Sunday, 24 January 2021

മലബാര്‍ ചരിത്രത്തില്‍ ഉര്‍ദു ഭാഷ്യം - ഡോ. കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്

ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ഭാഷയായി ഉര്‍ദുവിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷകളില്‍ ഉര്‍ദു ഇടം നേടിയിട്ടുണ്ട്. ഭാഷകളെല്ലാം പൊതുവായ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. സര്‍വഭേദങ്ങള്‍ക്കുമന്യേ സംസാരിക്കപ്പെടുന്ന മലയാളം കേരളത്തിന്റെ സാംസ്‌കാരികാവബോധത്തിന്റെ മികച്ച ഉദാഹരണമാണ്.

ഉര്‍ദു ഭാഷയില്‍ രചിക്കപ്പെട്ട മലബാറിന്റെയും കേരളത്തിന്റെയും ചരിത്ര കൃതികളിലൂടെ സഞ്ചരിക്കുന്നത് ഏറെ കൗതുകകരമാണ്. ചരിത്രാന്വേഷണത്തിന്റെ പുതുവഴി കൂടിയായി ഇതിനെ കാണാം. മലബാര്‍ ചരിത്രത്തിന്റെ അവിഭാജ്യ ഭാഗമാണ് 1921ലെ ബ്രിട്ടീഷ് വിരുദ്ധപോരാട്ടം. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഈ സമരത്തിന്റെ നാനാവശങ്ങളും വക്രതയില്ലാതെ അനാവരണം ചെയ്യപ്പെട്ടതും പുറംലോകത്ത് ചര്‍ച്ചയാക്കിയതും ഉര്‍ദു പ്രസിദ്ധീകരണങ്ങളിലൂടെയാണ്. സമീന്ദാര്‍, വക്കീല്‍, ഖിലാഫത്ത്, ഹംദര്‍ദ്, തുടങ്ങിയ ഉര്‍ദുപത്രങ്ങളായിരുന്നു നിരന്തരം വാര്‍ത്തകളും എഡിറ്റോറിയലുകളും പ്രസിദ്ധീകരിച്ചിരുന്നത്. നിരവധി ലേഖനങ്ങളും ഇവയിലൂടെ വന്നുകൊണ്ടിരുന്നു. മലയാളത്തില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട വാര്‍ത്തകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് ഉര്‍ദുപത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടായിരുന്നു.
1921ലെ സമരാനന്തരം മലബാറിന്റെ ദുരവസ്ഥയെകുറിച്ച് വായിച്ചറിഞ്ഞ പൂനെ ആസ്ഥാനമായ ജെ.ഡി.ടി.ഐ (ജംഇയ്യത്തെ ദഅ്‌വത്തെ തബ്‌ലിഗെ ഇസ്‌ലാം) എന്ന സംഘടന കോഴിക്കോട്ട് ഒരു അനാഥശാല സ്ഥാപിച്ചു. കേരളത്തിലെ ആദ്യ അനാഥശാലയാണ് ഇത്. ജെ.ഡി.ടി.ഐയുടെ മറ്റൊരു ശാഖ ലാഹോറിലെ പഞ്ചാബിലായിരുന്നു. ഇവിടെ നിന്നാണ് കേരളത്തിലേക്ക് ആശ്വാസ പ്രവര്‍ത്തനങ്ങളുമായി ഖസൂരി കുടുംബം എത്തുന്നത്. ഇവിടെ നടന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചിരുന്നത് മൊഹിയുദ്ദീന്‍ അഹമ്മദ് ഖസൂരി ആയിരുന്നു. അദ്ദേഹം ‘റൂദാദെ അമല്‍, മലബാര്‍’ (മലബാറിലെ സ്ഥിതിഗതികളും റിലീഫ് പ്രവര്‍ത്തനങ്ങളും) എന്ന നാമത്തില്‍ എഴുപത്തിനാല് പേജുള്ള ഒരു പുസ്തകം 1922 ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. കലാപാനന്തര മലബാറിന്റെ നേര്‍ക്കാഴ്ചകളായിരുന്നു ഈ പുസ്തകം വിവരിച്ചത്.
