Wednesday, 13 June 2012

ഗസലുകളുടെ ഈ തമ്പുരാന്‍ മെഹ്ദി ഹസന്‍



ലത പറഞ്ഞു-ഇതു ദൈവത്തിന്റെ ശബ്ദം


ഒരു ട്രാക്ടര്‍ മെക്കാനിക്കില്‍ നിന്ന് സംഗീത ചക്രവര്‍ത്തിപദത്തിലേക്കുള്ള ദൂരം മെഹ്ദി ഹസനെ സംബന്ധിച്ചിടത്തോളം ചെറുതായിരുന്നു. ഗസലുകളുടെ ഈ തമ്പുരാന്‍ സംഗീതത്തിന്റെ മാത്രമല്ല കാറുകളുടെയും ട്രാക്ടറുകളുടെയും ഉള്ളറിഞ്ഞാണു ജീവിച്ചത്. 20 വയസില്‍ പാക്കിസ്ഥാനിലെത്തി തുടര്‍ന്നു ദാരിദ്യ്രത്തില്‍ നിന്നു രക്ഷപ്പെടാന്‍ സൈക്കിള്‍ മെക്കാനിക്കായും കാര്‍ മെക്കാനിക്കായും ട്രാക്ടര്‍ മെക്കാനിക്കായും കഴിഞ്ഞ മെഹ്ദി ഹസന്‍ സംഗീതത്തെ താലോലിച്ചു തന്നെ വര്‍ക്ക്ഷോപ്പിലും ജോലി ചെയ്തു. 
അസുഖങ്ങള്‍ നിരന്തരം വേട്ടയാടിയ ജീവിതമായിരുന്നു ഹസന്റേത്. പന്ത്രണ്ടു വര്‍ഷം മുന്‍പുണ്ടായ പക്ഷാഘാതം അദ്ദേഹത്തിന്റെ ശരീരത്തിന്റെ പകുതി ഭാഗം തളര്‍ത്തിയിരുന്നു. കറാച്ചിയിലെ ആഗ ഖാന്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ഏറെക്കാലം ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ബന്ധുക്കള്‍ക്ക് വളരെ വലിയ തുകയാണു ചെലവായത്. പക്ഷാഘാതം വരുന്നതിനു മുന്‍പു തന്നെ അദ്ദേഹത്തിന് അസുഖം മൂലം എണ്‍പതുകളുടെ അവസാനത്തോടെ ശ്വാസകോശസംബന്ധമായ രോഗത്തോടെ ചലച്ചിത്ര പിന്നണിഗാന രംഗത്തു നിന്നു മാറിനില്‍ക്കേണ്ടിവന്നു. 
ജീവിതത്തില്‍ കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടും അവയെ നേരിടാന്‍ ഹസനു കഴിഞ്ഞത് സംഗീതത്തിന്റെ പിന്‍ബലം കൊണ്ടായിരുന്നു. മെഹ്ദി ഹസന്റെ ശബ്ദത്തെപ്പറ്റി പ്രശസ്ത ഗായിക ലത മങ്കേഷ്കര്‍ പറഞ്ഞത് ഇങ്ങനെയാണ്- ദൈവത്തിന്റെ ശബ്ദം. ലതയോടൊപ്പമാണ് ഹസന്‍ തന്റെ ഏക യുഗ്മഗാനം പാടിയിട്ടുള്ളത്. 
ഇന്ത്യയോട് എന്നും ഹസനു സ്നേഹമായിരുന്നു. തന്റെ ജന്മസ്ഥലം ഇന്ത്യയിലാണെന്നതിനാല്‍ പ്രത്യേകിച്ചും. 2000ത്തിലാണ് ഹസന്‍ അവസാനമായി ഇന്ത്യയില്‍ വന്ന് പാടിയത്. 2008 അവസാനം ഇന്ത്യയില്‍ പാടാന്‍ അദ്ദേഹം തുനിഞ്ഞെങ്കിലും 2008 നവംബറിലെ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 2010ല്‍ ലത മങ്കേഷ്കറിനെയും അമിതാഭ് ബച്ചനെയും കാണാന്‍ ഇന്ത്യയില്‍ വരാന്‍ രോഗാവസ്ഥയിലും അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ അസുഖം മൂലം അദ്ദേഹത്തിനു വരാനായില്ല. പക്ഷേ അദ്ദേഹത്തിന്റെ ശബ്ദം അതിര്‍ത്തികള്‍ കടന്ന് ലോകമെങ്ങും അപ്പോഴും പരക്കുകയായിരുന്നു

No comments:

Post a Comment

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...