകാരൻമാർ ബ്രിട്ടീഷുകാരുടെ ചൂഷണത്തിനെതിരെ തങ്ങളുടെ തൂലിക പടവാളാക്കുകയായിരുന്നു.

1846 കാലഘട്ടങ്ങളിൽ 19ലേറെ പത്രങ്ങൾ ഉർദു ഭാഷയിൽ ഇന്ത്യയിൽ തന്നെ പ്രസിദ്ധീകരിച്ചു.

'മുൻഷി സജാദ് ഹുസൈന്റെ അവ്‌ദെ പഞ്ച്, സർ സയ്യിദ് അഹമ്മദ് ഖാൻ ന്റെ തഹസീബുൽ അഹലക്, 'ഹസറത്‌ മൊഹാനിയുടെ' ഉർദു ഐ മുവലാ, ആദ്യ വിദ്യാഭ്യാസ മന്ത്രിയായ 'അബുൽ കലാം ആസാദ്' ന്റെ അൽഹിലാല്, ആല്ബിലാഗ്, 'മുഹമ്മദ് അലി ജൗഹറിന്റെ' ഹംദർദ്,

ഡൽഹി ഉർദു അഖ്ബാർ, സിദ്ദീഖുൽ അക്ബർ എന്നീ പത്രങ്ങൾളും സ്വാതന്ത്ര്യസമര പോരാളികൾക്ക് ആവേശം പകർന്ന വാർത്തകളാൽ സമ്പുഷ്ടമായിരുന്നു.

ബ്രിട്ടീഷ് കരിനിയമങ്ങൾ ഇന്ത്യൻ ജനതയുടെ സകല മേഖലയിലും വിലങ്ങു വെച്ചു. പത്രപ്രവർത്തന രംഗത്തും പതിനഞ്ചാം നമ്പർ ആക്ട് കൊണ്ടുവന്ന് പത്രങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. നിരവധി പത്രാധിപന്മാരെ കൊന്നും ജയിലിലടച്ചും പത്രങ്ങളെ ഇല്ലായ്മചെയ്യാൻ ശ്രമിച്ചത് അത്തരം പത്രങ്ങളുടെ ആശയ തീവ്രത ഒന്നു കൊണ്ടു മാത്രമാണ്.

ഈ അതി തീഷ്ണതയിലും ഉർദു പത്രങ്ങൾ പതിന്മടങ്ങ് ശക്തിയിൽ തൂലിക ചലിപ്പിച്ചു കൊണ്ടേയിരുന്നു.

 സംസ്കാരങ്ങളുടെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെടും വിധം നൂറുകണക്കിന് സംസ്കാരങ്ങളും വേഷവിധാനങ്ങളും മതങ്ങളും ജാതികളും ഉള്ള ഇവിടുത്തുകാരെ ഒരു മാലയിൽ കോർത്ത മുത്തുമണികൾ പോലെ രൂപപ്പെടുത്തി ദേശീയോദ്ഗ്രഥന ബോധം വളർത്തുന്നതിൽ ഉർദു ഭാഷയുടെ പങ്ക് നിസ്തുലമാണ്.

مذہب نہیں سکھاتا آپس میں بیر رکھنا

ہندی ہیں ہم، وطن ہے ہندوستاں ہمارا

മസ്ഹബ് നഹീ സിക്കാത്ത ആപസ്മെ

ബൈയിർ രക്ക്ന

'പരസ്പര കലഹങ്ങൾക്ക് മതങ്ങൾ നമ്മെ പഠിപ്പിക്കുന്നില്ല'  ഇഖ്ബാലിന്റെ  ഈ വരികളിലും 

پتھر کی مورتوں میں سمجھا ہے تو خدا ہے

خاک وطن کا مجھ کو ہر ذرہ دیوتا ہے

പത്തർക്കി മൂറത്തോമെ സംഛാഹെ തു ഖുദാ ......

 ഭാരതത്തിലെ ഓരോ മൺതരിയിലും ദൈവത്തെ കാണാം 

എന്ന ഈ വരികളിലും ദേശീയോദ്ഗ്രഥനത്തിന്റെ മാറ്റൊലി കേൾക്കാം.

സർ സയ്യിദ് അഹമ്മദ് ഖാന്റെ തഹ്സീബുൽ അഖ് ലാഖ് ഉൾപ്പെടെ ആ കാലഘട്ടത്തിലെ ഒട്ടുമിക്ക ഉർദു പ്രസിദ്ധീകരണങ്ങളിലും മഹാത്മാഗാന്ധി ജവഹർലാൽ നെഹ്റു മൗലാനാ അബ്ദുൽ കലാം ആസാദ് തുടങ്ങിയ ദേശീയ നേതാക്കന്മാരുടെ ആവേശം കൊള്ളിക്കുന്ന ഉർദു പ്രസംഗങ്ങളിലൂടെ മതസൗഹാർദ്ദത്തിന്റെയും, ദേശ സ്നേഹത്തിൻറെയും, ആഹ്വാനങ്ങൾ കാണാമായിരുന്നു.

وطن کی فکر کر ناداں مصیبت آنے والی ہے

تری بربادیوں کے مشورے ہیں آسمانوں میں

രാജ്യവിരുദ്ധ ശക്തികളെ തിരിച്ചറിഞ്ഞ്

എന്ത് വില കൊടുത്തും രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്ത് സൂക്ഷിക്കണമെന്ന് ഇന്ത്യക്കാരെ ഇടക്കിടെ ഓർമ്മപ്പെടുത്തയ ദേശ സ്നേഹ കവി അല്ലാമ ഇഖ്ബാൽ ഉൾപ്പെടെയുള്ള ഉർദു സാഹിത്യകാരൻമാർ ഇന്ത്യൻ ജനതയിൽ നാനാത്വത്തിൽ ഏകത്വം രൂപപ്പെടുത്തുന്നതിൽ കൃത്യമായ ഇടപെടൽ നടത്തിയവരാണ്

"ഉർദു"വും ഉർദു ഭാഷ രൂപപ്പെടുത്തിയ സംസ്കാരവുമാണ് ഇന്നും ഏത് പ്രതികൂല സാഹചര്യത്തിലും ഇന്ത്യൻ ജനതയിൽ ദേശീയബോധവും മതേതരത്വ ചിന്തയും കൈവെടിയാതെ കാത്തുസൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്.

ഈ ഭാഷയുടെ വളർച്ചയും വികാസവും ഇന്ത്യയുടെ മതേതരത്വ ബോധം നിലനിർത്തുന്നതിനും സാംസ്കാരിക വളർച്ചയ്ക്കും വലിയ മുതൽക്കൂട്ടാകും എന്ന് നിസ്സംശയം പറയാം.

പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026

Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026  QUIZ LINK 8 PM  ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും  ക്വിസ്സ്...