മലബാറില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധസമരങ്ങളെ അക്കാലത്ത് സങ്കുചിതമായി ചിലര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിരുന്നു. തികച്ചും വര്‍ഗീയമായി അവതരിപ്പിക്കാന്‍ നടന്ന അത്തരം ശ്രമങ്ങളെ നേരിടാനും തിരുത്താനും ഉര്‍ദു പത്രങ്ങളാണ് രംഗത്തുവന്നത്. കലാപത്തെ സംബന്ധിച്ച് വീക്ഷണങ്ങള്‍ പ്രചരിക്കവേ മലബാറില്‍ യഥാര്‍ഥത്തില്‍ നടന്നതെന്തെന്ന് അന്വേഷിക്കുന്നതിനായി ജംഇയ്യത്തുല്‍ ഉലമയുടെ അഖിലേന്ത്യാ കമ്മിറ്റി മൗലാനാ മാജിദ് ഖാദിരിയുടെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും അവരുടെ ഉര്‍ദുവിലുള്ള കണ്ടെത്തലുകള്‍ 1923 ജനുവരി 28ന് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ‘കശഫെ ഹഖീഖത്ത് മലബാര്‍’ (മലബാറിലെ യാഥാര്‍ഥ്യങ്ങളുടെ വെളിപ്പെടുത്തലുകള്‍) എന്ന പേരിലുള്ള ഈ കൊച്ചു കൃതി ദാറുല്‍ തസാനീഫ്, ബദായൂന്‍ എന്ന പ്രസിദ്ധീകരണ സ്ഥാപനം വഴി മുഹമ്മദ് അബ്ദുല്‍ ഹാമിദ് ഖാദരി സാഹിബ് ഉസ്മാനി പ്രസ്സ് (ബദായൂന്‍) ല്‍ നിന്നാണ് അച്ചടിച്ച് പുറത്തിറക്കിയത്.
ഈ കൃതിക്ക് പിറകെ മലബാറിനെ കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു കൃതിയായിരുന്നു ‘മലബാര്‍ വ മാപ്പില’ (മലബാറും മാപ്പിളമാരും) മൗലാന ആസാദ് സുബ്ഹാനി രചിച്ച 60 പേജുള്ള ഈ കൃതി 1924ല്‍ കാണ്‍പൂരിലെ ‘ദാരിയത്തുല്‍ ഇല്‍മിയ’ ആണ് പ്രസിദ്ധീകരിച്ചത്. ആസാദ് സുബ്ഹാനി മുസ്‌ലിം ലീഗിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും മുതിര്‍ന്ന നേതാവായിരുന്നു. അക്കാലത്ത് കേരളം സന്ദര്‍ശിക്കുകയും ചെയ്തു.
മദ്രാസ് സര്‍വകലാശാലക്ക് കീഴിലുള്ള മദ്രാസ് മുഹമ്മദന്‍ കോളജില്‍ 1928 ഫെബ്രുവരി 21 ന് സംഘടിപ്പിച്ച ഒരു പ്രഭാഷണ പരിപാടിയില്‍ ചരിത്രകാരനും ഗവേഷകനും പണ്ഡിതനുമായ സയ്യിദ് ശംസുല്ല ഖാദിരി ‘മലബാര്‍ സെ അറബോം കെ തഅ്ല്ലൂഖാത്ത്’ (മലബാറുമായുള്ള അറബികളുടെ ബന്ധം) എന്ന വിഷയത്തില്‍ നടത്തിയ സുദീര്‍ഘമായ ഉര്‍ദു പ്രഭാഷണം 1929 ല്‍ 16 പേജുള്ള ഒരു ബുക്ക്‌ലെറ്റായി ഹൈദരാബാദില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. 1885 നവംബര്‍ അഞ്ചിന് ഹൈദരാബാദില്‍ ജനിച്ച് വളര്‍ന്ന ഈ മഹാപണ്ഡിതന്‍ ഉര്‍ദുവില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1928 ല്‍ അദ്ദേഹം മദ്രാസില്‍ അവതരിപ്പിച്ച പ്രബന്ധത്തെ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തി ‘മലബാര്‍’ എന്ന നാമത്തിലുള്ള പുസ്തകം അലിഗഢ് മുസ്‌ലിം സര്‍വകലാശാല പ്രസിദ്ധീകരിക്കുകയുണ്ടായി. അലിഗഢിലെ മുസ്‌ലിം എഡ്യുക്കേഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായിട്ടാണ് 1930ല്‍ ഇത് പ്രസിദ്ധീകരിച്ചത്. ഉര്‍ദുഭാഷയില്‍ രചിക്കപ്പെട്ട ആധികാരികമായ മലബാര്‍ ചരിത്രരേഖയാണിത്. ‘പ്രാചീന മലബാര്‍’ എന്ന നാമത്തില്‍ ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ആദ്യകാല മലബാറിനെ കുറിച്ചുള്ള ആധികാരിക ചരിത്ര ഗ്രന്ഥമാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം അറബിയില്‍ രചിച്ച ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’. ഹിജ്‌റ വര്‍ഷം 992 ല്‍ രചിച്ച ഈ ഗ്രന്ഥം 1936ല്‍ സയ്യിദ് ശംസുല്ല ഖാദിരി ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്തത് അലിഗഢില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതും ഓള്‍ ഇന്ത്യാ മുസ്‌ലിം എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായിട്ടാണ് പ്രസിദ്ധീകരിച്ചത്.
