Saturday 7 November 2020

ഉര്‍ദു: ഭാഷയുടെ സൗന്ദര്യം- നൗഷാദ് റഹ്മാനി മേല്‍മുറി

ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സുപ്രധാന ഭാഷയാണ് ഉര്‍ദു. ആകര്‍ഷകമായ ഉച്ചാരണവും ചാതുര്യവും സമ്മേളിച്ച സൗന്ദര്യത്തികവാര്‍ന്ന ഉര്‍ദു ഭാഷ മതേതര മൂല്ല്യങ്ങള്‍ വളര്‍ത്തുന്നതിലും ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സമ്പുഷ്ടമാക്കുന്നതിലും അനല്‍പ്പമായ പങ്ക് വഹിച്ചിട്ടുണ്ട്. ലോകാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ് ഉര്‍ദു.

ഉര്‍ദു ഭാഷ പിറവിയെടുത്തത് ഇന്ത്യയിലാണ്. പട്ടാള ക്യാമ്പ്, സൈന്യം എന്നര്‍ത്ഥമുള്ള തുര്‍ക്കി പദമാണ് ഉര്‍ദു. ഹിന്ദ്-ആര്യായീ ഭാഷാകുടുംബത്തിലെ അംഗമായ ഉര്‍ദുവിന്‍റെ ഉത്ഭവം ഇന്ത്യയില്‍ എവിടെ, എപ്പോള്‍ എന്നത് സംബന്ധിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. 'ബാഗോ ബഹാര്‍' എന്ന ഗ്രന്ഥത്തില്‍ മീര്‍ അമ്മന്‍ ദഹ്ലവി അഭിപ്രായപ്പെട്ടത്, ഉര്‍ദു അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് പിറവിയെടുക്കുകയും ഷാജഹാന്‍റെ കാലത്ത് പുരോഗതി പ്രാപിക്കുകയും ചെയ്തുവെന്നാണ്. മൗലാനാ മുഹമ്മദ് ഹുസൈന്‍ ആസാദ് തന്‍റെ 'ആബെ ഹയാത്ത്' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി: ബുര്‍ജ് ഭാഷയില്‍ നിന്നുണ്ടായ ഉര്‍ദു ഷാജഹാന്‍റെ കാലത്ത് പരിപൂര്‍ണ്ണതയിലെത്തി. മഹ്മൂദ് ശീറാനി ഉര്‍ദുവിന്‍റെ ഉത്ഭവം പഞ്ചാബിലാണെന്ന് അഭിപ്രായപ്പെടുന്നു. ഡല്‍ഹിയിലും ആഗ്രയിലുമുള്ള സൈനിക ക്യാമ്പുകളില്‍ ഹിന്ദി-അറബി-പേര്‍ഷ്യന്‍ ഭാഷകളുടെ മിശ്രണ ഫലമായാണ് ഉര്‍ദു രൂപം കൊണ്ടത് എന്ന അഭിപ്രായം പ്രസക്തമാണ്. ഉര്‍ദുവിന്‍റെ ഉത്ഭവം ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമാണുണ്ടായതെന്ന് മസ്ഊദ് ഹുസൈന്‍ ഖാനും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

