Sunday, 22 August 2021

ഇബ്രാഹിം സൗഖ്; മുഗള്‍ രാജസദസിലെ പ്രധാന കവി - ഷബീർ രാരങ്ങോത്ത്...


പഹൂൻചേംഗെ രഹ്ഗുസറെ യാര്‍ തലക് ക്യൂ കര്‍ ഹം 
പഹ്‌ലെ ജബ് തക് ന ദോ ആലം സെ ഗുസര്‍ ജായേംഗെ 

(ഇരു ലോകങ്ങളിലൂടെയും കടന്നു പോകുന്നതിനു മുൻപ് എന്റെ പ്രണേതാവിന്റെ വീട്ടിലേക്കുള്ള വഴിയിൽ ഞാന്‍ എങ്ങനെ എത്താനാണ്?)

ഉര്‍ദു സാഹിത്യത്തില്‍ പ്രത്യേകിച്ച് ഗസലില്‍ അതിന്റെ വഴികള്‍ വെട്ടിത്തെളിച്ചവരെ പരിഗണിക്കുമ്പോള്‍ ആദ്യസ്ഥാനങ്ങളില്‍ വരുന്ന പേരുകളിലൊന്ന് ഇബ്രാഹിം സൗഖിന്റേതായിരിക്കും. കാവ്യസരണിയില്‍ മിര്‍സാ ഗാലിബ്-സൗഖ് യുദ്ധങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ഗാലിബോ സൗഖോ എന്ന ചര്‍ച്ച ഉര്‍ദു സാഹിത്യത്തെ ഇളക്കി മറിച്ച ഒരു കാലഘട്ടം കടന്നു പോയിട്ടുണ്ട്.

ഇരുവരും പരസ്പരം കവിതകളിലൂടെ ഏറ്റുമുട്ടുകയുമുണ്ടായി. ഈ വൈരം സാഹിത്യലോകത്തിന് കാമ്പും കനവുമുള്ള കവിതകള്‍ സമ്മാനിക്കുന്നതായി മാറി. ഉര്‍ദു ഗസല്‍ കാവ്യ ശാഖക്ക് അദ്ദേഹം സമ്മാനിച്ച നിധി ഇന്നും അമൂല്യമായതു തന്നെയാണ്. സൗഖ് എന്ന തൂലികാ നാമമായിരുന്നു അദ്ദേഹം തന്റെ രചനകള്‍ക്കായി തിരഞ്ഞെടുത്തിരുന്നത്.

1790 ആഗസ്ത് 22 നാണ് സൗഖിന്റെ ജനനം. താരതമ്യേന ദുര്‍ബലമായ സാഹചര്യങ്ങളിലാണ് സൗഖ് വളരുന്നത്. മികച്ച വിദ്യാഭ്യാസമെന്നത് അപ്രാപ്യമായിരുന്ന പിതാവ് ഷൈഖ് മുഹമ്മദ് റംസാന്‍ തന്റെ മകനെ ഹാഫിദ് ഗുലാം റസൂല്‍ നടത്തിയിരുന്ന മക്തബിലേക്ക് പഠനത്തിനായയക്കുകയായിരുന്നു. ഒരു കവിയായിരുന്ന ഹാഫിസുമായുള്ള സംസര്‍ഗം സൗഖില്‍ കവിതയോട് താല്പര്യം ജനിപ്പിച്ചു. അദ്ദേഹമാണ് സൗഖ് എന്ന തഖല്ലുസ് (തൂലികാ നാമം) അദ്ദേഹത്തിന് നിര്‍ദേശിക്കുന്നത്. കവിതയോടുള്ള ഭ്രമത്താല്‍ സൗഖ് മക്തബ് പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങി.

അക്കാലത്തെ പ്രമുഖ കവിയായിരുന്ന ഷാ നസീറുമായി ബന്ധം സ്ഥാപിക്കുകയും താനെഴുതുന്ന ഗസലുകള്‍ ഒന്നു കൂടി മിനുക്കിയെടുക്കുന്നതിനായി ഷാ നസീറിന് നല്കുകയും ചെയ്തു വന്നു. സൗഖിലെ കവിയുടെ തീ തിരിച്ചറിഞ്ഞ ഷാ നസീര്‍ അത് പരിപോഷിപ്പിക്കുകയും ചെയ്തു. പിന്നീട് മുഷായറകളില്‍ സൗഖ് നിറഞ്ഞു നിന്നു. ഒരുവേള തന്റെ ഗുരു ഷാ നസീറിനെക്കാളും സൗഖ് അഭിനന്ദിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഷാ നസീറിന്റെയുള്ളിലുണ്ടായ നീരസത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ നിന്ന് സൗഖ് എടുത്തെറിയപ്പെടുകയുണ്ടായി.

അതോടെ സൗഖ് സ്വന്തം പ്രതിഭ കൊണ്ട് തന്നെ നിവര്‍ന്നു നില്ക്കാന്‍ തുടങ്ങി. ആ പ്രതിഭ ഒടുവില്‍ മുഗള്‍ രാജസദസിലെ പ്രധാന കവി എന്ന തലത്തിലേക്കുയരുകയും കവിയും ഭരണാധിപനുമായിരുന്ന ബഹദൂര്‍ഷാ സഫറിന്റെ ഗുരുവായി സൗഖ് നിയമിതനാവുകയുമുണ്ടായി. ലളിതമായ ഭാഷയിലുള്ള രചനയായിരുന്നു സൗഖിന്റേത്.സൗഖിന്റെ ഒരൊറ്റ കൃതി പോലും അദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തില്‍ പുറത്തിറങ്ങിയിരുന്നില്ല. എഴുതപ്പെട്ടു കിടന്നവയിലധികവും ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് നശിപ്പിക്കപ്പെടുകയുമുണ്ടായി. 1854 നവംബര്‍ 16 ലാണ് സൗഖിന്റെ വിയോഗം.

No comments:

Post a Comment

ALLAMA IQBAL URDU TALENT TEST 2024-25, RANK LIST

ക്ലാസ് 5 :  Rank List STD V   ക്ലാസ് 6  :     Rank List STD VI   ക്ലാസ് 7  :    Rank List STD VII ക്ലാസ് 8 :    Rank List STD VIII STD VIII ...