ഇത് കൂടാതെ സയ്യിദ് ശംസുല്ല ഖാദിരി തന്റെ ഉര്‍ദുമാസികയായ ‘താരീഖ്’ ലും ഉസ്മാനിയ യൂനിവേഴ്‌സിറ്റിയുടെ മാഗസിനിലും മലബാറിനെ കുറിച്ച് ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഉര്‍ദു ലോകത്തേക്ക് മലബാര്‍ ചരിത്രം സവിസ്തരം എത്തിക്കുന്നതില്‍ സയ്യിദ് ശംസുല്ല ഖാദിരിയുടെ പങ്ക് വിലപ്പെട്ടതാണ്. 1953 ഒക്‌ടോബര്‍ 22 ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
1929 മാര്‍ച്ച് 22, 23 തിയ്യതികളിലായി അലഹബാറിലെ ഹിന്ദുസ്ഥാനി അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ പ്രശസ്ത പണ്ഡിതനും ഗവേഷകനും നിരവധി കൃതികളുടെ രചയിതാവുമായ മൗലാന സയ്യിദ് സുലൈമാന്‍ നദ്‌വി ‘അറബ് ഹിന്ദ് കെ തഅലൂഖാത്ത്’ എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിച്ച സുദീര്‍ഘമായ പ്രബന്ധം ക്രോഡീകരിച്ച് 1930ല്‍ 445 പേജുള്ള ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദുസ്താനി അക്കാദമി തന്നെയാണ് ഇതിന്റെ പ്രസാധകര്‍. അറേബ്യയുമായി മലബാറിന്റെ ചിരപുരാതന ബന്ധം വിവരിക്കുന്ന ഈ കൃതി മലയാളത്തില്‍ ‘ഇന്‍ഡോ അറബ് ബന്ധങ്ങള്‍’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മൗലാന സയ്യിദ് സുലൈമാന്‍ നദ്‌വി യുടെ മറ്റൊരു പ്രശസ്ത ഗ്രന്ഥമാണ് ‘അറബോം കി ജഹാസ് റാനി’. ഈ കൃതിയിലും മലബാര്‍ തീരത്തും മറ്റു തീരദേശങ്ങളിലും അറബികള്‍ നടത്തിയ കപ്പലോട്ടങ്ങളെ കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. 167 പേജുള്ള പ്രൗഢമായ ഗ്രന്ഥമാണിത്. ബോംബെയിലെ ഇസ്‌ലാമിക് റിസര്‍ച്ച് അസോസിയേഷനാണ് ഇത് ക്രോഡീകരിച്ച് 1935ല്‍ ആസംഗഢിലെ മആരിഫ് പ്രസില്‍ നിന്ന് അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. ‘അറബികളുടെ കപ്പലോട്ടം’ എന്ന പേരില്‍ ഇതും മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഇവ കൂടാതെ ഒട്ടേറെ ലേഖനങ്ങളും മലബാര്‍ ചരിത്ര സംബന്ധിയായി ഉര്‍ദു പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഉര്‍ദു പാഠപുസ്തകങ്ങളിലും ധാരാളമായി ഉര്‍ദു ചരിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ കലാലയമായ ഉസ്മാനിയാ സര്‍വകലാശാലയുടെ പാഠ പുസ്തകങ്ങളിലും ‘മലബാര്‍’ വിഷയമായിട്ടുണ്ട്. മൗലവി സയ്യിദ് ഹാശ്മി ഫരീദാബാദി 1920ല്‍ തയ്യാറാക്കിയ ‘താരിഖെ ഹിന്ദ്’ (ഇന്ത്യ ചരിത്രം) ലും 1937 ല്‍ അദ്ദേഹം തന്നെ മൂന്നു വാള്യങ്ങളിലായി രചിച്ച ‘താരീഖെ ഹിന്ദി’ ലും മലബാര്‍ അധ്യായങ്ങളുണ്ട്. അതുപോലെ തന്നെ 1879ല്‍ മൗലവി മുഹമ്മദ് സക്കാഉല്ല ഏഴ് വാള്യത്തില്‍ തയ്യാറാക്കിയ ‘താരിഖെ ഹിന്ദ്’ ലും മലബാര്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. അലിഗഢിലെ മുഹമ്മദന്‍ ഓറിയന്റല്‍ കോളജിനും അലഹാബാദിലെ മെവര്‍ സെന്‍ട്രല്‍ കോളജിനും വേണ്ടിയായിരുന്നു ഇത് തയ്യാറാക്കിയത്.
