Tuesday, 2 March 2021

പാട്ടുമുറ്റത്തു നിന്നൊരു വിസ്മയ സംഗീതം - സരിത റഹ്മാന്റെ സംഗീത യാത്രകള്‍ - ഷബീര്‍ രാരങ്ങോത്ത്

സരിത റഹ്മാന്‍ ഗസല്‍ കേള്‍ക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

ഏഴാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടി. ജനനം മുതലേ ഉപ്പയും ഉമ്മയും വിരിച്ച സംഗീതപ്പായയില്‍ ഉണ്ടുമുറങ്ങിയും കളിച്ചും വളര്‍ന്ന പെണ്‍കുട്ടി. ഉമ്മയുടെ ആലാപനവും ഉപ്പയുടെ ഹാര്‍മോണിയം വായനയും അവളുടെയുള്ളില്‍ സ്വാഭാവികമായും സംഗീത വാസനയൂട്ടി. ഉള്ളിലുള്ള സംഗീതത്തിന് തന്റെ രൂപഭംഗി പുറത്തു കാണിക്കേണ്ടതുണ്ടായിരുന്നു. ഉള്ളില്‍ ഒരു തിരമാല കണക്കെ ഇരമ്പിയ സംഗീതം ഒടുവില്‍ ആ കുഞ്ഞു മനസില്‍ നിന്ന് പുറത്തേക്കൊഴുകി. തന്റെ ഉള്ളില്‍ വിരിഞ്ഞ ഈണം പുറത്തേക്കൊഴുക്കാനായി അവള്‍ ആദ്യമായി ഒരു വരി കുറിച്ചിട്ടു. അടുത്ത വരി കുറിക്കാന്‍ ഉമ്മയും പിന്നെ അനിയത്തിയും ഒപ്പം കൂടി. അല്പം വരികളും ബാക്കി ഹമ്മിംഗുമായി ആ ഏഴാം ക്ലാസുകാരി ഒരു പാട്ടൊരുക്കി. വൈകിട്ട് വന്ന ഉപ്പയെ പാട്ട് കേള്‍പ്പിച്ചു. അല്പം ചില തിരുത്തലുകളേ വേണ്ടി വന്നുള്ളൂ, ഉപ്പ ഹാര്‍മോണിയമെടുത്ത് മകളുടെ പാട്ടിന് ജീവന്‍ നല്കി. സംഗീത ലോകത്ത് വിസ്മയാവഹമായ യാത്ര സമ്മാനിച്ച സരിത റഹ്മാന്‍ എന്ന ഗായികയുടെ രാഗസഞ്ചാരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന ഒരേട് ഇങ്ങനെയായിരുന്നു.

മലയാളികളുടെ സ്വന്തം ബാബുക്കയുടെ ശിഷ്യന്‍ ചാവക്കാട് റഹ്മാന്റെയും ആബിദ റഹ്മാന്റെയും മകള്‍ക്ക് പാട്ടുകാരിയാകാനായില്ലെങ്കിലല്ലേ അത്ഭുതം വേണ്ടതുള്ളൂ. ഗായക ദമ്പതികളായ ഉപ്പയുടെയും ഉമ്മയുടെയും സംഗീത യാത്രകളില്‍ വേദികള്‍ക്കു പിറകില്‍ സംഗീതോപകരണങ്ങളുടെ കവറുകളില്‍ കിടന്നുറങ്ങിയും കളിച്ചുമാണ് സരിതയുടെ ബാല്യം കഴിച്ചു കൂട്ടുന്നത്. ഈ യാത്രകളും വീടിനുള്ളിലെ സംഗീതസാന്ദ്രമായ അനുഭവങ്ങളും പാരമ്പര്യമായി പകര്‍ന്നുകിട്ടിയ സംഗീതത്തുടിപ്പുകളുമായിരിക്കാം സരിതയുടെ ഹൃദയത്തെ സംഗീതത്തോട് ചേര്‍ത്തു കെട്ടിയിരിക്കുക. ഏറെച്ചെറുപ്പത്തില്‍ തന്നെ സരിത പാട്ടു മൂളിത്തുടങ്ങിയിട്ടുണ്ട്. പ്രി സ്‌കൂള്‍ കാലം തൊട്ടുതന്നെ പാട്ടുമത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി.

