Monday 7 September 2020

സയ്യിദ് മുഹമ്മദ് സര്‍വര്‍; കേരളം വായിച്ചു തീരാത്ത കവിത-സഫ്‌വാന്‍ വി.കെ

സെപ്റ്റംബര്‍ 06 സയ്യിദ് മുഹമ്മദ് സര്‍വറുടെ ഓര്‍മദിനം

കടപ്പാട്: സുപ്രഭാതം ദിനപത്രം

സെപ്റ്റംബര്‍ 07. കേരളത്തിലെ ഉര്‍ദു ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന/ടേണ്ട സയ്യിദ് മുഹമ്മദ് സര്‍വറുടെ ഓര്‍മദിനം. അധ്യാപകനായും എഴുത്തുകാരനായും കേരളത്തിലെ ഉര്‍ദു ഭാഷയുടെ പുരോഗതിക്കു വേണ്ടി ഭഗീരഥ യത്‌നം നടത്തിയ അദ്ദേഹം ഉര്‍ദു കാവ്യപ്രപഞ്ചത്തിനു നല്‍കിയ സംഭാവനകള്‍ വിലയിരുത്തുകയാണിവിടെ

1916 ല്‍ ത്യശൂരിനടുത്ത് കാട്ടൂര്‍ എന്ന സ്ഥലത്തായിരുന്നു സര്‍വര്‍ (നായകന്‍) എന്ന തൂലികാ നാമത്തിലറിയപ്പെട്ടിരുന്ന സയ്യിദ് മുഹമ്മദ് ജനിക്കുന്നത്. ചെറുപ്പത്തിലേ മതവിജ്ഞാനീയങ്ങളും അറബി ഭാഷയും പഠിച്ചെടുത്ത സര്‍വര്‍ തന്റെ ഇരുപതാം വയസിലാണ് പ്രവിശാലമായ, എന്നാല്‍ കേരളീയര്‍ക്ക് അപ്രാപ്യമെന്ന് തോന്നിയിരുന്ന ഉര്‍ദു ഭാഷയുടെ പ്രവിശാലമായ പ്രപഞ്ചത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ആകസ്മികമായി, വഴിയിലെവിടെയോ വച്ചു രണ്ട് അതിഥി തൊഴിലാളികള്‍ ഉര്‍ദു ഭാഷ സംസാരിക്കുന്നത് കേള്‍ക്കുകയും അതിലാകൃഷ്ടനാവുകയും ചെയ്യുന്നിടത്തു നിന്നാണ് അദ്ദേഹത്തിന്റെ ഉര്‍ദു ഭാഷയോടുള്ള ഇശ്ഖ് ആരംഭിക്കുന്നതത്രേ! തുടര്‍ന്ന് ഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ സ്വയം ആര്‍ജിച്ചെടുത്ത ശേഷം 1942ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അദീബേ ഫാളില്‍ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം നിരവധി പ്രമുഖ ഉര്‍ദു പണ്ഡിതരുമായി സൗഹൃദം സ്ഥാപിച്ചെടുക്കുകയും ഇന്ത്യയിലുടനീളം നിരവധി മുശായരകളില്‍ പങ്കെടുക്കുകയും ചെയ്യുകയുണ്ടായി.

ബിരുദപഠനത്തിനു ശേഷമുള്ള രണ്ടു വര്‍ഷങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ ബ്രണ്ണന്‍ കോളജ്, സെന്റ് ജോസഫ് കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനം. 1944 ല്‍ മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ ഉര്‍ദു ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിച്ചേരുന്നതോടെയാണ് സര്‍വര്‍ കേരളീയ പരിസരങ്ങളില്‍ അറിയപ്പെട്ടു തുടങ്ങിയത് എന്നു പറഞ്ഞാല്‍ ശരികേടാവില്ല. മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പില്‍ ഏറെക്കുറെ ഏകാകിയായി ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ സുവര്‍ണകാലഘട്ടവും അതുതന്നെയായിരുന്നു എന്നു വേണം കരുതാന്‍. 1996ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ വേര്‍പാട്. ഏകാകിയായി ജീവിതം നയിക്കുന്നതിനിടയില്‍ തീര്‍ത്തും ദുരൂഹമായ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

