Thursday 14 January 2021

Kaifi Azmi | കൈഫി ആസ്മി; മനുഷ്യ വികാരങ്ങള്‍ വാക്കുകളില്‍ കോറിയ മനീഷി -ഷബീര്‍ രാരങ്ങോത്ത്

ജനുവരി 14 കൈഫി ആസ്മി ജന്മദിനം
മെയ് 10 കൈഫി ആസ്മി ഓര്‍മ്മദിനം

کوئی کہتا تھا سمندر ہوں میں

اور مری جیب میں قطرہ بھی نہیں

കൊയി കഹ്താ ഥാ സമുന്ദര്‍ ഹൂ മെ
ഓര്‍ മെരി ജേബ് മെ കത്റാ ഭി നഹി
(ആരോ പറയുന്നുണ്ടായിരുന്നു ഞാനൊരു സമുദ്രമാണെന്ന്
എന്റെ കീശയിലാകട്ടെ ഒരു തുള്ളി പോലുമില്ല)

കൈഫി ആസ്മിയുമായി ബന്ധപ്പെട്ട ചെറുപ്പ കാലത്തിലെ ഒരോര്‍മ മകള്‍ ഷബാന ആസ്മി പങ്കു വെക്കുന്നുണ്ട്. കുട്ടിക്കാലത്ത് അവര്‍ ഒരു നീലക്കണ്ണുള്ള പ്രശാന്തമായ മുഖമുള്ള പാവക്കു വേണ്ടി പിതാവ് കൈഫി ആസ്മിയോട് ആവശ്യപ്പെട്ടു. പീടികയിലുള്ള കറുത്ത ഒരു പാവയെ അദ്ദേഹം മകള്‍ക്ക് വാങ്ങി നല്കുകയും കറുപ്പ് സുന്ദരമാണ് എന്ന് പറയുകയുമുണ്ടായി. തന്റെ മകളില്‍ ചെറുപ്പത്തില്‍ രൂപപ്പെട്ടു പോകാനിടയുള്ള വികൃതമായ സൗന്ദര്യ സങ്കല്പത്തിന് തിരുത്തു നിര്‍ദേശിക്കുകയായിരുന്നു കൈഫി ആസ്മി. 

1919 ജനുവരി 14 നാണ് കൈഫി ആസ്മിയുടെ ജനനം. അത്തര്‍ ഹുസൈന്‍ റിസ്വി എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഒരു മദ്റസയില്‍ ഇസ്ലാമിക പഠനത്തിനായി കൈഫിയെ ചേര്‍ക്കുകയുണ്ടായി. എന്നാല്‍, ഏറെ ചെറുപ്പത്തിലേ വലിയ സാമൂഹ്യ ബോധം കാണിക്കുകയും സമരങ്ങള്‍ക്കായി സഹപാഠികളെ ഒരുമിച്ചുകൂട്ടുകയുമൊക്കെ ചെയ്തതോടെ അധികൃതര്‍ അദ്ദേഹത്തെ പറഞ്ഞു വിടുകയാണുണ്ടായത്. 

പതിനൊന്നാം വയസ്സോടു കൂടി തന്നെ കൈഫി ആസ്മി ഗസലുകള്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്. 

اتنا تو زندگی میں کسی کے خلل پڑے

ہنسنے سے ہو سکون نہ رونے سے کل پڑے

ഇത്നാ തൊ സിന്ദഗി മെ 
കിസി കെ ഖലല്‍ പഡെ
ഹസ്നെ സെ ഹൊ സുകൂന്‍ 
ന രോനെ സെ കല്‍ പഡെ
(ജീവിതത്തില്‍ ഇത്രമേല്‍ പ്രശ്നങ്ങളുണ്ടായെന്നിരിക്കും
ചിരിയിലൂടെ സമാധാനമോ കരച്ചിലിലൂടെ നാളെയോ ഉണ്ടാവില്ല)