രണ്ടാം വയസിലാണ് ആദ്യമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഉപ്പയ്ക്കൊപ്പം കുറ്റിപ്പുറത്തൊരു ഗാനമേള വേദിയില്‍. അന്ന് 'വാന്‍ മേഘം പൂ പൂവായ്' എന്ന ഗാനമായിരുന്നു കുഞ്ഞു സരിത പാടിയത്. പാട്ട് കേട്ട സദസ്യര്‍ കരഘോഷങ്ങളോടെ പാട്ടിനെയും പാട്ടുകാരിയെയും സ്വീകരിച്ചു. ഒരു ഗാനം കൂടി പാടാനായി പിന്നെ ആവശ്യം, ഒടുവില്‍ 'അഹദോന്റെ തിരുനാമം' എന്ന പാട്ടിന്റെ ഈണത്തില്‍ ചിട്ടപ്പെടുത്തിയ 'റഹ്മാനെ ഭയഭക്തി നിറഞ്ഞുള്ള' എന്ന മാപ്പിളപ്പാട്ടു കൂടി പാടിയാണ് സരിത സ്റ്റേജില്‍ നിന്ന് പിന്‍വാങ്ങുന്നത്.

ഉപ്പയും ഉമ്മയും തന്നെയായിരുന്നു സരിതയുടെ സംഗീത പ്രചോദനം. കുട്ടിക്കാലത്ത് അവര്‍ പാടിക്കേള്‍പ്പിച്ച പാട്ടുകളും ഹാര്‍മോണിയത്തില്‍ വായിച്ചു കേള്‍പ്പിച്ച ഈണങ്ങളും സരിതയുടെ സംഗീത ബോധത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഒരു സംഗീത ക്ലാസിന്റെ ചിട്ടവട്ടങ്ങളോടെ ഇരുന്നഭ്യസിച്ചില്ലെങ്കിലും ഉമ്മയായിരുന്നു സരിതയുടെ ആദ്യ ഗുരു. കുറച്ച് കുട്ടികള്‍ക്ക് ഉമ്മ ക്ലാസെടുക്കാറുണ്ടായിരുന്നു. ആ ക്ലാസുകള്‍ കേട്ടാണ് പഠനത്തിന്റെ തുടക്കം. പിന്നീട് സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലുകളില്‍ മത്സരത്തിന് പേര് നല്കി പാട്ടുമായി ഉമ്മയുടെ അടുത്ത് ചെന്ന് പാടിക്കൊടുക്കും. ഉമ്മ സ്നേഹപൂര്‍വം അരികത്തിരുത്തി തെറ്റുകള്‍ പറഞ്ഞ് തിരുത്തി നല്കും. ഇങ്ങനെ പാടിയും തിരുത്തിയുമാണ് ഉമ്മയില്‍ നിന്ന് സംഗീത പാഠങ്ങള്‍ പഠിക്കുന്നത്.

എന്നും വൈകുന്നേരം വീട്ടില്‍ ഹാര്‍മോണിയവുമെടുത്ത് ഉപ്പയുടെ പാട്ടുണ്ടാകും, ഇത് ഉള്ളിലുള്ള താളബോധത്തിന് ജീവന്‍ നല്കുന്ന അനുഭവമായിരുന്നു. അക്കാലത്ത് പ്രശസ്തനായ ഹാര്‍മോണിസ്റ്റ് കോഴിക്കോട് ഹാരിസ്ഭായ് വൈകുന്നേരങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. അദ്ദേഹത്തിലൂടെയാണ് സരിത ലതാജിയുടെ പാട്ടുകളെ അടുത്തറിയുന്നത്. അതിനു മുന്‍പ് തന്നെ ലതാജിയുടെ പാട്ടുകള്‍ സരിത കേട്ടിട്ടുണ്ട്. ഉപ്പയും ഉമ്മയും ഒരു ഗള്‍ഫ് പരിപാടിക്ക് പോയി വരുന്ന സമയത്ത് ലതാജിയുടെ ലണ്ടന്‍ പ്രോഗ്രാമിന്റെ കാസറ്റ് കൊണ്ടുവന്നിരുന്നു. ഹിറ്റുകള്‍ക്ക് പുറമെ അനേകം നല്ല പാട്ടുകള്‍ ആ കാസറ്റിലുണ്ടായിരുന്നു. അവയുടെ കേള്‍വി ലതാജിയുടെ പാട്ടുകളോടും അതുവഴി ഹിന്ദി ഗാനങ്ങളോടും അടുപ്പം സൃഷ്ടിച്ചു. ഹിന്ദി ഗാനങ്ങളോടുള്ള അടുപ്പം അവയുടെ പ്രപഞ്ചം തേടിപ്പോകാന്‍ പ്രചോദനം നല്കി. ഹാരിസ് ഭായ് കൊച്ചിയില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് ഉമ്മയും അതിലൊരു ഗായികയായിരുന്നു. അക്തരി ഭായ്(ബേഗം അക്തര്‍), സൊഹ്‌റ ഭായ് അഗര്‍വലി പോലുള്ളവരുടെ പാട്ട് ഉമ്മയ്ക്ക് പാടാനുണ്ടായിരുന്നു. അന്ന് ആദ്യമായാണ് ആ പേരുകളും അവരുടെ ഗാനങ്ങളും സരിത കേള്‍ക്കുന്നത്. ഉമ്മയെ ഹാരിസ് ഭായ് പാട്ടു പഠിപ്പിക്കുന്നതിനൊത്തു തന്നെ സരിതയും ആ ഗാനങ്ങള്‍ പഠിച്ചെടുത്തു. ഹിന്ദി ഗാനങ്ങളോടുള്ള പ്രിയത്താല്‍ പഴയ ഹിന്ദി സിനിമാ ഗാന പുസ്തകങ്ങളില്‍ നിന്ന് വരികള്‍ തപ്പിപ്പിടിച്ച് അവയും പഠിച്ചെടുത്തു. 

