ഉര്‍ദു കവികള്‍ കേവലം പുഷ്പങ്ങളുടെ മന്ദഹാസത്തിലും, പൂങ്കുയിലുകളുടെ കളകൂജനങ്ങളിലും, സഖിമാരുടെ കാല്‍ച്ചിലമ്പൊലിയിലും മതിമയങ്ങി സൗന്ദര്യാരാധന നടത്തുക മാത്രമല്ല ചെയ്തിട്ടുള്ളത്. അവര്‍ തങ്ങളുടെ കവിതകളാല്‍ ഭാരതീയരില്‍ ദേശീയബോധമുണര്‍ത്തി. സ്വാതന്ത്ര്യപ്രസ്ഥാനത്തിനു ജീവനും വായുവും നല്‍കി. ജാതിചിന്തകള്‍ക്കെതിരെ, അടിമത്തത്തിനെതിരെ സമരം ചെയ്യുവാന്‍ നമ്മെ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. കൂടാതെ ഉര്‍ദു കവികള്‍ മനുഷ്യന്‍റെ മൗലികാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സ്വയം രംഗത്തിറങ്ങി സമരം നടത്തുകയും ചെയ്തു.
അന്ധകാരാവൃതമായ മാര്‍ഗ്ഗങ്ങളില്‍കൂടി ചലിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യസമര സേനാനികള്‍ക്കും പുതിയ പ്രകാശം നല്‍കി നേര്‍മാര്‍ഗ്ഗങ്ങളുപദേശിക്കുന്നതിലും ഉര്‍ദു കവികള്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
1857 ലെ കാലഘട്ടത്തില്‍ ഉര്‍ദു കവിത യൗവ്വനദശയിലെത്തിയിരുന്നിട്ടും മിര്‍സാ ഗാലിബ്, മോമന്‍, സൗക്ക്, ബഹദൂര്‍ഷാ സഫര്‍ ആദിയായ കവികള്‍ ഉര്‍ദു കവിതയെ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരുന്നു. എന്നാല്‍ മുഗള്‍ ഭരണത്തിന്‍റെ പതനവും സാമ്രാജ്യത്വമോഹികളായ ബ്രിട്ടീഷുകാരുടെ ആക്രമണവും നിമിത്തം സൗന്ദര്യഗായകന്‍മാരായ ആ കവികള്‍ക്ക് വിപ്ലവഗീതങ്ങള്‍ മുഴക്കേണ്ടി വന്നു. സ്വാതന്ത്ര്യത്തിനും, മാതൃഭൂമിക്കും വേണ്ടി എന്തുയാതനകളും സഹിക്കുവാനുള്ള സന്നദ്ധതയോടെ അവര്‍ തെരുവിലേക്കിറങ്ങി. ബാബറിന്‍റെയും അക്ബര്‍ ചക്രവര്‍ത്തിയുടെയും പിന്‍ഗാമിയായ ബഹദൂര്‍ഷാ സഫര്‍ കിരീടവും ധരിച്ച് സിംഹാസനത്തിലിരിക്കേണ്ട ഒരു ചക്രവര്‍ത്തി എല്ലാം നഷ്ടപ്പെട്ട് അവസാനം കല്‍ത്തുറുങ്കില്‍ കിടന്ന് നരകയാതനകളനുഭവിക്കേണ്ടിവന്നപ്പോഴും കവിതയില്‍കൂടി സ്വപ്രജകളെ സമാശ്വാസിപ്പിച്ചതിപ്രകാരമാണ്.
ഡെല്‍ഹിയുടെ ഈ നെടുവീര്‍പ്പുകളൊരു ദിവസം ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ സിംഹാസനമിളക്കിമറിച്ചിട്ടും, ലോകത്തിലെ സാമ്രാജ്യശക്തികളുടെ നിഷ്ഠൂരങ്ങള്‍ അറുത്തെറിയുന്നത് ഡെല്‍ഹിയിലെ കൊടുങ്കാറ്റായിരിക്കും.
