Friday, 12 November 2021

നെഹ്റുവിന്‍റെ പ്രണയ ഭാഷ - ഉര്‍ദു

ഭൂമിശാസ്ത്രത്തിനു പുറത്തുള്ള ഇന്ത്യയെ കണ്ടെത്തിയ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു പ്രഗൽഭനായ പ്രധാനമന്ത്രി മാത്രമല്ല നമ്മുടെ സംസ്കാരം, തത്വചിന്ത, ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളെ സ്വാധീനിച്ച വ്യക്തിത്വം കൂടിയായിരുന്നു. ഇന്ത്യയെ പുരോഗതിയുടെ മുൻപന്തിയിൽ എത്തിക്കാൻ ആഗ്രഹിച്ച നെഹ്റുവിന് രാജ്യവുമായി ബന്ധപ്പെട്ടതെല്ലാം പ്രിയപ്പെട്ടവയായിരുന്നു. ഇന്ത്യന്‍ മണ്ണിൽ പിറന്നതും മാധുര്യമൂറുന്നതുമായ ഉര്‍ദു ഭാഷയും നെഹ്റുവിന് അങ്ങേയറ്റം പ്രിയങ്കരമായിരുന്നു.

1946 - Pt. Jawahar Lal Nehru's Constituent Assembly speech at Delhi

നെഹ്റു ചെറുപ്പത്തിൽ പ്രധാനമായും പഠിച്ചിരുന്നത് പേർഷ്യന്‍ ഭാഷയായിരുന്നു. ഉര്‍ദുവായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലെ സംസാര ഭാഷ. ലാഹോറുകാരിയായ അമ്മ സ്വരൂപ് റാണി ദേവി ഉര്‍ദു മനോഹരമായി കൈകാര്യം ചെയ്യുമായിരുന്നു. പിതാവ് മോത്തിലാൽ നെഹ്റുവിനും ഉര്‍ദുഭാഷയിൽ അഗാധമായ ജ്ഞാനം ഉണ്ടായിരുന്നു. 1907-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സംസ്ഥാന സമ്മേളനം യുപിയിൽ ചേർന്നപ്പോൾ അധ്യക്ഷത വഹിച്ച മോത്തിലാൽ നെഹ്റു ഉർദുവിലായിരുന്നു പ്രസംഗിച്ചത്. അലഹബാദിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘കശ്മീർ ദർപ്പണി’ന്റെ 1907 മാർച്ച് ലക്കത്തിൽ ഈ പ്രസംഗത്തിന്റെ പൂർണരൂപം കൊടുത്തിട്ടുണ്ട്. മതമൈത്രിക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഈ പ്രസംഗം വളരെ പ്രസിദ്ധവുമാണ്. 1916ൽ ജവഹർ ലാലിന്റെ വിവാഹ ക്ഷണക്കത്ത് മോത്തിലാല്‍ തയ്യാറാക്കിയത് ഉര്‍ദുവിലായിരുന്നു.


അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന നെഹ്റു സത്യാഗ്രഹ സഭയിൽ ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ സമരരംഗത്ത് എത്തിയപ്പോഴേക്കും ഉർദു-ഹിന്ദി ഭാഷാപ്രശ്നങ്ങൾ രൂക്ഷമായിത്തീർന്നിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നിലപാടിന്റെ ഭാഗമായിട്ടായിരുന്നു ബ്രിട്ടീഷുകാർ ഭാഷാവിവാദം തുടങ്ങിവച്ചത്. ജാതി മത വ്യത്യാസമില്ലാതെ ഇന്ത്യക്കാർ സംസാരിച്ചിരുന്ന ഉര്‍ദു പഴയകാലത്ത് ഹിന്ദി-ഹിന്ദ്‍വിഎന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ എന്ന അർത്ഥത്തിലാണ് ‘ഹിന്ദി' എന്ന പേരിൽ ഉർദു അറിയപ്പെട്ടിരുന്നത്. ഇന്ന് നാം പഠിക്കുന്ന ഹിന്ദിക്ക് ചരിത്രകാരന്മാർ 'ആധുനിക ഹിന്ദി' എന്നാണ് പറയുന്നത്.

1800ല്‍ കൽക്കത്തയില്‍ സ്ഥാപിതമായ ഫോർട്ട് വില്യം കോളേജിൽ വച്ച് ബ്രിട്ടീഷുകാരാണ് ഉർദു, ഹിന്ദി എന്നിങ്ങനെ രണ്ടു ഭാഷകൾ ആക്കാൻ ശ്രമം നടത്തിയത്. മാത്രവുമല്ല സാധാരണക്കാർക്കിടയിൽ ഉര്‍ദു മുസല്‍മാന്‍മാരുടേതെന്നും ഹിന്ദി ഹിന്ദുക്കളുടേതെന്നുമുള്ള ധാരണ ഉണ്ടാക്കാനും അവർക്കായി. ഇതോടെയാണ് യഥാർത്ഥത്തിൽ ഇന്ത്യയുടെ ഐക്യം തകരാൻ ആരംഭിച്ചത്. ഇത് ചെന്നവസാനിച്ചതാകട്ടെ ഇന്ത്യയുടെ വിഭജനത്തിലും.

ഉർദു അറിയില്ലായിരുന്ന ഗാന്ധിജിയും ഉര്‍ദുവിനെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന നെഹ്റുവും ഈ ഭാഷയ്ക്ക് അർഹമായ അംഗീകാരം കിട്ടാൻ ഏറെ പരിശ്രമിച്ചിരുന്നു. ഗാന്ധിജി രാഷ്ട്രീയരംഗത്ത് എത്തിയതിനുശേഷമാണ് ഉര്‍ദു പഠിച്ചതും ഉര്‍ദു ഭാഷയില്‍ കത്തെഴുതുകയും ഔദ്യോഗിക രേഖകളിൽ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുള്ളത്. ഉര്‍ദു ഭാഷയ്ക്ക് അർഹമായ അംഗീകാരം നേടിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണാതെ വന്നപ്പോഴാണ് ഹിന്ദുസ്താനി എന്ന ഫോർമുലയുമായി ഗാന്ധിജി രംഗത്തുവന്നത്. ഉര്‍ദു ഭാഷ, സെമിറ്റിക് ലിപിയിലും ദേവനാഗരി ലിപിയിലും എഴുതുകയും സാധാരണക്കാർക്ക് മനസ്സിലാകാത്ത സംസ്കൃതം, അറബി, പേർഷ്യൻ പദങ്ങൾ ഒഴിവാക്കി ഇന്ത്യൻ പദങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ളതാകണം ഹിന്ദുസ്താനി എന്നുള്ളതായിരുന്നു ഗാന്ധിജിയുടെ വാദം. ഈ രീതിക്ക് നെഹ്റു പിന്തുണ നൽകുകയും ചെയ്തു.

