Saturday, 10 October 2020

ജഗ്ജിത് സിംഗ് ആത്മാവു നിക്ഷേപിക്കപ്പെട്ട ഈരടികള്‍ - ഷബീര്‍ രാരങ്ങോത്ത്

തെരെ ഖുഷ്ബൂ മെ ബസേ ഖത്, മെ ജലാതാ കൈസെ !
പ്യാര്‍ മെ ഡൂബെ ഹുവേ ഖത്, മെ ജലാതാ കൈസെ !
തെരെ ഹാഥോ കെ ലിഖെ ഖത്, മെ ജലാതാ കൈസെ !

ഓരോ വാക്കിലും പ്രണയം നിറച്ച്, പ്രിയപ്പെട്ടതുപേക്ഷിക്കാന്‍ നിര്‍ബന്ധിതനാകുന്നതിലുള്ള വേദന പകര്‍ന്ന് ജഗ്ജിത് സിംഗ് ഈ വരികള്‍ ആലപിക്കുമ്പോള്‍ ഉള്ളു വിങ്ങാതെ എത്ര പേര്‍ക്കത് കേട്ടു നില്ക്കാനാകും? പാടുന്ന കവിതകളുടെയെല്ലാം ഉള്ളു തൊട്ട ആലാപനം എന്നതാണ് ജഗ്ജിത് സിംഗിന്റെ ഏറ്റവും വലിയ പ്രത്യേകത. കേട്ടു നില്ക്കുന്നവന്റെ ഉള്ളിലേക്ക് കവിതയുടെ ആത്മാവ് അവനറിയാതെ തന്നെ നിക്ഷേപിക്കാനുള്ള മാന്ത്രികമായ എന്തോ ഒന്നുണ്ട് അദ്ദേഹത്തിന്റെ ശബ്ദത്തില്‍.
ഗസല്‍ ഗായകിയില്‍ ഒരു പുതിയ ലോകം തന്നെ അദ്ദേഹം സൃഷ്ടിച്ചു. ഗസലെന്ന കാവ്യ രൂപത്തെ അതിന്റെ ആത്മാവ് ഒട്ടും ചോരാതെ കേള്‍വിക്കാരന്റെ കര്‍ണ പുടങ്ങളിലേക്കും ഹൃദയങ്ങളിലേക്കും അദ്ദേഹം പകര്‍ന്നു നല്കി. അത്യധ്വാനം കൊണ്ട് ഉന്നതികള്‍ കീഴടക്കിയ ഒരു ചരിത്രമാണ് അദ്ദേഹത്തിന്റേത്.
1941 ഫെബ്രുവരി 8 നാണ് അദ്ദേഹത്തിന്റെ ജനനം. ജഗ് മോഹന്‍ സിംഗ് ധിമാന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഏറെ ചെറുപ്പത്തിലേ ജഗ്ജിത് സിംഗ് സംഗീതത്തോട് താല്പര്യം കാണിച്ചിരുന്നു. ഗുരുദ്വാരകളില്‍ ഖുര്‍ബാനി പാടാന്‍ അദ്ദേഹം നിയോഗിക്കപ്പെടാറുമുണ്ടായിരുന്നു. എഞ്ചിനീയറോ ഗവണ്മെന്റ് ഉദ്യോഗസ്ഥനോ ആയി മകനെ കാണാനായിരുന്നു ജഗ്ജിത് സിംഗിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഉന്നത പഠനങ്ങള്‍ക്കായി പഞ്ചാബിലും ഹരിയാനയിലും ജഗ്ജിത് സിംഗ് യാത്ര ചെയ്തു. ബിരുദാനന്തര ബിരുദ പഠന