പുഷ്പശയ്യയിലുറങ്ങിയിരുന്ന ഒരു ചക്രവര്‍ത്തിക്ക് കല്‍ത്തുറുങ്കില്‍ കിടന്നു നരകിക്കേണ്ടിവന്നപ്പോള്‍ പറഞ്ഞുപ്പോയ വാക്കുകളാണിതെങ്കിലും അദ്ദേഹത്തിന്‍റെ പ്രവചനം ഭാരതീയരെ സംബന്ധിച്ചിടത്തോളമെത്ര സത്യമായിരിക്കുന്നു.
ബഹദൂര്‍ഷാ സഫറിനോടൊന്നിച്ചു തന്നെ ഇന്ത്യയുടെ ക്ഷേമവും സമൃദ്ധിയും നഷ്ടപ്പെട്ടതായി ഭാരതീയര്‍ക്കനഭുവപ്പെട്ടു. സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചത്തില്‍ ജീവിച്ച ഭാരതീയര്‍ക്ക് അടിമത്തം ഒരു ശാപമായി അനുഭവപ്പെട്ടു. തന്നെയുമല്ല ഭാരതീയ സംസ്കാരത്തെപ്പോലും ഉന്‍മൂലനം ചെയ്യുവാനുള്ള യത്നങ്ങള്‍ നാലുപാടും നടന്നുകൊണ്ടിരുന്നു. തല്‍സമയം ഉര്‍ദു കവികള്‍, സംസ്കാരത്തിന് നേരെയുള്ള ആക്രമണത്തെ ചെറുക്കുന്നതിനും അടിമത്തച്ചങ്ങലയെ പൊട്ടിച്ചെറിയുന്നതിനും വേണ്ടി സധൈര്യം മുന്നോട്ടു വന്നു.
ഡല്‍ഹിയിലെ വിപ്ലവത്തിന് മുമ്പും ഉര്‍ദു കവിത രാഷ്ട്രീയവും സാമുദായികവും ദേശീയവുമായ വിഷയങ്ങളില്‍ അജ്ഞമല്ലായിരുന്നു. അതൊരു നൂറ്റാണ്ടു മുമ്പു മുതല്‍ക്കു തന്നെ ഇംഗ്ലീഷുകാരുടെ ഗൂഡതന്ത്രങ്ങളില്‍ ജാഗരൂകരായിരുന്നുകൊള്ളാന്‍ ഭാരതീയര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കികൊണ്ടിരുന്നു. സൗദാ, മീര്‍ തുടങ്ങിയ കവികള്‍ അടിമത്തത്തിനെതിരായി ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ വിപ്ലവം ഉര്‍ദു കവികളെ ഒന്നടങ്കം സ്വാതന്ത്ര്യസമരാങ്കണത്തിലേക്കാനയിച്ചു. അങ്ങനെ 1857 ലെ കാലഘട്ടം മുതല്‍ ഉര്‍ദുവില്‍ വിപ്ലവ കവിതകള്‍ സാധാരണയായിത്തീര്‍ന്നു.
അടിമത്തത്തെ ചെറുക്കാനും ജാതി ചിന്തകളുപേക്ഷിച്ചു, മാതൃഭൂമിയെ സ്നേഹിക്കാനും ഒറ്റക്കെട്ടായി നിന്നുകൊണ്ട് സമരം ചെയ്യുവാനും ഉര്‍ദു കവികള്‍ നമ്മെ ഉപദേശിച്ചുകൊണ്ടിരുന്നു. അഭിമാനത്തോടെ ജീവിതം നയിക്കുവാനും വിഷമഘട്ടങ്ങളില്‍ പരിഭ്രാന്തരാകാതിരിക്കുവാനും വര്‍ഗ്ഗീയ വിവേചനത്തിതതീനമായി രാജ്യത്തോട് കൂറു കാണിക്കുവാനും മൗലാനാ ഹാലി, മുഹമ്മദ് ഹുസൈന്‍ ആസാദ് എന്നീ കവികള്‍ ഭാരതീയരെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യയുടെ അടിമത്തത്തില്‍ ആദ്യമായി അശ്രുപൊഴിച്ച കവി, മൗലാനാ ഹാലിയാണ്. സ്വാതന്ത്ര്യത്തിനും മാതൃഭൂമിയുടെ പുരോഗതിക്കും വേണ്ടി ജീവനെപ്പോലും ബലികഴിക്കുവാന്‍ സന്നദ്ധരാക്കുക എന്ന ആഹ്വാനത്തോടെയാണദ്ദേഹം രംഗത്തു വന്നത്.
