Wednesday 8 September 2021

അക്ബര്‍ അലഹബാദി നർമത്തിൽ ചാലിച്ച കവിത -ഷബീർ രാരങ്ങോത്ത്


പൂഛാ അക്ബര്‍ ഹെ ആദ്മി കൈസാ
ഹസ് കെ ബോലെ വൊ ആദ്മി ഹീ നഹീ

(അക്ബര്‍ എത്തരത്തിലുള്ള മനുഷ്യനാണെന്ന് ചോദിക്കപ്പെട്ടു
ചിരിച്ചു കൊണ്ട് പറഞ്ഞു: അവന്‍ മനുഷ്യന്‍ തന്നെ അല്ല)

ഗൗരവതരമായ കാര്യങ്ങള്‍ പറയാന്‍ ആക്ഷേപ ഹാസ്യത്തെ കൂട്ടുപിടിച്ച ഒരു കവിയാണ് അക്ബര്‍ അലഹബാദി. പ്രണയവും രാഷ്ട്രീയവുമെല്ലാം ഹാസ്യത്തില്‍ ചാലിച്ച് അവതരിപ്പിക്കാനും കൃത്യമായ വാക്കുകള്‍ വെച്ച് അമ്പെയ്യാനും അദ്ദേഹത്തിന് പ്രത്യേക സിദ്ധി തന്നെയുണ്ടായിരുന്നു. പ്രണയത്തിലും രാഷ്ട്രീയത്തിലുമെല്ലാം മുന്‍പ് ഉപയോഗിക്കപ്പെട്ടിരുന്ന വാക്കുകള്‍ക്ക് പകരം പുതിയ പ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളെ സമ്പന്നമാക്കിയിരുന്നു.

അലഹബാദില്‍ നിന്നും പതിനൊന്ന് മൈല്‍ അപ്പുറം ബാര എന്ന നഗരത്തില്‍ 1846 നവംബര്‍ 16 നാണ് അക്ബര്‍ അലഹബാദിയുടെ ജനനം. സയ്യിദ് അക്ബര്‍ ഹുസൈന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. പിതാവ് തഫസ്സുല്‍ ഹുസൈനില്‍ നിന്നാണ് അക്ബര്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരുന്നത്. 1856 ല്‍ അലഹബാദിലെ ജമുന മിഷന്‍ സ്‌കൂളില്‍ വിദ്യാഭ്യാസത്തിനായി ചേര്‍ത്തു. ഇംഗ്ലീഷ് പഠനം നന്നായി കൊണ്ടു പോയ അക്ബര്‍ സ്‌കൂള്‍ പഠനകാലത്തിനു ശേഷം റെയില്‍വെ എഞ്ചിനിയറിംഗ് ഡിപാര്‍ട്ട്‌മെന്റില്‍ ക്ലര്‍കായി ജോലി നോക്കുകയുണ്ടായി. ജോലിയിലിരിക്കെ തന്നെ ബാരിസ്റ്റര്‍ പരീക്ഷ പാസാവുകയും വകീല്‍, തഹ്‌സില്‍ദാര്‍, സെഷന്‍ കോര്‍ട്ട് ജഡ്ജ് എന്നീ നിലകളില്‍ ജോലി നോക്കുകയും ചെയ്തു.

തന്റെ കവിതകളിലൂടെ ശക്തമായ വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിക്കുമായിരുന്നു. ഹൃദയശൂന്യരായ നേതാക്കളെ അദ്ദേഹം പരിഹസിക്കുന്നതിങ്ങനെയാണ്

ഖൗം കെ ഗം മെ ഡിന്നര്‍ ഖാതെ ഹെ ഹുക്കാം കെ സാഥ്
രഞ്ച് ലീഡര്‍ കൊ ബഹുത് ഹെ ആരാം കെ സാഥ്

(സമൂഹത്തിന്റെ ദുരിതത്തെക്കുറിച്ച വിലാപം അധികാരികള്‍ക്കൊപ്പം തീന്മേശയിലാണ്

നേതാവിന് ദുഃഖമൊക്കെ ധാരാളമുണ്ട് പക്ഷെ ആശ്വാസകരമാണെന്നു മാത്രം)

