മെഹ്ദി ഹസൻ |
ചരമദിനം: 2012 ജൂൺ 13
ഷായദ് കഭി ഖാബോ മെ മിലേ...''
മെഹ്ദി ഹസൻ പാടുന്നത് കേൾക്കുമ്പോൾ ആരുടെ മനസിലാണ് ആ വേർപാടിന്റെ വേദന നിറയാത്തത്. മനസില്ലാമനസോടെ വേർപിരിഞ്ഞു പോകുന്ന ഇണക്കുരുവികളായി നാം നമ്മെ പ്രതിഷ്ഠിക്കും. കവി അഹമ്മദ് ഫറാസ് പുനർജനിക്കും. ഗസലുകൾ മെഹ്ദി ഹസന്റെ കണ്ഠത്തിലൂടെ ഒഴുകുമ്പോൾ അരങ്ങേറുന്ന മാന്ത്രികയിതാണ്. ആ മാന്ത്രികത നേരിട്ടു കേൾക്കാനാകാത്ത വിധം ആ സംഗീതവെളിച്ചം അസ്തമിച്ചിട്ട് ഒൻപത് വർഷം തികയുന്നു.
ഗസൽ എന്ന കാവ്യശാഖയെ കൂടുതൽ ജനകീയമാക്കുന്നതിൽ മെഹ്ദി ഹസനുള്ള പങ്ക് വളരെ വലുതാണ്. കൊട്ടാര സദസുകളിലും അതിനു ശേഷം സ്വകാര്യ സദസുകളിലും മാത്രം പരിമിതപ്പെട്ടിരുന്ന ഗസൽ ഗായകിയെ സാധാരണ ജനങ്ങളിലേക്ക് പകരുന്നതിൽ മെഹ്ദി ഹസൻ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
1927 ജൂലൈ മാസം 18 ന് രാജസ്ഥാനിലെ ലൂന ഗ്രാമത്തിലാണ് മെഹ്ദി ഹസൻ ജനിക്കുന്നത്. കൊട്ടാര ഗായകരുടെ കുടുംബത്തിൽ പിറന്നതിനാൽ തന്നെ സംഗീതത്തെ എത്തിപ്പിടിക്കുക എന്നത് അദ്ദേഹത്തിന് അനായാസകരമായ കാര്യമായിരുന്നു. കഠിനമായ സാധകവും അതിനേക്കാൾ കഠിനമായ ശാരീരിക വ്യായാമവുമായിരുന്നു അദ്ദേഹത്തിന്റെ ഗാന പരിശീലനത്തിന്റെ കൂട്ട്. ദ്രുപത്, ഖയാൽ, തുംരി എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ കഠിന പരിശീലനം. തന്റെ എട്ടാം വയസിൽ ബറോഡ രാജാവിന്റെ കൊട്ടാര സദസിലാണ് മെഹ്ദി ഹസന്റെ അരങ്ങേറ്റം. 40 മിനിട്ട് നീണ്ട ഖയാൽ ആലാപനം കേട്ടുനിന്ന മുതിർന്ന സംഗീതജ്ഞരിൽ പോലും അത്ഭുതമുളവാക്കി.
വിഭജനാനന്തരം പാകിസ്താനിലേക്ക് കുടിയേറിയ മെഹ്ദി ഹസനും കുടുംബവും വലിയ പട്ടിണിയിലേക്ക് വീണു. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് കരകയറുന്നതിനായി സൈക്കിൾ, മോട്ടോർ സൈക്കിൾ മെക്കാനിക്കായി ജോലി നോക്കിയിരുന്നു അദ്ദേഹം. ലോകമറിയുന്ന ഗായകനാകണം എന്ന മോഹമാണ് ദാരിദ്ര്യത്തോട് പൊരുതാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
ഇടക്ക് കല്യാണ വീടുകളിലും മറ്റും പാടാൻ പോകാറുണ്ടായിരുന്നു. ഇത്തരത്തിൽ ഒരു കല്യാണ വീട്ടിൽ വെച്ചാണ് റഫീഖ് അൻവർ എന്ന റേഡിയോ ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. മെഹ്ദി ഹസന്റെ ആലാപനം കേട്ട അദ്ദേഹം അഡ്വാൻസ് നല്കി താൻ നിർമിക്കാനുദ്ദേശിക്കുന്ന സിനിമയിൽ പാടണമെന്നും മറ്റാർക്കും വേണ്ടി പാടാതിരിക്കാൻ കരാറൊപ്പിടണമെന്നും ആവശ്യപ്പെടുകയുണ്ടായി. കേവലം തമാശയായി മാത്രമാണ് ഒട്ടും പ്രശസ്തനല്ലാത്ത മെഹ്ദി ഹസൻ അന്ന് ആ വാഗ്ദാനത്തെ കണ്ടത്. എന്നാൽ, പിന്നീട് സിനിമയിൽ പാടാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ടെലഗ്രാമും ഡ്രാഫ്റ്റും വന്നതിനു ശേഷമാണ് അത് സത്യമായിരുന്നുവെന്ന് അദ്ദേഹത്തിന് വിശ്വാസമായത്. അങ്ങനെയാണ് 'ശിക്കാർ' എന്ന സിനിമയിൽ അദ്ദേഹം പാടുന്നത്.
