Friday 30 April 2021

ഹുസൈൻ മാസ്റ്റര്‍ കേരളത്തിലെ ഉർദു അധ്യാപകർക്ക് വിസ്മരിക്കാനാകാത്ത നാമം.

മൂന്നരപ്പതിറ്റാണ്ട് കാലത്തെ അധ്യാപന ജീവിതത്തിൽ അദ്ദേഹം കെട്ടിപ്പടുത്ത സാമ്രാജ്യം ചെറുതൊന്നുമല്ല. കേവലം ഒരു പ്രൈമറി സ്കൂളിലെ ഉർദു അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം എത്തിച്ചേർന്ന പടവുകൾ ഒട്ടനവധിയാണ്. അദ്ദേഹത്തിലൂടെ കേരളീയ ഉർദു സമൂഹം നേടിയെടുത്തത് വിലമതിപ്പുള്ള ഒത്തിരി നേട്ടങ്ങളാണ്.

തിരൂർ മംഗലം വള്ളത്തോൾ എ.യു.പി.സ്കൂളിലെ അധ്യാപകനായി ഇന്ന് (30/04/2021 വെള്ളി) ഔദ്യോഗിക ജീവിതത്തോട് വിട പറയുന്ന അദ്ദേഹത്തെ എനിക്ക് പരിചയമുള്ളത് തിരൂർ വിദ്യാഭ്യാസ ജില്ല കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്ന പദവി മുതൽക്കാണ്. പഠിക്കുന്ന കാലം തൊട്ടേ K.U.T.A.യുമായി ബന്ധം സ്ഥാപിച്ച എനിക്ക് അക്കാദമികമായും സംഘടനാപരമായും അദ്ദേഹം ഒരു പ്രചോദനമാണ്.

എത്ര ഉന്നത സ്ഥാനത്തിരുന്നാലും എളിമയുടെ നിറകുടമാണ് ഹുസൈൻ മാഷ്. ദീർഘകാലം തിരൂർ വിദ്യാഭ്യാസ ജില്ല K.U.T.A. യുടെ മുഖ്യ കാര്യക്കാരനായി സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ ജില്ലയായി തിരൂർ K.U.T.A. യെ വാർത്തെടുക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ അനിഷേധ്യമായ നേതൃത്വ വൈശിഷ്ഠ്യം തന്നെയാണ്. തുടർന്ന് മലപ്പുറം റവന്യൂ ജില്ലയുടെ മുഖ്യ കാര്യക്കാരനായി സ്ഥാനക്കയറ്റം ലഭിച്ച വേളയിലും തന്റെ സ്വതസിദ്ധമായ നേതൃപാടവത്തിലൂടെ അദ്ദേഹം മലപ്പുറം റവന്യൂ ജില്ല K.U.T.A. യുടെ അമരക്കാരനായി.

2016 ലെ ഗുരുവായൂർ സമ്മേളനത്തിൽ സംഘടനയുടെ പരിചയ സമ്പന്നരായ കരുത്തുറ്റ ഒരു നേതൃനിര അരങ്ങൊഴിയുന്ന വേളയിൽ അപ്രതീക്ഷിതമായാണ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് ഹുസൈൻ മാഷുടെ രംഗപ്രവേശം. പിന്നീടങ്ങോട്ട് K.U.T.A. ക്ക് സുവർണകാലമായി എന്ന് തന്നെ പറയാം. മുൻകാലങ്ങളിൽ സംഘടന നിർജീവമായിരുന്നു എന്നല്ല ഇതിനർത്ഥം. സംഘടനയുടെ പ്രവർത്തന രീതികളിൽ ഒരു പ്രത്യേക തരം ഊർജമാണ് ഹുസൈൻ മാഷിലൂടെ പകർന്നു കിട്ടിയത്. ഹുസൈൻ ടച്ച് എന്നു പറയാം.

സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും എക്കാലവും മുൻതൂക്കം നൽകുന്ന അദ്ദേഹം അക്കാദമിക - സംഘടനാ കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് വഴങ്ങാത്ത കണിശക്കാരനാണ്. സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ ഉർദു അധ്യാപകർക്ക് അനുകൂലമായ ഒത്തിരി സർകാർ ഉത്തരവുകൾ നേടിയെടുക്കാൻ അദ്ദേഹത്തിന്റെ ആത്മാർത്ഥ പ്രയത്നങ്ങളിലൂടെ സാധ്യമായിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഭരണപരമായും അക്കാദമികമായും മുൻഗാമികൾ പണിതുയർത്തിയ ഉർദുവിന്റെ സൽപേര് കൂടുതൽ അലങ്കൃതമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്.

കേരള ഉർദു സെന്റർ സാക്ഷാത്കരണത്തിൽ അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകളുടെ നറുമണം നിത്യ വസന്തമായി നിലകൊള്ളുക തന്നെ ചെയ്യും.

അദ്ദേഹത്തോടൊത്ത് ഏത് മേഖലയിൽ പ്രവർത്തിക്കുമ്പോഴും ഒരു പ്രത്യേക ഊർജമാണ് എനിക്കെപ്പോഴും ലഭ്യമായിട്ടുള്ളത്. ഡി.ആർ.ജി., എസ്.ആർ.ജി., കോർ എസ്.ആർ.ജി. തുടങ്ങിയ അക്കാദമിക പരിശീലന പ്രവർത്തനങ്ങളിലും പാഠപുസ്തക നിർമാണം, ചോദ്യ പേപ്പർ നിർമാണം തുടങ്ങിയ ശില്പശാലകളിലും അക്കാഡമിക് കോപ്ലക്സ് പരിശീലനങ്ങളിലും സമഗ്ര വെബ് പോർട്ടൽ ഉൾപ്പെടെയുള്ള വിവര വിനിമയ സാങ്കേതിക വിദ്യാ പരിപോഷണ പരിപാടികളിലും കലോത്സവ വിധിനിർണയം, വിധിനിർണയ പരിശീലനം എന്നിവയിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായത് ഒത്തിരി വലിയ അനുഭവം തന്നെയാണ്.

കൂടെ പ്രവർത്തിക്കുന്നവരെ സ്വന്തം കുടുംബാംഗമായി കരുതി സർവ പിന്തുണയും നൽകുന്ന ഹുസൈൻ മാഷിന്റെ പ്രകൃതം സ്നേഹത്തിൽ ചാലിച്ചെടുത്തതു തന്നെയാണെന്ന് പറയാനാണെനിക്കേറെ ഇഷ്ടം. 2012-13 കാലഘട്ടത്തിൽ ഒരു നോമ്പുകാലത്ത് മലപ്പുറം ശിക്ഷക് സദനിൽ പ്രൈമറി ചോദ്യ നിർമാണ ശില്പശാല വേളയിൽ രാത്രി ഒറ്റപ്പെട്ടു പോയ എന്നെ ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹവായ്പുകൾ നൽകി തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും വിഭവ സമൃദ്ധമായ നോമ്പുതുറയും ഹൃദ്യമായ സെഹരിയും (നോമ്പിന്റെ അത്താഴം) ഒരുക്കി സൽക്കരിച്ച അദ്ദേഹത്തിന്റെ സ്നേഹക്കരുതൽ ഓർമയുടെ ഓളങ്ങളിൽ ചിരംജീവിയായി നിലകൊള്ളും. മലപ്പുറത്തെ ഒറ്റപ്പെട്ട ആ നോമ്പുകാല രാത്രി വീട്ടിൽ അഭയം തന്ന അദ്ദേഹത്തിന്റെ കരുതലാണ് ഹുസൈൻ എന്ന മനുഷ്യസ്നേഹിയുടെ മുഖമുദ്ര. പിന്നീട് പെരുന്നാൾ സദ്യയുണ്ണാനും മറ്റ് കാര്യങ്ങൾക്കുമായി പല തവണ അദ്ദേഹത്തിന്റെ ഗൃഹസന്ദർശനം നടത്താനുള്ള ഹൃദ്യമായ അവസരങ്ങളും ഉണ്ടായിട്ടുണ്ട്.