എന്നു തുടങ്ങുന്ന ഗസല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ രചന. അദ്ദേഹം ഒരു മുഷായറയില്‍ ഈ ഗസല്‍ അവതരിപ്പിക്കുകയും മുഷായറയുടെ അധ്യക്ഷന്‍ മനി ജൈസി അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. എന്നാല്‍, സദസ്യരില്‍ ഭൂരിഭാഗവും, കൈഫിയുടെ പിതാവടക്കം, ഇത് കൈഫിയുടെ രചനയാണെന്ന് വിശ്വസിച്ചില്ല. ഇത്ര ചെറിയ പ്രായത്തില്‍ എങ്ങനെ ഇത്തരമൊരു രചന നടത്താന്‍ കഴിയും എന്നതായിരുന്നു അവരുടെ സംശയം. കൈഫി മൂത്ത സഹോദരന്റെ രചന മോഷ്ടിച്ചതാവാമെന്ന് അവര്‍ കരുതി, എന്നാല്‍ മൂത്ത സഹോദരന്‍ അത് തന്റെ രചനയല്ലെന്ന് ആണയിട്ടു. അതൊടെ കൈഫിയെ ഒന്ന് പരീക്ഷിക്കാന്‍ പിതാവ് തീരുമാനിച്ചു. ഒരു ഈരടി കൈഫിക്കു മുന്‍പില്‍ നല്കുകയും അതേ മീറ്ററില്‍ അതേ പ്രാസത്തില്‍ ഒരു ഗസല്‍ കുറിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൈഫി ആസ്മി ആ ചലഞ്ച് ഏറ്റെടുക്കുകയും വിജയകരമായി ഗസല്‍ കുറിക്കുകയും ചെയ്തു. 

പ്രതിഭാധന്യമായ ആ ജീവിതം അനീതിക്കെതിരെ ശക്തമായ വാക്പ്രയോഗങ്ങള്‍ തന്നെ നടത്തി. ഗസലുകളേക്കാള്‍ കൈഫിയുടെ തൂലികയിലൂടെ മികച്ച നസ്മുകള്‍ വിരിഞ്ഞിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ഓരത്' എന്ന നസ്മ്. അരികുവത്കരിക്കപ്പെടേണ്ടവളല്ല സ്ത്രീ എന്നും സമൂഹത്തില്‍ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ആഹ്വാനം ചെയ്യുന്ന ഒരു കവിതയായിരുന്നു അത്. ഏറെ ശ്രദ്ധിക്കപ്പെട്ട ആ കവിത മികച്ച അഭിപ്രായങ്ങള്‍ നേടുകയും ചെയ്തു. 

അടിമത്ത ഇന്ത്യയില്‍ ജനിക്കുകയും സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുകയും സോഷ്യലിസ്റ്റ് ഇന്ത്യയില്‍ മരിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ആളാണ് താന്‍ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. സാമുദായിക സൗഹാര്‍ദത്തിന് അദ്ദേഹം വലിയ പ്രാധാന്യം കല്പിച്ചിരുന്നു. 1992 ലെ ബാബരി മസ്ജിദ് ധ്വംസനവും അതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ മനസിനെ വല്ലാതെ നോവിക്കുകയുണ്ടായി. ശ്രീരാമന്‍ അയോധ്യയിലെ സരയൂ നദീ തീരത്തു തിരികെ വരുന്നതായി സങ്കല്പിച്ച് അദ്ദേഹം കവിതയെഴുതുകയുണ്ടായി. ബാബരി മസ്ജിദ് ധ്വംസനത്തെ ശ്രീരാമന്‍ എങ്ങനെ നോക്കിക്കാണുമെന്നതായിരുന്നു ആ കവിത. അദ്ദേഹം അതില്‍ ഇങ്ങനെ കുറിച്ചു.