സ്വതന്ത്ര ഭാരതത്തിലെ രാഷ്ട്രഭാഷ ഹിന്ദുസ്താനി ആകണം എന്നുള്ളതിന് എല്ലാ മുതിർന്ന നേതാക്കളും ഏകാഭിപ്രായക്കാരായിരുന്നു. 1938ൽ ഗാന്ധിജിയുടെ സൂചന പ്രകാരം ഇതുസംബന്ധിച്ച് ‘അൻജുമൻ തർഖി ഉർദു’വും ഇന്ത്യൻ നാഷണൽ കോൺഗ്രസും തമ്മിൽ ഒരു കരാർ ഉണ്ടാക്കിയിരുന്നു. ഇതിൽ ഗാന്ധിജിക്ക് പുറമെ കോൺഗ്രസ് പ്രതിനിധിയായി ഡോക്ടർ രാജേന്ദ്ര പ്രസാദ് അൻജുമന്‍ പ്രതിനിധി മൗലവി അബ്ദുൽ ഹഖ് എന്നിവർ ഒപ്പുവച്ചിരുന്നു.

എന്നാൽ മറ്റൊരു ഭാഗത്ത് ഉര്‍ദുവിനെ പൂർണരൂപത്തിൽ നിഷ്കാസനം ചെയ്യാനുള്ള നീക്കം സജീവമായിക്കൊണ്ടിരുന്നു. ഇതിനെ ശക്തമായി എതിർത്ത നെഹ്റു കോൺഗ്രസ് പ്രവർത്തകരോട് പലപ്പോഴും ഭാഷാപ്രശ്നങ്ങൾ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഈ പ്രശ്നത്താൽ ഭാവിയിൽ ഉണ്ടായിത്തീർന്നേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് താക്കീത് നൽകുകയും ചെയ്തിരുന്നു. സ്വതന്ത്ര ഭാരതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നത്തിൽ ‘ഹിന്ദുസ്താനി' എന്ന രാഷ്ട്രഭാഷയും ഉണ്ടായിരുന്നു.

1940ൽ ഇസഡ്. എ. അഹമ്മദ് ഇന്ത്യയിലെ രാഷ്ട്രീയ സാംസ്കാരിക ചരിത്ര ഭാഷാ രംഗങ്ങളിലെ പണ്ഡിതരായ പ്രമുഖ വ്യക്തിത്വങ്ങളിൽ നിന്ന് ‘രാഷ്ട്രഭാഷ' എന്ന ശീർഷകത്തിൽ ലേഖനങ്ങൾ ക്ഷണിച്ചുകൊണ്ട് ഗ്രന്ഥരൂപത്തിൽ ഒരു സിമ്പോസിയം സംഘടിപ്പിച്ചു. 23 പ്രമുഖർ അണിനിരന്ന ഈ മഹാ സമാഹാരത്തിൽ പണ്ഡിറ്റ് നെഹ്റുവും പങ്കെടുത്തിരുന്നു. ഇതിലും ഉർദു-ഹിന്ദി വിവാദം ഒഴിവാക്കാനുള്ള ഏക മാർഗമായി ഹിന്ദുസ്താനി ആണ് നിർദേശിക്കപ്പെട്ടിരുന്നത്. എന്നാൽ ഉര്‍ദു ഒരിക്കലും അവഗണിക്കപ്പെട്ടുകൂടാ എന്ന നിർബന്ധം നെഹ്റുവിനുണ്ടായിരുന്നു. ഉര്‍ദു ഭാഷയുടെ ലിപിയോടാണ് പലർക്കും അസഹിഷ്ണുത ഉണ്ടായിരുന്നത്. എന്നാൽ ലിപി സംരക്ഷണം കോൺഗ്രസിന്റെ ബാധ്യതയായിരുന്നു. ആധാരം, പ്രമാണം, രേഖകൾ, അപേക്ഷകൾ എന്നിവയെല്ലാം ഉര്‍ദുവിലും ദേവനാഗരി ലിപിയിലും എല്ലായിടത്തും അംഗീകരിക്കപ്പെട്ടിരുന്നതാണ്. ഭാഷാപ്രശ്നത്തിൽ തന്റെ പാർട്ടി ലിപിയും സംസ്കാരവും ഭാഷയും സംരക്ഷിക്കുമെന്ന തീരുമാനം പാസാക്കിയിട്ടുണ്ടെന്ന് നെഹ്റു എഴുതി.

നെഹ്റുവിന്‍റെ ധീരമായ ഈ നിലപാട് ലേഖനത്തിൽ മറ്റൊരു ഭാഗത്തും കാണാനാകും. ഓരോ സംസ്ഥാനത്തെ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യം നൽകിക്കൊണ്ട് ഒരു രാഷ്ട്രഭാഷയ്ക്ക് ഏകീകൃതമായ സ്വഭാവം ഉണ്ടാകണം. അതാകട്ടെ ഹിന്ദുസ്താനിയിലൂടെ മാത്രമേ സാധ്യമാകു. ഭൂരിപക്ഷക്കാരായ സാധാരണക്കാർ വീടുകളിൽ സംസാരിക്കുന്ന ഭാഷയിൽ ഉർദു/ഹിന്ദി വ്യത്യാസമില്ല. പക്ഷേ ചില കുബുദ്ധികൾ ഇവയെ വേർതിരിച്ച് തമ്മിൽ കലഹം ഉണ്ടാക്കി ആസ്വദിക്കുകയാണ്. ജീവനുള്ള ഭാഷകളെ ഇങ്ങനെയല്ല വളർത്തേണ്ടത്. ഇനി ആരെങ്കിലും വിചാരിച്ചാൽ ഇതിൽ വലിയ മാറ്റങ്ങളൊന്നും വരുത്താനും സാധ്യമല്ല. ഈ ഭാഗത്ത് തന്നെ തന്റെ നിർദേശങ്ങൾ അവതരിപ്പിച്ചുകൊണ്ട് നെഹ്റു ഇങ്ങനെ പറയുന്നു.

1. സർക്കാർ കാര്യങ്ങൾ അതതു സംസ്ഥാനത്തെ ഭാഷകളിൽ ആയിരിക്കണം. ഭാഷകൾ ഹിന്ദുസ്താനി (ഉർദു/ഹിന്ദി), ബംഗള, ഗുജറാത്തി, മറാഠി, തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഒഡിയ, ആസാമി, സിന്ധി, പഞ്ചാബി എന്നിങ്ങനെയാണ്.

