ഇന്ത്യയിലെ സങ്കീർണ്ണമായ ഭാഷാ പ്രശ്നങ്ങൾക്ക് ഗാന്ധിജി തന്റേതായ പരിഹാരം നിർദ്ദേശിച്ചിരുന്നു. പ്രാദേശികമായി 'ഗുജ്റാത്തി'യും ജാതിപരമായി 'ബനിയ'യുമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. വംശ സ്നേഹത്തോടൊപ്പം ഇന്ത്യൻ സംസ്കാരത്തെയും രാഷ്ട്രീയത്തെയും അഗാധമായി ഉൾക്കൊണ്ട ഗാന്ധിജി ഇന്ത്യൻ രാഷ്ട്ര ഭാഷ 'ഹിന്ദുസ്താനി' ആവണം എന്ന ആഗ്രഹക്കാരനായിരുന്നു. (ഉർദു ഭാഷയെ ആണ് ഹിന്ദുസ്താനി എന്ന് പറയുക. ഗാന്ധിജിയുടെ ഹിന്ദുസ്താനി ഉർദുവും ഹിന്ദിയും കൂടി ചേർന്നതും ഉർദുവിലും ദേവനാഗരിയിലും എഴുതപ്പെടുന്നതുമാണ്).
അറബി പേർഷ്യൻ പദങ്ങൾ കുറവുള്ള ഉർദുവും, സംസ്കൃതം ഇല്ലാത്ത ഹിന്ദിയും ചേർന്നുള്ള ഭാഷയാകണം ഹിന്ദുസ്താനി എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇതിന്റെ ലിപി ഉർദുവിലും ഹിന്ദിയിലും ആയിരിക്കണം എന്ന് വാദിച്ച ഗാന്ധിജി ഉർദുവിനെ വളരെയധികം സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുമ്പ് തന്നെ ഉർദുവിനെ എതിർത്തുകൊണ്ടുള്ള പ്രസ്ഥാനങ്ങൾ ആരംഭിച്ചിരുന്നു. അതുവരെ ഇന്ത്യയിൽ സംസാരിച്ചിരുന്നതും ജനങ്ങൾ തമ്മിൽ ബന്ധപ്പെട്ടിരുന്നതും ഉർദുഭാഷയിൽ ആയിരുന്നു. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന തന്ത്രത്തിന്റെ ഭാഗമായി ഉർദു മുസ്ലിമിന്റേതായും ഭാഷയെന്ന നിലയിൽ ശിശുവായിരുന്ന ഹിന്ദി ഹിന്ദുക്കളുടേതായും വാർത്തെടുക്കാൻ ബ്രിട്ടീഷുകാർക്ക് സാധിക്കുകയുണ്ടായി.
കൽക്കട്ടയിലെ ഫോർട്ട് വില്യം കോളേജ് ഉർദുവിൻ്റെ കേന്ദ്രമായിരുന്നു. ഇവിടെ നിന്നാണ് ഉർദുവിൻ്റെ രൂപം മാറ്റി ഹിന്ദി എന്ന പേരോടെ ഇറങ്ങിയത്. ഉർദു-ഹിന്ദി ഭാഷാ തർക്കം രാഷ്ട്ര ഐക്യത്തിന് തീർച്ചയായും ഹാനികരമായിരുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയതുകൊണ്ടാണ് ഒരു വെല്ലുവിളി സ്വീകരിച്ചതുപോലെ ഹിന്ദിയും ഉർദുവും കേടു പറ്റാത്ത വിധത്തിൽ ഹിന്ദുസ്താനി എന്ന നിലപാടുമായി ഗാന്ധിജി രംഗത്തു വന്നത്. ഇതാകട്ടെ ഹിന്ദു-മുസ്ലിം ജനവിഭാഗങ്ങൾ മനസ്സിലാക്കിയിരുന്നതും സംസാരിച്ചിരുന്നതുമാണ്. ഗാന്ധിജി മുന്നോട്ടുവെച്ച ഉർദു ഹിന്ദി സംഗമമായ ഹിന്ദുസ്താനി രണ്ടു ഭാഷയുടെയും പ്രാധാന്യവും സ്ഥാനവും ഒരിക്കലും നഷ്ടപ്പെടാത്ത വിധത്തിലായിരുന്നു.
