Wednesday, 13 June 2012

മെഹ്ദി ഹസന്‍: അതിരുകള്‍ മായ്ച്ച സ്വരരാഗഗംഗ

ഗസല്‍ ലോകത്തെ മാസ്മരിക സാന്നിധ്യമായിരുന്ന മെഹ്ദി ഹസന്റെ വേര്‍പാട് സംഗീത ലോകത്തിന്റെ തീരാ നൊമ്പരമാണ്. വിഭജനത്തെ തുടര്‍ന്ന് മെഹ്ദി ഹസന്റെ കുടുംബം പാകിസ്ഥാനില്‍ താമസമാക്കിയെങ്കിലും മനുഷ്യര്‍ തീര്‍ത്ത അതിരുകളെ മായ്ക്കുന്ന അത്ഭുതമായി ആ സ്വരമാധുരി മാറുകയായിരുന്നു.
1927 ജൂലായ് 18ന് രാജസ്ഥാനിലെ പുരാതന സംഗീത കുടുംബ ത്തിലാണ് മെഹ്ദിയുടെ ജനനം. പിന്നീട്  ഇന്ത്യ-പാക് വിഭജനത്തെ തുടര്‍ന്ന് ഇരുപതാമത്തെ വയസ്സില്‍ അദ്ദേഹം പാകിസ്താനിലേക്ക് കുടിയേറി. ജന്മനാട്ടിലേക്ക് തിരിച്ചു വരാന്‍ മനസ്സു കൊണ്ട് ഒരുപാട് ആശിച്ചെങ്കിലും രാഷ്ട്രീയ നയം മാറ്റങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ തടസ്സമായി.  
പാകിസ്താനിലേക്ക് കുടിയേറിയ ആദ്യ കാലങ്ങളില്‍ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഉപജീവന മാര്‍ഗം കണ്ടെത്താന്‍ സൈക്കിള്‍ ഷോപ്പിലും പിന്നീട് കാര്‍ മെക്കാനിക്കായും ട്രാക്ടര്‍ മെക്കാനിക്കായും അദ്ദേഹത്തിന് ജോലി നോക്കേണ്ടി വന്നു. ഇതിനിടയിലും തന്റെ സംഗീതത്തോടുള്ള അഭിനിവേശം അദ്ദേഹം കൈവെടിഞ്ഞില്ല. 1957 ല്‍ പാകിസ്താന്‍ റേഡിയോയിലൂടെയാണ് അദ്ദേഹം തന്റെ രാഗ വിസ്മയത്തിന് തുടക്കം കുറിച്ചത്.

ഉര്‍ദു കവിതകളില്‍ ഏറെ തല്‍പരനായിരുന്ന അദ്ദേഹത്തിലെ പ്രതിഭയെ കണ്ടെത്തുന്നതില്‍ പാകിസ്താന്‍ റേഡിയോവിലെ ചിലര്‍ പ്രധാന പങ്കു വഹിച്ചു. പിതാവ് ഉസ്താദ് അസീം ഖാനും അമ്മാവന്‍ ഉസ്താദ് ഇസ്മാഈല്‍ ഖാനുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പരിശീലകര്‍.
അറുപതുകളിലും എഴുപതുകളിലും ഗസലില്‍ തന്റേതായ തരംഗം തീര്‍ക്കാന്‍ ഈ അപുര്‍വ്വ പ്രതിഭക്ക് കഴിഞ്ഞു. ഗസലില്‍ മാത്രമല്ല പാകിസ്താന്‍ സിനിമയിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. 1962ല്‍ ശിക്കാര്‍ എന്ന സിനിമയില്‍ 'മേരെ ഖവാബ് ഓ ഖയാല്‍കി ദുനിയലിയേ ഹുവേ' എന്ന ഗാനത്തോടെയായിരുന്നു തുടക്കം. ഏറെക്കാലം അഹമ്മദ് റുഷ്ദിയോടൊപ്പം പാക് സിനിമ ലോകം അദ്ദേഹം അടക്കിഭരിച്ചു.  
' ശബ്ദങ്ങളുടെ തമ്പുരാന്‍'എന്നാണ് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്ക്കര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.  'സര്‍ഹദേയന്‍' എന്ന ആല്‍ബ്ധില്‍ മെഹ്ദിയോടൊപ്പം 'തേര മില്‍ന ബഹുത് അഛേ ലഗേ ഹെ' എന്ന ഗാനം പാടിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് അവര്‍ കരുതുന്നത്.
എണ്‍പതുകളുടെ അവസാനത്തില്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സംഗീതലോകത്ത് നിന്നും വിട്ടു നിന്ന മെഹ്ദയുടെ തിരിച്ച് വരവ് ആരാധകരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. പ്രായത്തിന്റെ അവശതയിലും ആ ശബ്ദത്തിന്റെ മാന്ത്രികത ഒട്ടും ചോര്‍ന്നു പോയില്ല. നിരവധി ബഹുമതികള്‍ നല്‍കി പാകിസ്താന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.  സൈഗാള്‍ പുരസ്കാരം ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നും നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
രാജസ്ഥാനിലെ തന്റെ ബാല്യവും കൗമാരവും പലപ്പോഴും വേദനയുള്ള ഓര്‍മയായിരുന്നു അദ്ദേഹത്തിന്. ഏറ്റവും ഒടുവില്‍ 2000 ത്തിലാണ് ഇന്ത്യയില്‍ അദ്ദേഹം കച്ചേരി നടത്തിയത്. പിന്നീട് 2008 ല്‍ ഇന്ത്യയിലേക്ക് യാത്ര ആലോചിച്ചങ്കെിലും മുംബൈ ആക്രമണത്തെ തുടര്‍ന്ന് അത് റദ്ദാക്കി.  ലതാ മങ്കഷേ്കര്‍, ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരെ കാണണമെന്ന അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ രോഗാതുരമായ ശരീരം ഒന്നുകൂടി ജന്മനാട്ടിലെത്താനുള്ള ആശക്ക് വിഘാതമായി.
വിഷാദത്തിന്റെ പ്രതിബിംബങ്ങള്‍ പ്രതിഫലിക്കുന്ന കണ്ണാടിയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങള്‍. കണ്ണീര്‍ ചാലിച്ചെഴുതിയ ആ പ്രണയഗാനങ്ങള്‍ ആസ്വാദകര്‍ക്ക്  എന്നും വേറിട്ട അനുഭവമായിരുന്നു. മെഹ്ദി ഹസന്റെ ഭൗതിക സാന്നിധ്യം ഇല്ലാതായെങ്കിലും പാട്ടുകളെ പ്രണയിക്കുന്നവരുടെയുള്ളില്‍ ഒരിക്കലും നിലക്കാത്ത ഈണമായി അദ്ദേഹത്തിന്റെ പാട്ടുകള്‍ അലയടിക്കും.

No comments:

Post a Comment

ALLAMA IQBAL URDU TALENT TEST 2024-25, RANK LIST

ക്ലാസ് 5 :  Rank List STD V   ക്ലാസ് 6  :     Rank List STD VI   ക്ലാസ് 7  :    Rank List STD VII ക്ലാസ് 8 :    Rank List STD VIII STD VIII ...