Friday 6 November 2020

നവംബര്‍ 7, അവസാനത്തെ മുഗൾ ചക്രവർത്തിയും ഉര്‍ദു കവിയുമായിരുന്ന ബഹാദൂർഷാ സഫറിന്റെ ചരമവാർഷികദിനമാണ്.

 

  • Deewan-e-Zafar By Bahadur Shah Zafar PDF

  •   1857 ലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ  ബ്രിട്ടീഷുകാർ അദ്ദേഹത്തെ ബർമ്മയിലേക്ക് നാടുകടത്തി. 

      
      മുതിർന്ന മക്കളെയും ബന്ധുക്കളെയും ബ്രിട്ടീഷുപട്ടാളം വെടിവെച്ചുകൊന്ന് നഗരമദ്ധ്യത്തിൽ നാട്ടിയ കഴുമരങ്ങളിൽ കെട്ടിത്തൂക്കി.  ദിവസങ്ങളോളം അവിടെക്കിടന്ന്  ചീഞ്ഞളിഞ്ഞ്, ദുർഗന്ധവും പകർച്ചവ്യാധിയുടെ ഭീതിയും പടർത്തിയ ശേഷമാണ് പുതിയ ഭരണ കൂടം ശവങ്ങൾ എടുത്തുമാറ്റിയത്. 

    1837 ൽ ബഹാദൂർഷാ  ഭരണമേൽക്കു മ്പോൾ മുഗള പ്രതാപം എരിഞ്ഞടങ്ങി, ചാരമായി മാറിയിരുന്നു.  ഷാ 'സഫർ പേരിനുമാത്രമായിരുന്നു ചക്രവർത്തി.  ഭരണം ബ്രിട്ടീഷുകാരുടെ കൈയിലായിരുന്നു. ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള ഏതാനും നാഴികകൾക്കുള്ളിൽ ഷാ'സഫറിന്റെ ഭരണം(?) ഒതുങ്ങി.

    മീററ്റില്‍ നിന്നുവന്ന പ്രതിഷേധിക്കുന്ന പട്ടാളക്കാർ തുടങ്ങിവെച്ച കലാപത്തിൽ  ഷായുടെ സൈനികരും നഗരവാസികളും  പങ്കു ചേർന്നു.  സമരം  പരാജയത്തിലേ കലാശിക്കൂ എന്ന്, ബ്രിട്ടീഷ് സൈനിക ശക്തിയെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ടായി രുന്ന  ബഹാദൂർ ഷായ്ക്ക്  അറിയാമായിരു ന്നു. അത് കലാപകാരികളെ ബോദ്ധ്യപ്പെടു ത്താൻ  ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
    സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനുവഴങ്ങി സമരനേതൃത്വം അദ്ദേഹം ഏറെറടുക്കുക യാണുണ്ടായത്.

    ഭരണത്തിലോ അധികാരത്തിലോ ആസക്തിയില്ലാതെ, സൂഫിയായി ജീവിച്ച ബഹാദൂർഷാ മികച്ച കവിയുമായിരുന്നു. ഉർദു ഭാഷയിലെ  എക്കാലത്തേയും എണ്ണപ്പെട്ട കവികളിലൊരാൾ. ദാരാ ഷിക്കോഹിന്റെയും ജഹാനാരയുടെയും  പൈതൃകത്തിന്റെ നേരവകാശി.
     അദ്ദേഹത്തിന്റെ രാജസദസ് അലങ്കരിച്ച  കവികളുടെ പേരുകൾ ആരിലും ആദരവുണർത്തും. മീർസാ ഗാലിബ്, മുഹമ്മദ് ഇബ്രാഹീം സൗക്, മോമിൻ ഖാൻ മോമിൻ, ദാഗ് ദെഹൽവി....! അനുപമമായ ആ താരനിരയിലെ താരമായിരുന്നു ബഹാദൂർഷായും. 
     
    ഇരുട്ടിന് കട്ടികൂടുന്നതിനനുസരിച്ച്  നക്ഷത്രങ്ങൾക്ക്  തിളക്കം കൂടുന്നു എന്ന പഴമൊഴി ഇവിടെ അന്വർത്ഥമാകുന്നു.