ഉസ്താദ് ഗുലാം അലി, ഉസ്താദ് മെഹ്ദി ഹസന്‍, ഉസ്താദ് അനൂപ് ജലോട്ട, ജഗ്ജിത് സിംഗ്, ചിത്ര സിംഗ്, മിതാലി സിംഗ് തുടങ്ങിയവര്‍ ആലപിച്ച ഗസല്‍ ആല്‍ബങ്ങള്‍ വീട്ടില്‍ എന്നും മുഴങ്ങാറുണ്ടായിരുന്നു. ഗസലിനോടുള്ള അടുപ്പം അന്നു മുതലേ കൂടെയുണ്ട്. അക്കാലത്ത് ഒരു മെഹ്ഫിലില്‍ മിതാലി സിംഗ് ആലപിച്ച ഇബ്‌റാഹിം അഷ്ഖ് രചിച്ച 'രാത് ഗുലാബി തെരെ നാം' എന്ന ഗസല്‍ ആലപിച്ച ഒരു ചെറിയ ഓര്‍മ അവരുടെയുള്ളിലുണ്ട്. ഹൈസ്‌കൂള്‍ പഠന കാലത്താണ് ഹരിഹരനെ കേള്‍ക്കുന്നത്. കേട്ട മാത്രയില്‍ തന്നെ ആ ആലാപന ശൈലിയോട് ഒരിഷ്ടം പിറന്നു. പിന്നീട് അവരുടെ ആലാപനങ്ങളില്‍ ഹരിഹരന്റെ സംഗീതവും കൂടി ഇടം പിടിച്ചു. താനൂരിലെ യു കെ ബാപ്പുക്കയുടെ വീട്ടിലെ ഒരു വിശേഷ ദിനത്തോടനുബന്ധിച്ച് ഒരു മെഹ്ഫില്‍ സംഘടിപ്പിച്ചിരുന്നു. അന്ന് ആ മെഹ്ഫിലില്‍ സരിത, ഹരിഹരന്‍ പാടിവെച്ച ഒരു ഗസല്‍ കൂടി പാടി. ആ മെഹ്ഫില്‍ ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. സരിത ഗസല്‍ ഗായകരില്‍ അടയാളപ്പെടുത്തപ്പെടേണ്ട ഒരാളാണെന്ന് മനസിലാക്കിയ ബാപ്പുക്കയുടെ മരുമകനടക്കമുള്ള ഒരു സംഘം ഫറോക്ക് പേട്ടയില്‍ 1995 ല്‍ സരിതയ്ക്ക് വേണ്ടി ഒരു വേദിയൊരുക്കി. സരിത ഒരു മുഴുനീള ഗസല്‍ പ്രോഗ്രാം ആദ്യമായി അവതരിപ്പിക്കുന്നത് അന്നാണ്.

