ഉർദു സാഹിത്യത്തിൽ ആധുനിക കവിത പരിചയപ്പെടുത്തിയവരിൽ പ്രമുഖനായിരുന്നു ഇസ്മാഈൽ മീററ്റി. ആദ്യമായി ഉർദു ഭാഷാ ശാസ്ത്രപരമായും പ്രാഥമിക പഠനപരമായുമുള്ള പുസ്തകങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചാബിൽ മുഹമ്മദ് ഹുസൈൻ ആസാദും ഡൽഹി പ്രവിശ്യയിൽ ഇസ്മാഈൽ മീററ്റിയുമാണ് പ്രവർത്തിച്ചു തുടങ്ങിയത്. എന്നാൽ ഉർദു ബാലസാഹിത്യ വിഭാഗം രൂപം കൊണ്ടത് ഇസ്മാഈൽ മീററ്റിയിൽ നിന്നാണ്. ഉർദു ഭാഷയിലെ ആധുനിക പദ്യശാഖയിൽ പ്രാസബന്ധിതമല്ലാത്ത കവിതകൾ പരിചയപ്പെടുത്തിയത് ഇവർ ഇരുവരുമായിരുന്നു. ഉർദുവിലെ ആധുനിക കവിതയുടെ ഉപജ്ഞാതാക്കളായി ഇവർ അംഗീകരിക്കപ്പെടുന്നു.
1885ലാണ് അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരമായ 'റേസയെ ജവാഹർ' പുറത്തിറങ്ങിയത്. അതിലെ പല പദ്യങ്ങളും ഇംഗ്ലീഷിൽ നിന്നുള്ള തർജമകളായിരുന്നു. അദ്ദേഹത്തിന്റെ കാവ്യഭാഷ സരളവും സരസവും തെളിഞ്ഞ ചിന്തകളോടും പരിശുദ്ധിയോടും കൂടിയുള്ളതുമായിരുന്നു.
1844 നവംബര്‍ 12 ന് മീററ്റിനടുത്തുള്ള ഗ്രാമത്തിൽ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം തന്റെ വീട്ടിൽ വെച്ചു തന്നെയാണ് നേടിയത്. അദ്ദേഹത്തിന്‍റെ ജന്മനാട് ഇസ്മാഈല്‍ നഗര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശേഷം പേർഷ്യൻ ഭാഷ മിർസാ റഹീം ബേഗിൽ നിന്ന് കരസ്ഥമാക്കി. തുടർന്ന് മീററ്റിലെ അധ്യാപക പരിശീലന വിദ്യാലയത്തിൽ നിന്ന് പരിശീലനം നേടുകയും 16ാം വയസ്സിൽ വിദ്യാഭ്യാസ വകുപ്പിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 1867ൽ സഹാറൻപൂരിൽ പേർഷ്യൻ അധ്യാപകനായി. മൂന്ന് വർഷത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി. 1888ൽ ആഗ്ര സെൻട്രൽ സ്കൂളിൽ അധ്യാപകനാവുകയും 1899ൽ വിരമിക്കുകയും ചെയ്തു. ഇതിനിടയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ഓഫ് സ്കൂൾസ് ആയി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും ആരോഗ്യ പ്രശ്നം കാരണം നിരന്തരയാത്രകൾ പ്രയാസകരമായിരുന്നതിനാല്‍ നിരസിക്കുകയായിരുന്നു. ബ്രോങ്കൈറ്റിസ് രോഗം മൂര്‍ഛിച്ച് മൗലാനാ ഇസ്മാഈൽ മീററ്റി സാഹബ് 1917 നവംബര്‍ 1ന് മരണത്തിന് കീഴടങ്ങി.
No comments:
Post a Comment