അഹങ്കാര ശൂന്യനാണ് യഥാർത്ഥ പണ്ഡിതൻ എന്നതിന്റെ തെളിവാണ് അദ്ദേഹം; എത്ര അറിവുള്ള കാര്യമാണെങ്കിലും ചെറിയവരോടാണെങ്കിൽ പോലും അറിവുറപ്പിക്കലിന്റെ വഴിയിൽ അഭിപ്രായമാരായുന്ന അദ്ദേഹത്തിന്റെ സ്വഭാവഗുണം ഒട്ടേറെ അനുഭവിച്ചവനാണ് ഈയുള്ളവൻ. ഇന്നലെ പോലും അദ്ദേഹത്തിന്റെ വിളി അത്തരം ഒരു അനുഭവമായിരുന്നു.

DRG, SRG, Core SRG, സമഗ്ര വെബ് പോർട്ടൽ, പാഠ പുസ്തക നിർമാണ ശില്പശാല, ചോദ്യ നിർമാണ ശില്പശാല എന്നിത്യാദി സംസ്ഥാന തല അക്കാദമിക പ്രവർത്തനങ്ങളിലേക്ക് എനിക്കുള്ള വഴികാട്ടിയായതിൽ കുയ്യിൽ നാസർ മാഷോടൊപ്പം ഹുസൈൻ മാഷിന്റെയും സാന്നിദ്ധ്യം വലിയ അംഗീകാരമായി ഞാൻ കരുതുന്നു. മാത്രവുമല്ല, കലോത്സവ വിധികർതൃ മേഖലയിൽ പ്രിയ ഗുരുനാഥൻ N. മൊയ്തീൻ കുട്ടി മാഷോടൊപ്പം എനിക്കുള്ള ശക്തമായ പിന്തുണയും ധൈര്യവുമാണ് പ്രിയ ജ്യേഷ്ഠതുല്യനായ ഹുസൈൻ മാഷ്.

ഉർദു നോട്ട്ബുക്ക് ബ്ലോഗിന്റെ നടത്തിപ്പിൽ പൂർണ സ്വാതന്ത്ര്യം നൽകി എനിക്കും കോയ മാഷിനും പിന്തുണ നൽകുന്നതിലും ഹുസൈൻ മാഷിന്റെ നേതൃത്വമാണ് എന്നതിൽ വളരെ സന്തോഷമുണ്ട്.

ഗൃഹപ്രവേശനത്തോടനുബന്ധിച്ച സൽക്കാരത്തിൽ പങ്കെടുക്കാൻ അദ്ദേഹം എന്റെ വീട്ടിലെത്തിയത് അദ്ദേഹത്തിന് എന്നോടുള്ള സ്നേഹ സമ്മാനമായി ഞാൻ കരുതുന്നു. പിന്നീട് സംഘടനാ പ്രവർത്തനമായി തൊട്ടടുത്തുള്ള വിദ്യാലയത്തിലെത്തിയപ്പോൾ വീട്ടിലുണ്ടോ എന്നന്വേഷിച്ചുള്ള അദ്ദേഹത്തിന്റെ ഫോൺ കോൾ ആ സ്നേഹക്കൂടുതലിന്റെ അടയാളമാണ്.

2016 മുതൽ 2021 വരെയുള്ള അഞ്ച് അക്കാദമിക വർഷം ഹുസൈൻ മാഷിന്റെ നേതൃത്വത്തിലുള്ള കെ.യു.ടി.എ.യുടെ പുഷ്കലമായ പഞ്ചവത്സര പദ്ധതി ആയിരുന്നു.സംഘടനാ പ്രവർത്തനങ്ങൾക്കിടയിലും തന്റെ വിദ്യാർത്ഥികളുടെ അക്കാദമിക ആവശ്യങ്ങൾക്കായി വളരെ കൃത്യതയോടെ സമയം നീക്കിവെച്ച് നീണ്ട കാലത്തെ സേവന സപര്യക്ക് വിരാമമിടുന്ന പ്രിയപ്പെട്ട ഹുസൈൻ മാഷിന്റെ ഭാവി ജീവിതം ഭാസുരമാകട്ടെ, അദ്ദേഹത്തിന് സമ്പൽസമൃദ്ധമായ ആയുരാരോഗ്യമുണ്ടാകട്ടെ എന്ന ആഗ്രഹത്തോടെ, പ്രാർത്ഥനയോടെ...

