യെ മോജ്സാ ഭി മുഹബ്ബത് കഭി ദിഖായെ മുഝെ
കി സംഗ് തുഝ് പെ ഗിരെ ഔർ സഖ്‌മ് ആയെ മുഝെ
(കല്ല് നിന്നിലാണ് ആപതിക്കുന്നതെങ്കിലും മുറിവേല്ക്കുന്നതെനിക്കത്ര
പ്രണയം ചിലപ്പോൾ ഈ അത്ഭുതവും കാണിക്കാറുണ്ട്)
പ്രണയത്തിലായിരിക്കെ കാമുകീ കാമുകന്മാരിൽ രൂപപ്പെടുന്ന അനുഭൂതിയെ ഇത്ര മനോഹരമായി വർണിക്കാൻ അപൂർവം കവികൾക്കേ സാധിച്ചിട്ടുള്ളൂ. പുരോഗമന കവികൾക്കിടയിൽ ഒരുപക്ഷേ ഖതീലിനോളം കാല്പനികനായ കവി വേറെയുണ്ടാകണമെന്നില്ല. ഗസലിന്റെ ചിട്ടവട്ടങ്ങളിൽ നിന്നുകൊണ്ട് കാല്പനികമായ കവിത കുറിക്കുന്നതിൽ ഖതീൽ അഗ്രഗണ്യനായിരുന്നു.
1919 ഡിസംബർ 24 നാണ് അദ്ദേഹത്തിന്റെ ജനനം. മുഹമ്മദ് ഔറംഗസേബ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. പഠന കാലയളവിൽ തന്നെ പിതാവ് മരണപ്പെട്ടതോടെ ഉന്നത പഠനമെന്ന സ്വപനത്തിന് വിരാമമിടേണ്ടി വന്നു. പിന്നീട് സ്വന്തമായി കായിക ഉത്പന്നങ്ങളുടെ കട തുടങ്ങിയ അദ്ദേഹത്തിന് ബിസിനസ് നഷ്ടമായതോടെ കളം മാറ്റിച്ചവിട്ടാൻ രാവൽപിണ്ടിയിലേക്ക് ചേക്കേറേണ്ടി വന്നു. അവിടെ ഒരു ട്രാൻസ്പോർട്ട് കമ്പനിയിലായിരുന്നു ജോലി. യാതൊരു വിധ സാഹിത്യ പാരമ്പര്യവുമവകാശപ്പെടാനില്ലാത്ത അദ്ദേഹം കഠിന പരിശ്രമത്തിലൂടെയാണ് കാവ്യവഴി വെട്ടിപ്പിടിക്കുന്നത്.
ഖതീൽ എന്ന് തൂലികാ നാമത്തിൽ താൻ എഴുതുന്ന കവിതകൾ ഹകിം യഹ്‌യ ഷിഫ കാൺപുരിയെ കാണിക്കുകയും ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തെ ഗുരുതുല്യനായി പരിഗണിച്ചിരുന്ന ഖതീൽ അദ്ദേഹത്തോടുള്ള ആദരവിനാലാണ് ഷിഫായ് എന്നത് ഖതീൽ പേരിനോട് ചേർക്കുന്നത്. പിന്നീട് അഹ്മദ് നദീം ഖസ്മിയുടെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു ഖതീൽ. ഖമർ അജ്നൽവിയുടേ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന സ്റ്റാർ എന്ന വാരികയിലാണ് ഖതീലിന്റെ ആദ്യ ഗസൽ പ്രസിദ്ധീകരിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് ഗസലുകലും നസ്‌മുകളും വിരിഞ്ഞു കൊണ്ടേയിരുന്നു. അതിനിടയിൽ 1946 ൽ അദബെ ലതിഫ് എന്ന മാസികയിൽ അദ്ദേഹം സഹപത്രാധിപരായും ജോലി നോക്കിയിട്ടുണ്ട്.
ഇതിനിടയിലാണ് തെരി യാദ്(1948) എന്ന സിനിമക്കു വേണ്ടി ഗാനരചന നടത്തുന്നത്. ഇതോടെ അദ്ദേഹം പാകിസ്താൻ സിനിമാഗാന രചനാ രംഗത്ത് സജീവ സാന്നിധ്യമായി. സിനിമാ ഗാനാ ശാഖകളിലേക്ക് ഗസലിന്റെ മനോഹാരിത പകർന്നു എന്നതാണ് ഉർദു സാഹിത്യ ശാഖക്ക് അദ്ദേഹം നല്കിയ വലിയ സംഭാവനകളിലൊന്ന്. തൻവീർ നഖ്‌വി, സാഹിർ ലുധിയാൻവി എന്നിവരൊക്കെ തുടങ്ങി വെച്ച സിനിമയിലെ ഗസൽ സമ്പുഷ്ടീകരണത്തിന് ഖതീൽ പൂർണത നല്കുകയായിരുന്നു.
അദബെ ലതിഫിൽ സഹ പത്രാധിപ ജോലിയിൽ ഏർപ്പെട്ടതിനു പിന്നാലെ സിനിമാ വാരികയായ അദാകറിൽ പത്രാധിപരായി അദ്ദേഹത്തിന് ജോലി കിട്ടി.
ഈ കാലയളവിലാണ് സാമൂഹ്യപ്രധാനമായ കവിതകളുമായി നിരന്തരം അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.
മുഷായറകളും പൊതു സദസുകളും അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ടുമാത്രം തിളങ്ങുന്ന സാഹചര്യങ്ങളുണ്ടായി. അത്തരം സദസുകളിലെ ജീവൻ തന്നെ അദ്ദേഹമായിരുന്നു എന്നു പറഞ്ഞാൽ പോലും അതിൽ അതിശയോക്തിയുണ്ടാവില്ല. ഒരു മുഷായറ തന്നെ കൊള്ളയടിക്കാൻ പോന്ന കവിയായിരുന്നു അദ്ദേഹം.
സിനിമയിലും കവിതയിലും ഒരു മിനിമം ക്വാളിറ്റി സൂക്ഷിച്ച അപൂർവം കവികളിലൊരാളാണ് അദ്ദേഹം. മാത്രമല്ല മജ്‌റൂഹിനും സാഹിർ ലുധിയാൻവിക്കും ശേഷം പുരോഗമന ചിന്തകൾ വിജയകരമായി പാട്ടുകളിലുൾക്കൊള്ളിച്ച പ്രതിഭാശാലി കൂടിയായിരുന്നു അദ്ദേഹം. ഗുൻഗ്‌രൂ ടൂട്ട് ഗയെ എന്ന പേരിൽ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്. സിനിമാ രംഗത്തെ ഉള്ളുകള്ളികളും തന്റെ സുഹൃദ്സംഘത്തിലെ സാഹിർ ലുധിയാൻവി, നൂർജഹാൻ, ഇഖ്ബാൽ ബാനോ പോലുള്ളവരുടെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുമെല്ലാം അതിലുണ്ട്. 2001 ജൂലൈ 11 നാണ് അദ്ദേഹഥിന്റെ മരണം. മരണാനന്തരമാണ് ഈ പുസ്തകം പുറത്തിറങ്ങുന്നത്.
അദ്ദേഹം എഴുതിവെച്ച വരികൾ മുഹമ്മദ് റഫിയുടെ ശബ്ദത്തിൽ അദ്ദേഹത്തിന്റെ ഈ ഓർമ ദിനത്തിൽ കേൾക്കൂ
ദുഖ് സുഖ് കി ഹർ ഇക് മാലാ
ഖുദ്‌റത് ഹി പ്‌ഹിറോതി ഹെ
No comments:
Post a Comment