2. ഹിന്ദുസ്താനി ഭാഗങ്ങളിൽ ഉർദു/ഹിന്ദി രണ്ട് ലിപിയിലും കൂടിയാകണം. വിദ്യാഭ്യാസം, കോടതി, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നവർക്ക് രണ്ട് ലിപിയിലും എഴുത്തുകുത്ത് നടത്താം.

3. ഹിന്ദുസ്താനിയിലൂടെ വിദ്യാഭ്യാസം നേടുന്ന കുട്ടിയുടെ രക്ഷിതാവിന് ഉർദു ലിപിയോ ഹിന്ദി ലിപിയോ തീരുമാനിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.

4. ഹിന്ദുസ്താനി (രണ്ട് ലിപിയിലും) അഖിലേന്ത്യാടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ടതാണ്. സർക്കാരുമായുള്ള ഏത് ഇടപാടുകൾക്കും രണ്ട് ലിപിയിലൂടെയും ആശയവിനിമയം നടത്താം.

5. ഹിന്ദുസ്താനി അല്ലാത്ത ഭാഗങ്ങളിലും സംസ്ഥാനങ്ങളിലും പ്രൈമറി തലത്തിൽ തന്നെ അടിസ്ഥാന ഹിന്ദുസ്താനി (ഹിന്ദി/ഉർദു) തുടങ്ങേണ്ടതും ലിപി അവരവര്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാവുന്നതുമാണ്.

6. സര്‍വ്വകലാശാല തലത്തില്‍ വിദ്യാഭ്യാസത്തിനുള്ള മീഡിയം അതത് സംസ്ഥാനത്തെ ഭാഷയിലായിരിക്കും. എന്നാല്‍ ഹിന്ദുസ്താനിയും (രണ്ട് ലിപിയിലും) ഒരു വിദേശ ഭാഷയും നിര്‍ബന്ധമായി പഠിപ്പിക്കും.

ഇങ്ങനെ 17 നിര്‍ദ്ദേശങ്ങള്‍ നെഹ്റു മുമ്പോട്ട് വെക്കുന്നുണ്ട്. ഉര്‍ദുവിനെ കുറിച്ച് മറ്റൊരു സ്ഥലത്ത് നെഹ്റു ഇങ്ങനെ പറയുന്നു:

“ഉര്‍ദുവും ഹിന്ദിയും ഹിന്ദുസ്താനിയുടെ രണ്ട് രൂപങ്ങളാണ്. അടിസ്ഥാനമെല്ലാം ഒന്നു തന്നെയാണ്. വ്യാകരണവും ഒന്നുതന്നെ. ഉര്‍ദു മുസൽമാന്റെതും ഹിന്ദി ഹിന്ദുക്കളുടെതെന്നും ചിന്തിക്കുന്നത് മഹാ വിഡ്ഢിത്തമാണ്. ഉര്‍ദുവിന്റെ ലിപിയൊഴികെ ഇത് സമ്പൂര്‍ണ്ണമായും ഒരു ശുദ്ധമായ ഇന്ത്യൻ ഭാഷയാണ്."

ഉത്തരേന്ത്യയിലെ ഹിന്ദു കുടുംബങ്ങളില്‍ ഭൂരിഭാഗവും വീട്ടില്‍ സംസാരിക്കുന്ന ഭാഷയാണിത്. ഉര്‍ദുവിന്റെ ലിപിമാറ്റം ഒരിക്കലും നെഹ്റു ആഗ്രഹിച്ചിട്ടില്ല.

നെഹ്റുവിന്റെ ആത്മകഥയിൽ ഇങ്ങനെ പറയുന്നു: “സമ്പന്നമായ ഒരു പഴമയോട് കൂടിയ ഏതു ഭാഷയ്ക്കും അത്യന്തം ജീവപ്രധാനമായ ഒരു മാറ്റമാണ് ലിപിഭേദം. എന്തുകൊണ്ടെന്നാൽ ലിപി അതിന്റെ സാഹിത്യത്തിലെ ഏറ്റവും ഉള്ളിൽ തട്ടുന്ന ഒരംശമാണ്. അപ്പോൾ വ്യത്യസ്തങ്ങളായ വാഗ്‍രൂപങ്ങൾ പൊന്തി വരും. വ്യത്യസ്ത ആശയങ്ങളും വ്യത്യസ്ത ശബ്ദങ്ങളും. പഴയ സാഹിത്യത്തിന്റെയും പുതിയതിന്റെയും നടുവിൽ മിക്കവാറും കടന്നുമറിയാൻ കഴിയാത്ത ഒരു വേലി പണി തീരും. പഴയത് ഏതാണ്ട് ചത്തുപോയ ഒരു വിദേശഭാഷയാകും. സംരക്ഷിക്കപ്പെടാൻ യോഗ്യമായ ഒരു സാഹിത്യം ഇല്ലാത്തിടത്ത് ഈ അപകടം നോക്കാനില്ല. ഇന്ത്യയിൽ ഈ മാറ്റത്തെ കുറിച്ച് എനിക്ക് ഊഹിക്കാൻ പോലും വയ്യ. എന്തുകൊണ്ടെന്നാൽ നമ്മുടെ സാഹിത്യം സമ്പന്നവും അമൂല്യവുമാണെന്ന് മാത്രമല്ല. അത് നമ്മുടെ ചരിത്രവും നമ്മുടെ ചിന്താഗതിയുമായി കെട്ടുപിണഞ്ഞു കിടക്കുന്നുമുണ്ട്. നമ്മുടെ സാമാന്യ ജനത്തിന്റെ ജീവിതവുമായി ഏറ്റവും അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ ഒരു മാറ്റം നിർബന്ധമായി വെച്ചു കൊടുക്കുക എന്നത് ക്രൂരമായ ഒരു കീറിമുറിക്കലാകും. ബഹുജന വിദ്യാഭ്യാസത്തിലുള്ള നമ്മുടെ പുരോഗതിയെ അത് തടയുകയും ചെയ്യും."