കേരളത്തില്‍ നിന്ന് ആദ്യമായി പ്രസിദ്ധീകരിച്ച ഉര്‍ദു മാസികയായിരുന്നു ‘നാര്‍ജിലിസ്താന്‍’ (കേരനാട്). 1938 മെയ് മാസത്തില്‍ തലശ്ശേരിയില്‍ നിന്നിറങ്ങിയ ഈ മാസികയുടെ ആദ്യലക്കത്തില്‍ ഡോ. മുഹമ്മദ് ഹമീദുല്ല ‘താരീഖ് ഹിന്ദ്‌മെ മലബാര്‍ കി അഹ്മിയത്ത്’ (ഇന്ത്യ ചരിത്രത്തില്‍ മലബാറിന്റെ പ്രസക്തി) എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയിരുന്നു. അദ്ദേഹത്തിന്റെ യാത്രാ വിവരണത്തിലും മലബാര്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, എന്നിവിടങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടെങ്കിലും അതിന്റെ വിവരണം പ്രസിദ്ധീകരിച്ചിട്ടില്ല. മൗലാന സഫര്‍ അലിഖാന്‍ നാര്‍ജിലിസ്താനില്‍ ‘മലബാര്‍’, ‘നാര്‍ജിലിസ്താന്‍’ എന്നീ പേരുകളിലെഴുതിയ പ്രൗഢമായ രണ്ട് കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് അദ്ദേഹം എഡിറ്ററായിരുന്ന ‘സമീന്ദാര്‍’ പത്രത്തില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നതാണ്. 1922 ഫെബ്രുവരി അഞ്ചിന് പുറത്തിറങ്ങിയ ‘സമീന്ദാര്‍’ പത്രത്തില്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ‘മുസല്‍മാനാനെ മലബാര്‍ കി ദര്‍ദ്‌നാക്ക് ഫരിയാദ്’ (മലബാറിലെ മുസ്‌ലിംകളുടെ വേദനാജനകമായ വിലാപങ്ങള്‍) എന്ന ഒരു ലേഖനമെഴുതിയിരുന്നു.
1921ല്‍ കറാച്ചിയില്‍ സ്ഥാപിതമായ ‘മലബാര്‍ മുസ്‌ലിം ജമാഅത്തി’ന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് 1971ല്‍ പുറത്തിറക്കിയ സുവനീറില്‍ ഡോ. മുഹമ്മദ് ഹമീദുല്ല ‘മലബാര്‍ കെ ഇഹ്‌സാന്‍ ഹിമാലയ തലെ കെ ബറെ ആസം’ (ഹിമാലയ പര്‍വതത്തോളം മലബാറിനോട് ഭൂഖണ്ഡം കടപ്പെട്ടിരിക്കുന്നു) എന്ന ശീര്‍ഷകത്തില്‍ ലേഖനമെഴുതിയിരുന്നു. ഇതേ സുവനീറില്‍ ‘മൊപലിസ്താന്‍ കീ താരീഖ്’ (മാപ്പിളനാടിന്റെ ചരിത്രം) മുഹമ്മദ് മലബാരിയുടെ ‘മലബാര്‍ കീ താരീഖ്’ (മലബാറിന്റെ ചരിത്രം) കൊന്നക്കാടന്‍ സുലൈമാന്റെ ‘മലബാര്‍ കീ പൈദാവര്‍’ (മലബാറിലെ ഉത്പന്നങ്ങള്‍) ഉമ്മത്തുല്‍ ലത്തീഫിന്റെ ‘മലബാര്‍ ഇസ്‌ലാമി തഹ്‌സീബ് ക ഗഹ്‌വാരാ’ (മലബാര്‍ ഇസ്‌ലാമിക സംസ്‌കാത്തിന്റെ മടിത്തട്ട്) പ്രൊഫ. സയ്യിദ് മുഹമ്മദ് സലീമിന്റെ ലേഖനങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിരുന്നു.