"പൗരുഷത്തോടെ മരിക്കാനാഗ്രഹിക്കുന്നവര്‍ മാതൃഭൂമിക്കുവേണ്ടി രക്തസാക്ഷികളാകുക" എന്ന് ഉല്‍ബോധിപ്പിച്ചുകൊണ്ടാണ് മുഹമ്മദ് ഹുസൈന്‍ ആസാദ് സ്വാതന്ത്ര്യസമരത്തിനിറങ്ങിയത്. ഇവരെ കൂടാതെ മൗലാനാ ശിബ് ലി നുഅ്മാനി, ഇസ്മായില്‍ മീററ്റി, അക്ബര്‍ അലഹബാദി ആദിയായ കവികളും ബ്രിട്ടീഷ് സാമ്രാജ്യത്തത്തോട് വെറുപ്പും അമര്‍ഷവും പ്രകടിപ്പിച്ചുകൊണ്ട് പാശ്ചാത്യ ഗൂഢതന്ത്രങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തി. അങ്ങനെ മെല്ലെ മെല്ലെ രാജ്യത്തുടനീളം വിപ്ലവ മനോഭാവം വ്യാപിച്ചതോടെ ഭാരതീയര്‍ കൂട്ടം കൂട്ടമായി സ്വാതന്ത്ര്യസമരത്തിലണിനിരന്നു. അതോടെ ഉര്‍ദു കവികള്‍ ആവേശത്തോടെ രംഗത്തിറങ്ങി പ്രത്യക്ഷസമരത്തില്‍ പങ്കുകൊള്ളാന്‍ തുടങ്ങി.
ഈ കാലഘട്ടത്തിലാണ് അല്ലാമാ ഇക്ബാല്‍, മൗലാനാ സഫര്‍ അലി ഖാന്‍, ബ്രജ് നാരയണ്‍ ചക്ബസ്ത്, ഹസ്റത്ത് മോഹാനി, ജോശ് മലീഹാബാദി തുടങ്ങിയ കവികള്‍ മുന്നോട്ടുവന്ന് അടിമത്തത്തിനെതിരായി സമരം പ്രഖ്യാപിച്ചത്.
ഹസ്റത്ത് മോഹാനി, സ്വാതന്ത്ര്യ സമരത്തിനു വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെക്കുകയാണ് ചെയ്തത്. അദ്ദേഹത്തെ അന്നത്തെ ഭരണാധികാരികള്‍ കല്‍ത്തുറുങ്കിലടച്ച് കൊടുംയാതനകള്‍ക്ക് വിധേയനാക്കി. എങ്കിലും ഹസ്റത്തിനെ തന്‍റെ ലക്ഷ്യത്തില്‍ നിന്ന് അണുവോളം വ്യതിചലിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അടിമത്തത്തോട് തനിക്കുള്ള അമര്‍ഷം ഹസ്റത്ത് മോഹാനി ഇപ്രകാരവും വ്യക്തമാക്കാന്‍ മടിച്ചില്ല. ശത്രുക്കളുടെ പീരങ്കിക്കു മുന്‍പില്‍ ജീവിതമര്‍പ്പിക്കുന്നതെനിക്കു സ്വീകാര്യമല്ല. എന്നാല്‍ അതേ പീരങ്കീയുടെ മുഖം ശത്രുക്കളുടെ നേരെ തിരിച്ചുവെക്കുന്നതാണെനിക്ക് സന്തോഷം.