കാലയളവില്‍ ഷിംലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ജഗ്ജിത് സിംഗ് ചെന്നെത്തി. എന്നത്തെയും പോലെത്തന്നെ നന്നായി പാടുകയും ചെയ്തു. അവിടെ വെച്ചാണ് നടന്‍ ഓം പ്രകാശിനെ ജഗ്ജിത് സിംഗ് കണ്ടു മുട്ടുന്നത്. അദ്ദേഹമാണ് ജഗ്ജിത് സിംഗിനെ മുംബൈയിലേക്ക് ക്ഷണിക്കുന്നത്. ഇതിനു മുന്‍പു തന്നെ ജഗ്ജിത് സിംഗ് ജലന്ധര്‍ ആള്‍ ഇന്ത്യാ റേഡിയോ വഴി തന്റെ പ്രൊഫഷണല്‍ സംഗീത രംഗത്ത് അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. മുംബൈ നഗരം തനിക്ക് സമ്മാനിച്ചേക്കാനിടയുള്ള ഭാഗ്യത്തെക്കുറിച്ച് അദ്ദേഹം കിനാക്കാണുകയും മുംബൈയിലേക്ക് ഏറെ വൈകാതെ വണ്ടി കയറുകയും ചെയ്തു. എന്നാല്‍ അത്ര എളുപ്പമുള്ള സംഗീത യാത്രയായിരുന്നില്ല ജഗ്ജിത് സിംഗിനെ കാത്തിരിപ്പുണ്ടായിരുന്നത്. കല്യാണ വീടുകളിലെ പരിപാടികളും വളരെ അപൂര്‍വമായി കിട്ടിയ പരസ്യ ജിംഗിളുകളുമല്ലാതെ ജഗ്ജിത് സിംഗിനെ കാത്തിരിക്കുന്നതായി ഒന്നുമുണ്ടായിരുന്നില്ല.
മുംബൈയില്‍ അതിജീവനത്തിനായി കാല്ക്കാശു പോലുമില്ല എന്ന അവസ്ഥ സംജാതമായപ്പോഴാണ് കള്ളവണ്ടി കയറി അദ്ദേഹം തിരികെ നാടണയുന്നത്. എന്നിരുന്നാല്‍ പോലും ഈ അനുഭവങ്ങളൊന്നും മുംബൈ എന്ന സ്വപ്‌നം തല്ലിക്കെടുത്താന്‍ പോന്നതായിരുന്നില്ല. 1965 ൽ താന്‍ മുംബൈയില്‍ സംഗീത യാത്ര നടത്തി വിജയിക്കുമെന്നുറപ്പിച്ച് ജഗ്ജിത് സിംഗ് ഒരിക്കല്‍ കൂടി മുംബൈയിലേക്ക് വെച്ചു പിടിച്ചു. ആത്മമിത്രം ഹരിദാമന്‍ സിംഗ് ഭോഗല്‍ ആണ് അന്നത്തെ യാത്രക്കായി ജഗ്ജിതിന് കാശ് സംഘടിപ്പിച്ചു നല്കുന്നത്. മുംബൈയിലെത്തിയ ശേഷവും അദ്ദേഹം പണമയച്ചുകൊണ്ടിരുന്നു. വീട്ടില്‍ പറയാത്ത യാത്രയായിരുന്നു അത് എന്നതിനാല്‍ തന്നെ ഏറെ പ്രയാസകരമായ അനുഭവങ്ങള്‍ ജഗ്ജിത് സിംഗിന് നേരിടേണ്ടി വന്നിരുന്നു

