Sunday, 15 August 2021

സ്വാതന്ത്ര്യ സമരത്തിൽ ഇങ്ക്ലാബ് മുഴക്കിയ ഉർദു -യൂനുസ് വടകര

سارے جہاں سے اچھا ہندوستاں ہمارا

ہم بلبلیں ہیں اس کی، یہ گلستاں ہمارا

അധിനിവേശ ശക്തികളിൽ നിന്ന് രാജ്യം സ്വതന്ത്രമായതിന്റെ ഓർമ്മകളിലൂടെ, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി ധീര ദേശാഭിമാനികളുടെ ത്യാഗോജ്വലമായ  പോരാട്ട കഥകൾ അയവിറക്കുകയാണല്ലോ നാം!


വിപ്ലവത്തിന്റെ പര്യായമായ ഇൻഖ്വിലാബ് സിന്ദാബാദ് എന്ന ഹസ്രത്ത് മൊഹാനി യുടെ മുദ്രാവാക്യവും,

നൂറ്റാണ്ട് പിന്നിട്ടിട്ടും ദേശസ്നേഹികൾ ആവേശത്തോടെ ഏറ്റുപാടുന്ന അല്ലാമാ ഇഖ്ബാലിന്റെ

 സാരേ ജഹാസെ അച്ഛാ

 എന്ന ദേശസ്നേഹ ഗീതവും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉർദു ഭാഷയുടെ പങ്ക് ചർച്ച ചെയ്യുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിൽ ആദ്യം കടന്നുവരുന്ന ഓർമ്മകളാണ്.

 അല്ലാമാ ഇഖ്ബാലിന്റെ 

സാരേ ജഹാം സേ അച്ഛാ എന്ന ദേശസ്നേഹ ഗീതം

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജി ജയിലിൽ വെച്ച് നൂറിലേറെ തവണ കേട്ടു എന്നത് ഈ ഗാനത്തിന്റെ വൈകാരികതയെ ഓർമ്മപ്പെടുത്തുന്നു.

സാമ്രാജ്യത്വ ശക്തികൾക്കെതിരെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന ചെറുതും വലുതുമായ നിരവധി വിപ്ലവങ്ങളിലേക്ക് ഇന്ത്യൻ ജനതയെ പ്രേരിപ്പിച്ച ഉർദു ഭാഷ മുദ്രാവാക്യങ്ങളിലൂടെയും കവിതകളിലൂടെയും സാഹിത്യകൃതികളിലൂടെയും പത്രങ്ങളിലൂടെയും ഒപ്പം ജവഹർലാൽ നെഹ്റു , മഹാത്മാഗാന്ധി ,  മൗലാനാ അബുൽ കലാം ആസാദ് , മൗലാനാ മുഹമ്മദലി ജൗഹർ തുടങ്ങിയ ദേശീയ നേതാക്കളുടെ ആവേശോജ്വലമായ പ്രസംഗങ്ങളും ഇന്ത്യൻ ജനതയിൽ ദേശസ്നേഹത്തിന്റെ അതി തീക്ഷ്ണത  ആളി കത്തിച്ചു.  

 انقلاب زندہ باد  

 ഇൻഖ്വിലാബ് സിന്ദാബാദ്‌...... 

സ്വാതന്ത്ര്യ സമരത്തിൽ മാത്രമല്ല  ഇന്നും ഏതൊരു വിപ്ലവ വേദിയിലും  ആവേശത്തോടെ വിളിക്കുന്ന ഈ മുദ്രാവാക്യം പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മാധ്യമ പ്രവർത്തകനും, ഉർദു കവിയും കൂടിയായ മൗലാനാ ഹസ്‌റത് മൊഹാനിയാണ് 1921 ൽ ആദ്യമായി ഉപയോഗിച്ചത്. 1929 ൽ ഡൽഹി സെൻട്രൽ അസംബ്ലിയിൽ ബോംബ് എറിഞ്ഞ ശേഷം ഭഗത് സിംഗും ഈ മുദ്രാവാക്യം ആവേശത്തോടെ  വിളിച്ചു  തുടർന്ന് മറ്റു സമരഭടൻമാർ മുഷ്ട്ടി ചുരുട്ടി ആവേശത്തോടെ ഉറക്കെ വിളിച്ച ഹിന്ദുസ്ഥാൻ ഛോഡോ, ജയ്‌ഹിന്ദ്‌ എന്നീ മുദ്രാവാക്യങ്ങൾ ഒക്കെയും ഉർദു ഭാഷയുടെ സംഭാവനകളാണ്.