ഫൈസൽ വഫ
ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
പാലക്കാട്

Wednesday 21 April 2021

അല്ലാമാ ഇക്ബാല്‍: സര്‍ഗാത്മകതയുടെ ജീവിതം

 

  • ഏപ്രില്‍ 21 അല്ലാമാ ഇഖ്ബാല്‍ ഓര്‍മ്മദിനം


ബഹിരാകാശ യാത്രികനായിരുന്ന പ്രഥമ ഭാരതീയൻ രാകേഷ് ശർമയോട്  അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റേഡിയോ മുഖേന ചോദിച്ചു: ''ബഹിരാകാശത്തു നിന്ന് വീക്ഷിക്കുമ്പോള്‍ നമ്മുടെ ഭാരതം എങ്ങനെ കാണപ്പെടുന്നു?'' മറുപടി പെട്ടെന്നായിരുന്നു, ''സാരേ ജഹാം സേ അഛാ ഹിന്ദുസ്താന്‍ ഹമാരാ'' (ഉലകിലഖിലം ശ്രേഷഠം നമ്മുടെ ഭാരതം.) ഓരോ ഇന്ത്യക്കാരന്റെയും നാവിന്‍ തുമ്പില്‍ സദാ നിര്‍ഗളിക്കുന്ന ഈ വരികള്‍ 'തരാനയെ ഹിന്ദ്' എന്ന കവിതയിലേതാണ്. വിശ്രുത കവി അല്ലാമാ മുഹമ്മദ് ഇക്ബാല്‍ രചിച്ച  ഈ കവിത ഭാരതഭൂമിയുടെ മഹിമയും ഭംഗിയും വ്യക്തമാക്കുന്നതാണ്. അല്ലാമാ ഇക്ബാലിന്റെ ജന്മ വാര്‍ഷിക ദിനമാണ് നവംബര്‍ ഒമ്പത്. പേര്‍ഷ്യന്‍-ഉര്‍ദു കവിയും ദാര്‍ശനികനുമായ ഇക്ബാല്‍ 1877 നവംബര്‍ ഒമ്പതിന്  പഞ്ചാബിലെ സിയാല്‍ക്കോട്ടിലാണ് ജനിച്ചത്.

ഇമാം ബീവിയും ശൈഖ് നൂർ മുഹമ്മദുമായിരുന്നു മാതാപിതാക്കള്‍. സൂഫീ ഗൃഹാന്തരീക്ഷം പകര്‍ന്നേകിയ ശിക്ഷണം തന്നെയായിരുന്നു ഇഖ്ബാലിന്റെ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം. പിന്നീട് മൗലാനാ ഗുലാം ഹസന്റെ മദ്‌റസയില്‍ ഖുര്‍ആന്‍ പഠനത്തിനു ചേര്‍ന്നു. മൗലാനാ സയ്യിദ് ശംസുല്‍ ഉലമാ മീര്‍ ഹസന്‍ ഷായുടെ മക്തബില്‍ അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളുടെ പ്രാഥമിക പഠനം ആരംഭിച്ചു. മീര്‍ ഹസനും സൂഫി പ്രകൃതക്കാരനായിരുന്നു. പണ്ഡിതനും സര്‍ സയ്യിദിന്റെ വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ വക്താവുമായിരുന്ന അദ്ദേഹത്തിന് സാഹിത്യത്തിലും വ്യുല്‍പത്തിയുണ്ടായിരുന്നു. മീര്‍ ഹസന്റെ മക്തബില്‍ മൂന്നു കൊല്ലം പഠിച്ചശേഷം ഇക്ബാല്‍ സ്‌കോച്ച് മിഷന്‍ ഹൈസ്‌കൂളില്‍ പ്രവേശിച്ചു. സ്‌കൂള്‍ പഠനത്തോടൊപ്പം മൗലവി ഗുലാം മുര്‍തദയുടെ മദ്‌റസയില്‍ മതപഠനവും നടത്തിയിരുന്നു. 1893ല്‍ ഹൈസ്‌കൂളില്‍ നിന്നു പാസായി.