     നാടുകടത്തപ്പെടുമ്പോൾ ബഹാദൂർഷാക്ക് 82 വയസ്സാണ്. കാലാൾപ്പടയുടെ അകമ്പടിയോടെ കാളവണ്ടിയിലാണ് കൊണ്ടുപോയത്.  റംഗൂണിൽ എത്തിയപ്പോഴേക്കും 'സഫർ പകുതി മരിച്ചിരുന്നു. ഭാര്യ സീനത്ത് മഹലും ഇളയ രണ്ട് ആൺമക്കളും അദ്ദേഹത്തെ അനുഗ മിച്ചു.
     
     മരംകൊണ്ടുതീർത്ത പൊട്ടിപ്പൊളിഞ്ഞ  ഒരു വീട്ടിലാണ് അദ്ദേഹത്തെ ബ്രിട്ടീഷുകാർ പാർപ്പിച്ചത്.  ദുരിതമയമായിരുന്നു പിന്നീടുള്ള ജീവിതം. അഞ്ചു വർഷം അത് നീണ്ടു.  
     
      ഒടുവിൽ, 1862 നവമ്പർ 7 ന്, 87-ാം വയസ്സി ലാണ് ദുരിതത്തിന്  അറുതിവരുന്നത്.

    തടവറയ്ക്ക് തുല്യമായ വീട്ടിൽ രോഗാതുരനായി കിടക്കവേ എഴുതിയ  അവസാന കവിത  അഗാധമായ വിഷാദവും വ്യർത്ഥതാബോധവും പ്രതിഫലിപ്പിക്കുന്നു.
       
    ചരിത്രസംഭവങ്ങളും സാങ്കൽപ്പിക കഥാ പാത്രങ്ങളും ഇഴചേർത്തുണ്ടാക്കിയ,  1960ൽ പുറത്തിറങ്ങിയ, ലാൽ കില (ചെങ്കോട്ട) എന്ന ഹിന്ദിചിത്രത്തിൽ 'സഫറിന്റെ ഈ കവിത ഉപയോഗിച്ചിട്ടുണ്ട്. എസ്.എൻ. ത്രിപാഠിയുടെ സംഗീതത്തിൽ മുഹമ്മദ്റഫി പാടി. 
     
    കവിത മുഴുവനും ഗാനത്തിൽ വരുന്നില്ല. മൂന്നര മിനുട്ടിൽ ഒതുക്കേണ്ടി വന്നതു കൊണ്ടാകാം നാല് ഈരടികൾ മാതമാണ്  ഗാനത്തിലുള്ളത്. 
                         *
    മുഴുവൻ കവിതയും റഫിയുടെ ഗാനവും ഇവിടെ പോസ്റ്റ് ചെയ്യുന്നു.

     
    ലഗ്താ നഹീ ഹൈ ദിൽ മേരാ
    ഉജ്ഡെ ദയാർ മെ
    കിസ് കി ബനി ഹൈ ആലം-എ-
    നാ പായെദാർ മെ

     (കെടുതിയുടെ മണ്ണിൽ അൽപ്പവും   
     മനസ്സിന് 
     ആശ്വാസം ലഭിക്കുന്നില്ല.
     അസ്ഥിരാവസ്ഥയിൽ ആഹ്ലാദം തേടാൻ
     ആർക്കാണ് കഴിയുക?)
     
    കഹ്ദോ ഇൻ ഹസ് റതോം സെ
    കഹീം ഔർ ജാ ബസേ
    ഇത് നീ ജഗഹ് കഹാം ഹൈ
    ദിൽ-എ-ദാഗ്-ദാർ മെ

    (ആശകളോട് മറ്റെങ്ങോ കുടിയേറാൻ
    ആരെങ്കിലും പറയുക.
    മുറിവുകൾ തിങ്ങുന്ന ഹൃദയത്തിലില്ലല്ലോ
    അവർക്കുകൂടി ഇടം!)

