Monday, 4 October 2021

അധ്യാപകർ ലോക പുരോഗതിയുടെ അടിത്തറ: ഒക്ടോബർ 5, ലോക അധ്യാപക ദിനം. (ഫൈസൽ വഫ)

ആഗോള തലത്തിൽ ഒക്ടോബർ 5 അധ്യാപക ദിനമായി ആചരിച്ചു വരുന്നു. വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി അധ്യാപകർ അർപ്പിച്ചു കൊണ്ടിരിക്കുന്ന നിസ്വാർത്ഥ സേവനങ്ങളെ അംഗീകരിച്ചു കൊണ്ടും മാനിച്ചു കൊണ്ടുമാണ് ഈ ദിനാചരണം നടപ്പിലാക്കിയിരിക്കുന്നത്. 2009ലെ ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് പാസാക്കിയ പ്രമേയമനുസരിച്ച് 2015 ആകുമ്പോഴേക്കും ലോകത്ത് വിദ്യാഭ്യാസത്തെ പൊതുവൽക്കരിക്കുകയും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നതുമായിരുന്നു.

മാതാപിതാക്കൾ കുട്ടികളുടെ ശാരീരികമായ പരിചരണം നടത്തുമ്പോൾ കുട്ടികളുടെ ബൗദ്ധികമായ പരിചരണം ഏറ്റെടുത്ത് അവരെ ഭാവിയിലേക്കുള്ള ക്രിയാത്മക പൗരന്മാരാക്കി വാർത്തെടുക്കുന്നത് അധ്യാപകരാണ്.

1994 മുതലാണ് യുനെസ്കൊയുടെ ആഭിമുഖ്യത്തിൽ ലോക അധ്യാപക ദിനം ചിട്ടയോടെ ആചരിച്ചു വരുന്നത്. അധ്യാപകരെ വിദ്യാഭ്യാസ പ്രക്രിയയിലും മേഖലയിലും ചലനാത്മകമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക വഴി ഭാവിയുടെ ശില്പികൾക്കായുള്ള പഠനാവശ്യങ്ങളിൽ കൂടുതൽ കരുത്ത് പകരാനുള്ള പ്രവർത്തനങ്ങളാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ ദേശീയ അധ്യാപക ദിനാചരണങ്ങളും നടപ്പിലുണ്ട്. നമ്മുടെ രാജ്യത്ത് രാജ്യം കണ്ട മികച്ച അധ്യാപകനായിരുന്ന മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ എന്ന മഹാഗുരുവിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബർ 5 ന് ദേശീയ അധ്യാപക ദിനം ആചരിക്കുന്നുണ്ടല്ലോ.

മാതാപിതാക്കൾക്കു പുറമെ കുട്ടികളുടെ സംസ്കരണത്തിൽ പ്രധാ പങ്ക് വഹിക്കുന്നവർ അധ്യാപകരാണെന്നതിൽ ആർക്കാണ് സംശയം. അധ്യാപകന് സമൂഹം നൽകിയിരിക്കുന്നത് ആത്മീയ രക്ഷിതാവ് എന്ന മഹനീയ സ്ഥാനമാണ്. ജീവിതം കെട്ടിപ്പടുത്ത് വർണശബളമാക്കാൻ സഹായിക്കുന്ന തരത്തിലുള്ളതാണ് ഗുരുശിഷ്യ ബന്ധം.

വിദ്യാഭ്യാസ വിചക്ഷണന്മാരുടെ അഭിപ്രായത്തിൽ രക്ഷിതാക്കൾ അവരുടെ കടമ നിറവേറ്റുമ്പോൾ തീർച്ചയായും സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സദ്പരിണാമങ്ങൾക്കനുസൃതമായി അധ്യാപകർക്കും കുട്ടികൾക്കുമിടയിലെ ബന്ധം സുദൃഢമായിത്തീരുന്നുണ്ട്. അധ്യാപകരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമൂഹത്തിനേ പുരോഗതിയുടെ പടികൾ ചവിട്ടിക്കയറാൻ സാധിക്കൂ എന്നതാണ് യാഥാർത്ഥ്യം.

ലോക അധ്യാപക ദിനത്തിൽ ലോകത്ത് ഇന്നേ വരെ കഴിഞ്ഞു പോയവരും നിലവിലുള്ളവരും വരാനിരിക്കുന്നവരുമായ സകലമാന അധ്യാപകർക്കും ഉർദു നോട്ട്ബുക്ക് ബ്ലോഗിന്റെ ഹൃദ്യമായ നന്മകൾ നേരുന്നു.

No comments:

Post a Comment

KUTA State Conference Quiz 2026

Quiz link Result   Kerala Urdu Teacher's Association,  KUTA State Conference,  Publicity Committee " 👉കേരള ഉർദു ടീച്ചേഴ്സ് അസോസിയേ...