Friday 30 April 2021

ഹുസൈൻ മാസ്റ്റര്‍ കേരളത്തിലെ ഉർദു അധ്യാപകർക്ക് വിസ്മരിക്കാനാകാത്ത നാമം.

മൂന്നരപ്പതിറ്റാണ്ട് കാലത്തെ അധ്യാപന ജീവിതത്തിൽ അദ്ദേഹം കെട്ടിപ്പടുത്ത സാമ്രാജ്യം ചെറുതൊന്നുമല്ല. കേവലം ഒരു പ്രൈമറി സ്കൂളിലെ ഉർദു അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം എത്തിച്ചേർന്ന പടവുകൾ ഒട്ടനവധിയാണ്. അദ്ദേഹത്തിലൂടെ കേരളീയ ഉർദു സമൂഹം നേടിയെടുത്തത് വിലമതിപ്പുള്ള ഒത്തിരി നേട്ടങ്ങളാണ്.

തിരൂർ മംഗലം വള്ളത്തോൾ എ.യു.പി.സ്കൂളിലെ അധ്യാപകനായി ഇന്ന് (30/04/2021 വെള്ളി) ഔദ്യോഗിക ജീവിതത്തോട് വിട പറയുന്ന അദ്ദേഹത്തെ എനിക്ക് പരിചയമുള്ളത് തിരൂർ വിദ്യാഭ്യാസ ജില്ല കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്ന പദവി മുതൽക്കാണ്. പഠിക്കുന്ന കാലം തൊട്ടേ K.U.T.A.യുമായി ബന്ധം സ്ഥാപിച്ച എനിക്ക് അക്കാദമികമായും സംഘടനാപരമായും അദ്ദേഹം ഒരു പ്രചോദനമാണ്.

എത്ര ഉന്നത സ്ഥാനത്തിരുന്നാലും എളിമയുടെ നിറകുടമാണ് ഹുസൈൻ മാഷ്. ദീർഘകാലം തിരൂർ വിദ്യാഭ്യാസ ജില്ല K.U.T.A. യുടെ മുഖ്യ കാര്യക്കാരനായി സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ ജില്ലയായി തിരൂർ K.U.T.A. യെ വാർത്തെടുക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ അനിഷേധ്യമായ നേതൃത്വ വൈശിഷ്ഠ്യം തന്നെയാണ്. തുടർന്ന് മലപ്പുറം റവന്യൂ ജില്ലയുടെ മുഖ്യ കാര്യക്കാരനായി സ്ഥാനക്കയറ്റം ലഭിച്ച വേളയിലും തന്റെ സ്വതസിദ്ധമായ നേതൃപാടവത്തിലൂടെ അദ്ദേഹം മലപ്പുറം റവന്യൂ ജില്ല K.U.T.A. യുടെ അമരക്കാരനായി.

2016 ലെ ഗുരുവായൂർ സമ്മേളനത്തിൽ സംഘടനയുടെ പരിചയ സമ്പന്നരായ കരുത്തുറ്റ ഒരു നേതൃനിര അരങ്ങൊഴിയുന്ന വേളയിൽ അപ്രതീക്ഷിതമായാണ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് ഹുസൈൻ മാഷുടെ രംഗപ്രവേശം. പിന്നീടങ്ങോട്ട് K.U.T.A. ക്ക് സുവർണകാലമായി എന്ന് തന്നെ പറയാം. മുൻകാലങ്ങളിൽ സംഘടന നിർജീവമായിരുന്നു എന്നല്ല ഇതിനർത്ഥം. സംഘടനയുടെ പ്രവർത്തന രീതികളിൽ ഒരു പ്രത്യേക തരം ഊർജമാണ് ഹുസൈൻ മാഷിലൂടെ പകർന്നു കിട്ടിയത്. ഹുസൈൻ ടച്ച് എന്നു പറയാം.

സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും എക്കാലവും മുൻതൂക്കം നൽകുന്ന അദ്ദേഹം അക്കാദമിക - സംഘടനാ കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് വഴങ്ങാത്ത കണിശക്കാരനാണ്. സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ ഉർദു അധ്യാപകർക്ക് അനുകൂലമായ ഒത്തിരി സർകാർ ഉത്തരവുകൾ നേടിയെടുക്കാൻ അദ്ദേഹത്തിന്റെ ആത്മാർത്ഥ പ്രയത്നങ്ങളിലൂടെ സാധ്യമായിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഭരണപരമായും അക്കാദമികമായും മുൻഗാമികൾ പണിതുയർത്തിയ ഉർദുവിന്റെ സൽപേര് കൂടുതൽ അലങ്കൃതമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്.

