Sunday 18 December 2011

Number rhymes



കഴിഞ്ഞ അദ്ധ്യായം എല്ലാര്‍ക്കും പ്രയോജനപ്പെട്ടെന്നു കരുതുന്നു. അവിടെ തന്നിരുന്ന Number rhymes visualize ചെയ്യാന്‍ കഴിയാത്തതിനാല്‍ അല്‍പ്പം വിശദീകരിയ്ക്കുകയാണ്. അതു നന്നായി മനസ്സിലാക്കിയിട്ടുള്ളവര്‍ക്കാണ് ഈ അദ്ധ്യായം. അല്ലാത്തവര്‍ പഠിച്ചതിനു ശേഷം ഈ അദ്ധ്യായത്തിലേയ്ക്കു കടക്കുന്നതായിരിയ്ക്കും ഉത്തമം.

1) one - sun
വണ്‍ എന്നു പറയുമ്പോള്‍ത്തന്നെ സൂര്യനെയാണ് ഓര്‍മ്മ വരേണ്ടത്. രണ്ടു മലകള്‍ക്കിടയിലൂടെ ഉയര്‍ന്നു പൊന്തുന്ന വലിയ സൂര്യന്‍. ചിത്രങ്ങള്‍ എത്രത്തോളം വലുതായിക്കാണാമോ അത്രയും വലുതായിത്തന്നെ കാണാന്‍ ശ്രമിയ്ക്കുക. വളരെ വ്യക്തമായി ഭാവനയില്‍ തെളിഞ്ഞുകാണട്ടെ.

2) two - zoo
ഒരു വലിയ മൃഗശാല തെളിഞ്ഞുവരുന്നു, മൃഗങ്ങളെല്ലാം അവിടെ പാഞ്ഞു നടക്കുന്നു ശ്രദ്ധിയ്ക്കുക ചലിയ്ക്കുന്ന വലിയ ചിത്രങ്ങള്‍, അതു മറക്കണ്ട.

3) three - tree
വലിയ മരം, അതൊരു ആല്‍മരമായിക്കോട്ടെ. അതിന്റെ വള്ളികള്‍ ഞാന്നു കിടന്നു കാറ്റിലാടുന്നു.

4) four - door
ഒരു വാതില്‍, ഉമ്മറത്തുള്ളതോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും പരിചയമുള്ളതോ - ഏറ്റവും വലുത്.

5) five - hive
മലപോലെ തോന്നിപ്പിയ്ക്കുന്ന തേനീച്ചക്കൂട്ടം. അതിന്റെ മൂളല്‍ വ്യക്തമായി കേള്‍ക്കാം.

6) six - vicks
വിക്സിന്റെ വലിയ കുപ്പികള്‍. ബാമുള്ളതും ഇല്ലാത്തതുമായ കുപ്പികള്‍ ധാരാളം.

7) seven - heaven
അനന്തമായ ആകാശം, ശൂന്യത - ചലനം പിന്നാലെ വന്നുകൊള്ളും.

8) eight - gate
ആ ഗെയ്റ്റ് തനിയെ തുറന്നടഞ്ഞുകൊണ്ടിരിയ്ക്കുന്നു.

9) nine - vine (yard)
ഒരു വലിയ മുന്തിരിത്തോട്ടം ഭാവനയില്‍ വന്നോട്ടെ. മുന്തിരിക്കുലകളുടെ വലിപ്പം പറയേണ്ടല്ലോ... കുറച്ചു വൈന്‍ കുപ്പികളും ഉണ്ടായിക്കോട്ടെ.

10) ten - hen
വലിയൊരു പിടക്കോഴി, കുറച്ചു കോഴിമുട്ടകളും കുട്ടികളും...

11) eleven - lemon
ഒരു നാരങ്ങാ മലതന്നെ ആയിക്കോട്ടെ.

12) twelve - shelf
ഒരു മേശ, അല്ലെങ്കില്‍ അലമാര, അതിന്റെ വലിപ്പുകള്‍ താനേ തുറന്നടയുന്നു.

13) thirteen - canteen
ഭക്ഷണശാല തന്നെ സന്ദര്‍ഭത്തിനനുസരിച്ച് അതിന്റെ രൂപം മാറുമെന്നു മാത്രം.

14) fourteen - fort (in)
നാലുവശവും ഉയര്‍ന്ന മതിലുകളുള്ള വിശാലമായ കോട്ടയുടെ ഉള്‍വശം.

15) fifteen - lifting
നമ്മുടെ വെയിറ്റ് ലിഫ്റ്റിങ്ങു തന്നെ, അല്‍പ്പം വലിപ്പക്കൂടുതലുണ്ടെന്നു മാത്രം.

16) sixteen - mixing
മിക്സിയോ കോണ്‍ക്രീറ്റു മിക്സറോ സൌകര്യപൂര്‍വ്വം തെരഞ്ഞെടുക്കാം.

17) seventeen - suiting
നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം തന്നെ സങ്കല്‍പ്പത്തില്‍ ഉണ്ടായിക്കോട്ടെ.

18) eighteen - fighting
തമ്മിലടിതന്നെ, ഇത് ഓര്‍മ്മയുണ്ടായിരുന്നാല്‍ മതി. സന്ദര്‍ഭത്തിനനുസരിച്ച് പലരെയും തമ്മിലടിപ്പിയ്ക്കാം.

19) nineteen - lightning
ഒരു മിന്നല്‍പ്പിണര്‍, അതിനെ പല സ്ഥലത്തേയ്ക്കും പ്രവഹിപ്പിയ്ക്കേണ്ടി വരും.