ഉര്‍ദു ഭാഷ കേരളത്തില്‍;
സര്‍വറിന്റെ ഇടപെടലുകള്‍

1942 ല്‍ അദീബേ ഫാളില്‍ പൂര്‍ത്തിയാക്കി സര്‍വര്‍ മടങ്ങിയപ്പോള്‍ കേരളത്തില്‍ ഉര്‍ദു ഭാഷ അതിന്റെ ശൈശവ ദശയിലായിരുന്നു. ബ്രണ്ണന്‍ കോളജ്, മലപ്പുറം ഗവ. ഹൈസ്‌കൂള്‍ തുടങ്ങി വിരലിലെണ്ണാവുന്നിടങ്ങളില്‍ മാത്രമേ അക്കാലത്ത് ഉര്‍ദു ഭാഷ പഠിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഉര്‍ദു ഭാഷയുടെ പ്രചാരത്തിനു വേണ്ടി ഉര്‍ദു ഭാഷയുടെ പ്രാധാന്യവും ആവശ്യകതയും ബോധ്യപ്പെടുത്തുന്ന നിരവധി ലേഖനങ്ങള്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ അക്കാലത്ത് അദ്ദേഹം എഴുതുകയുണ്ടായി. മറ്റു പല സംസ്ഥാനങ്ങളിലും സജീവമായിരുന്ന ‘അന്‍ജുമനെ തറഖ്ഖിയെ ഉര്‍ദു’വിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനു മുന്നോടിയായി, സംഘടനയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കേരളത്തെക്കുറിച്ച് അത്യാകൃഷ്ടമായ ഭാഷയില്‍ ഹമാരി സബാന്‍, മദീന ബജ്‌നൂര്‍ തുടങ്ങിയ മാഗസിനുകളില്‍ നിരന്തരം ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു അദ്ദേഹം.

തന്റെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉര്‍ദു ഭാഷയെ ജനകീയമാക്കാന്‍ 1946ല്‍ സ്ഥാപിച്ച ബസ്‌മേ അദബ്, 1950 ല്‍ സ്ഥാപിച്ച ഉര്‍ദു ഡവലപ്‌മെന്റ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ കേരളത്തിലെ ഉര്‍ദു ഭാഷയുടെ വികാസത്തെക്കുറിച്ചു ചര്‍ച്ചചെയ്യുമ്പോള്‍ തീര്‍ച്ചയായും ഓര്‍ക്കപ്പെടേണ്ടവയാണ്. ആജ്കല്‍, മാഹ്‌നാമ സൂറൂര്‍ തുടങ്ങിയ മാഗസിനുകളില്‍ കേരളത്തിലെ ഉര്‍ദു ഭാഷയുടെ നിലയെക്കുറിച്ച് ധാരാളം ലേഖനങ്ങളെഴുതിയിരുന്നു അദ്ദേഹം. കെ.എം സീതി സാഹിബ്, അഹ്മദ് കുരിക്കള്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ സഹായത്താല്‍ പ്രൈമറി തലം മുതല്‍ ഉര്‍ദു ഭാഷ പഠിപ്പിക്കാനും ഉര്‍ദു ഭാഷയിലുള്ള യോഗ്യതാ പരീക്ഷകള്‍ നടത്താനും അദ്ദേഹം പരിശ്രമിച്ചിരുന്നുവെന്നും വലിയൊരളവില്‍ ആ പരിശ്രമങ്ങള്‍ വിജയം കണ്ടിരുന്നുവെന്നതും ശ്രദ്ധേയമാണ്.

സാഹിത്യജീവിതം

കവിതയായിരുന്നു സര്‍വര്‍ സാബിന്റെ ഇഷ്ട മേഖല. പ്രസിദ്ധ ഉര്‍ദു പണ്ഡിതന്‍ മെഹ്‌വി സ്വിദ്ധീഖിയുമായുള്ള സൗഹൃദമാണ് അദ്ദേഹത്തിലെ കവിയെ, സാഹിത്യകാരനെ തൊട്ടുണര്‍ത്തിയത് എന്നു വേണമെങ്കില്‍ പറയാം. പ്രകടമായിത്തന്നെ ദര്‍ശിക്കത്തക്ക വിധം പ്രസിദ്ധ കവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ കാവ്യ ലോകത്തുനിന്നും അനല്‍പമായ സ്വാധീനമുള്‍ക്കൊണ്ടിരുന്നു സര്‍വര്‍. പൊതുവെ ഉര്‍ദു മാതൃഭാഷയല്ലാത്തവര്‍ ഗസലിലൂടെയാണ് ഉര്‍ദു സാഹിത്യത്തിലേക്കെത്തിച്ചേരാറ്. എഴുതിത്തുടങ്ങുമ്പോഴും ഗസല്‍ ഒരു ഇഷ്ട രീതിയായി സ്വീകരിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍, സര്‍വര്‍ സാബിന്റെ കാര്യം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഒരു ഗസല്‍ പോലുമില്ലാത്ത, സാഹിത്യസുന്ദരമായ നസ്മുകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സമാഹാരം. രണ്ടാമത്തെ സമാഹാരത്തിലാവട്ടെ ഗസല്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ഒരേയൊരു കവിതയും!