അല്ലാമാ ഇക്ബാല്‍ 'താരാനയേ ഹിന്ദി', 'നയാ ശിവാലാ', 'ബെച്ചോം കാ കൗമി ഗീത്' എന്നീ കൃതികളിലൂടെ ദേശഭക്തിയും സ്വാതന്ത്ര്യപ്രേമവും സ്പഷ്ടമാക്കി. ജോശ് മലീഹാബാദിയാകട്ടെ തൂലികയാകുന്ന വാളുമേന്തി പ്രത്യക്ഷസമരത്തിനൊരുങ്ങകയാണ് ചെയ്തത്.
അങ്ങനെ ഉര്‍ദു കവികള്‍ രംഗത്തിറങ്ങി സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഓജസ്സും, ഉന്‍മേഷവും നല്‍കി. അടിമത്തത്തിനെതിരായി സമരം ചെയ്യുവാന്‍ ഭാരതീയരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ആ കാലഘട്ടത്തിലാണ്, അലി സര്‍ദാര്‍ ജഅ്ഫരി, അസ്റാറുല്‍ ഹഖ് മജാസ്, മഖ്ദും മുഹ് യുദ്ധീന്‍, സിക്കന്തര്‍ അലിവാജിദ്, ഫൈസ് അഹമ്മദ് ഫൈസ്, ഹഫീസ് ജാലന്ധരി, ഉമര്‍ അന്‍സാരി, അനന്ദ് നരായണന്‍ മുല്ല, സാഗര്‍ നിസാമി, മജ്റൂഹ് സുല്‍ത്താന്‍പൂരി ആദിയായ കവികള്‍ മുന്നോട്ടുവന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തിന് അകമ്പടി സേവിച്ചുകൊണ്ട് തങ്ങളുടെ കവിതകളില്‍ കൂടി സമരത്തിന് പുതിയ ആവേശവും ഉന്‍മേഷവും നല്‍കിയത്.
അങ്ങനെ 1947 ല്‍ ഭാരതീയര്‍ ചിരകാലമായി പ്രതീക്ഷിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യ കൈവന്നതോടെ ഇക്ബാല്‍ സുഹൈല്‍ എന്ന കവി ആഹ്ളാദഭരിതനായി ഇങ്ങനെ പറഞ്ഞു. "മഹാത്മാഗാന്ധിയുടെ വചനമിതാസഫലമായിരിക്കുന്നു. അല്ലയോ കാറ്റേ, നീ വേഗം പോയി ടിപ്പുസുല്‍ത്താനെയും ബഹദൂര്‍ഷാ സഫറിനെയും ഝാന്‍സിറാണിയെയും ഉണര്‍ത്തുക. ആദ്യമവരെ വന്ദിച്ചശേഷം അറിയിക്കുക; നമ്മുടെ രാജ്യമിന്നു കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സ്വതന്ത്ര്യയാണെന്ന്. ആ വഴി സുഭാഷ് ചന്ദ്രബോസിനെയും അറിയിക്കുക".
അങ്ങനെ പ്രാരംഭം മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി നാം നടത്തിയ സമരത്തില്‍ ഗണ്യമായ പങ്ക് വഹിച്ചത് ഉര്‍ദു കവികളാണ്. ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാന്‍ വേണ്ടി ഇന്ന് നാം നടത്തിക്കൊണ്ടിരിക്കുന്ന യജ്ഞത്തിലും ഉര്‍ദു കവികള്‍ ആരുടെയും പിന്നിലല്ല താനും. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഏറ്റവും അവഗണിക്കപ്പെട്ട ഒരു ഭാഷ ഉര്‍ദുവും അപമാനിക്കപ്പെട്ട കവികള്‍ ഉര്‍ദു കവികളും ആണെന്ന പരമാര്‍ത്ഥം ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. ഇത് ദേശാഭിമാനികള്‍ക്ക് ഭൂഷണമാണോ എന്ന് ഓരോരുത്തരും ചിന്തിച്ചുനോക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
No comments:
Post a Comment