സംഗീതം ഉള്ളില്‍ ഇരമ്പിക്കൊണ്ടിരുന്ന സരിത പത്താം ക്ലാസു കഴിഞ്ഞ് ചിറ്റൂര്‍ ഗവണ്മെന്റ് മ്യൂസിക് കോളജില്‍ സംഗീതമഭ്യസിക്കാനായി ചേര്‍ന്നു. അവിടെ നിന്ന് ഡിഗ്രി നേടി പുറത്തിറങ്ങിയപ്പോഴും സരിതയുടെ ഗസലിനോടുള്ള അടുപ്പത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. അഞ്ചാം വയസില്‍ ഉമ്മയോടൊപ്പം ഡോ. ഷകീലുമൊത്ത് ആദ്യമായി ഗസല്‍ ആലപിച്ചതു മുതലിങ്ങോട്ട് അതിനെ കൈവിട്ടിട്ടില്ല. മനസിനെ ഇത്രമേല്‍ ഗസലുകള്‍ കീഴടക്കിയതു കൊണ്ടു തന്നെയായിരിക്കണം, ഗസല്‍ ലോകത്തെ എക്കാലത്തെയും മികച്ച കവി മിര്‍സ ഗാലിബിനെക്കുറിച്ച് കെ പി എ സമദ് രചിച്ച പുസ്തകത്തിന്റെ പ്രകാശനവേളയില്‍ ഗാലിബിന്റെ കഠിനമായ ഗസലുകള്‍ സരിത മനോഹരമായി തന്നെ അവതരിപ്പിച്ച് പ്രശംസ നേടുകയുണ്ടായി.

ജമാല്‍ കൊച്ചങ്ങാടി ലതാജിയെക്കുറിച്ച് രചിച്ച പുസ്തകത്തിന്റെ പ്രകാശന വേളയില്‍ ലതാജി പാടിയ ഗാനങ്ങള്‍ മാത്രം പാടി ഒരു ഗാനമാലിക അവതരിപ്പിക്കാനും സരിതക്ക് സാധിച്ചിരുന്നു.

ഭര്‍ത്താവ് നൗഷാദ് സരിതയുടെ സംഗീത പ്രയാണത്തില്‍ താങ്ങും തണലുമായി ഒപ്പം തന്നെയുണ്ടായിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ വരികള്‍ സംഗീതം ചെയ്ത് 'ഒരു വാക്കു പിന്നെയും ബാക്കി' എന്ന പേരില്‍ ഒരു സംഗീത ആല്‍ബം പുറത്തിറക്കാനും സാധിച്ചു. ഇടയ്ക്കെപ്പോഴോ അദ്ദേഹം സരിതയോടൊരു ചോദ്യം ചോദിച്ചു. 'പത്തിരുപത് വര്‍ഷം കഴിഞ്ഞില്ലേ സംഗീത രംഗത്ത്, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ടതില്ലേ' എന്ന അദ്ദേഹത്തിന്റെ ചോദ്യത്തെ തുടര്‍ന്നാണ് എന്തു വ്യത്യസ്തമായി ചെയ്യും എന്ന ചിന്തയുണര്‍ന്നത്. ഒടുവില്‍ അത് ലതാജിയിലേക്കെത്തി. അങ്ങനെയാണ് 'കുച്ഛ് ദില്‍ നെ കഹാ' എന്ന പേരില്‍ ലതാജിക്കൊരു ഗാനപ്രണാമം അവതരിപ്പിക്കുന്നത്. സി ഡി എ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍, കെ പി അബ്ദുല്ലക്കോയ, പി കെ അബ്ദുല്ലക്കോയ തുടങ്ങിയവരായിരുന്നു ആ പരിപാടിയുടെ സംഘാടകര്‍. 'കുച്ഛ് ദില്‍ നെ കഹാ' കഴിഞ്ഞ ഉടനെ പി കെ അബ്ദുല്ലക്കോയ അഭിനന്ദനവുമായെത്തി. കോഴിക്കോടും മലപ്പുറവും മാത്രമായി ഒതുങ്ങേണ്ടയാളല്ല സരിത എന്നും, ഒരു വര്‍ഷം നീളുന്ന പദ്ധതിയായി കേരളം മുഴുവന്‍ ഈ പരിപാടി അവതരിപ്പിക്കുമെങ്കില്‍ അതിന് താന്‍ സഹായ സഹകരണങ്ങള്‍ നല്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ആ വാഗ്ദാനത്തിനു മുന്‍പില്‍ രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ലാതെ തന്നെ അവര്‍ അത് സ്വീകരിച്ചു. പിന്നീട് കഠിന പരിശീലനങ്ങളുടെ ഒരു വര്‍ഷമായിരുന്നു. ഓരോ മാസവും ഓരോന്ന് എന്ന തോതില്‍ പരിപാടികളുണ്ടായിരുന്നു. ഉണര്‍ന്നു കഴിഞ്ഞാല്‍ പാട്ടിന്റെ ലോകത്തേക്ക് അലിയും. ലതാജിയുടെ ഇരുപത് പാട്ടുകളായിരുന്നു ഓരോ പ്രോഗ്രാമിനും പാടേണ്ടിയിരുന്നത്. തനിക്കിഷ്ടപ്പെട്ടതിനു പുറമെ ഓരോ നാടിനും നാട്ടുകാര്‍ക്കും ഇഷ്ടമാകാനിടയുള്ള പാട്ടുകള്‍ കൂടി വേണ്ടതുണ്ടായിരുന്നു. ഓരോ പാട്ടും കേട്ടുകേട്ട് ഉള്ളില്‍ പതിയണം. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാട്ടു കേട്ടുറങ്ങും. മിക്കവാറും ഉമ്മ വന്നാണ് ടേപ്പ് ഓഫ് ചെയ്യുക. ഒരു വര്‍ഷത്തിനിടെ കേരളത്തിനകത്തും പുറത്തുമായി 12 വേദികളില്‍ അവര്‍ ലതാജിക്ക് സംഗീത പ്രണാമം നല്കുകയുണ്ടായി. ലതാജി ഇതിനെക്കുറിച്ചറിയണം എന്നൊരാഗ്രഹവും അവരെ കണ്ടുമുട്ടണം എന്ന ആഗ്രഹവും സരിതയ്ക്കുണ്ടായിരുന്നു. പലരും അതിനു വേണ്ടി പരിശ്രമിച്ചെങ്കിലും അതു നടന്നില്ല.