അര്‍മുഗാനെ കേരള, നവായെ സര്‍വര്‍ എന്നീ രണ്ടു കാവ്യസമാഹാരങ്ങളാണ് സര്‍വര്‍ സാബിന്റെതായുള്ളത്. അര്‍മുഗാനെ കേരള (കേരളത്തിന്റെ ഉപഹാരം) പ്രസിദ്ധീകരിക്കപ്പെടുന്നത് 1970 ലാണ്. അര്‍മുഗാനെ കേരളയിലെ കവിതകളിലധികവും ഇഖ്ബാല്‍ സ്വാധീനം വെളിപ്പെടുത്തുന്ന തരത്തിലുള്ളവയാണ്. കവിതകളുടെ ശീര്‍ഷകങ്ങളില്‍, ഭാഷയിലും പ്രയോഗങ്ങളിലും വരെ സര്‍വര്‍ ഇഖ്ബാലിനെ അനുകരിക്കുന്നതായി കാണാം. ഇഖ്ബാലിന്റെ അര്‍മുഗാനെ ഹിജാസിന് ചുവടുപിടിച്ചാണ് തന്റെ ആദ്യ സമാഹാരത്തിന് അര്‍മുഗാനെ കേരള എന്ന പേര് പോലും സര്‍വര്‍ നല്‍കുന്നത്. ഈ കവിതകള്‍ വായിച്ചപ്പോള്‍ സാക്ഷാല്‍ അല്ലാമാ ഇഖ്ബാല്‍ ദക്ഷിണേന്ത്യയിലിരുന്ന് പാടുകയാണോ എന്ന് തോന്നിപ്പോയെന്ന പ്രശസ്ത ഉര്‍ദു സാഹിത്യകാരന്‍ അര്‍ഷദ് സിദ്ദീഖിയുടെ വാക്കുകള്‍ ഏറെ പ്രസക്തമാണ്.

1970ന് ശേഷമെഴുതിയ കവിതകളും ആദ്യസമാഹാരത്തില്‍ നിന്ന് തെരെഞ്ഞെടുത്ത ഏതാനും കവിതകളും ചേര്‍ന്നതാണ് നവായെ സര്‍വര്‍ (സര്‍വര്‍ വചനങ്ങള്‍) എന്ന സമാഹാരം. 1988 ലാണ് ഇത് പ്രസിദ്ധീകരിക്കപ്പെടുന്നത്. നസ്മ്, മര്‍സിയ, തര്‍ജമ തുടങ്ങി വിവിധ ശാഖകളില്‍ നിന്നുള്ള കവിതകളുണ്ട് ഈ സമാഹാരത്തില്‍. കവിതകള്‍ക്കു പുറമേ കേരളത്തിലെ ഉര്‍ദു ഭാഷയുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന സര്‍വര്‍ സാബിന്റെ തന്നെ പ്രൗഢമായൊരു ലേഖനവുമുണ്ട് സമാഹാരത്തിന്റെ തുടക്കത്തില്‍. ഇഖ്ബാല്‍, ജന്നത്ത് മേം മുകാലമയേ ഇഖ്ബാലോ റൂമീ (സ്വര്‍ഗത്തില്‍ ഇഖ്ബാലും റൂമിയും തമ്മിലുള്ള സംഭാഷണം) തുടങ്ങി ഇഖ്ബാല്‍ സ്വാധീനം വെളിവാക്കുന്ന ഏതാനും കവിതകള്‍ ഈ സമാഹാരത്തിലുമുണ്ട്.
ആജ്കല്‍, തഹ്‌രീക്, ഹമാരി സബാന്‍ തുടങ്ങി നിരവധി പ്രസിദ്ധീകണങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവയൊന്നും സമാഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് ദുഖകരമായ യാഥാര്‍ഥ്യം. മലയാളത്തില്‍ നിന്നുള്ള നിരവധി ചെറുകഥകള്‍ അദ്ദേഹം ഉര്‍ദു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ടി. പത്മനാഭന്‍, എം.ടി, വി.കെ.എന്‍, പോഞ്ഞിക്കര റാഫി തുടങ്ങിയവരുടെ കഥകള്‍ ഉദാഹരണം.