20) twenty - aunty
സംശയിയ്ക്കണ്ട, നമ്മുടെ സാധാരണ ആന്റി തന്നെ. പക്ഷേ ഈ ആന്റിയ്ക്കിട്ട് നമ്മള്‍ ഇടയ്ക്കിടക്ക് പണികൊടുക്കുമെന്നു മാത്രം.


Number rhymes
 എങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കാം. തല്‍ക്കാലം സാമ്പിള്‍ പത്തെണ്ണം ഞാന്‍ ‌തന്നെയെടുക്കാം.


  1. കമ്പ്യൂട്ടര്‍
  2. എലി
  3. ബാഗ്
  4. ഫുഡ്ബാള്‍
  5. കാര്‍
  6. ഷൂസ്
  7. ആമ
  8. കിണര്‍
  9. പേന
  10. കണ്ണട
പത്തു വ്യത്യസ്ഥ സാധനങ്ങള്‍ നമുക്ക് പുതിയ മാര്‍ഗ്ഗത്തിലൂടെ കാണാതെ പഠിച്ചുനോക്കാം. വേണമെങ്കില്‍ അത് ഇരുപതെണ്ണമാക്കിക്കോളൂ. മാതൃകപോലെ ഓര്‍മ്മിച്ചാല്‍ മതി.

one
കുന്നിന്‍ ചരുവില്‍ നിന്ന് സൂര്യനു പകരം കമ്പ്യൂട്ടര്‍ ഉയര്‍ന്നു വരുന്നു. അതിന്റെ മോണിറ്ററില്‍നിന്ന് പ്രകാശം പ്രസരിയ്ക്കുന്നു.

two
മൃഗശാലയില്‍ എലികള്‍ മാത്രം തലങ്ങും വിലങ്ങും പായുന്നതോ മൃഗങ്ങളെല്ലാം എലികളെ വാലില്‍ തൂക്കി പമ്പരം കറക്കുന്നതോ ഭാവനയില്‍ കാണാം.

three
ആല്‍മരത്തിലെ വള്ളികള്‍ക്കു പകരം ബാഗുകള്‍ ആടിക്കളിയ്ക്കുന്നു. ഇലകള്‍ക്കു പകരം നിറയെ ബാഗുകള്‍.

four
ഡോറിനെക്കാള്‍ വലിയ ഫുഡ്ബാള്‍ ഉന്തിത്തള്ളി അപ്പുറമെത്തിയ്ക്കുന്ന പാടേ! ആ ബുദ്ധിമുട്ടു മനസ്സില്‍ കാണാം.

five
നിങ്ങളെ ആക്രമിയ്ക്കാന്‍ വരുന്ന തേനീച്ചക്കൂട്ടത്തില്‍നിന്നു രക്ഷ നേടുന്നതിനു വേണ്ടി നിങ്ങള്‍ കാറില്‍ പായുന്നു. തേനീച്ചക്കൂട്ടം പിന്നാലെ.

six
വിക്സ് കുപ്പിയില്‍ നിന്ന് വിക്സെടുത്ത് ഷൂ പോളീഷ് ചെയ്യുന്നു. വിക്സ് എന്നെഴുതിയിരിയ്ക്കുന്നതു വ്യക്തമായി കാണാം.

seven
ഒരുസംഘം ആമകള്‍ ആകാശത്തേയ്ക്കു പറക്കുന്നു.

eight
കിണറിന്റെ കാലുകള്‍ക്കു പകരം ഗെയ്റ്റിന്റെ കാലുകള്‍. കിണറിനു വിലങ്ങനെയാണു ഗെയ്റ്റ്. അതു വേഗത്തില്‍ തുറന്നടയുന്നു. കിണറില്‍നിന്ന് ഗെയ്റ്റിലേക്ക് വെള്ളം തെറിയ്ക്കുന്നുണ്ട്.

nine
വലിയ പേന തുറന്ന് വൈന്‍‌കുപ്പിയില്‍ നിന്ന് വൈന്‍ പേനയിലേയ്ക്കൊഴിയ്ക്കുന്നു. മുന്തിരിക്കുലകളുടെ തണ്ടായി പേനയെ സങ്കല്‍പ്പിയ്ക്കാം.

ten
കോഴി കണ്ണടവച്ചിരിയ്ക്കുന്നു. അതെടുത്ത് തുടയ്ക്കുന്നു. ഒന്നല്ല, ഒരുസംഘം പിടക്കോഴികള്‍.

ഇനി നിങ്ങള്‍ക്കു വേറേ ബ്ലോഗിലേയ്ക്കു പോകാം. ഇപ്പോള്‍ ഇവ പറയാന്‍ ശ്രമിയ്ക്കേണ്ടതില്ല. കമ്പ്യൂട്ടര്‍ ഓഫാക്കുന്നതിനുമുമ്പ് ഒരു കടലാസില്‍ എഴുതിനോക്കൂ. ഒന്നുപോലും തെറ്റാതെ നിങ്ങള്‍ക്ക് എഴുതാന്‍പറ്റും. ആരോഹണമോ അവരോഹണമോ ഇടയ്ക്കുനിന്നോ എവിടെനിന്നും നമ്പരും സാധനങ്ങളും തമ്മില്‍ മാറാതെ നിങ്ങള്‍ക്ക് എഴുതാന്‍ സാധിയ്ക്കും. നൂറെണ്ണമാണു ഞാന്‍ പറഞ്ഞുതരാന്‍ ശ്രമിയ്ക്കുന്നത്. ഇതുപോലെ എത്രയെണ്ണം വേണമെങ്കിലും നിങ്ങള്‍ക്കു സാധിയ്ക്കും. എത്രയെണ്ണമെന്നത് ഒരു പ്രശ്നമേയല്ല.

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...