سرفروشی کی تمنا اب ہمارے دل میں ہے

دیکھنا ہے زور کتنا بازوئے قاتل میں ہے

സർഫരോഷിക്കി തമ്മന്ന അബ് ഹമാരെ ദിൽമെഹെ......

 കൊലയാളികളായ ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധങ്ങളുടെ മൂർച്ചയളക്കാൻ ഞങ്ങളുടെ ശിരസ്സുകൾ ബലിയർപ്പിക്കാൻ മനസ്സ് കൊതിക്കുന്നു 

എന്ന് സധൈര്യം പാടിയ ബിസ്മൽ അസീം ആബാദി യുടെ കവിത ഉൾപ്പെടെ ഹിന്ദുസ്താനി സിനിമയിലൂടെ ഇന്നും നാം ആവേശത്തോടെ പാടുന്ന ഒട്ടുമിക്ക സമര ഗാനങ്ങളും ജോഷ് മലീഹാബാദി, ഹസ്രത്ത് മൊഹാനി, അലി സർദാർ ജാഫ്രി, സഫർ അലി ഖാൻ, ബ്രജ് നാരായൺ ചക്ബസ്ത്ത് തുടങ്ങിയവരുടെ ഉർദു കവിതകളാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കവിതകളിലൂടെ സമരവീര്യത്തിന്റെ വികാരതീവ്രത ഇത്രമേൽ പ്രകടമാക്കിയ മറ്റൊരു ഇന്ത്യൻ ഭാഷയും നമുക്ക് കാണാനാവില്ല.

کام ہے میرا تغیر نام ہے میرا شباب

میرا نعرہ انقلاب و انقلاب و انقلاب

കാംഹെ മേരാ തഅമീർ

നാംഹെ മേരാ ഷബാബ്

എന്റെ യൗവ്വനം പരിവർത്തനം സൃഷ്ടിക്കുന്നതിനും, എന്റെ മുദ്രാവാക്യം ജ്വലിക്കുന്ന വിപ്ലവങ്ങൾക്കും വേണ്ടിയാണെന്ന് എഴുതിയ   വിപ്ലവ കവി ജോഷ് മലീഹ ആബാദി യുടെ വരികളും

بہت برباد ہیں لیکن صدائے انقلاب آئے

وہیں سے وہ پکار اٹھے گا جو ذرہ جہاں ہوگا

 ബഹുത്ത് ബർബാദ് ഹെ ലേക്കിൻ സദാ

ഇൻകിലാബ്ഹെ.....

എന്തൊക്കെ നശിപ്പിച്ചാലും വിപ്ലവത്തിന്റെ ശബ്ദം ഉയർന്നു തന്നെ നിൽക്കും എന്ന കവിതയും

സ്വാതന്ത്ര്യസമര വേളയിൽ ആവേശം പകർന്ന വരികളാണ്

800 വർഷത്തിലധികം ഇന്ത്യ ഭരിച്ച മുഗൾ രാജകുടുംബത്തിലെ അവസാന കണ്ണിയായ ബഹദൂർഷാ സഫർ അധികാരം നഷ്ടപ്പെട്ട് കൽത്തുറുങ്കിലടക്കപ്പെട്ടപ്പോഴും ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയുടെ

ഉർദു കവിതകൾ സമ്മാനിച്ച്  ഇങ്ങനെ എഴുതി.

 വിപ്ലവവീര്യമുള്ള ഡൽഹിയുടെ കാറ്റുകൾ ഒരിക്കലെങ്കിലും ബ്രിട്ടീഷുകാരുടെ കൊട്ടാരത്തെ ദുർബലപ്പെടുത്തും 

സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ അപകടങ്ങൾ ദീർഘവീക്ഷണത്തോടെ കണ്ട ഉർദു കവിയാണ് അക്ബർ അലഹബാദി.

یہ موجودہ طریقے راہیٔ ملک عدم ہوں گے

نئی تہذیب ہوگی اور نئے ساماں بہم ہوں گے

യെ മൗജൂദാ ത്വരിഖെ റായെ മുൽക്ക് ഹദം ഹോക്യെ

نئی تہذیب

'പുതിയ സംസ്കാരം' എന്ന  കവിതയിൽ ഇന്ത്യൻ സമൂഹം സാമ്രാജ്യത്വശക്തികളിൽ നിന്ന് മോചനം നേടിയാലും സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ അടിമകളായി തുടരുമോ എന്ന ആശങ്ക പങ്കുവെച്ചു .