തുടര്‍ന്ന്, 1895ല്‍ സ്‌കോച്ച് മിഷനില്‍ തന്നെ കോളേജ് പഠനം തുടര്‍ന്നു. ശേഷം ലാഹോറിലെ ഗവണ്‍മെന്റ് കോളേജില്‍ ബി.എക്ക് ചേര്‍ന്നു. അറബിയിലും തത്വശാസ്ത്രത്തിലും ബിരുദം നേടി. 1899ല്‍ ലാഹോര്‍ ഗവണ്‍മെന്റ് കോളേജില്‍നിന്ന് എം.എ. ജയിച്ചു. പ്രസിദ്ധനായ പ്രൊഫ. ആര്‍ണള്‍ഡിനു കീഴിലായിരുന്നു തത്വശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം. പ്രൊഫ. ആര്‍ണള്‍ഡില്‍ നിന്നുള്ള അറിവും യൂറോപ്പില്‍ പഠിച്ച സുഹൃത്തുക്കളുടെ ഉന്നത നിലവാരവും ഇക്ബാലിനെ യൂറോപ്പിലേക്കു തിരിക്കാന്‍ പ്രേരിപ്പിച്ചു. 1907 നവംബര്‍ നാലിന് ജര്‍മ്മനിയിലെ മ്യൂണിക്ക് യൂനിവേഴ്‌സിറ്റിയില്‍നിന്ന് 'ഇറാനിലെ അതിഭൗതിക വികാസം' എന്ന വിഷയത്തില്‍ പി.എച്ച്.ഡി. നേടി. ഇസ്‌ലാമിന് തസവ്വുഫുമായും വഹ്ദത്തുല്‍ വുജൂദിന്റെ ഖുര്‍ആനുമായുള്ള ബന്ധം, പ്രവാചക തിരുമേനിയില്‍നിന്ന് അലി(റ)വിന് ലഭിച്ച ആന്തരിക ജ്ഞാനം എന്നിവയെക്കുറിച്ചാണ് ഈ ഗവേഷണ പഠനത്തില്‍ ഇക്ബാലിന്റെ മുഖ്യമായ അന്വേഷണം. നിയമപഠനത്തിനായി ഇക്ബാല്‍ ലിങ്കണ്‍സ് ഇനില്‍ പ്രവേശനം നേടി. 1908ല്‍ ബാര്‍ അറ്റ്‌ലോ ബിരുദം നേടി.

സ്‌കൂള്‍ പഠനകാലത്തു തന്നെ ഇഖ്ബാല്‍ കവിത എഴുതാന്‍ തുടങ്ങിയിരുന്നു. അവയില്‍ ആകൃഷ്ഠനായ അധ്യാപകന്‍ മൗലവി മീര്‍ ഹസന്‍ പഞ്ചാബി ഭാഷയ്ക്കു പകരം ഉര്‍ദുവില്‍ എഴുതാന്‍ നിര്‍ദേശിച്ചു. ആദ്യകാല കവിതകള്‍ എഡിറ്റ് ചെയ്യുന്നതിനുവേണ്ടി പ്രശസ്ത കവി മിർസാ ദാഗ് ദഹ്‌ലവിക്ക് അയച്ചുകൊടുക്കുമായിരുന്നു. ഏതാനും കവിതകളില്‍ ചെറിയ മാറ്റങ്ങള്‍ നിര്‍ദേശിച്ച ദാഗ് ദഹ്‌ലവി ഇക്ബാലിന്റെ കവിതകള്‍ക്ക് ഇനി എഡിറ്റിംഗ് ആവശ്യമില്ലായെന്നറിയിച്ചു. കാലക്രമേണ ശൈഖ് അബ്ദുല്‍ ഖാദറിന്റെ "മഖ്‌സൻ" എന്ന സാഹിത്യ പ്രസിദ്ധീകരണത്തില്‍ ഇക്ബാലിന്റെ കവിതകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആദ്യകാല കവിതകളില്‍ പലതും അന്‍ജുമന്‍ ഹിമായതെ ഇസ്‌ലാം എന്ന സംഘടനയുടെ യോഗങ്ങളിലും മുശാഇറകളിലും ആലപിച്ചവയാണ്.