    കാൺടോം കൊ മത്  നികാൽ ചമൻ സെ
    ഓ ബാഗ്ബാൻ
    യെ ഭി ഗുലോം കെ സാഥ് പലെ 
     ഹൈ ബഹാർ മെ

    (മുള്ളുകൾ, മാലീ, തോട്ടത്തിൽനിന്ന്
    എടുത്തു മാറ്റാതിരിക്കൂ
    പൂക്കളോടൊപ്പം അവയും വസന്തത്തിൽ ഇവിടെ വളർന്നതാണ്.)

     ബുൽബുൽ കൊ ബാഗ്ബാൻ സെ
    ന സയ്യാദ് സെ ഗില
    കിസ്മത് മെ കൈദ് ഥി ലിഖി
    ഫസ്ൽ-എ-ബഹാർ മെ

    (കുയിലിന് പരാതി  വേട്ടക്കാരനോടും
    തോട്ടക്കാരനോടുമില്ല. 
    വസന്തകാലത്ത്  വിധിയിൽ കുറിച്ചത് തടവറയായിരുന്നു.)

    ഇക് ശാഖ്-എ-ഗുൽ പെ बैठ  കെ 
    ബുൽബുൽ ഹൈ ഷാദ്മാൻ
    കാൺട്ടേ ബിഛാദിയെ ഹൈ
    ദിൽ -എ-ലാല'സാർ മെ 

    (പൂമരച്ചില്ലയിൽ തങ്ങുന്ന പൂങ്കുയിൽ 
    ദുഃഖാർത്തയാണിന്ന്
    ചെമ്പൂ വിരിയുന്ന മനസ്സിലിന്നുള്ളത്
    മുള്ളുകളാണല്ലോ ....)

    ഉമ്ർ-എ- ദരാ'സ് മാംഗ് കെ
    ലായി ഥി ചാർ ദിൻ
    ദോ ആർ'സു മെ കട്ട് ഗയി
    ദോ ഇൻതി'സാർ മെ

    (ദീർഘായുസ്സിനായി പ്രാർത്ഥിച്ചുനേടിയ
    നാളുകൾ നാലെണ്ണം
    രണ്ടെണ്ണം ആശയ്ക്കു പിറകെയോടിത്തീർന്നു 
    കാത്തിരിപ്പിൽ രണ്ടും)

    ദിൻ സിന്ദഗി കെ ഖതം ഹുവേ 
    ശാം ഹോ ഗയേ
    ഫൈലാ കെ പാംവ് സോയേംഗെ
    കൂചെ മസാർ മെ

    (ജീവിതത്തിന്റെ പകലുകൾ തീരുന്നു
    സായാഹ്നമണയുന്നു
    കാലുകൾ നീട്ടി കിടന്നുറങ്ങാം ഇനി
    കല്ലറയുടെ കോണിൽ)

    കിത് നാ ഹൈ ബദ്നസീബ് ' സഫർ
    ദഫ്ന് കെ ലിയേ
    ദോ ഗ'സ്  'സമീൻ ഭി ന മിലി
    കൂ-എ-യാർ മെ

    (എത്രമാത്രം  'സഫർ ഹതഭാഗ്യനാണ്! 
    മറവു ചെയ്യാനായി
    ആറടിമണ്ണിന്റെ ഭാഗ്യമുണ്ടായില്ല
    പിറന്നുവീണ മണ്ണിൽ...!)
                 
    റഫിയുടെ ഗാനത്തിന്റെ വീഡിയോ 

    1 comment:

    1. പിറന്ന മണ്ണിൽ അന്ത്യവിശ്രമം കൊള്ളുവാൻ പോലും ഭാഗ്യം ഇല്ലാതെ പോയ അല്ലയോ ചക്രവർത്തി അങ്ങേക്ക് എന്റെ പ്രണാമം.. അങ്ങയുടെ ഹൃദയ വേദന ഈ മണ്ണിൽ ഉണ്ട്. ആ വേദനയിൽ ഞാനും പങ്കു ചേരുന്നു

      ReplyDelete

    ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

    ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...