1947 ഓഗസ്റ്റ് 15 ഇന്ത്യ സ്വതന്ത്രയായപ്പോൾ ഭൂപടത്തോടൊപ്പം പലതും മാറി ഗാന്ധിജി, നെഹ്റു, ആസാദ് എന്നിവരുടെ സ്വപ്നങ്ങൾ പൂവണിഞ്ഞില്ല. രാഷ്ട്രഭാഷ ഉർദു ആക്കാൻ യാതൊരു യോഗ്യതയും ഇല്ലാത്ത പാകിസ്താൻ രാഷ്ട്രഭാഷാ പ്രഖ്യാപനം നടത്തിയപ്പോൾ സ്വന്തം മണ്ണിൽ പിറന്ന ഉർദുവിന് ഇന്ത്യയിൽ ശത്രുക്കളേറി. ഗാന്ധിജി, ആസാദ്, നെഹ്റു എന്നിവരുടേതുമാത്രമല്ല രാജേന്ദ്രപ്രസാദ്, ആസിഫ് അലി, സാക്കിർ ഹുസൈൻ, രാജഗോപാലാചാരി തുടങ്ങി പലരുടെയും സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമായില്ല. ഒടുവിൽ ദേവനാഗരി ലിപിയിലുള്ള ഹിന്ദിയെ ഇന്ത്യയുടെ രാജ്യഭാഷയാക്കി.


ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിൽ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തേണ്ട ഭാഷകളെ പറ്റി ചൂടുപിടിച്ച വാദപ്രതിവാദം നടന്നു. ഉർദു ഭാഷയെയും അതിൽ ഉൾപ്പെടുത്തണം എന്ന് അഭിപ്രായം വന്നപ്പോൾ ഹിന്ദി ഭാഷാ വാദി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോവിന്ദ ദാസ് രോഷാകുലനായി ചോദിച്ചു. “ഈ ഉർദു ഭാഷ ആരുടെയെങ്കിലും മാതൃഭാഷയാണോ?"

നെഹ്റു അതോടെ ചാടിയെഴുന്നേറ്റു പറഞ്ഞു “ഉർദു എന്റെ അമ്മയുടെയും അമ്മൂമ്മയുടെയും ഭാഷയാണ്". ഒടുവിൽ ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉർദു സ്ഥാനം നേടി.

ഹിന്ദിയെ രാജ്യഭാഷയാക്കിയപ്പോൾ കൂടുതൽ സംസ്കൃതവൽക്കരിക്കാനുള്ള ശ്രമം നടന്നതിന്റെ ഫലമായി സാധാരണക്കാർക്ക് മനസ്സിലാകാത്ത രൂപത്തിലാകാൻ തുടങ്ങി. ഒരിക്കൽ നെഹ്റു ലഖ്നൗ റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തു നിൽക്കുന്ന സമയത്ത് ട്രെയിൻ അല്പം വൈകിയതിനാൽ പ്ലാറ്റ്ഫോമിലൂടെ നടന്നു കൊണ്ടിരിക്കെ ഓഫീസുകളുടെയും കടകളുടെയും പുതിയ ഹിന്ദി സൈൻ ബോർഡുകൾ വീക്ഷിക്കുകയായിരുന്നു. നെഹ്റു ദേഷ്യത്തോടെ ചോദിച്ചുവത്രേ; “ഈ മുറി ചായ കുടിക്കുന്ന സ്ഥലമാണോ അതോ കക്കൂസോ?" ‘ശൗചാലയ' എന്താണ് ഇത് അർത്ഥമാക്കുന്നത് എന്ന് ഒന്ന് പറയാമോ? ശ്രദ്ധയിൽപെട്ട മറ്റൊരു ബോർഡ് നെഹ്റു കൈകൊണ്ട് വലിച്ചിറക്കുന്നത് കണ്ട ഉദ്യോഗസ്ഥൻ ആ ബോർഡ് താഴെ ഇറക്കി. നെഹ്റു അത് പൊളിച്ചിട്ടു.

വിഭജനത്തെ തുടർന്ന് പാകിസ്താനിലേക്ക് പോയ ഉർദു കവി ജോശ് മലീഹാബാദി ഒരിക്കൽ ഡൽഹിയിൽ വന്നപ്പോൾ നെഹ്റുവിനെ സന്ദർശിക്കുകയുണ്ടായി. സംസാരവേളയിൽ നെഹ്റു പറഞ്ഞു "ജോശ് സാഹബ്, പാക്കിസ്താൻ ഉണ്ടാക്കിയത് ഇസ്‍ലാമിന്റെയും ഇസ്ലാമിക സംസ്കാരത്തിന്റെയും ഉർദു ഭാഷയുടെയും പേരിലാണല്ലോ? ഞാൻ കുറച്ചുദിവസം മുമ്പ് അവിടെ പോയിരുന്നു ശേർവാനിയും പൈജാമയും ധരിച്ച ഞാൻ അവിടെ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടു. അവർ 100% ബ്രിട്ടീഷുകാരുടെ വസ്ത്രമാണ് ധരിച്ചിരുന്നത്. അവർ എന്നോട് പരിചയപ്പെട്ടിരുന്നത് ഇംഗ്ലീഷിലായിരുന്നു. എന്നാൽ ഞാൻ സ്വയം പരിചയപ്പെടുത്തിയത് ഉർദുവിലായിരുന്നു. അവരിൽ അത് അത്ഭുതമുളവാക്കിയെങ്കിലും എന്നിൽ ദുഃഖമാണുണ്ടാക്കിയത്. ഇന്ത്യയിൽ ഉർദു.... ഉർദു ... എന്ന മുദ്രാവാക്യം വിളിച്ചത് തികച്ചും പുറംപൂച്ച് ആയിരുന്നു. ജോശ് സാഹബ്, ക്ഷമിക്കണം. നിങ്ങൾ ഏതൊരു ഉർദുവിനു വേണ്ടിയാണോ ഈ രാജ്യം വിട്ടത് ആ ഉര്‍ദുവിനെ അവിടെ ആരും ചോദിക്കുന്നു പോലുമില്ല. ഇനിയും പൊയ്ക്കോളൂ പാകിസ്താനിലേക്ക്".

മനോഹരമായ ഉർദു ഭാഷയിലായിരുന്നു നെഹ്റു പ്രസംഗിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ വാചകങ്ങൾ ആകാശവാണിയിലൂടെ പുറത്തുവരുമ്പോൾ ബ്യൂറോക്രസിയുടെ കത്തിവെപ്പ് കാരണം തീർത്തും ഹിന്ദിവൽക്കരിച്ചായിരുന്നു പുറത്ത് വന്നിരുന്നത്. പ്രസ് റിലീസായി വരുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഇതിനു വിധേയമായിരുന്നു. ഒരുപക്ഷേ, ബ്യൂറോക്രസിയാൽ വധിക്കപ്പെട്ട് ഭാഷാവിരോധത്തിന് ആദ്യ ഇരയായ പ്രധാനമന്ത്രി ആയിരിക്കാം പണ്ഡിറ്റ് നെഹ്റു.