 ഈ ഭാഷയ്ക്ക് ഉര്‍ദു എന്ന പേര് സാര്‍വത്രികമാകുന്നതിനു മുമ്പ് മറ്റു ചില പേരുകളും ഉണ്ടായിരുന്നു. സബാനേ ദില്ലി, ഗുജരി, ദഖ്നി, ഹിന്ദുസ്ഥാനി, ഉര്‍ദുയെ മുഅല്ലാ, രേഖ്ത മുതലായവ ഇവയില്‍ ചിലതാണ്.
വ്യാകരണപരമായി ഹിന്ദിയോട് സാമ്യതയുള്ള ഭാഷയാണ് ഉര്‍ദു. എന്നാല്‍ ഹിന്ദി അതിന്‍റെ സാങ്കേതിക പദങ്ങള്‍ സംസ്കൃതത്തില്‍ നിന്ന് സ്വീകരിച്ചപ്പോള്‍ ഉര്‍ദു പേര്‍ഷ്യന്‍-അറബി ഭാഷകളില്‍ നിന്ന് സ്വീകരിച്ചു. പേര്‍ഷ്യന്‍ സാഹിത്യത്തില്‍ നിന്നാണ് ഉര്‍ദുവിന് മികച്ച മതേതര പാരമ്പര്യം കിട്ടിയത്. ഉര്‍ദു അക്ഷരങ്ങള്‍ മിക്കവയും അറബിയില്‍ നിന്നുള്ളവയാണ്. 35 ല്‍ 28 അക്ഷരങ്ങള്‍ അറബിയും നാലെണ്ണം പേര്‍ഷ്യനും ശേഷിക്കുന്ന മൂന്നെണ്ണം ഉര്‍ദുവിന് വേണ്ടി രൂപകല്‍പ്പന ചെയ്തതുമാണ്.
ഇന്ത്യയിലെ ഭരണം സുഗമമാക്കാന്‍ ഉര്‍ദു പഠനത്തിന് ബ്രിട്ടീഷ് അധികാരികള്‍ ഏറെ താല്‍പര്യം കാണിച്ചിരുന്നു. സാധാരണക്കാരോട് സംവദിക്കാന്‍ പ്രാദേശിക ഭാഷ സ്വായത്തമാക്കേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് 1800ല്‍ ജോണ്‍ ഗില്‍ക്രിസ്റ്റിനെ മുന്‍ നിര്‍ത്തി ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയില്‍ ഫോര്‍ട്ട് വില്ല്യം കോളേജ് സ്ഥാപിച്ചത്. ഇംഗ്ലീഷ് ഉദ്യോഗസ്ഥര്‍ക്ക് ഉര്‍ദു ഭാഷയില്‍ പരിജ്ഞാനമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ഉര്‍ദു സാഹിത്യ പുരോഗതിയില്‍ പ്രസ്തുത കോളേജിന്‍റെ സംഭാവനകള്‍ അനവഗണനീയമാണ്.

ഗദ്യ-പദ്യ വിഭാഗങ്ങളില്‍ ഉര്‍ദു സാഹിത്യ രംഗം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. അസ്നാഫെ സുഖന്‍ എന്നറിയപ്പെടുന്ന പദ്യ വിഭാഗത്തില്‍ നസം, ഗസല്‍, ഹംദ്, നഅ്ത്, റുബാഈ, ഖസ്വീദ, മസ്നവി, മര്‍സിയ തുടങ്ങി നിരവധി ഇനങ്ങളുണ്ട്.  അസ്നാഫെ നസ്റില്‍ (ഗദ്യ വിഭാഗങ്ങള്‍) കഹാനീ, നാവല്‍, ഇന്‍ശാഇയ്യ, ദാസ്താന്‍, സഫര്‍നാമ, ഡ്രാമ, മസ്മൂന്‍, ഖത്ത് തുടങ്ങി ധാരാളം ഇനങ്ങള്‍ കാണാം.  

 ഉര്‍ദുവിലെ സാരഗര്‍ഭമായ എണ്ണമറ്റ ഗ്രന്ഥങ്ങള്‍ ആ ഭാഷയുടെ സുശക്തമായ പാരമ്പര്യത്തെ ദ്യോതിപ്പിക്കുന്നു. മലയാളമടക്കമുള്ള നിരവധി ഭാഷകളിലേക്ക് ഉര്‍ദു സാഹിത്യ ഗ്രന്ഥങ്ങള്‍ മൊഴിമാറ്റം നടത്തപ്പെട്ടിട്ടുണ്ട്.