ഉർദു-ഹിന്ദി സാഹിത്യങ്ങളുടെ ശൈലി സ്വീകരിച്ചു കൊണ്ട് ഉർദു ലിപിയിലും ഹിന്ദി ലിപിയിലും ഹിന്ദുസ്താനി എഴുതണമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു. അദ്ദേഹം പറഞ്ഞു: "രണ്ടു രൂപത്തിലെ ലിപി പഠിക്കാൻ മടിക്കുകയാണെങ്കിൽ നമ്മുടെ സമുദായ സ്നേഹം വളരെ തുച്ഛമായ സമുദായ സ്നേഹം ആണ്".
ഉർദു ഹിന്ദി സംസ്കാരത്തിന്റെ പ്രാധാന്യം അറിഞ്ഞിരുന്ന ഗാന്ധിജി രണ്ടു ഭാഷാസാഹിത്യങ്ങളെയും ഹിന്ദുസ്താനിയുടെ ഒരു അത്യാവശ്യ ഭാഗമായിട്ടാണ് കണ്ടിരുന്നത്. അദ്ദേഹം 'ഉർദു-ഹിന്ദി'യെ ഹിന്ദുസ്താനിയുടെ രൂപത്തിൽ അവതരിപ്പിക്കുക മാത്രമല്ല ചെയ്തത്, ആദ്യം അത് സ്വയം പ്രയോഗിക്കുകയായിരുന്നു. ഗുജറാത്തി മാതൃഭാഷയായിരുന്ന ഗാന്ധിജിക്ക് ഹിന്ദി പഠിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. കാരണം ലിപി ഏകദേശം ഒരു പോലെയായിരുന്നു. കൂടാതെ ചെറിയ തോതിൽ സംസ്കൃത പഠനം സ്കൂളിൽ വച്ച് തന്നെ നടന്നിരുന്നു. എന്നാൽ പ്രാദേശിക സ്വാധീനത്തോടെ സംസാരിച്ചിരുന്ന ഉർദു ഭാഷയുടെ ലിപി കഠിനമായിരുന്നു.
ഉർദുവിനോട് സാമ്യമുള്ള പേർഷ്യൻ ലിപിയുമായി ഗാന്ധിജിക്കുള്ള ബന്ധം സ്കൂൾ പഠനകാലത്ത് ഒരു പിരീഡ് പേർഷ്യൻ ഭാഷ ക്ലാസ്സിലിരുന്നു എന്നതു മാത്രമാണ്. ഈ അനുഭവത്തിൽ നിന്ന് അദ്ദേഹം ഉർദു പഠിക്കുകയും മനോഹരമായ ആ ഭാഷ പഠിക്കാൻ മറ്റുള്ളവരെ പ്രചോദിതരാക്കുകയും ചെയ്തു. ഉർദു സാഹിത്യത്തോട് വളരെ പെട്ടെന്ന് പരിചിതനാവുകയും ഉർദു സ്വായത്തമാക്കൽ ഒരു ദേശീയ ബാധ്യതയാണെന്നും ഗാന്ധിജി മനസ്സിലാക്കി. ചില സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ ഉർദു ഭാഷക്കാരായ സുഹൃത്തുക്കൾക്ക് ഉർദുവിൽ ആയിരുന്നു കത്ത് എഴുതിയിരുന്നത്.
ഗാന്ധിജി ഉർദുവിൽ സ്വപ്രയത്നം കൊണ്ട് പാണ്ഡിത്യം നേടി മറ്റുള്ളവരെ പഠിപ്പിക്കാൻ താൽപര്യം കാണിക്കുകയും ചെയ്തിരുന്നു. അദ്ദേഹം 1896ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന സമയത്ത് 24 ദിവസത്തെ നീണ്ട കപ്പൽ യാത്രയിൽ ആണ് ഉർദു പഠിച്ചത് എന്ന് ഗാന്ധിജി തന്റെ ആത്മകഥയായ "എന്റെ സത്യാന്വേഷണ പരീക്ഷണ കഥ" യിൽ പറഞ്ഞിട്ടുണ്ട്.
1898- 1900 കൊല്ലത്തിനിടയിൽ ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി ഉർദു പഠിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. എഴുതാനും വായിക്കാനും കൂടാതെ ഉർദുവിൽ പ്രസംഗിക്കാനും ഗാന്ധിജിക്ക് കഴിയുമായിരുന്നു.