1952ൽ അദ്ദേഹത്തിന് റേഡിയോ പാകിസ്താനിലേക്ക് ഓഡിഷന് ക്ഷണക്കത്ത് ലഭിച്ചു. ഓഡിഷനു വന്ന മറ്റു പലരെയും വളരെ പെട്ടെന്നു തന്നെ എടുക്കുകയോ പുറത്താക്കുകയോ ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ, മെഹ്ദി ഹസനെ മണിക്കൂറുകളോളം പാടിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തെ എടുക്കണോ എന്നതായിരുന്നില്ല ചർച്ച, മറിച്ച് ഏതു ഗ്രേഡിൽ ഉൾപ്പെടുത്തണം എന്നതായിരുന്നു. ഒടുവിൽ എ ഗ്രേഡ് ആർട്ടിസ്റ്റായി 40 മിനിട്ട് പ്രോഗ്രാമിന് 35 രൂപ എന്ന കണക്കിൽ കരാർ എഴുതിയാണ് അദ്ദേഹം മടങ്ങുന്നത്. റേഡിയോവിലൂടെ അദ്ദേഹം അതിപ്രശസ്തനായി. റേഡിയോ കാലഘട്ടമാണ് അദ്ദേഹത്തെ ഗസൽ ഗായകിയിലേക്ക് നയിക്കുന്നത്.
ഗസൽ എന്ന കാവ്യരൂപത്തിന്റെ ആത്മാവറിഞ്ഞ് ആസ്വാദക ഹൃദയത്തെ തൊടുന്ന തരത്തിലായിരുന്നു മെഹ്ദി ഹസ്സന്റെ ആലാപനം. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ 'ഷെഹൻഷായെ ഗസൽ' എന്നു വിളിക്കാൻ ആളുകൾ ധൈര്യപ്പെട്ടതും. നിലവിൽ ഗസൽ ഗായകിയിലുണ്ടായിരുന്ന തുംരി അധിഷ്ഠിത ആലാപന ശൈലിയിൽ നിന്നു മാറി ഖയാൽ അധിഷ്ഠിത ആലാപനത്തിനാണ് മെഹ്ദി ഹസൻ ശ്രമിച്ചത്. രാഗ ചട്ടക്കൂടുകളിൽ നിന്നു കൊണ്ട്, കവിത പ്രതീക്ഷിക്കുന്ന ഭാവത്തിന് പ്രാധാന്യം നല്കി എങ്ങനെ സംഗീതം ചെയ്യാം എന്നായിരുന്നു അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. ഗസലുകളുടെ തിരഞ്ഞെടുപ്പിൽ അദ്ദേഹം ജാഗ്രത കാണിച്ചിരുന്നു. പ്രശസ്തരായ കവികളെയല്ല വ്യത്യസ്തവും ഭാവാത്മകവുമായ കവിതയാണ് അദ്ദേഹം പരിഗണിച്ചിരുന്നത്. ആ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സഹായിക്കാൻ ഭാഷാപണ്ഡിതരും കവികളുമായിരുന്ന സലീം ഗീലാനി, അബ്ദുൽ ഷുകൂർ ബേദിൽ, ഹാമിദ് നസീം, ബുഖാറ തുടങ്ങിയവർ സദാ സജ്ജരായിരുന്നു. പദങ്ങളെ അഭംഗി തോന്നും വിധം മുറിക്കുകയോ തെറിപ്പിച്ചു നിർത്തുകയോ ചെയ്യാതെ അനായാസമായി അവയെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഭാവതീവ്രമായ ആ സ്വരം മനുഷ്യ മനസിനെ കീറിമുറിച്ച് നോവും ആനന്ദവും പകരുകയായിരുന്നു. രാജ്യാതിർത്തികൾ ഭേദിച്ച് ഓരോ സംഗീതാസ്വാദകന്റെയുമുള്ളിലേക്ക് അദ്ദേഹം ഇടിച്ചുകയറി. ഇന്ത്യാ പാക് വിഭജനം അർഥശൂന്യമാണെന്നും നമ്മുടെയൊക്കെ ചോര ഒന്നു തന്നെയാണെന്നും ആവർത്തിച്ച അദ്ദേഹം അത് സംഗീതം കൊണ്ട് ഭാരതീയന്റെ മനസിൽ ഇടം പിടിച്ച് തെളിയിക്കുകയും ചെയ്തു. ഒരേ ഗസൽ ഓരോ വേദിയിലും വ്യത്യസ്തമായ അനുഭവമാക്കി മാറ്റാൻ അദ്ദേഹത്തിന് പ്രത്യേകമായ കഴിവുണ്ടായിരുന്നു.
രോഗാതുരനായി ചികിത്സാ ആവശ്യത്തിനായാണ് അദ്ദേഹം കേരളത്തിൽ കോട്ടക്കൽ ആര്യ വൈദ്യശാലയിലേക്കെത്തുന്നത്. ആരാധക നിർബന്ധത്തിനു വഴങ്ങി തിരികെയുള്ള യാത്രക്കു മുൻപായി അദ്ദേഹം കോഴിക്കോട്ട് ഒരു സദസിലിരിക്കുകയും ഗസൽ ആലപിക്കുകയുമുണ്ടായി. അതായിരുന്നത്രെ അദ്ദേഹത്തിന്റെ അവസാന പൊതുവേദി. 2012 ജൂൺ 13നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. പക്ഷേ, ആ ശബ്ദം ഇന്നും ഗസൽ ആസ്വാദകരുടെ കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
ജിസ് തരാ സൂഖെ ഹുവേ
ഇപ്പോൾ നാം വേർപിരിഞ്ഞെന്നാകിലും നാം (പിന്നീട്) കിനാവിലെവിടെയോ കണ്ടു മുട്ടിയെന്നു വരാം/ വാടിക്കരിഞ്ഞ ഒരു പൂവ് പുസ്തകത്താളുകളിൽ നിന്ന് കണ്ടെടുക്കുന്ന പോൽ...
No comments:
Post a Comment