അവിടെ വെച്ചാണ് പണ്ഡിറ്റ് ചഗന്‍ ലാല്‍ ശര്‍മക്കു കീഴില്‍ ശാസ്ത്രീയ സംഗീതമഭ്യസിക്കുന്നത്. പിന്നീട് മയ്ഹാര്‍ ഘരാനയിലെ ഉസ്താദ് ജമാല്‍ ഖാന്റെ ശിഷ്യത്വം സ്വീകരിക്കുകയും ഖയാല്‍, ധ്രുപത്, തുംരി തുടങ്ങിയവ അഭ്യസിക്കുകയും ചെയ്തു. 
ജഗ്ജിത് സിംഗ് കോളേജിലാണ് എന്ന ധാരണയിലായിരുന്നു കുടുംബം. എന്നാല്‍ നീണ്ട ഇടവേള കഴിഞ്ഞിട്ടും തിരികെ വീട്ടിലെത്താതെ വന്നപ്പോള്‍ അവര്‍ അന്വേഷിച്ചു തുടങ്ങി. അങ്ങനെയാണ് പഠനമുപേക്ഷിച്ച് ജഗ്ജിത് സിംഗ് മുംബൈയിലേക്ക് യാത്രയായ കാര്യം സഹോദരന്‍ അറിയുന്നത്. എന്നാല്‍, ഇക്കാര്യം അദ്ദേഹം സ്വകാര്യമാക്കി വെച്ചു.
എന്നാല്‍ ഒരു മാസം കഴിയുന്നതിനു മുന്‍പു തന്നെ ജഗ്ജിത് സിംഗ് സര്‍വ സത്യങ്ങളും കുറിച്ചുകൊണ്ട് കുടുംബത്തിന് ഒരു കത്തയക്കുകയുണ്ടായി. സിഖ് ഗായകര്‍ അംഗീകരിക്കപ്പെടില്ല എന്ന തോന്നലില്‍ അദ്ദേഹം ടര്‍ബന്‍ ഉപേക്ഷിച്ച കാര്യം പോലും ആ കത്തിലുണ്ടായിരുന്നു. കഠിന സിഖ് വിശ്വാസിയായ അദ്ദേഹത്തിന്റെ പിതാവിന് അത് ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറമായിരുന്നു. അതോടെ അദ്ദേഹം ജഗ്ജിത് സിംഗിനോട് സംസാരിക്കില്ലെന്ന് തീര്‍ച്ചപ്പെടുത്തുകയുമുണ്ടായി.
അക്കാലഘട്ടത്തില്‍ എച്ച് എം വി റിക്കാര്‍ഡില്‍ പാടാന്‍ അവസരം ലഭിക്കുകയും അത് ഏറെ പ്രശസ്തിയിലേക്ക് അദ്ദേഹത്തെ നയിക്കുകയും ചെയ്തു. പിന്നീട് പലപ്പോഴായി പല അവസരങ്ങളും അദ്ദേഹത്തിന് വന്നു ചേര്‍ന്നു. 
ഇത്തരമൊരവസരത്തില്‍ ഒരു സ്റ്റുഡിയോയില്‍ വെച്ചാണ് ജഗ്ജിത് സിംഗ് ചിത്ര ദത്തിനെ(സിംഗ്) കണ്ടു മുട്ടുന്നത്. ജഗ്ജിത് സിംഗിന്റെ ശബ്ദം ആദ്യ കേള്‍വിയില്‍ ഇഷ്ടപ്പെടാതിരുന്ന ചിത്ര സിംഗ് സംഗീത സംവിധായകനോട് ശബ്ദം ഏറെ ഹെവിയാണെന്നും തനിക്കിദ്ദേഹത്തോടൊപ്പം പാടാനാകില്ലെന്നും അറിയിച്ചു. ഏറെ നിര്‍ബന്ധങ്ങള്‍ക്കൊടുവിലാണ് അവര്‍ പാടാന്‍ സമ്മതിക്കുന്നത്. ആ ജോഡിയാകട്ടെ അങ്ങ് കേറി ഹിറ്റാവുകയും ചെയ്തു. ഭര്‍തൃമതിയായ ചിത്ര ദത്തിനോട് ജഗ്ജിതിനുള്ളില്‍ പ്രണയം നാമ്പിട്ടു. തന്റെ പ്രണയം അവരെ അറിയിച്ചെങ്കിലും പോസിറ്റീവായിരുന്നില്ല മറുപടി. എന്നാല്‍, ജഗ്ജിത് സിംഗ് അവരുടെ ഭര്‍ത്താവിനെ കാണുകയും നിങ്ങളുടെ ഭാര്യയെ എനിക്ക് വിവാഹം കഴിക്കണമെന്നറിയിക്കുകയുമായിരുന്നു. 