ഉർദു അറിയുന്ന എല്ലാവരോടും കത്തിടപാടുകൾ നടത്തിയിരുന്നത് സ്വന്തം കൈപ്പടയിൽ എഴുതിയ ഉർദുവിലായിരുന്നു. പ്രയാസം തോന്നുമ്പോൾ ആരുടെയെങ്കിലും സഹായം തേടുമായിരുന്നു. എഴുതുന്ന കത്തുകളിൽ അവസാനം അദ്ദേഹം ഒപ്പുവെച്ചിരുന്നത് ഉർദുവിൽ തന്നെയായിരുന്നു.
"നവഖാലിലെ ഓർമ്മക"ളിൽ മിനുബഹൻ ഗാന്ധി ഇങ്ങനെ എഴുതുന്നു: "ഗാന്ധിജി രാവിലെ ഉള്ള പ്രാർത്ഥന കഴിഞ്ഞ് ചൂടുവെള്ളത്തിൽ കുറച്ചു തേനും പൈനാപ്പിൾ ജ്യൂസും കുടിച്ചു. പിന്നെ റസൂൽ റഹ്മാൻ അൻസാരിയുടെയും മറ്റുള്ളവരുടെയും പേരിൽ 'ഹന്നർ ബായി'യെ കൊണ്ട് ഉർദുവിൽ കത്ത് എഴുതിച്ചു. എന്നിട്ട് സ്വന്തം കൈകൊണ്ട് ഉർദുവിൽ ഒപ്പിട്ടു. സുഹ്റ അൻസാരി, അബ്ദുല്ല ബറേൽവി, മൗലവി അബ്ദുൽ ഹഖ് തുടങ്ങിയ ഉന്നതരുടെ പേരിലുള്ള ഉർദു കത്തുകൾ ഇന്നും സുരക്ഷിതമാണ്. ഇതിൽ എപ്പോഴും ഓർക്കുന്ന ഒരു കത്ത് മൗലവി അബ്ദുൽ ഹഖിന്റെ പേരിലാണ്. 1929 ൽ ഡൽഹിയിൽ വെച്ച് നടന്ന കോൺഫറൻസിൽ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു ഗാന്ധിജി. പക്ഷേ അദ്ദേഹത്തിന്റെ തിരക്ക് കാരണം അതിൽ പങ്കെടുക്കാൻ പറ്റിയില്ല.
ഉർദു വളരെ താൽപര്യത്തോടെ വായിക്കാൻ ഗാന്ധിജി ശ്രമിച്ചിരുന്നു. 'ഷിബിലി നുഅ്മാനി' രചിച്ച 'സീറത്തുന്നബി', 'സഹാബാക്കളുടെ ചരിത്രം', മൗലാനാ ആസാദിന്റെ ' തർജുമാനുൽ ഖുർആൻ' പോലെയുള്ള പല ഗ്രന്ഥങ്ങളും ഗാന്ധിജിയുടെ വായന വൃത്തത്തിൽ പെട്ടിരുന്നു.
1919 നവംബർ 24ന് നടന്ന ഓൾ ഇന്ത്യ ഖിലാഫത്ത് കോൺഫറൻസിൽ ഗാന്ധിജിയുടെ പ്രഭാഷണം ഉർദുവിലായിരുന്നു. പല സ്ഥലങ്ങളിലും Non-violent എന്ന പദത്തിന് സംസ്കൃതത്തിൽ 'അക്രമ രഹിത'മെന്ന് പ്രയോഗിക്കുമ്പോൾ പൊതുജനത്തിന് മനസ്സിലാവുന്നില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ ഗാന്ധിജി മൗലാനാ ആസാദിനോട് സമാനമായ ഉർദു പദങ്ങൾ ആവശ്യപ്പെട്ടു. ആസാദ് 'ബാ അമാൻ' എന്ന പദം നിർദ്ദേശിച്ചു. അതുപോലെ സഹകരണത്തിന് തർക്ക്-എ-മവാലത്ത് എന്ന പദവും നിർദ്ദേശിക്കുകയുണ്ടായി.
Super shamsu Sir...
ReplyDelete