മലബാറിന്റെ ചരിത്രം ഇപ്രകാരം പലപ്പോഴായി ഉര്‍ദുവില്‍ രചിക്കപ്പെട്ടിട്ടുണ്ട്. മതപണ്ഡിതനും ഗവേഷകനുമായ മൗലാന അക്ബര്‍ ശാഹ്ഖാന്‍ നജീബ് ആബാദി 1920 ല്‍ രചിച്ച ‘ആയിനായെ ഹഖീഖത്ത് നുമാ’ (യാഥാര്‍ഥ്യത്തിന്റെ കണ്ണാടി) എന്ന രണ്ട് വാള്യത്തിലുള്ള ബൃഹത്തായ ഗ്രന്ഥത്തില്‍ മലബാറിലെ ഇസ്‌ലാമിന്റെ ആഗമനം, ചേരമാന്‍ പെരുമാള്‍ സംഭവം, എന്നിവ വിശദമായിത്തന്നെ പറയുന്നുണ്ട്. 2001 ല്‍ മൗലാന അബ്ദുല്‍ അഹമ്മദ് ഖാസിമി താരാപൂരിയുടെ ‘ഖമര്‍ വ മൊ അജിസ ശഖുല്‍ ഖമര്‍’ എന്ന ഗ്രന്ഥത്തില്‍ ചേരമാന്‍ പെരുമാള്‍ ചന്ദ്രന്‍ പിളര്‍ന്നത് കണ്ടതും തുടര്‍ സംഭവങ്ങളും മറ്റും വിവരിക്കുന്നുണ്ട്. ശാസ്ത്രവും മതവും അടിസ്ഥാനമാക്കിയാണ് സംഭവങ്ങളെ ഇതില്‍ വിലയിരുത്തുന്നത്. 2008 ല്‍ അനീസ് ചിശ്ത്തി രചിച്ച ‘ജ ങ്കെ ആസാദി ഓര്‍ മുസല്‍മാന്‍’ (സ്വാതന്ത്ര്യ സമരവും മുസ്‌ലിംകളും) എന്ന കൃതിയില്‍ 1921 ല്‍ നടന്ന ‘വാഗണ്‍ ട്രാജഡി’ സംഭവം വിശമദമായി പ്രതിപാദിക്കുന്നുണ്ട്. ഡല്‍ഹിയിലെ എഡ്യുക്കേഷണല്‍ പബ്ലിഷിങ് ഹൗസാണ് 68 പേജുള്ള ഈ കൃതി പ്രസിദ്ധീകരിച്ചത്. 2015 ല്‍ ലഖ്‌നൗവില്‍ നിന്ന് ‘മജ്‌ലിസ് തഹ്ഖീഖാത്ത് വനശ് റിയാത്ത് ഇസ്‌ലാം’ പ്രസിദ്ധീകരിച്ച കൃതിയായിരുന്നു ‘തഹ്‌രീകെ ആസാദി മെ ഉലമാ ക കിര്‍ദാര്‍’. ഇത് ഫൈസല്‍ അഹമ്മദ് നദ്‌വി ഭട്ടക്കലിയായിരുന്നു രചിച്ചത്. ഈ ഗ്രന്ഥത്തിലെ അമ്പതോളം പേജുകള്‍ രണ്ട് അദ്ധ്യായങ്ങളിലായി കേരള ചരിത്രമാണ് വിവരിക്കുന്നത്. 1857 വരെയുള്ള കേരള ചരിത്രവും സ്വാതന്ത്ര്യ സമരവും ഇതില്‍ ഉള്‍പ്പെടുന്നു.
ഉര്‍ദുവിലെ മലബാര്‍ ചരിത്രത്തെ കുറിച്ച് ഇനിയും കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ട്. കാണാമറയത്തുള്ള നിരവധി ചരിത്ര സംഭവങ്ങള്‍ ഇനിയുമേറെ അനാവരണം ചെയ്യാനുണ്ട്.

No comments:

Post a Comment

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...