അസ്നാഫെ സുഖനിലെ പ്രധാന ഇനം ഗസല്‍ ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്. ഉര്‍ദു ഭാഷ വശമില്ലാത്തവര്‍ പോലും ചുണ്ടുകളില്‍ ഗസലുമായി നടക്കുന്നത് കാണാന്‍ കഴിയും. മീര്‍സാ ഗാലിബ്, മീര്‍ തഖീ മീര്‍, മോമിന്‍ ഖാന്‍ മോമിന്‍, ജിഗര്‍ മുറാദ് ആബാദി, ദാഗ് ദഹ്ലവി,  ഹസ്രത്ത് മോഹാനി, സഫര്‍ തുടങ്ങി ഗസല്‍ രചയിതാക്കള്‍ നിരവധിയാണ്. ഗുലാം അലി, മെഹ്ദീ ഹസന്‍, പങ്കജ് ഉദാസ്, ജഗ്ജീത് സിംഗ്,  ഹരിഹരന്‍, മുഹമ്മദ് റഫി തുടങ്ങി ഗസല്‍ ഗായകരും നിരവധിയുണ്ട്.
ഭാരതത്തില്‍ സാഹിത്യത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് അംഗീകരിക്കപ്പെട്ട 'ജ്ഞാനപീഠം' അവാര്‍ഡിന് ഇതിനകം നാല് ഉര്‍ദു സാഹിത്യകാരന്‍മാര്‍ അര്‍ഹരായിട്ടുണ്ട്. ഫിറാഖ് ഗോറഖ്പൂരി, ഖുര്‍റത്തുല്‍ ഐന്‍ ഹൈദര്‍, അലി സര്‍ദാര്‍ ജഅ്ഫരി, ശഹരിയാര്‍ എന്നിവരാണവര്‍. ലോക ഭാഷകളില്‍ തന്നെ ഏറ്റവും സംവേദനക്ഷമതയും കാവ്യ ഭംഗിയുമുള്ള പേര്‍ഷ്യന്‍ ഭാഷ നമ്മുടെ പ്രാദേശിക ഭാഷകളുമായി സമരസപ്പെട്ടപ്പോള്‍ ഉരുത്തിരിഞ്ഞ ഉര്‍ദു ഭാഷയിലെ കാവ്യപ്രപഞ്ചം സാധാരണക്കാരുടെ ഹൃദയാന്തരങ്ങളെപ്പോലും കോരിത്തരിപ്പിച്ചു. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്‍റെ വരികളാണ് ഏറെ ജനകീയമായത്. 'സാരേ ജഹാംസെ അച്ഛാ' എന്ന വരികള്‍ ചുണ്ടില്‍ തട്ടിയിട്ടില്ലാത്ത ഇന്ത്യക്കാരുണ്ടാകുമോ? മീര്‍ തഖി മീര്‍, മീര്‍സാ ഗാലിബ്, ജോഷ് മലീഹാബാദി തുടങ്ങിയവരുടെ വരികള്‍ ഏവരേയും ഹര്‍ഷപുളകിതരാക്കി. മിക്ക ഹിന്ദി സിനിമകളിലേയും ഗാനങ്ങള്‍ ഉര്‍ദുവിലാണ് രചിക്കപ്പെട്ടതെന്നത് സ്മരണീയമാണ്. സരളവും ലളിതവും സുന്ദരവുമായ ഭാഷയാണ് ഉര്‍ദുവെന്നതിലേക്ക് ഈ വസ്തുത വിരല്‍ചൂണ്ടുന്നു.
നിരവധി സൂഫിയാക്കള്‍ ഉര്‍ദുഭാഷയെ സുദൃഢമാക്കി. ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി, ഖ്വാജാ ബന്ദേനവാസ് ഗേസൂദറാസ്, ഹസറത്ത് നിസാമുദ്ദീന്‍ ഔലിയ, ശൈഖ് റശീദുദ്ദീന്‍ ശഖര്‍കഞ്ച് തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.

 ഇന്ത്യയുടെ പൊതുഭാഷയാണ് ഉര്‍ദു. പ്രേംചന്ദ്, മുല്‍ക് രാജ് ആനന്ദ്, കിഷന്‍ ചന്ദര്‍, ഫിറാഖ്, നാരായന്‍ ചക് പസ്ത് തുടങ്ങി ഉര്‍ദു ഭാഷയ്ക്ക് ശക്തിയും ഊര്‍ജ്ജവും നല്‍കിയ സാഹിത്യകാരന്മാര്‍ നിരവധിയാണ്.

പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും  പ്രാദേശിക ഭാഷയായി ഉര്‍ദുവിന് സ്ഥാനമുണ്ട്. ഉത്തരേന്ത്യയില്‍ പ്രചുര പ്രചാരം നേടിയതുപോലെ ഉര്‍ദുഭാഷക്ക് കേരളത്തില്‍ പ്രാദേശിക ഭാഷ എന്ന ലേബലില്‍ ക്ലച്ച് പിടിക്കാന്‍ സാധിച്ചില്ലെങ്കിലും ഉര്‍ദുഭാഷയുടെ പ്രാരംഭ കാലത്ത് തന്നെ അതിന്‍റെ അലയൊലികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. കച്ചവടാവശ്യാര്‍ത്ഥം ഉര്‍ദു മാതൃഭാഷക്കാരായ നിരവധി പേര്‍ കേരളത്തില്‍ വന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗത്തും ഇവര്‍ കച്ചവടം തുടങ്ങി. അതുവഴി ഉര്‍ദുവുമായി ഇവിടെയുള്ള ജനങ്ങള്‍ പരിചയം സ്ഥാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ പ്രദേശങ്ങളിലെ മിലിട്ടറി ക്യാമ്പുകളും ഉര്‍ദു പ്രചാരണത്തിന് വേഗത കൂട്ടി. ജോലി ആവശ്യാര്‍ത്ഥം ഉര്‍ദു സംസാരിക്കുന്ന സ്റ്റേറ്റുകളില്‍ പോകുന്നവരും കുറവായിരുന്നില്ല. ഉപരി പഠനാവശ്യാര്‍ത്ഥം വെല്ലൂര്‍, ദയൂബന്ദ്, ലക്നൗ, ഡല്‍ഹി, അലീഗഡ്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ധാരാളമുണ്ടായിരുന്നു.  അതുവഴിയും കേരളത്തില്‍ ഉര്‍ദു പ്രചാരം നേടി. 

ഉര്‍ദു കേരളത്തിനും കേരളം ഉര്‍ദുവിനും നല്‍കിയ സംഭാവനകള്‍ ചെറുതല്ല. കേരളത്തിലെ ആദ്യ ഉര്‍ദു നോവലിസ്റ്റ് സുലൈഖ ഹുസൈന്‍ ഉര്‍ദു സാഹിത്യ ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി. 1930 ല്‍ ജനിച്ച സുലൈഖ ഹുസൈന്‍ തന്‍റെ ഇരുപതാം വയസ്സില്‍ ഉര്‍ദു നോവല്‍ രചന തുടങ്ങി. ഇരുപത്തിയാറ് നോവലുകള്‍ അവര്‍ രചിച്ചു.  'മേരേ സനം' എന്ന ആദ്യ നോവല്‍ തന്നെ അതേ പേരില്‍ ഹിന്ദി സിനിമയാക്കിയിരുന്നു.

 കേരളത്തില്‍ ഉര്‍ദു കവിതകള്‍ വിരചിതമാവാന്‍ തുടങ്ങിയത് 1930 കളിലാണ്. അബ്ദുല്‍ കരീം സേഠ് അഖ്തര്‍, എസ്.എം. സര്‍വര്‍, മൂസാ നാസിഹ് എന്നവര്‍ കേരളത്തിലെ പ്രസിദ്ധരായ ഉര്‍ദു കവികളാണ്. എസ്.എം സര്‍വറാണ് കേരളത്തിലെ ആദ്യത്തെ ഉര്‍ദു കവിത സമാഹാരമായ 'അര്‍മഗാനേ കേരള'  രചിച്ചത്.
സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്കൂളുകളില്‍ ഉര്‍ദു സജീവമായി.  നിരവധി അറബിക് കോളേജുകളിലും ദര്‍സുകളിലും ഉര്‍ദു പഠനം ഊര്‍ജ്ജസ്വലതയോടെ നിലനില്‍ക്കുന്നു. കോളേജ് തലത്തില്‍   ആദ്യമായി ഉര്‍ദു ആരംഭിച്ചത് തലശ്ശേരി ബ്രണ്ണന്‍ കോളേജിലാണ്. 1888 ല്‍ എഡ്വേര്‍ഡ് ബ്രണ്ണന്‍ എന്ന ബ്രിട്ടീഷുകാരനാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ പ്രചാരണത്തിനായി ഈ കോളേജ് സ്ഥാപിച്ചത്. അന്നുമുതലേ ഉര്‍ദു ഇവിടെ രണ്ടാം ഭാഷയായി പഠിപ്പിക്കപ്പെടുന്നു. ഇന്ന് വിവിധ കോളേജുകളില്‍ ഉര്‍ദു ഭാഷയുണ്ട്. ഉര്‍ദു ഭാഷയുടെ പുരോഗതിക്കായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉര്‍ദു ലാന്‍ഗ്വേജിന്‍റെ (എന്‍.സി.പി.യു.എല്‍) ഉര്‍ദു ഡിപ്ലോമ കോഴ്സ് കോച്ചിംഗ് ക്ലാസുകള്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും നടന്നുവരുന്നു. മലയാള ഭാഷക്ക് ഉര്‍ദുവിന്‍റെ സംഭാവനയായി നിരവധി വാക്കുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്‍ഖിലാബ്, സിന്ദാബാദ്, മൂര്‍ദ്ദാബാദ്, സര്‍ക്കാര്‍, കദര്‍, മിഠായി, നാശ്ത, മൈതാനം തുടങ്ങി നിരവധി മലയാള പദങ്ങള്‍ ഉര്‍ദുവിന്‍റെ സംഭാവനയാണ്. 