جگمگاتے تھے جہاں رام کے قدموں کے نشاں

پیار کی کاہکشاں لیتی تھی انگڑائی جہاں

موڑ نفرت کے اسی راہ گزر میں آئے

ജഗ്മഗാതെ ഥെ ജഹാ റാം കെ 
കദ്മോ കെ നിഷാന്‍
പ്യാര്‍ കി കെഹ്കഷാന്‍ 
ലേതീ ഥി അംഗ്ഡായി ജഹാ
മോഡ് നഫ്റത് കെ ഉസി 
രാഹ്ഗുസര്‍ മെ ആയെ
(രാമന്റെ കാലടിയുള്ള സ്ഥലത്തെ പ്രഭ വിസ്മയാവഹമായിരുന്നു,
സ്നേഹത്തിന്റെ പ്രസന്നമായ ഒരു പ്രപഞ്ചം അവിടെയുണര്‍ന്നിരുന്നു, ഇപ്പോഴാ വഴിയിലാകട്ടെ വെറുപ്പ് കൂടുകൂട്ടിയിരിക്കുന്നു)

കൈഫി സി പി ഐ അംഗമായിരുന്നു. ബോംബെയിലേക്ക് ചേക്കേറിയ സമയത്ത് അലി സര്‍ദാര്‍ ജാഫ്രിയുമായി ചെര്‍ന്ന് കൗമി ജംഗ് എന്ന പാര്‍ട്ടി പത്രത്തില്‍ അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. പിന്നീട് അദ്ദേഹം ഹിന്ദി സിനിമകളില്‍ ലിറിസിസ്റ്റ് എന്ന നിലക്കും കഴിവു തെളിയിച്ചിട്ടുണ്ട്. ഒരു ഷിയാ വിശ്വാസിയായിരുന്നു കൈഫി. അതുകൊണ്ടു തന്നെ സമൂഹത്തിലെ ഓരോ സ്വേച്ഛാധിപതികളെയും അതിക്രമകാരികളെയും യസീദ് ആയായിരുന്നു അദ്ദേഹം കരുതിയിരുന്നത്, ഓരോ അടിച്ചമര്‍ത്തപ്പെട്ടവനിലും ഹുസൈനെയും അദ്ദേഹം കണ്ടെത്തി. (ഹുസൈനിനെ വധിക്കാന്‍ ഉത്തരവിട്ടയാളാണ് യസീദ്).

ഒരു മുഷായറയാണ് കൈഫിയുടെ ജീവിതത്തില്‍ വലിയ ഒരു വഴിത്തിരിവുണ്ടാക്കുന്നത്. യൗവന കാലമാണ്. ഓരത് എന്ന വിശ്വപ്രസിദ്ധമായ കവിത കൈഫി ഒരു മുഷായറയില്‍ അവതരിപ്പിക്കുകയാണ്. പകുതിയെത്തിക്കാണില്ല, അതിനു മുന്‍പു തന്നെ സദസിലുള്ള ഒരു യുവതി തന്റെ കൂട്ടുകാരിയോട് കവിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. 'ഇയാളെന്തൊരു കവിയാണ്? ഇങ്ങനെ കെഞ്ചുന്നു, ഏതു പെണ്ണാണ് അയാള്‍ക്കൊപ്പം സഞ്ചരിക്കാനായി സമ്മതിക്കുക?'. എന്നാല്‍ കവിത തീരുമ്പോഴേക്ക് അവള്‍ മറ്റൊരു തീരുമാനമെടുത്തിരുന്നു. തന്നോട് വിവാഹമുറപ്പിച്ചിരുന്ന പുരുഷനുമായുള്ള ബന്ധം വിച്ഛേദിക്കുകയും പിന്നീട് കൈഫി ആസ്മിയുമായി വിവാഹം നടത്തുകയുമായിരുന്നു. ഗാംഭീര്യമേറിയ കവിതകള്‍ സമ്മാനിച്ച കൈഫി ആസ്മി 2002 മെയ് 10 നാണ് മരണപ്പെടുന്നത്

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...