ബ്രിട്ടീഷ് ഭരണത്തിനെതിരെ തൂലിക പടവാളാക്കിയ 'മുൻഷി പ്രേംചന്ദിന്റെ' വരികൾക്ക് പീരങ്കിയുണ്ടകളേക്കാൾ വീര്യമുള്ളതുകൊണ്ടാവാം നിരായുധരായ ഗ്രാമീണർ പോലും വായിക്കരുതെന്ന് കരുതി അദ്ദേഹത്തിന്റെ ആദ്യ കൃതി 'സോസേ വത്തൻ' ബ്രിട്ടീഷുകാർ പിടിച്ചെടുത്ത് നശിപ്പിച്ചത്.

 പ്രേംചന്ദ് തന്റെ 'ഗിലിടണ്ട' എന്ന ചെറുകഥയിൽ പാശ്ചാത്യ സംസ്കാരത്തിനെതിരെ വിരൽ ചൂണ്ടുന്നുണ്ട്.

അധിനിവേശ ശക്തിയോടുള്ള അടങ്ങാത്ത വെറുപ്പാണ്

പ്രേംചന്ദ് തന്റെ ജോലി ഉപേക്ഷിച്ചു ഗാന്ധിയൻ മാർഗം തേടിയതും 

പ്രേംചന്ദിന്റെ ചോഗനെ ഹസ്തി, ഗോഷ്യേ ആഫിയത്തും, ഹയാത്തുള്ള അന്സാരിയുട ലാഹു ക ഫൂൽ ഖദീജ മാസ്‌തൂറിന്റെ ആംഗൻ എന്ന നോവലുകളും സർദാർ ജയ്‌ഫ്‌രിയുടെ യെ കിസ്സ് ക്കാ ഖുൻ, അബു സയിദ് ഖുറേഷിയുടെ ആസാദി പോലുള്ള നാടകങ്ങളിലൂടെയും ഉർദു സാഹിത്യകാരൻമാർ ബ്രിട്ടീഷുകാരുടെ ചൂഷണത്തിനെതിരെ തങ്ങളുടെ തൂലിക പടവാളാക്കുകയായിരുന്നു.

1846 കാലഘട്ടങ്ങളിൽ 19ലേറെ പത്രങ്ങൾ ഉർദു ഭാഷയിൽ ഇന്ത്യയിൽ തന്നെ പ്രസിദ്ധീകരിച്ചു.

'മുൻഷി സജാദ് ഹുസൈന്റെ അവ്‌ദെ പഞ്ച്, സർ സയ്യിദ് അഹമ്മദ് ഖാൻ ന്റെ തഹസീബുൽ അഹലക്, 'ഹസറത്‌ മൊഹാനിയുടെ' ഉർദു ഐ മുവലാ, ആദ്യ വിദ്യാഭ്യാസ മന്ത്രിയായ 'അബുൽ കലാം ആസാദ്' ന്റെ അൽഹിലാല്, ആല്ബിലാഗ്, 'മുഹമ്മദ് അലി ജൗഹറിന്റെ' ഹംദർദ്,

ഡൽഹി ഉർദു അഖ്ബാർ, സിദ്ദീഖുൽ അക്ബർ എന്നീ പത്രങ്ങൾളും സ്വാതന്ത്ര്യസമര പോരാളികൾക്ക് ആവേശം പകർന്ന വാർത്തകളാൽ സമ്പുഷ്ടമായിരുന്നു.

ബ്രിട്ടീഷ് കരിനിയമങ്ങൾ ഇന്ത്യൻ ജനതയുടെ സകല മേഖലയിലും വിലങ്ങു വെച്ചു. പത്രപ്രവർത്തന രംഗത്തും പതിനഞ്ചാം നമ്പർ ആക്ട് കൊണ്ടുവന്ന് പത്രങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. നിരവധി പത്രാധിപന്മാരെ കൊന്നും ജയിലിലടച്ചും പത്രങ്ങളെ ഇല്ലായ്മചെയ്യാൻ ശ്രമിച്ചത് അത്തരം പത്രങ്ങളുടെ ആശയ തീവ്രത ഒന്നു കൊണ്ടു മാത്രമാണ്.