വെസ്‌റ്റേണ്‍ സംസ്‌കാരത്തെ അനുകരിക്കുന്നതിനോടും പകര്‍ത്തുന്നതിനോടും എതിര്‍പ്പു പ്രകടിപ്പിച്ച അദ്ദേഹം പക്ഷെ, തന്റെ ജീവിതത്തില്‍ ആ ഐഡിയോളജി പ്രാവര്‍ത്തികമാക്കിയതായി കണ്ടിരുന്നില്ല. അദ്ദേഹത്തിന്റെ കവിതകളില്‍ ഇംഗ്ലീഷ് പദങ്ങളുടെ ഒരു ആധിക്യം തന്നെ കാണാമായിരുന്നു.

മതങ്ങളുടെ പേരില്‍ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട സമയത്ത് മതസൗഹാര്‍ദത്തിനായി പേനയുന്തിയയാളാണ് അദ്ദേഹം. സമുദായങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ അനുരണനങ്ങള്‍ക്കായി അദ്ദേഹത്തിന്റെ കവിതകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം സമാധാനാഹ്വാനങ്ങള്‍ തുടര്‍ന്നപ്പോള്‍ അക്ബര്‍ മദ്യപാനത്തില്‍ വീണു പോയെന്ന ഊഹാപോഹങ്ങള്‍ ഉയരുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഏറെ പ്രസിദ്ധമായ ഹംഗാമ ഹെ ക്യൂ ബര്‍പാ എന്ന ഗസല്‍ പിറക്കുന്നത്. അദ്ദേഹം ആ ആരോപണത്തിന് മറുപടി പറയുന്നതിങ്ങനെയാണ്.

ഉസ് മെ സെ നഹി മത്‌ലബ് ദില്‍ ജിസ് സെ ഹെ ബേഗാനാ
മഖ്‌സൂദ് ഹെ ഉസ് മെ സെ ദില്‍ ഹി മെ ജൊ ഖീഞ്ച്തി ഹെ

(സ്വന്തത്തെ നഷ്ടമാക്കിക്കളയുന്ന (ഒരാളെ മറ്റൊരാളാക്കുന്ന) മദ്യത്തില്‍ എനിക്ക് താല്പര്യമില്ല തന്നെ 
ഹൃദയത്തിലൂറുന്ന മധുവാണ് (സ്‌നേഹം) ഞാന്‍ തേടുന്ന ലഹരി)

തന്നെ മദ്യപനെന്നു വിളിച്ചവരോട് അദ്ദേഹം ഇങ്ങനെ കൂടി പറയുന്നുണ്ട്.

നാ തജ്റബകാരീ സെ വായിസ് കി യെ ഹെ ബാതേ
ഇസ് രംഗ് കൊ ക്യാ ജാനെ പൂച്ഛോ തൊ കഭി പി ഹെ

(ധർമോപദേശികൾ അനുഭവ പരിജ്ഞാനമില്ലായ്മയുടെ വിവരക്കേടുകളാണ് വിളമ്പുന്നത്;
അതിൻ്റെ രുചിയെക്കുറിച്ചവർക്കെന്തറിയാം, അവരത് രുചിച്ചു നോക്കിയിട്ടുണ്ടോയെന്ന് ചോദിക്കൂ)

ശക്തമായ പ്രമേയങ്ങള്‍ എയ്തു വിടുന്ന അദ്ദേഹത്തിന്റെ കവിത പോലും ഒരു നറു പുഞ്ചിരി ചുണ്ടില്‍ ബാക്കി വെച്ചാണ് അവസാനിച്ചിരുന്നത്.

ഹം ആഹ് ഭി കര്‍തെ ഹെ തൊ ഹൊ ജാതെ ഹെ ബദ്‌നാം
വൊ ഖത്ല്‍ ഭി കര്‍തെ ഹെ തൊ ചര്‍ചാ നഹി ഹോതാ

(ഞാന്‍ ഒരു നിശ്വാസമുതിര്‍ക്കുമ്പോഴേക്കും അത് അപവാദമുണ്ടാക്കുന്നു
അവള്‍ കൊലചെയ്‌തെന്നാല്‍ പോലും അത് ചര്‍ച്ചയാവുന്നില്ല തന്നെ)

1921 സെപ്തംബര്‍  9 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...