Thursday 19 November 2020

ഫെയ്‌സ് അഹ്മദ് ഫെയ്‌സ് വിപ്ലവ വീര്യമുള്ള തൂലിക -ഷബീർ രാരങ്ങോത്ത്


ജബ് സുല്‌മോ സിതം കെ കോഹെ ഗിരാന്‍
രൂയി കി തരഹ് ഉഡ് ജായേംഗെ
ഹം മെഹ്കൂമോ കെ പാവ് തലെ
ജബ് ധര്‍തി ധഡ് ധഡ് ധഡ്‌കേഗി
ഓര്‍ അഹ്‌ലെ ഹകം കെ സര്‍ ഊപര്‍
ജബ് ബിജ്‌ലി കഡ് കഡ് ലഡ്‌കേഗി
ഹം ദേഖേംഗെ
(നമ്മെ വന്നു മൂടിയ) നിഷ്ഠൂരതയുടെ പര്‍വങ്ങള്‍ പരുത്തി കണക്കെ പാറിപ്പോവുക തന്നെ ചെയ്യും
നമ്മള്‍ അധകൃതരുടെ കാലടിയൊച്ചകളാല്‍ ധരണി പ്രകമ്പനം കൊള്ളപ്പെടുകയും (ആ പ്രകമ്പനം) ഏകാധിപതികള്‍ക്കു മേല്‍ ഇടിത്തീയായി ഭവിക്കുകയും ചെയ്യും. നമ്മളത് കാണുക തന്നെ ചെയ്യും

വിപ്ലവ ചിന്തകള്‍ ഉദയം ചെയ്യുന്നിടത്തൊക്കെ അതിന്റെ വിജയത്തെക്കുറിച്ച് പ്രതീക്ഷ നല്കാന്‍ ഉപയോഗിക്കപ്പെടുന്ന വരികളാണിവ. അധികാര ബലപ്രയോഗത്തിന്റെ ഏതവസരങ്ങളിലും അനുയോജ്യമാകുന്ന ഈ വരികള്‍ ഫെയ്‌സ് അഹ്മദ് ഫെയ്‌സ് എന്ന വിപ്ലവ കവിയുടെ തൂലികയിലൂടെയാണ് പിറവി കൊള്ളുന്നത്. പാകിസ്താനില്‍ സിയാഉല്‍ ഹഖ് ഭരണം അട്ടിമറിക്കുകയും സുല്ഫിക്കര്‍ അലി ഭൂട്ടോയെ കഴുവിലേറ്റുകയും ഖുര്‍ആനിനെ തനിക്കു വേണ്ട വിധം ദുര്‍വ്യാഖ്യാനിച്ച് നിയമങ്ങളുണ്ടാക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഫെയ്‌സ് അഹ്മദ് ഫെയ്‌സ് ഈ കവിതയെഴുതുന്നത്. ഫെയ്‌സ് സിയാഹുല്‍ ഹഖിനെതിരെ പ്രതികരിച്ചത് ഖുര്‍ആനിന്റെ ആശയ പദ സമ്പത്തു കൊണ്ടു തന്നെയായിരുന്നു. ദൈവത്തിന്റെ പേരില്‍ നടത്തുന്ന ഈ ക്രൂരതക്ക് അന്ത്യനാളില്‍ ദൈവത്തിനു മുന്നില്‍ കണക്കു പറയേണ്ടി വരും എന്ന് ഫെയ്‌സ് സിയാഹുല്‍ ഹഖിനെ ഓര്‍മപ്പെടുത്തുകയും അധകൃതര്‍ക്ക് പ്രതീക്ഷ നല്കുകയുമായിരുന്നു. ഈ കവിത പ്രതിഷേധത്തിന്റെ അടയാളമായി മാറുന്നത് 1985 ല്‍ സാരി ധരിക്കുന്നത് നിരോധിക്കപ്പെട്ടപ്പോഴാണ്. ഇഖ്ബാല്‍ ബാനോ ആ കവിതയ്ക്ക് ഈണം നല്കി പ്രതിഷേധ സൂചകമായി ആലപിച്ചു. കവിതയുടെ രചയിതാവ് ഫെയ്‌സ് അഹ്മദ് ഫെയ്‌സ് അടക്കമുള്ളവര്‍ ഇതേ ഭരണകൂടത്തിന്റെ തടവിലായിട്ടുണ്ട് എന്നത് ആ ആലാപനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുകയായിരുന്നു.

കവിത കൊണ്ട് മായിക പ്രപഞ്ചം തീര്‍ത്തിരുന്ന ഫെയ്‌സ് 1911 ഫെബ്രുവരി 13 നാണ് ജനിക്കുന്നത്. പാകിസ്താനിലെ സിയാല്‌കോട്ടിനടുത്ത് കല കദര്‍ എന്ന അദ്ദേഹത്തിന്റെ ജന്മ സ്ഥലം ഇന്ന് ഫെയ്‌സ് നഗര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. സിയാല്‌കോട്ടിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന മുഹമ്മദ് ഇബ്രാഹിം സിയാല്‌കോട്ടിയുടെ കീഴിലാണ് ഫെയ്‌സ് പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. അറബ്, പേര്‍ഷ്യന്‍, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിക്കുന്നതില്‍ ഫെയ്‌സ് നല്ല മികവു പുലര്‍ത്തിയിരുന്നു. മതപരമായി മികച്ച അറിവു സ്വായത്തമാക്കാനും അദ്ദേഹം തല്പരനായിരുന്നു. 