1899ല്‍ അന്‍ജുമന്‍ വാര്‍ഷിക സമ്മേളനത്തില്‍ ചൊല്ലിയ 'നാലയെ യതീം' എന്ന കവിതയാണ് ആദ്യമായി വലിയ സദസ്സിനു മുമ്പില്‍ അവതരിപ്പിച്ചത്. യൂറോപ്യന്‍ യാത്രയ്ക്ക് മുമ്പുള്ള കാലഘട്ടത്തെ സൃഷ്ടികളാണ് "ബാങ്കെ ദറ" (മണിനാദം) എന്ന ഉര്‍ദു സമാഹാരത്തിലെ പല കവിതകളും. ഇക്ബാലിന്റെ കവിതകളായിരുന്നു ഉര്‍ദു കവിതയില്‍ പല മാറ്റത്തിനും തിരികൊളുത്തിയത്. അതു മനസ്സിലാക്കാന്‍ കഴിയാത്ത പല കവികളും വിമര്‍ശനവുമായി കടന്നുവന്നു. ഉര്‍ദുവില്‍ പഞ്ചാബി പദങ്ങള്‍ ഉള്‍പ്പെടുത്തുന്നു എന്നതായിരുന്നു മുഖ്യ ആരോപണം. പക്വവും ശക്തവുമായ ഇഖ്ബാലിന്റെ മറുപടികള്‍ക്ക് മുമ്പില്‍ വിമര്‍ശകര്‍ക്കു പിടിച്ചുനില്‍ക്കാനായില്ല. അദ്ദേഹത്തിന്റെ ശൈലിയും സമീപനവും ഉര്‍ദു ഭാഷയിലും സാഹിത്യത്തിലും ഐതിഹാസികമായിരുന്നു. പ്രതിഭാധനനായ ഈ കവിയുടെ പ്രസിദ്ധീകൃതമായ ആദ്യത്തെ ഗ്രന്ഥം സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചാണ്. ഇത് ഇക്ബാല്‍ എന്ന പ്രതിഭയുടെ ബഹുമുഖത്തെയാണ് സൂചിപ്പിക്കുന്നത്.

1903ല്‍ പുറത്തിറങ്ങിയ "ഇല്‍മുല്‍ ഇഖ്തിസ്വാദ്" ആണ് പ്രസ്തുത കൃതി. അവസാന വര്‍ഷങ്ങള്‍ 1934ല്‍ ജനുവരിയില്‍ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ കഠിനമായ ജലദോഷവും ചുമയുമുണ്ടാവുകയും രോഗം മൂര്‍ഛിച്ച് തൊണ്ടയെ ബാധിച്ചതിനാല്‍ ശബ്ദത്തിനു തകരാര്‍ സംഭവിക്കുകയും ചെയ്തു. ഉച്ചത്തില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പ്രസംഗങ്ങള്‍ നിറുത്തേണ്ടിവന്നു. പ്രഗത്ഭരായ പല ഡോക്ടര്‍മാര്‍ ചികിത്സിച്ചിട്ടും പൂര്‍ണമായി രോഗശാന്തി ലഭിച്ചില്ല. രോഗശയ്യയില്‍ കിടക്കുമ്പോഴും മുസ്‌ലിംകളുടെ മതപരമായ സംസ്‌കരണത്തെ കുറിച്ച് അദ്ദേഹം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. 1936ല്‍ പഞ്ചാബ് മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം മുഹമ്മദലി ജിന്നയും 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവും അദ്ദേഹത്തെ സന്ദര്‍ശിച്ചു.

1935ല്‍ പ്രസിദ്ധീകരിച്ച വസ്വിയ്യത്ത് പത്രത്തില്‍ അദ്ദേഹം എഴുതി: ''എന്റെ മതപരമായ വിശ്വാസങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണ്. വിശ്വാസ പ്രമാണങ്ങളില്‍ ഞാന്‍ പൂര്‍വികരെ പിന്‍പറ്റുന്നവനാണ്''.

1938 ഏപ്രില്‍ 21ന് കാലത്ത് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ലാഹോറിലെ ഇസ്‌ലാമിയ്യാ കോളേജില്‍ വച്ച് നാല്‍പതിനായിരത്തോളം പേര്‍ ഇക്ബാലിന്റെ ജനാസ നിസ്‌കാരത്തില്‍ പങ്കെടുത്തു. ലാഹോറിലെ ശാഹി മസ്ജിദിനു സമീപം മയ്യിത്ത് ഖബറടക്കി.


ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...