ചിറ്റൂര്‍ കോളജില്‍ വെച്ച് കര്‍ണാടിക് സംഗീതമഭ്യസിച്ച സരിതക്ക് ഹിന്ദുസ്ഥാനി സംഗീതത്തില്‍ താങ്ങായത് ഉസ്താദ് ദിനേശ് ദേവദാസി, ഉസ്താദ് ദത്താത്രയ, ഉസ്താദ് അഭിലാഷ് എന്നിവരാണ്. ഇവരുടെ ശിക്ഷണം ഗസല്‍, ഹിന്ദി ഗാനങ്ങള്‍ എന്നിവയില്‍ ശോഭിക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട്. ഗസലുകള്‍ക്കും ഹിന്ദി ഗാനങ്ങള്‍ക്കും പിറകെയുള്ള ഓട്ടങ്ങള്‍ക്കിടയിലും ബാബുക്കയെ കൈവിടാന്‍ സരിതക്ക് സാധിക്കുമായിരുന്നില്ല. ബാബുക്കയുടെ പാട്ടുകള്‍ മാത്രം കോര്‍ത്തിണക്കി ഒരു പരിപാടി കഴിഞ്ഞ ഫെബ്രുവരിയില്‍ തുഞ്ചന്‍പറമ്പില്‍ വെച്ച് സരിത അവതരിപ്പിക്കുകയുണ്ടായി. മികച്ച പ്രതികരണങ്ങളായിരുന്നു അവയ്ക്ക്. കോഴിക്കോടും കൊച്ചിയുമാണ് സരിതയ്ക്ക് ഏറ്റവുമധികം കേള്‍വിക്കാരെ സമ്മാനിച്ച ഇടങ്ങള്‍. സംഗീത യാത്രയില്‍ ഇവിടങ്ങളിലെ സംഗീത സഭകള്‍ സരിതയ്ക്കു നല്കിയ പ്രോത്സാഹനവും അത്യത്ഭുതകരമാണ്.

പാട്ടിനു പുറമെ രചനാപരമായ കഴിവുകളും സരിതയ്ക്കുണ്ട്. നന്നായി കഥകളും നോവലുകളും വായിക്കാറുള്ള സരിത ഇടയ്ക്ക് കുറിച്ചുവെച്ച ചെറുകഥകള്‍ ചേര്‍ത്ത് 'പാട്ടു വണ്ടിയിലെ കഥാ സഞ്ചാരം' എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.

ഭര്‍ത്താവ് നൗഷാദിനും മക്കളായ നസീം അഹമ്മദ് മിര്‍സ, നൂറ മിസ്രിയ എന്നിവര്‍ക്കുമൊപ്പം സന്തോഷകരമായ സംഗീതയാത്രയിലാണവര്‍. തനിക്കു വേണ്ടി തന്നെ പാടുക എന്നതിലാണ് സരിത വിശ്വസിക്കുന്നത്. തനിക്കു പോലും ആസ്വദിക്കാനാകാത്തത് മറ്റുള്ളവര്‍ ആസ്വദിക്കണമെന്ന് കരുതുന്നതില്‍ അര്‍ഥമില്ലല്ലോ.

No comments:

Post a Comment

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...