ഉർദു സാഹിത്യത്തെ കുറിച്ചും സാഹിത്യകാരൻമാരെകുറിച്ചും നെഹ്റുവിന് നല്ല അവഗാഹമുണ്ടായിരുന്നു. നിർമാതാവും സംവിധായകനുമായിരുന്ന സുഹ്റാബാ മോദിയുടെ ‘മിർസാ ഗാലിബ്’ എന്ന സിനിമയ്ക്ക് അവാർഡ് നൽകുന്ന ഡൽഹിയിലെ ചടങ്ങിൽ നടി സുരയ്യയെ മൈക്കിലൂടെ പരിചയപ്പെടുത്തുന്ന സമയത്ത് നെഹ്റു പറഞ്ഞു: “താങ്കളെ ആര് മറക്കും? മിർസാ ഗാലിബിന്റെ കാമുകിയായിരുന്നുവല്ലോ”. ആ ചലച്ചിത്രം എത്രത്തോളമാണ് നെഹ്റുവിനെ സ്വാധീനിച്ചിരുന്നതെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അതുപോലെതന്നെ നെഹ്റു അസുഖ ബാധിതനായിരിക്കെ ഒരിക്കൽ സാഹബ് സാദ യാക്കൂബ്ഖാൻ ഡൽഹിയിലെ ‘ത്രിമൂർത്തി’ യിൽ എത്തി ആശ്വാസവചനങ്ങൾ പറഞ്ഞു. “പണ്ഡിറ്റ്ജീ, താങ്കളെ കണ്ടിട്ട് തോന്നുന്നത് വിശ്രമിക്കാനുള്ള സൂത്രമൊപ്പിച്ചതാണ് എന്നാണ്”. ഉരുളയ്ക്കുപ്പേരി പോലെ നെഹ്റു ഗാലിബിന്റെ ഈരടി ചൊല്ലി:

“ഉൻകെ ദേഖേ സേ ജോ ആജാത്തി ഹേ മൂഹ് പർ റൗനക്ക് /
വോ സമഝ്‍ത്തെ ഹേ കെ ബീമാർ കാ ഹാൽ അച്ഛാ ഹെ"

(എന്നെ അവർ നോക്കുമ്പോൾ എന്റെ മുഖം തേജസ്സാർന്നതാവുകയാണ്. ഇതു കണ്ട് അവർ കരുതുന്നത് രോഗി നല്ല സുഖത്തിലാണെന്നാണ്).

1958 ഫെബ്രുവരി 15ന്‍ ഡൽഹിയിൽ ചെങ്കോട്ടയ്ക്കടുത്തുള്ള ജാമിഅ മസ്ജിദിന് മുമ്പിലുള്ള പരേഡ് ഗ്രൗണ്ടിൽ ‘ആന്‍ജുമന്‍ തർഖി ഉര്‍ദു' സംഘടിപ്പിച്ച വിഖ്യാതമായ ഓൾ ഇന്ത്യ ഉർദു കോൺഫറൻസ് ഉദ്ഘാടനം ചെയ്തു കൊണ്ട് നെഹ്റു പറഞ്ഞു:

“കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഭാഷയുടെ പ്രശ്നത്തിൽ വളരെയേറെ ബഹളങ്ങളുണ്ടായി. ദക്ഷിണേന്ത്യയിൽ ഹിന്ദിക്കെതിരായി സമരങ്ങൾ തന്നെ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഭരണഘടനയിൽ പതിന്നാലു ഭാഷകളെ ദേശീയ ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. ഉർദുവിന് ഈ അംഗീകാരം കിട്ടിയിട്ടുണ്ടെങ്കിലും ഞാൻ വിചാരിക്കുന്നതു പോലെയുള്ള പരിഗണന കിട്ടിയിട്ടില്ല. പ്രത്യേകിച്ച് ഭൂരിപക്ഷം ഉർദു സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ അവരെ നല്ല ദൃഷ്ടികൊണ്ട് നോക്കുന്നു പോലുമില്ല."

“എനിക്ക് ഉർദുവിനെകുറിച്ച് യാതൊരു വ്യാകുലതയുമില്ല. ഉർദു ഒരു ജീവൽഭാഷയാണ്. ഇതിനെ അടിച്ചമർത്തി നിഷ്കാസിതമാക്കാൻ ആർക്കും സാധ്യമല്ല. ഉർദുവിനെ എതിർക്കുന്ന സങ്കുചിത മനസ്സുകളെ കാണുമ്പോൾ എനിക്ക് സങ്കടം തോന്നുകയാണ്. ഉർദു വളർന്ന് ഇനിയുമേറെ പുരോഗതി പ്രാപിക്കണം എന്നാണ് എന്റെ അഭിപ്രായം . ഇന്ത്യയിൽ ഉർദുവിന് യഥാർത്ഥ സ്ഥാനവും അവകാശങ്ങളും കിട്ടേണ്ടതുണ്ട്. അല്ലാതെ ഏതെങ്കിലും ഒരു ഭാഷയെ ഒഴിവാക്കി പകരം സ്ഥാപിക്കുകയല്ല ചെയ്യേണ്ടത്.

ഇതിനു ശേഷം മൂന്നു മാസം പിന്നിട്ടപ്പോൾ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ സമ്മേളനം ഡൽഹിയിൽ തന്നെ നടക്കുകയുണ്ടായി. ഉർദുവിന് വേണ്ടി ഗർജ്ജിച്ചു കൊണ്ട് നെഹ്റു പറഞ്ഞു:

“ചില സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ ഉർദുവിനോട് തെറ്റായ രീതിയിലാണ് പെരുമാറുന്നത്. അവർ മനഃപൂർവം നിയമത്തിലെ ഖണ്ഡികയ്ക്കെതിരായി നീങ്ങുകയാണ്. ഉര്‍ദു ഈ നാട്ടിലെ വലിയ ഭാഷയാണ്. നാം ചെറിയ ചെറിയ പ്രാദേശിക ഭാഷകൾക്ക് വേണ്ടി വാദിക്കുമ്പോൾ എന്തുകൊണ്ട് ഉർദുവിനെതിരെ മുഖം തിരിക്കണം. ഉര്‍ദുപക്ഷക്കാർ കാലങ്ങളായി നിശ്ശബ്ദസമരം തുടങ്ങിയിട്ട്. നമ്മുടെ ഭരണത്തിൻമേൽ ഇത് ഏൽക്കുന്നില്ല. എന്നാൽ അധികകാലം ഉര്‍ദുവിനെ മാറ്റിനിർത്താൻ നമുക്കാവില്ല. ഉര്‍ദു പ്രശ്നം വളരെ ഗുരുതരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം. ചിലർ ഉര്‍ദുവിനോടുള്ള അനീതി മുതലാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസും കോൺഗ്രസ് പ്രവർത്തകരും ഉര്‍ദുവിനോട് അശ്രദ്ധ കാണിച്ചാൽ ഭരണം പോലും നഷ്ടമാകാൻ സാധ്യതയുണ്ട്. വർഗീയമായ കണ്ണുകൊണ്ട് ആരെങ്കിലും ഈ വിഷയത്തെ കാണുന്നുവെങ്കിൽ കോൺഗ്രസ്സിൽ നിന്ന് അവരെ വേരോടെ എടുത്തു കളയേണ്ടതാണ്. വടക്കേ ഇന്ത്യയിൽ ഉർദു സ്വീകാര്യമായാൽ ഹിന്ദിക്ക് ഒരു നഷ്ടവും ഉണ്ടാകില്ല. ഹിന്ദിയോടോ ഉർദുവിനോടോ യാതൊരു ശത്രുതയും ഇല്ല. എന്തുകൊണ്ട് ഉര്‍ദുവിന്റെ ആവശ്യങ്ങൾ സഹിഷ്ണുതയോടെ സ്വീകരിച്ചുകൂടാ. മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നത് ഹിന്ദി ഉര്‍ദു രണ്ടു ലിപികളും സ്വീകരിച്ചുകൊണ്ട് രണ്ടും ഒരുപോലെ നടപ്പാക്കണമെന്നതായിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസ് അഖിലേന്ത്യാപ്രവർത്തക സമിതി പ്രമേയം പാസാക്കിയിട്ടുണ്ട്. ഉര്‍ദുവിനെ വേർതിരിക്കുകയും ഹിന്ദി അടിച്ചേൽപ്പിക്കുകയും ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് ഇവിടെ ജോലിയിൽ ആനുപാതികമായ പ്രാതിനിധ്യം ഉണ്ടാവുന്നില്ല. ഇതാകട്ടെ ന്യൂനപക്ഷങ്ങളുടെ ജീവല്‍പ്രശ്നം കൂടിയാണ്.

നെഹ്റുവിന്റെ ഹൃദയസ്പൃക്കായ ഈ സംസാരം കേട്ട് കോൺഗ്രസ് പ്രവർത്തകരുടെ മനസ്സലിഞ്ഞു. അന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ പാസായ പ്രമേയങ്ങൾ ഇവയായിരുന്നു.

1. ഉര്‍ദു നമ്മുടെ ദേശീയ ഭാഷകളിലൊന്നാണ്. ഇതിനോട് നാം നീതി പുലർത്തിയാൽ ദേശീയ ഐക്യവും പുരോഗതിയുമുണ്ടാകും.

2. പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഉര്‍ദു പൊതുവായി സംസാരിക്കുന്ന ഭാഷയാണ്.

3. പ്രാഥമിക വിദ്യാഭ്യാസം ഉർദുവിലൂടെ നേടാനുള്ള വ്യവസ്ഥ നിർബന്ധമാണ്. കൂടാതെ പാഠപുസ്തക നിർമാണത്തിലും അധ്യാപക ശിക്ഷണത്തിലും ഉര്‍ദു വേണം.

4. സെക്കൻഡറി തല വിദ്യാഭ്യാസ ഘട്ടത്തിൽ ഉര്‍ദു പഠിപ്പിക്കാനുള്ള സൗകര്യം ഉണ്ടാക്കേണ്ടത് സർക്കാരിന്റെ കടമയാണ്.

5. അപേക്ഷകളും ഹർജികളുമൊക്കെ ഉർദുവില്‍ കൊടുക്കാനുള്ള അനുവാദം ഉണ്ടായിരിക്കണം. മാത്രവുമല്ല ഉർദുവിൽ ആധാരം, പ്രമാണം തുടങ്ങിയ രേഖകളും അവതരിപ്പിക്കാനുള്ള സൗകര്യം ഉണ്ടാക്കണം. ഇതിന്റെ വിവർത്തനമോ അല്ലെങ്കിൽ ഹിന്ദിയിലോ ചെയ്യേണ്ട ആവശ്യം ഒരിക്കലുമുണ്ടായിക്കൂടാ.

6. സർക്കാരിന്റെ പ്രധാനപ്പെട്ട നിയമങ്ങളും വിജ്ഞാപനങ്ങളും ഉര്‍ദുവിലും സ്വീകരിക്കേണ്ടതും പ്രസിദ്ധീകരിക്കേണ്ടതുമാണ്.

7. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാറുകളുമെല്ലാം ഈ നിർദേശപത്രം അംഗീകരിക്കേണ്ടതാണ്.

8. ഉര്‍ദു സാഹിത്യത്തിന്റെ പുരോഗതിക്കായി യുക്തമായി പ്രയത്നിക്കേണ്ടതും അത് സർക്കാരിന്റെ ബാധ്യതയിൽ പെട്ടതുമായിരിക്കും.

നെഹ്റുവിന്റെ ഹൃദയാന്തരത്തിൽ നിന്ന് മുഴങ്ങിയ ഈ ശബ്ദം അന്തരീക്ഷത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗീകരിച്ച ഈ പ്രമേയം നടപ്പിലായില്ലെന്നു മാത്രമല്ല പ്രധാനമന്ത്രിയായിരിക്കെ നെഹ്റുവിനുപോലും ചില ആന്തരിക ശക്തികളുടെ സമ്മർദത്താൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. ഉര്‍ദുവിനോടുള്ള അനീതിയും അന്യായവും സങ്കുചിത കാഴ്ചപ്പാടുമെല്ലാം നെഹ്റുവിന് കണ്ടിരിക്കേണ്ടിവന്നു. സർവകലാശാലയിലെ ഉര്‍ദു വിഭാഗത്തിലെ പ്രമുഖനും പ്രശസ്ത എഴുത്തുകാരനുമായ ഖ്വാജാ അഹമ്മദ് ഫാറൂഖി യൂറോപ്പിൽ പോയി അവിടുത്തെ ലൈബ്രറികളിൽ നിന്ന് ഉർദുവിനെക്കുറിച്ചുള്ള അമൂല്യമായ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ ഡൽഹിയിലേക്ക് കൊണ്ടുവരികയുണ്ടായി. ഉര്‍ദു ഭാഷാസാഹിത്യ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഈ രേഖകൾ രണ്ടു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. ഇത് സമർപ്പിക്കപ്പെട്ടിരുന്നത് പണ്ഡിറ്റ് നെഹ്റുവിന്റെ നാമത്തിൽ ആയിരുന്നു. ഈ ഗ്രന്ഥങ്ങൾക്കു വേണ്ടി 1961 ഏപ്രിൽ ഒന്നിന് നെഹ്റു തന്നെ സർവ്വകലാശാലയിൽ എത്തിയത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി. മണിക്കൂറുകളോളം ഉർദു വിഭാഗത്തിൽ ഇരുന്ന് സംസാരിച്ചുകൊണ്ട് നെഹ്റു പറഞ്ഞു:

“എനിക്ക് ഉര്‍ദു അറിഞ്ഞാലും ഇല്ലെങ്കിലും ഇന്ത്യയിൽ ഉർദു അർഹിക്കുന്ന സ്ഥാനം എന്താവണം എന്ന് എനിക്ക് നന്നായി അറിയാം. യൂണിവേഴ്‍സിറ്റിയിൽ ഉര്‍ദു വിഭാഗം ഉണ്ടായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇവിടെ ഇതുണ്ടായില്ലെങ്കിൽ മനസ്സിൽ വല്ലാത്തൊരു ദുഃഖമായി അവശേഷിച്ചേനെ. കാരണം ഉര്‍ദു ജനിച്ചത് ഈ ഡൽഹിയുടെ മണ്ണിലാണ്.”

പണ്ഡിറ്റ് നെഹ്റു ഉര്‍ദുവിനായി ഏറെ ശബ്ദിച്ചെങ്കിലും അദ്ദേഹം വിചാരിച്ച ഫലം കിട്ടിയില്ല. എങ്കിലും ചില പ്രതീക്ഷകൾ ഉയർന്നുവന്നു. കശ്മീരിലും ആന്ധ്രപ്രദേശിലും ഉർദുവിന്റെ പ്രാധാന്യത്തെ അംഗീകരിച്ചു. അന്നത്തെ ആന്ധ്ര ഭരണകൂടം ഉർദുവിനും തെലുങ്കിനും ഒരേ പദവി നൽകി. ഈ പ്രഖ്യാപനത്തെ ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ വളരെ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. ഇന്ന് ഡൽഹിയിൽ ഉർദു രണ്ടാം ഭാഷയായി അംഗീകരിക്കാൻ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ ശ്രമത്താൽ കഴിഞ്ഞു. അതുപോലെതന്നെ ബിഹാറിലും കർണാടകയിലും ‘ഉര്‍ദു ഭവനു’കളുണ്ടാക്കാൻ 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിമാർ വാഗ്ദാനം ചെയ്തിരുന്നു. ഉത്തർപ്രദേശിൽ മുലായംസിംഗ് യാദവിന്റെ ഭരണകാലത്തെ പ്രവർത്തനങ്ങൾ ഉർദുവിന് പുരോഗതി ഉണ്ടാകാൻ കാരണമായി. മഹാരാഷ്ട്ര സംസ്ഥാനം ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നു. 2002-ൽ തമിഴ്‍നാട്ടിൽ ഉർദു അക്കാദമി സ്ഥാപിച്ചു. കേരളത്തിലാകട്ടെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ ഉർദു പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ടാക്കിയെടുത്തു. മാതൃഭാഷയേ അല്ലാത്ത ഇവിടെ സർവ്വകലാശാല തലത്തിൽ പോലും ഉർദു പഠന സൗകര്യങ്ങളൊരുക്കി. ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ സാഹിബും മുൻ മന്ത്രി അഹമ്മദ് കുരിക്കളും വലിയ പങ്കാണ് വഹിച്ചത്.

ഇന്ന് കേരളത്തിൽ ഉർദുവിന് വേണ്ടി പ്രവർത്തിക്കാൻ രണ്ട് പ്രബല സംഘടനകളുണ്ട്. അധ്യാപക സംഘടനയായ ഉർദു ടീച്ചേഴ്സ് അസോസിയേഷനും (കെ.യു.ടി.എ.), എം.പി. അബ്ദുസ്സമദ് സമദാനി നേതൃത്വം നൽകുന്ന അൻജുമൻ തർക്കി ഉർദു ഹിന്ദും. 2016ൽ സംസ്ഥാന സർക്കാർ കാസർഗോഡ് ഉപ്പളയിൽ കേരള സംസ്ഥാന ഉർദു അക്കാദമി സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്റു എന്നിവരെ കുറിച്ച് പഠിക്കുമ്പോൾ പ്രത്യേകിച്ച് കേരളീയർ അവരുടെ ഭാഷാവീക്ഷണവും സമീപനങ്ങളും ഉർദു ആഭിമുഖ്യവും മനസ്സിരുത്തി വായിക്കേണ്ടതാണ്. കേരളത്തിന് പുറത്ത് സഞ്ചരിക്കുമ്പോൾ ഉര്‍ദുവിന്റെ പ്രാധാന്യങ്ങൾ അറിയാൻ ഏറെ അവസരങ്ങൾ ലഭിക്കും. നെഹ്റുവും ഉർദുമായുള്ള ബന്ധം അനാവരണം ചെയ്തുകൊണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ള തന്റെ ‘അലിഗഡിലെ ദിനങ്ങൾ' എന്ന ഓർമ്മക്കുറിപ്പിൽ 1963 ഒക്ടോബർ 17 ലെ ഒരു സംഭവം വിവരിക്കുന്നുണ്ട്;

“പണ്ഡിറ്റ്ജി പ്രസംഗിക്കുവാൻ എഴുന്നേറ്റു. കരഘോഷം മിനിറ്റുകളോളം നീണ്ടു നിന്നു. കാവ്യാത്മകമായിരുന്നു ആ പ്രസംഗം. ഒന്നാന്തരം ഉർദുവിൽ ഒരു മണിക്കൂർ നീണ്ടുനിന്ന പ്രസംഗത്തിൽ ചരിത്രവും മൺമറഞ്ഞ ഉര്‍ദു കവികളും ഉയർത്തെഴുന്നേറ്റു".