സര്‍വര്‍ കവിതകളുടെ
രീതിശാസ്ത്രം

തന്റെ എഴുത്തുജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച ഇഖ്ബാല്‍ സര്‍വര്‍ കവിതകളില്‍ തെളിഞ്ഞു തന്നെ നില്‍ക്കുന്നതായിക്കാണാം. തന്റെ രണ്ടാമത്തെ പുസ്തകമായ നവായെ സര്‍വറിന്റെ കവര്‍പേജ് തന്നെ ഒരു ഇഖ്ബാല്‍ കവിതയാണെന്നതു മാത്രം മതി അദ്ദേഹത്തിന്റെ ഇഖ്ബാലിഷ്ടം മനസിലാക്കാന്‍.

നിന്റെ പാനപാത്രം
എത്ര പരിശുദ്ധം,
അതില്‍ നിറഞ്ഞിരിക്കുന്നു
ജ്ഞാനത്തിന്റെ മധു
പാനം ചെയ്തവരെല്ലാം
നിസ്വാര്‍ഥരായിരിക്കുന്നു,
എല്ലാ അധരങ്ങളിലും
നിന്റെ പേര്

എന്ന് തുടങ്ങുന്ന ഇഖ്ബാല്‍ എന്ന കവിത തന്നെ ഉദാഹരണം. ഇഖ്ബാലിനെപ്പോലെ തന്നെ ഇസ്‌ലാമിക തത്വശാസ്ത്രത്തിലും ആത്മീയ പ്രണയത്തിലും അതീവ തല്‍പരനായിരുന്നു സര്‍വറും. മുനാജാത്ത്, ശാനെ മുഅ്മിന്‍, തൂ കൂയേ മുഹമ്മദ് ഹീ മേ മര്‍ ക്യൂം നഹീ ജാതാ, ഇസ്‌ലാം കീ തജ്ഹീസ്, നാലയെ പീരീ തുടങ്ങിയ കവിതകള്‍ ഉദാഹരണം.

പ്രണയത്തിന്റെ പാനപാത്രം
നിറയാത്തതെന്താണ്?
മുഹമ്മദിന്റെ ഗലിയില്‍
നീ മരിച്ചു വീഴാത്തതെന്താണ്?

കെടാവിളക്കിനോടുള്ള
നിന്റെ പ്രണയം
സത്യമെങ്കില്‍
ഇയ്യാം പാറ്റയെപ്പോലെ
തിരിയില്‍
വീണു മരിക്കാത്തതെന്താണ്?

എന്ന തൂ കൂയെ മുഹമ്മദ് ഹീ മേം മര്‍ ക്യൂം നഹീ ജാതാ (നീ മുഹമ്മദിന്റെ മുക്കില്‍ മരിച്ചുവീഴാത്തതെന്താണ്) എന്ന കവിതയിലെ വരികള്‍ ഉദാഹരണം.

തന്റെ ജന്മനാടും പരിസരവും സദാ കടന്നു വന്നിരുന്നു അദ്ദേഹത്തിന്റെ കവിതകളില്‍. ഉര്‍ദു വിദ്യാര്‍ഥികള്‍ക്കെല്ലാം സുപരിചിതമായ കേരള എന്ന കവിത തന്നെ ഉദാഹരണം. സര്‍വര്‍ സാബിനോട് അടുത്തിടപഴകിയിരുന്ന നിരവധി വ്യക്തികള്‍ അദ്ദേഹത്തിന്റെ കവിതയ്ക്ക് വിഷയമായിട്ടുണ്ട്. മര്‍ഹൂം കെ.എം സീതി സാഹിബ്, മര്‍ഹൂം അഹ്മദ് കുരിക്കള്‍, ആഹ് അബുസ്സ്വബാഹ് തുടങ്ങിയ അനുശോചന കവിതകള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്. സമകാലിക സാമൂഹ്യാവസ്ഥകള്‍ സസൂക്ഷം വീക്ഷിക്കുകയും അവയോട് തന്റെ കവിതകളിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ബൈതുല്‍ മുഖദ്ദസ് പര്‍ യഹൂദിയോന്‍ കേ ഖബ്‌സ സേ മുതഅസ്സര്‍ ഹോ കര്‍ (ബൈതുല്‍ മുഖദ്ദസ് യഹൂദികള്‍ അധീനപ്പെടുത്തിയതില്‍ വേദനിച്ച്), സയ്യിദ് ഖുത്ബിനെ തൂക്കിലേറ്റിയ വാര്‍ത്ത കേട്ടെഴുതിയ നാരയെ ഫിര്‍ഔനി (ഫിര്‍ഔനിന്റെ മുദ്രാവാക്യം), യഹീ ഹേ ക്യാ വോ ഹിന്ദുസ്ഥാന്‍ (ഇത് തന്നെയാണോ ആ ഹിന്ദുസ്ഥാന്‍) എന്നീ കവിതകള്‍ ശ്രദ്ധേയമാണ്.