ഈ അതി തീഷ്ണതയിലും ഉർദു പത്രങ്ങൾ പതിന്മടങ്ങ് ശക്തിയിൽ തൂലിക ചലിപ്പിച്ചു കൊണ്ടേയിരുന്നു.

 സംസ്കാരങ്ങളുടെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെടും വിധം നൂറുകണക്കിന് സംസ്കാരങ്ങളും വേഷവിധാനങ്ങളും മതങ്ങളും ജാതികളും ഉള്ള ഇവിടുത്തുകാരെ ഒരു മാലയിൽ കോർത്ത മുത്തുമണികൾ പോലെ രൂപപ്പെടുത്തി ദേശീയോദ്ഗ്രഥന ബോധം വളർത്തുന്നതിൽ ഉർദു ഭാഷയുടെ പങ്ക് നിസ്തുലമാണ്.

مذہب نہیں سکھاتا آپس میں بیر رکھنا

ہندی ہیں ہم، وطن ہے ہندوستاں ہمارا

മസ്ഹബ് നഹീ സിക്കാത്ത ആപസ്മെ

ബൈയിർ രക്ക്ന

'പരസ്പര കലഹങ്ങൾക്ക് മതങ്ങൾ നമ്മെ പഠിപ്പിക്കുന്നില്ല'  ഇഖ്ബാലിന്റെ  ഈ വരികളിലും 

پتھر کی مورتوں میں سمجھا ہے تو خدا ہے

خاک وطن کا مجھ کو ہر ذرہ دیوتا ہے

പത്തർക്കി മൂറത്തോമെ സംഛാഹെ തു ഖുദാ ......

 ഭാരതത്തിലെ ഓരോ മൺതരിയിലും ദൈവത്തെ കാണാം 

എന്ന ഈ വരികളിലും ദേശീയോദ്ഗ്രഥനത്തിന്റെ മാറ്റൊലി കേൾക്കാം.

സർ സയ്യിദ് അഹമ്മദ് ഖാന്റെ തഹ്സീബുൽ അഖ് ലാഖ് ഉൾപ്പെടെ ആ കാലഘട്ടത്തിലെ ഒട്ടുമിക്ക ഉർദു പ്രസിദ്ധീകരണങ്ങളിലും മഹാത്മാഗാന്ധി ജവഹർലാൽ നെഹ്റു മൗലാനാ അബ്ദുൽ കലാം ആസാദ് തുടങ്ങിയ ദേശീയ നേതാക്കന്മാരുടെ ആവേശം കൊള്ളിക്കുന്ന ഉർദു പ്രസംഗങ്ങളിലൂടെ മതസൗഹാർദ്ദത്തിന്റെയും, ദേശ സ്നേഹത്തിൻറെയും, ആഹ്വാനങ്ങൾ കാണാമായിരുന്നു.

وطن کی فکر کر ناداں مصیبت آنے والی ہے

تری بربادیوں کے مشورے ہیں آسمانوں میں

രാജ്യവിരുദ്ധ ശക്തികളെ തിരിച്ചറിഞ്ഞ്

എന്ത് വില കൊടുത്തും രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്ത് സൂക്ഷിക്കണമെന്ന് ഇന്ത്യക്കാരെ ഇടക്കിടെ ഓർമ്മപ്പെടുത്തയ ദേശ സ്നേഹ കവി അല്ലാമ ഇഖ്ബാൽ ഉൾപ്പെടെയുള്ള ഉർദു സാഹിത്യകാരൻമാർ ഇന്ത്യൻ ജനതയിൽ നാനാത്വത്തിൽ ഏകത്വം രൂപപ്പെടുത്തുന്നതിൽ കൃത്യമായ ഇടപെടൽ നടത്തിയവരാണ്

"ഉർദു"വും ഉർദു ഭാഷ രൂപപ്പെടുത്തിയ സംസ്കാരവുമാണ് ഇന്നും ഏത് പ്രതികൂല സാഹചര്യത്തിലും ഇന്ത്യൻ ജനതയിൽ ദേശീയബോധവും മതേതരത്വ ചിന്തയും കൈവെടിയാതെ കാത്തുസൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്.

ഈ ഭാഷയുടെ വളർച്ചയും വികാസവും ഇന്ത്യയുടെ മതേതരത്വ ബോധം നിലനിർത്തുന്നതിനും സാംസ്കാരിക വളർച്ചയ്ക്കും വലിയ മുതൽക്കൂട്ടാകും എന്ന് നിസ്സംശയം പറയാം.

1 comment:

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...