ഒരിക്കൽ നെഹ്റു മലപ്പുറം ജില്ലയിലെ തിരൂരിൽ ഒരു സ്വീകരണ ചടങ്ങിനെത്തിയപ്പോൾ ഇംഗ്ലീഷിൽ പ്രസംഗിക്കാൻ ആരംഭിക്കവേ ബസാറിലെ പ്രമുഖ വെറ്റില്ല വ്യാപാരിയും ഉർദു കവിയുമായിരുന്ന ‘ബേചൈൻ കേരൾവി' എന്ന സയ്യിദ് നൂറുദ്ദീനും സുഹൃത്തുക്കളും പറഞ്ഞു; “ഇവിടെ എല്ലാവർക്കും ഉർദു അറിയും. താങ്കൾ ഉർദുവിൽ പ്രസംഗിക്കണം". ഈ അഭ്യർഥന സ്വീകരിച്ച നെഹ്‌റു ഉർദുവിൽ ഒരു ഗംഭീര പ്രസംഗമാണ് നടത്തിയത്.

ഉർദുവിനെ സ്നേഹിക്കുന്നവർക്ക് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ 1964 മെയ് 27-ന് ആ പ്രതീക്ഷകൾ എന്നെന്നേക്കുമായി പൊലിഞ്ഞു. നെഹ്റു ഈ ലോകത്തോട് വിടപറഞ്ഞു.

നെഹ്റുവിന്റെ ശബ്ദമെന്ന രൂപേണ കൈഫി ആസ്മി രചിച്ച വരികൾ മുഹമ്മദ് റാഫി ഇങ്ങനെ പാടി:

“മേരി ആവാസ് സുനോ പ്യാര് കാ രാഗ് സുനോ/
മൈനേ ഏക് ഫൂൽ ജോ സീനേ പേ സജാ രഖാ ഥാ/
ഉസ്‌കെ പർദേ മേ തുമേ ദിൽ സേ ലഗാ രഖാ ഥാ/
ഥാ ജുദാ സബ് സേ മേരെ ഇശ്ഖ് കാ അൻദാസ് സുനോ"

(എന്‍റെ ശബ്ദം കേൾക്കുവിൻ, സ്നേഹത്തിന്റെ രാഗം കേൾക്കുവിൻ, എന്റെ നെഞ്ചിൽ ഒരു പൂവ് അലങ്കരിച്ചിരുന്നല്ലോ, അതിന്റെ മറവിൽ നിങ്ങൾ എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു. എല്ലാവരിലും വ്യത്യസ്തമായിട്ടാണ് എന്റെ അനുരാഗത്തിന്റെ ശൈലി, കേൾക്കുവിൻ.)

National Bird Watching Day (November 12) ദേശീയ പക്ഷിനിരീക്ഷണ ദിനം

سالم علی (سالم معزالدین عبد العلی) (12 نومبر 1896 - 20 جون 1987) بھارت کے ایک مشہور آرنیتھولوجسٹ (پرندوں کا مطالعہ) اور ماہر نیچورل ہسٹری تھے۔ ان کی شہرت شہرہ آفاق کتاب فال آف سپیرو کی وجہ سے ہوئی۔ سالم علی بھارت کی وہ پہلی شخصیت ہیں، جنہوں نے پرندوں کے بارے میں گہرا مطالعہ ترتیب وار کیا۔ اور بھارت میں پرندوں کا سروے کیا۔ ان تمام مطالعوں سے اور سروے سے بھارت میں آرنیتھولوجی کا ارتقا ہوا۔ انہوں نے 1947 میں بامبے نیچرل ہسٹری سوسائٹی نامی ادارہ ممبئی میں قائم کیا۔ اور اپنے شخصی رسوخ سے حکومت کی جانب سے حمایت حاصل کی۔
ദേശീയ പക്ഷിനിരീക്ഷണ ദിനം 
നവംബര്‍ 12 ദേശീയ പക്ഷിനിരീക്ഷണ ദിനമായി ആചരിക്കുകയാണ്. പ്രശസ്ത പക്ഷി നിരീക്ഷകന്‍ ഡോ. സലീം അലിയുടെ ജന്മദിനമാണ് പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്. പക്ഷി നിരീക്ഷണത്തിലൂടെ നിരവധി സംഭാവനകള്‍ ശാസ്‌ത്രലോകത്തിനു സമ്മാനിച്ച ഗവേഷകനാണ് സലീം അലി. 1896 നവംബര്‍ 12 ന് മുംബൈയിലാണ് സാലീം മൊഹിയുദ്ദീന്‍ അബ്ദുള്‍ അലി എന്ന സലീം അലി ജനിച്ചത്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലെ പക്ഷികളെ നിരീക്ഷിച്ച് അവയുടെ ജീവിതരീതിയും മറ്റ് സവിശേഷതകളും കണ്ടെത്തി ലോകത്തിനു പകര്‍ന്ന സലീം അലി കേരളത്തിലെ പക്ഷികളെ കുറിച്ചും പഠനം നടത്തി. 1933 ല്‍ അദ്ദേഹം തിരുവിതാംകൂറിലും കൊച്ചിയിലും പര്യടനം നടത്തി തയ്യാറാക്കിയ ലേഖന പരമ്പര ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചു. ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്‌സ്, ഹാന്‍ഡ് ബുക്ക് ഓഫ് ദി ബേഡ്‌സ് ഓഫ് ഇന്ത്യ എന്നീ പുസ്തകങ്ങളും ദി ഫാള്‍ ഓഫ് ദി സ്പാരോ എന്ന ആത്മകഥയും അദ്ദേഹം രചിച്ചു. 

പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ സുന്ദര്‍ലാല്‍ ഹോറ സ്വര്‍ണ മെഡല്‍, ഹോളണ്ട് രാജാവിന്റെ ഓര്‍ഡര്‍ ഓഫ് ദി ഗോള്‍ഡന്‍ ആര്‍ക്ക് എന്നീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. 1987 ജൂണ്‍ 21 ന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

Wednesday, 10 November 2021

നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനം | ആസാദിനെ കുറിച്ചുള്ള വീഡിയൊ വിവരണമാണ് .


സ്വാതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും പ്രസിദ്ധ ഉർദു പണ്ഡിതനുമായിരുന്നു മൗലാന അബുൽകലാം ആസാദ് .ഇന്ന്‌ അദ്ദേഹത്തിന്റെ ജന്മദിനമാണ് .ദേശീയ വിദ്യഭ്യാസ ദിനമായി അദ്ദേഹത്തിന്റെ ജന്മദിനം ആചരിക്കുന്നു .ഈ വീഡിയോയിൽ മൗലാന ആസാദിനെ കുറിച്ചുള്ള ചെറിയ വിവരണമാണ് .

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...