അറബി ഭാഷയില്‍ ബിരുദം നേടിയ അദ്ദേഹം പഞ്ചാബ് യൂനിവേഴ്‌സിറ്റിയുടെ ഓറിയന്റല്‍ കോളെജില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുന്നതിനിടയിലാണ് എം എന്‍ റോയ്, മുസഫ്ഫര്‍ അഹമ്മദ് എന്നിവരെ കണ്ടു മുട്ടുന്നത്. ഇതാണ് പിന്നീട് അദ്ദേഹത്തെ കമ്യൂണിസത്തിലേക്ക് അടുപ്പിക്കുന്നത്. ഇത് അദ്ദേഹം നിരീശ്വരവാദിയായി എന്ന തെറ്റായ ചിന്തയില്‍ മനസിലാക്കാന്‍ ഇടയായിട്ടുണ്ട്. എന്നാല്‍ അദ്ദേഹം തന്റെ വിശ്വാസത്തെ മുറുകെ പിടിക്കുകയും ഒരു ഭരണ ക്രമത്തിന്റെ പ്രാവര്‍ത്തിക രീതി എന്ന നിലക്ക് കമ്യൂണിസത്തെ പിന്‍തുണക്കുകയുമായിരുന്നു. യഥാര്‍ഥത്തില്‍ ഫെയ്‌സ് സമൂഹത്തിനുള്ളിലൊരു പരിവര്‍ത്തനമുണ്ടാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം സ്വന്തം സമുദായത്തിലെ പുഴുക്കുത്തുകളോടും പ്രതികരിച്ചിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അവിശ്വാസിയാക്കി ചിത്രീകരിക്കാന്‍ പുരോഹിത വര്‍ഗം ശ്രമിച്ചിരുന്നു എന്നതാണ് വാസ്തവം.

വിപ്ലവ ചിന്തകള്‍ ഫെയ്‌സിന്റെ കവിതകളില്‍ പ്രകടമായിരുന്നു. രാജ്യം സ്വതന്ത്രമാവുകയും വിഭജിക്കപ്പെടുകയും ചെയ്തപ്പോള്‍

വൊ ഇന്‍തിസാര്‍ ഥാ ജിസ് കാ, 
യെ വൊ സെഹ്ര്‍ തൊ നഹി

ഈ പുലരിക്കു വേണ്ടിയായിരുന്നില്ല നമ്മള്‍ കാത്തിരുന്നത്

എന്നു അദ്ദേഹം കുറിക്കുകയുണ്ടായി. തന്റെ സങ്കടം അദ്ദേഹം പലപ്പോഴായി പങ്കുവെക്കുകയുമുണ്ടായിട്ടുണ്ട്.

റാവല്‍പിണ്ടി കോണ്‍സ്പിറസിയെത്തുടര്‍ന്ന് 4 വര്‍ഷത്തോളം അദ്ദേഹം ജയിലില്‍ കിടന്നിട്ടുണ്ട്. അനേകം കവിതകള്‍ ജനിക്കുന്നതും ആശയങ്ങള്‍ക്ക് തീ പിടിക്കുന്നതും ഇക്കാലത്താണ്. ആ സമയത്തു തന്നെയാണ് 'മുജ്‌സെ പെഹലി സി മുഹബ്ബത് മെരി മെഹബൂബ് ന മാംഗ്'. എന്ന കവിത ജനിക്കുന്നത്.

പ്രണയത്തിനുമപ്പുറം പലതുമുണ്ട് നമുക്ക് ചിന്തിക്കാന്‍ എന്ന കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് ആ കവിത നല്കിയത്. കാവ്യ സമ്പന്നമായ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ജയില്‍ മോചിതനായ ഫെയ്‌സിന് പാകിസ്താന്‍ ടൈംസിലെ ജോലി സര്‍ക്കാര്‍ വെച്ചു നീട്ടുകയുണ്ടായി. സര്‍ക്കാര്‍ പത്രം കയ്യേറി നടത്തുകയായിരുന്നു അന്ന്. ഫെയ്‌സ് ആ ഓഫറിനു നല്കിയ മറുപടി 'എന്റെ തത്വങ്ങള്‍ വില്പനക്കുള്ളതല്ല' എന്നായിരുന്നു. 

ഫെയ്‌സ് അഹ്മദ് ഫെയ്‌സ് ഇംഗ്ലണ്ടുകാരിയായ ആലീസിനെയാണ് വിവാഹം ചെയ്തിരുന്നത്. ആലീസാകട്ടെ കുല്‍സും എന്ന പേരു സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ വിവരം അധികമാര്‍ക്കും അറിയുമായിരുന്നില്ല. ജയിലിലായിരിക്കെ 'To kulsoom' എന്നെഴുതിയാണ് ദസ്തെ സബാ എന്ന കൃതി പ്രസിദ്ധീകരിക്കുന്നത്. ഇത് പലരുടെയും നെറ്റി ചുളിക്കാന്‍ ഇടവരുത്തി. ആരാണ് കുല്‍സൂം എന്ന അന്വേഷണത്തിനൊരുങ്ങി ചിലര്‍. പിന്നീടാണ് പലരും ഈ സത്യമറിഞ്ഞത്.

1990 ല്‍ മരണാനന്തര ബഹുമതിയായി നിഷാന്‍ എ ഇംതിയാസ് എന്ന പരമോന്നത ബഹുമതി നല്കി പാകിസ്താന്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1984 നവംബര്‍ 20 ന് ലാഹോറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.


No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...