1968 ല്‍ അവര്‍ വിവാഹ മോചിതയാവുകയും 1971 ല്‍ ജഗ്ജിത് സിംഗ് ചിത്ര സിംഗിനെ വിവാഹം ചെയ്യുകയുമുണ്ടായി. ഇരു ഗായകരുമൊന്നിച്ചെങ്കിലും ഇരുവരുമൊത്തുള്ള ആല്ബം പുറത്തിറങ്ങാന്‍ പിന്നെയും ആറു വര്‍ഷമെടുത്തു. അണ്‍ഫോര്‍ഗെറ്റബ്ള്‍ എന്ന ആ ആല്ബം ഇരുവരെയും പ്രശസ്തിയുടെ കൊടുമുടിയിലേക്ക് നയിച്ചു. പിന്നീട് ഹിറ്റുകളുടെ പെരുമഴ തന്നെ അവര്‍ തീര്‍ത്തു. ഗസല്‍ കപ്പ്ള്‍ എന്ന പേര് അവരെ തേടിയെത്തി. ഇരുവരും ചേര്‍ന്ന് 16 ആല്ബങ്ങള്‍ പുറത്തിറക്കി. അതിനിടയിലാണ് മകന്റെ അകാല വിയോഗം ഇരുവരെയും ദുഃഖത്തിലാഴ്ത്തുന്നത്. ആ ദുഖം ഇരുവരും പാട്ട് ഉപേക്ഷിക്കുന്നിടം വരെ എത്തി. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം 1992 ല്‍ ജഗ്ജിത് സിംഗ് സംഗീത രംഗത്തേക്ക് തിരികെയെത്തി. ഗസലിന്റെ പുതിയ തലങ്ങള്‍ താണ്ടുകയും മാസ്മരികാനുഭവം സമ്മാനിക്കുകയും ചെയ്തു. 
സാഹിത്യ അക്കാദമി അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ്, സാഹിത്യ കല അക്കാദമി അവാര്‍ഡ്, ഗാലിബ് അക്കാദമി അവാര്‍ഡ്, പദ്മഭൂഷണ്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഗുലാം അലിയോടൊത്ത് മുംബൈയില്‍ ഒരു കണ്‍സര്‍ട്ടിനായുള്ള ഒരുക്കത്തിനിടെ 2011 സപ്തംബര്‍ 23 ന് അദ്ദേഹത്തിന് ബ്രെയ്ന്‍ ഹെമറേജ് സംഭവിക്കുകയായിരുന്നു. രണ്ടാഴ്ച കോമയില്‍ കിടന്ന അദ്ദേഹം 2011 ഒക്ടോബര്‍ 10 ന് മരണപ്പെടുകയായിരുന്നു.
ബിയോണ്‍ഡ് ടൈം എന്ന ശീര്‍ഷകത്തില്‍ ഒരു ജീവചരിത്രം അദ്ദേഹത്തെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിത യാത്രകള്‍ മുന്‍നിര്‍ത്തി കാഗസ് കി കശ്തി എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്. 
ജഗ്ജിത് എന്ന പേര് അനശ്വരമാക്കിയാണ് അദ്ദേഹം യാത്രയായത്. ലോകം അദ്ദേഹം സംഗീതം കൊണ്ട് കീഴടക്കി. അദ്ദേഹത്തിന്റെ ആത്മാവ് നിക്ഷേപിക്കപ്പെട്ട പാട്ടുകള്‍ നമ്മുടെ ഹൃദയങ്ങളില്‍ മുഴങ്ങുവോളം കാലം അദ്ദേഹത്തെ എങ്ങനെ മറന്നു കളയാനാകുമെന്നാണ്!

ഹര്‍ ചീസ് പെ അഷ്‌കോന്‍ സെ ലിഖാ ഹെ തുമാരാ നാം
യെ രാസ്‌തെ ഘര്‍ ഗലിയാ തുമേ കര്‍ ന സകേ സലാം

No comments:

Post a Comment

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...