Saturday, 10 October 2020

ജഗ് ജിത് സിംഗ് ഓർമ്മ - നദീം നൗഷാദ്

ബീഗം  അക്തർ   വിടവാങ്ങിയ ശേഷം  ഗസലിന്‍റെ ഭാവി എന്താവുമെന്ന്  ആശങ്കപ്പെട്ട സമയത്താണ്   ‘അണ്‍ഫോര്‍ഗറ്റബിൾ ’എന്ന  ആൽബത്തിലൂടെ   ജഗ്‌ ജിത്  സിംഗിന്‍റെ   രംഗപ്രവേശം.  അതുവരെ കേട്ട ശൈലിയിലുള്ള പാട്ടുകളായിരുന്നില്ല അദ്ദേഹം പാടിയത്. പരമ്പരാഗത രീതിയിലുള്ള ആലാപനം‌  ഇഷ്ട്ടപെട്ടവരെ  അത് നിരാശപ്പെടുത്തി. അവരില്‍ നിന്ന് കടുത്ത വിമര്‍ശങ്ങള്‍ വന്നു. ചിലർ   ആക്ഷേപിച്ചു.  മറ്റു ചിലർ പരിഹസിച്ചു. അതിനെ  കുറിച്ച്  സത്യസരൺ  എഴുതിയ പുസ്തകത്തിൽ  ജഗ് ജിത് സിംഗിൻ്റെ    വാക്കുകൾ ഇങ്ങനെ
.“സംഗീതോപകരണങ്ങളുടെ കാര്യത്തിലും  രചനയുടെ കാര്യത്തിലും എനിക്ക് രൂക്ഷമായ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ഇതൊരു ഗസല്‍ അല്ല എന്ന് ചിലര്‍ പറഞ്ഞു. ഇങ്ങനെയല്ല ഗസല്‍ പാടേണ്ടതെന്നും. ഞാൻ ചോദിച്ചു .എങ്കില്‍ താങ്കള്‍ പറഞ്ഞു തരൂ എങ്ങനെയാണ് ഗസല്‍ പാടേണ്ടതെന്ന് . ബീഗം അക്തറാണ് ഗസലിന്‍റെ ഒരേയൊരു ശൈലി എന്ന് താങ്കള്‍ പറഞ്ഞാല്‍ എനിക്കത് സമ്മതിക്കാന്‍ പറ്റില്ല. അവരുടെ സാമൂഹിക ചുറ്റുപാടാണ് ആ ശൈലി രൂപപ്പെടുത്തിയത്. അതിനര്‍ത്ഥം അത് മറ്റുള്ളവര്‍ നിര്‍ബന്ധമായും പിന്തുടരേണ്ട ഒരു സൂത്രവാക്യമാണ് എന്നല്ല. അവര്‍ക്ക് മുമ്പ് ബര്‍ക്കത് അലിഖാന് ഒരു ശൈലി ഉണ്ടായിരുന്നു. എന്‍റെ ശൈലി ഇതാണ്. നന്നായി സ്വീകരിക്കപ്പെട്ടവരുടെ ശൈലിയാണ് നമ്മള്‍ ശ്രദ്ധിക്കുക. ഏറ്റവും നന്നായി സ്വീകരിക്കപ്പെടുന്നത് കാലക്രമത്തില്‍ ഒരു ശൈലിയായി മാറും. വ്യത്യസ്തമായ ശൈലികള്‍ വളര്‍ന്നു വരട്ടെ”.
ഗസല്‍ ആലാപന ചരിത്രത്തില്‍ ഒരു വിസ്മയമായിരുന്നു ജഗ്ജിത് സിംഗ് ചിത്രസിംഗ് ദമ്പതികളുടെ ആദ്യ ഗസല്‍ ആല്‍ബം ‘ദി അണ്‍ഫോര്‍ഗറ്റബിള്‍സ്’. 1975ല്‍ പുറത്തുവന്ന ഇതിലെ വരികള്‍, ആലാപന ശൈലി, സംഗീത ഉപകരണങ്ങളുടെ അവതരണം എന്നിവയെല്ലാം പുതുമയുള്ളതായിരുന്നു. ‘അണ്‍ഫോര്‍ഗറ്റബിളി’ലൂടെ ഗസല്‍ ആലാപന ശൈലിയെ  ജഗ്ജിത് സിംഗ്    മാറ്റി മറിച്ചു . ഗസലില്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന സിതാര്‍, തബല, സാരംഗി എന്നിവക്ക് പകരം ഗിറ്റാര്‍, സാക്സഫോണ്‍, പിയാനോ, ഡബിള്‍ ബാസ് എന്നിവ ഉപയോഗിച്ചു. ഇതിന്‍റെ പ്രചോദനം സംഗീത സംവിധായകന്‍ ഖയാം ആയിരുന്നു എന്ന് ജഗ്ജീത് സിംഗ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.  കഠിനമായ കവിതകള്‍ പോലും അദ്ദേഹം തന്‍റെ ആലാപനത്തിലൂടെ ലളിതമാക്കി. 