 ഉര്‍ദുവിന്‍റെ പുരോഗതിക്ക് വേണ്ടി കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന്‍, അഞ്ചുമന്‍ തര്‍ഖി ഉര്‍ദു, ഇന്റര്‍നാഷണല്‍ യംഗ് ഉര്‍ദു സ്കോളേഴ്സ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍, കേരള ഉര്‍ദു പ്രചാര സമിതി, ഉര്‍ദു ലവേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഡോക്ടര്‍ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്‍റെ ജന്മദിനമായ നവംബര്‍ ഒമ്പത് ലോക ഉര്‍ദു ദിനമായി ആചരിക്കപ്പെടുന്നു. ഉര്‍ദു ഭാഷയെ കൂടുതല്‍ സമ്പുഷ്ടമാക്കിയ അല്ലാമാ ഇഖ്ബാര്‍ 1877 നവംബര്‍ ഒമ്പതിന് സിയാല്‍കോട്ടില്‍ ജനിച്ചു. ഉര്‍ദു-പേര്‍ഷ്യന്‍ സാഹിത്യത്തില്‍ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹത്തിന്‍റെ ഉര്‍ദു കവിതാ സമാഹാരങ്ങള്‍ ബാങ്കേദറാ, ബാലേ ജിബ്രീല്‍, സര്‍ബേ ഖലീം, അര്‍മഗാനേ ഹിജാസ് എന്നിവയാണ്. 'സാരെ ജഹാം സെ അച്ഛാ'  'ചിശ്തിനെ ജിസ് സമീന്‍ മേം'  'ലബ്പെ ആത്തിഹെ'  തുടങ്ങിയ ഇഖ്ബാല്‍  വരികള്‍ സാധാരണക്കാരുടെ ചുണ്ടുകളില്‍ പോലും തത്തിക്കളിച്ചുകൊണ്ടിരിക്കുന്നു. ആത്മീയതയുടെ വെളിച്ചം തൂവുന്ന അദ്ദേഹത്തിന്‍റെ 'ശിക് വ ജവാബേ ശിക് വ' ഏറെ പ്രസിദ്ധമാണ്. 1938 ഏപ്രില്‍ 21 ന് ലാഹോറില്‍ അദ്ദേഹം വഫാത്തായി. 

ഉര്‍ദുവിലെ സുപ്രസിദ്ധ കവി ഗാലിബിന്‍റെ വഫാത് ദിനമായ ഫെബ്രുവരി 15 ദേശീയ ഉര്‍ദു ദിനമായി ആചരിക്കപ്പെടുന്നു. 1797 ഡിസംബര്‍ 27 ന് ആഗ്രയില്‍ ജനിച്ച അദ്ദേഹം 1869 ഫെബ്രുവരി 15 ന് ഡല്‍ഹിയില്‍ മരണപ്പെട്ടു.

 നൗഷാദ് റഹ്മാനി മേല്‍മുറി

(HST ഉര്‍ദു, തരകന്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ അങ്ങാടിപ്പുറം)

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...