കേരളത്തിന്റെ പ്രകൃതിഭംഗിയും പ്രകൃതിസമ്പത്തും വര്‍ണിക്കുന്ന കവിതയാണ് കേരള. ഉര്‍ദുവുലെന്ന പോലെ മലയാള സാഹിത്യത്തിലും തല്‍പരനായിരുന്ന, തന്റെ സമകാലികരായ മലയാളി എഴുത്തുകാരോട് സൗഹൃദം വച്ചു പുലര്‍ത്തിയിരുന്ന സര്‍വറുടെ മലയാണ്മയോടുള്ള ഇഷ്ടം കൂടിയാണ് ഈ കവിത.

ഇന്ത്യയുടെ
മോതിരവിരലിലെ
രത്‌നമാണ് കേരളം
അപൂര്‍വ്വ വസ്തുക്കളുടെ
കലവറയാണ് കേരളം

എന്നു തുടങ്ങുന്ന കവിതയില്‍ കേരളം അതിന്റെ സര്‍വ്വ സൗന്ദര്യത്തിലും കടന്നുവരുന്നുണ്ട്.

സായാഹ്ന സൂര്യന്റെ
കടലിലെ മുങ്ങിക്കുളി.
തിരകളെപ്പുണര്‍ന്നുള്ള
തുള്ളിക്കളി.

രാത്രി
ചന്ദ്രന്റെ ഒളിഞ്ഞു നോട്ടം,
സ്വപ്‌നമുണര്‍ന്ന
താരകങ്ങളുടെ
ആനന്ദ നൃത്തം.

അതെ,
നിങ്ങള്‍ കശ്മീരിനെ
ഭൂമിയിലെ സ്വര്‍ഗമെന്ന്
വിളിച്ചോളൂ,
ഞാന്‍ പറയുന്നു
കേരളം
സ്വര്‍ഗത്തിലുമപ്പുറമാണ്.

ജീവിതത്തിന്റെ വലിയൊരു ഭാഗം ഏകാന്തനായി ഭൂമിയുടെ അവകാശികള്‍ക്കൊപ്പം ജീവിച്ചിരുന്ന സര്‍വര്‍ പ്രകൃതിയോടും ജന്തുലോകത്തോടും കാണിച്ചിരുന്ന ഇഷ്ടം അദ്ദേഹത്തിന്റെ പദാവലിയിലും ബിംബനിര്‍മിതിയിലുമെല്ലാം ധാരാളമായിക്കാണാം.

പിന്‍കുറി

കേരളത്തില്‍ നിന്ന് ഉര്‍ദു ഭാഷയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ വിരലിലെണ്ണാവുന്നത്ര പോലുമില്ലെന്നെതാണ് വസ്തുത. ഉര്‍ദു ഭാഷാ പഠനം മുന്‍ കാലങ്ങളില്‍ നിന്ന് ഏറെ മുന്നേറിയിട്ടും രണ്ടാം ഭാഷയായി നല്ലൊരു വിഭാഗം വിദ്യാര്‍ഥികള്‍ ഉര്‍ദു തെരെഞ്ഞെടുക്കുന്ന സാഹചര്യമുണ്ടായിട്ടും നാം ഉര്‍ദു ഭാഷയുടെ കാര്യത്തില്‍ ഇപ്പോഴും എത്രയോ പുറകിലാണെന്ന പരിതാപകരമായ അവസ്ഥ വിശകലന വിധേയമാക്കേണ്ടതുണ്ട്. ഈയൊരു പരിസരത്തു നിന്നാണ് സര്‍വര്‍ സാബിനെയും അദ്ദേഹത്തിന്റെ രചനകളേയും നാം വിലയിരുത്തേണ്ടത്. കേരളീയതയെ ഉര്‍ദു ലോകത്തിനു പരിചയപ്പെടുത്തിയ കവിയെന്ന നിലയില്‍, ഉര്‍ദു ഭാഷയുടെ വളര്‍ച്ചയ്ക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ച ഉര്‍ദു പണ്ഡിതന്‍ എന്ന നിലയില്‍ സര്‍വര്‍ സാബിനെക്കുറിച്ച് ഇനിയെങ്കിലും ഗഹനമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...