ജഗ്ജിത് സിംഗ് വരുന്നതിനു മുമ്പ് മുഹമ്മദ്‌ റഫിയും തലത് മെഹമൂദുമാണ് ഈ രംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നണി പാടുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. പിന്നണി ഗായകന്‍ എന്ന സുരക്ഷിത ഇടം സ്വീകരിക്കാതെ ഗസലിന് ശ്രോതാക്കളെ ഉണ്ടാക്കുക എന്ന അത്യന്തം ദുഷ്കരമായ ജോലിയുമായി ജഗജിത് സിംഗ് മുന്നോട്ടു പോയി. നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ജഗ്ജിത് സിംഗിന്‍റെ ഗസലുകള്‍ സ്വീകരിക്കപ്പെട്ടു തുടങ്ങി. വിഭജനത്തിനു ശേഷം നഷ്ട്ടപെട്ടു തുടങ്ങിയ ഗസല്‍ ആരാധകരെ തിരിച്ചു കൊണ്ടുവന്നു. പാര്‍ട്ടികളിലും ബാറുകളിലും മെഹഫിലുകളിലും ഒതുങ്ങി നിന്ന ഗസലിനെ അദ്ദേഹം സാധാരണക്കാരൻ്റെ   വീടുകളിൽ  എത്തിച്ചു. പാശ്ചാത്യ സംഗീത ഉപകരങ്ങളായ സ്പാനിഷ്‌ ഗിറ്റാറും,  വയലിനും അദ്ദേഹം ഗസലുകളില്‍ സമൃദ്ധമായി ഉപയോഗിച്ചു. സ്വരവിന്യാസം, ആലാപനം  എന്നിവയില്‍  വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്നു. ഗസലില്‍ കാല്‍പനികതക്ക് പ്രാധാന്യം നല്‍കി. ഭാഷയുടെ അതിസൂഷ്മ ഘടകങ്ങള്‍ ഉള്‍കൊള്ളുകയും അവ ആലാപനത്തില്‍ കൊണ്ടുവരികയും ചെയ്തു. ജഗ്ജിത് സിംഗിന്‍റെ വിജയം ഗസലിന്‍റെ വ്യാപാര സാധ്യതകളിലേക്ക് വഴി തുറന്നു. പങ്കജ് ഉദാസ്, അനൂപ്‌ ജലോട്ട, തലത് അസീസ്‌, ഹരിഹരന്‍  എന്നിവര്‍ക്ക് ഈ രംഗത്ത് പിടിച്ച് നില്‍ക്കാന്‍ ശക്തി നല്‍കിയത് ജഗ്ജിതിന്‍റെ അവിരാമ സാനിധ്യമാണ്.
ജഗ് ജിത്‌  സിംഗ്  വരുന്നത് വരെ ഗസലില്‍ പാശ്ചാത്യ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുക പതിവില്ലായിരുന്നു . എന്നാല്‍ ഇതില്‍ ഇന്ന് വഴിമാറി സഞ്ചരിച്ച ആദ്യ ഗസല്‍ ഗായകന്‍ ഒരു പക്ഷെ  ജഗ്ജിത് സിംഗ് ആയിരിക്കും. ഗിറ്റാറും വയലിനും കീബോഡും  ഉപയോഗിച്ചുള്ള  ജഗജിത് സിംഗിന്‍റെ സംഗീത സംവിധാനം   ഗസല്‍ പ്രേമികളെ അത്ഭുതപ്പെടുത്തി . അതൊരു വേറിട്ട വഴിയായിരുന്നു. ഇതിന് മുമ്പ് ആരും ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കാത്ത വഴി. ഉപകരണ സംഗീതത്തെ തന്‍റെ ശബ്ദം കൊണ്ട് പകരം വെയ്ക്കുക എന്ന പരീക്ഷണവും പല തവണ നടത്തിയിട്ടുണ്ട് ജഗ്ജിത് സിംഗ്. 

No comments:

Post a Comment

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...