കേരള ഉർദു സെന്റർ സാക്ഷാത്കരണത്തിൽ അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകളുടെ നറുമണം നിത്യ വസന്തമായി നിലകൊള്ളുക തന്നെ ചെയ്യും.

അദ്ദേഹത്തോടൊത്ത് ഏത് മേഖലയിൽ പ്രവർത്തിക്കുമ്പോഴും ഒരു പ്രത്യേക ഊർജമാണ് എനിക്കെപ്പോഴും ലഭ്യമായിട്ടുള്ളത്. ഡി.ആർ.ജി., എസ്.ആർ.ജി., കോർ എസ്.ആർ.ജി. തുടങ്ങിയ അക്കാദമിക പരിശീലന പ്രവർത്തനങ്ങളിലും പാഠപുസ്തക നിർമാണം, ചോദ്യ പേപ്പർ നിർമാണം തുടങ്ങിയ ശില്പശാലകളിലും അക്കാഡമിക് കോപ്ലക്സ് പരിശീലനങ്ങളിലും സമഗ്ര വെബ് പോർട്ടൽ ഉൾപ്പെടെയുള്ള വിവര വിനിമയ സാങ്കേതിക വിദ്യാ പരിപോഷണ പരിപാടികളിലും കലോത്സവ വിധിനിർണയം, വിധിനിർണയ പരിശീലനം എന്നിവയിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായത് ഒത്തിരി വലിയ അനുഭവം തന്നെയാണ്.

കൂടെ പ്രവർത്തിക്കുന്നവരെ സ്വന്തം കുടുംബാംഗമായി കരുതി സർവ പിന്തുണയും നൽകുന്ന ഹുസൈൻ മാഷിന്റെ പ്രകൃതം സ്നേഹത്തിൽ ചാലിച്ചെടുത്തതു തന്നെയാണെന്ന് പറയാനാണെനിക്കേറെ ഇഷ്ടം. 2012-13 കാലഘട്ടത്തിൽ ഒരു നോമ്പുകാലത്ത് മലപ്പുറം ശിക്ഷക് സദനിൽ പ്രൈമറി ചോദ്യ നിർമാണ ശില്പശാല വേളയിൽ രാത്രി ഒറ്റപ്പെട്ടു പോയ എന്നെ ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹവായ്പുകൾ നൽകി തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും വിഭവ സമൃദ്ധമായ നോമ്പുതുറയും ഹൃദ്യമായ സെഹരിയും (നോമ്പിന്റെ അത്താഴം) ഒരുക്കി സൽക്കരിച്ച അദ്ദേഹത്തിന്റെ സ്നേഹക്കരുതൽ ഓർമയുടെ ഓളങ്ങളിൽ ചിരംജീവിയായി നിലകൊള്ളും. മലപ്പുറത്തെ ഒറ്റപ്പെട്ട ആ നോമ്പുകാല രാത്രി വീട്ടിൽ അഭയം തന്ന അദ്ദേഹത്തിന്റെ കരുതലാണ് ഹുസൈൻ എന്ന മനുഷ്യസ്നേഹിയുടെ മുഖമുദ്ര. പിന്നീട് പെരുന്നാൾ സദ്യയുണ്ണാനും മറ്റ് കാര്യങ്ങൾക്കുമായി പല തവണ അദ്ദേഹത്തിന്റെ ഗൃഹസന്ദർശനം നടത്താനുള്ള ഹൃദ്യമായ അവസരങ്ങളും ഉണ്ടായിട്ടുണ്ട്.

അഹങ്കാര ശൂന്യനാണ് യഥാർത്ഥ പണ്ഡിതൻ എന്നതിന്റെ തെളിവാണ് അദ്ദേഹം; എത്ര അറിവുള്ള കാര്യമാണെങ്കിലും ചെറിയവരോടാണെങ്കിൽ പോലും അറിവുറപ്പിക്കലിന്റെ വഴിയിൽ അഭിപ്രായമാരായുന്ന അദ്ദേഹത്തിന്റെ സ്വഭാവഗുണം ഒട്ടേറെ അനുഭവിച്ചവനാണ് ഈയുള്ളവൻ. ഇന്നലെ പോലും അദ്ദേഹത്തിന്റെ വിളി അത്തരം ഒരു അനുഭവമായിരുന്നു.

DRG, SRG, Core SRG, സമഗ്ര വെബ് പോർട്ടൽ, പാഠ പുസ്തക നിർമാണ ശില്പശാല, ചോദ്യ നിർമാണ ശില്പശാല എന്നിത്യാദി സംസ്ഥാന തല അക്കാദമിക പ്രവർത്തനങ്ങളിലേക്ക് എനിക്കുള്ള വഴികാട്ടിയായതിൽ കുയ്യിൽ നാസർ മാഷോടൊപ്പം ഹുസൈൻ മാഷിന്റെയും സാന്നിദ്ധ്യം വലിയ അംഗീകാരമായി ഞാൻ കരുതുന്നു. മാത്രവുമല്ല, കലോത്സവ വിധികർതൃ മേഖലയിൽ പ്രിയ ഗുരുനാഥൻ N. മൊയ്തീൻ കുട്ടി മാഷോടൊപ്പം എനിക്കുള്ള ശക്തമായ പിന്തുണയും ധൈര്യവുമാണ് പ്രിയ ജ്യേഷ്ഠതുല്യനായ ഹുസൈൻ മാഷ്.

ഉർദു നോട്ട്ബുക്ക് ബ്ലോഗിന്റെ നടത്തിപ്പിൽ പൂർണ സ്വാതന്ത്ര്യം നൽകി എനിക്കും കോയ മാഷിനും പിന്തുണ നൽകുന്നതിലും ഹുസൈൻ മാഷിന്റെ നേതൃത്വമാണ് എന്നതിൽ വളരെ സന്തോഷമുണ്ട്.

ഗൃഹപ്രവേശനത്തോടനുബന്ധിച്ച സൽക്കാരത്തിൽ പങ്കെടുക്കാൻ അദ്ദേഹം എന്റെ വീട്ടിലെത്തിയത് അദ്ദേഹത്തിന് എന്നോടുള്ള സ്നേഹ സമ്മാനമായി ഞാൻ കരുതുന്നു. പിന്നീട് സംഘടനാ പ്രവർത്തനമായി തൊട്ടടുത്തുള്ള വിദ്യാലയത്തിലെത്തിയപ്പോൾ വീട്ടിലുണ്ടോ എന്നന്വേഷിച്ചുള്ള അദ്ദേഹത്തിന്റെ ഫോൺ കോൾ ആ സ്നേഹക്കൂടുതലിന്റെ അടയാളമാണ്.

2016 മുതൽ 2021 വരെയുള്ള അഞ്ച് അക്കാദമിക വർഷം ഹുസൈൻ മാഷിന്റെ നേതൃത്വത്തിലുള്ള കെ.യു.ടി.എ.യുടെ പുഷ്കലമായ പഞ്ചവത്സര പദ്ധതി ആയിരുന്നു.സംഘടനാ പ്രവർത്തനങ്ങൾക്കിടയിലും തന്റെ വിദ്യാർത്ഥികളുടെ അക്കാദമിക ആവശ്യങ്ങൾക്കായി വളരെ കൃത്യതയോടെ സമയം നീക്കിവെച്ച് നീണ്ട കാലത്തെ സേവന സപര്യക്ക് വിരാമമിടുന്ന പ്രിയപ്പെട്ട ഹുസൈൻ മാഷിന്റെ ഭാവി ജീവിതം ഭാസുരമാകട്ടെ, അദ്ദേഹത്തിന് സമ്പൽസമൃദ്ധമായ ആയുരാരോഗ്യമുണ്ടാകട്ടെ എന്ന ആഗ്രഹത്തോടെ, പ്രാർത്ഥനയോടെ...

ഫൈസൽ വഫ
ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
പാലക്കാട്

1 comment:

  1. അഹങ്കാര ശൂന്യനാണ് യഥാർത്ഥ പണ്ഡിതൻ എന്നതിന്റെ തെളിവാണ് അദ്ദേഹം,
    ഈ വരികൾ എന്നെ വല്ലാതെ സ്പർശിച്ചു അദ്ദേഹത്തിന്റെ വിദ്യാലയത്തിൽ ഏറ്റവും താഴെകിടയിലുള്ള ഉദ്യോഗസ്ഥനും (office attendant) വെറും അഞ്ചുവർഷത്തെ സർവ്വീസുള്ള എന്നോടുപോലും പലകാര്യങ്ങളിലും അഭിപ്രായങ്ങളും സംശയങ്ങളും ചോദിക്കുന്നതുകേട്ട് എനിക്കുവരെ അത്ഭുതം തോന്നിയിട്ടുണ്ട്.അത്രയും എളിമയും നന്മയും നിറഞ്ഞ മനുഷ്യത്വത്തിനുടമ....എഴുതിയാൽ തീരാത്ത വിശേഷണങ്ങൾ ഉണ്ട്...
    നാഥൻ സർവ്വ ഐശ്വര്യവും നൽകട്ടെ...

    ReplyDelete

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...