Saturday 31 October 2020

മലയാളിയും ഗസലും -ഷബീര്‍ രാരങ്ങോത്ത്

ഉമ്പായി

 ഗസല്‍ എന്ന വാക്ക് മലയാളിയുടെ മനസിനെ ഇത്രമേല്‍ മഥിച്ചു തുടങ്ങിയിട്ട് ഏറെയൊന്നുമായിട്ടില്ല. തങ്ങളുടെ മനസിനെ വൈകാരികതയുടെ മൂര്‍ത്തഭാവങ്ങളിലേക്കു നയിക്കുന്ന ഒന്ന് എന്നതാണ് ചിലര്‍ക്കെങ്കിലും അത്. അവരെക്കുറിച്ച് അത് സംഗീതമാണ്. എന്നാല്‍, എപ്പോഴാണ് ഒരു സൃഷ്ടി ഗസലാകുന്നത് എന്ന് കൃത്യമായി അപ്പോഴും തിരിച്ചറിയാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. ഗസല്‍ എന്ന വാക്കിനെ ചുറ്റിപ്പറ്റി ഒരുപാടൊരുപാട് മിഥ്യാ ധാരണകളും വിപരീതജ്ഞാനവും മലയാളിയുടെ മനസില്‍ ചേക്കേറിയിട്ടുണ്ട്. കാലക്രമേണ ചിലര്‍ക്കെങ്കിലും യാഥാര്‍ഥ്യത്തെ തൊട്ടറിയാനായെങ്കിലും അത് ഉള്‍ക്കൊള്ളാനാവാത്ത ചിലരെങ്കിലുമുണ്ടായിരുന്നു.

അത്തരം ആളുകള്‍ക്ക് തബലയും ഹാര്‍മോണിയപ്പെട്ടിയും കാണുന്ന വേദികളൊക്കെ ഗസലായി മാറി. ഇവ രണ്ടിന്റെയും സാന്നിധ്യത്തില്‍ ആലപിക്കപ്പെടുന്ന മാപ്പിളഗാനങ്ങള്‍, പഴയ സിനിമാ ഗാനങ്ങള്‍ തുടങ്ങി പലതും ഗസലായി കണക്കു കൂട്ടാനും തുടങ്ങി. മലയാളിയുടെ മിഥ്യാധാരണകളുടെ തുടക്കം അവിടെ നിന്നാണ്. യഥാര്‍ഥത്തില്‍ ഗസല്‍ ഒരു സംഗീതശാഖയല്ലെന്നാണ് ആദ്യം മനസിലാക്കേണ്ടത്. അത് കൃത്യമായും ഒരു കാവ്യരൂപമാണ്. ചില നിബന്ധനകള്‍ ഉള്‍ച്ചേര്‍ന്ന കാവ്യ രൂപങ്ങളെയാണ് നമുക്ക് ഗസല്‍ എന്നു വിളിക്കാന്‍ കഴിയുക. അതിനു പെട്ടിയും തബലയുമായുള്ള ബന്ധം ഗസല്‍ ജനിച്ചതിനു ശേഷം മാത്രമാണ് എന്നതാണ് കാര്യം. ഒരു കവിതയെ എന്തുകൊണ്ട് ഗസല്‍ എന്നു വിളിക്കുന്നു എന്ന് കൃത്യമായും മനസിലാക്കാത്തവര്‍ ധാരാളമുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണം മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരന്‍ താന്‍ എഴുതിയ ഫുട്ബോള്‍ ഗസല്‍ എന്നു പറഞ്ഞ് പ്രസിദ്ധീകരിച്ച ഒരു എഴുത്ത് തന്നെയാണ്. മലയാള സാഹിത്യ രംഗത്തുള്ളവരില്‍ പോലും അത്രയേ ഗസലിനെക്കുറിച്ച ബോധമുള്ളൂ.
ഉര്‍ദു ഭാഷയിലുള്ള ഗസലുകളാണ് നമുക്ക് ഏറ്റവും പരിചിതമായിട്ടുള്ളത്. പലപ്പോഴും ഗസലുകളെ മനസിലാക്കുന്നതില്‍ കേള്‍വിക്കാരന് തെറ്റു സംഭവിക്കാറുണ്ട്. പൊതുവെ ഗസല്‍ പാടുന്ന ഗായകര്‍ എന്തു പാടിയാലും അത് ഗസലാവും എന്ന കണക്കു കൂട്ടലുകളുമായി ജീവിക്കുന്നവരും നമുക്കിടയിലുണ്ട്. ഗസല്‍ ഒരു കാവ്യ ശാഖയാണെന്ന് നാം സൂചിപ്പിച്ചു. ഒട്ടനവധി പരിണാമങ്ങളിലൂടെയാണ് ഇന്ന് കാണുന്ന ഗസല്‍ രൂപപ്പെട്ടത്.
ഷഹബാസ് അമന്‍
ഏറ്റവും ലളിതമായി, ഒരു കൂട്ടം ഈരടികളുടെ സമ്മേളനത്തെയാണ് നമുക്ക് ഗസലുകള്‍ എന്ന് വിളിക്കാവുന്നത്. ഓരോ ഈരടിയെയും ശേര്‍ എന്നാണ് വിളിക്കുക. അഞ്ചില്‍ കുറയാത്ത ശേറുകളാണ് ഒരു ഗസലിനുണ്ടായിരിക്കേണ്ടത്. ഓരോ ശേറും ഒരേ മീറ്ററിലും ഒരേ പ്രാസത്തിലുമായിരിക്കണം.
പൊതുവെ പ്രണയ വിരഹ വേദനകളുടെ കാവ്യാത്മക പ്രകടനമാണ് ഗസലുകളുടെ ഉള്ളടക്കമായി വരാറ്. പ്രിയപ്പെട്ടതിനെ അഭിമുഖീകരിക്കുന്നതാവും മിക്ക രചനകളും. ചില ഗസലുകളില്‍ സൂഫിസത്തിന്റെ പ്രതിഫലനം കാണാനൊക്കും. മിക്കപ്പോഴും ഇത്തരം രചനകളിലെ 'പ്രിയപ്പെട്ടത് ' എന്നത് സ്രഷ്ടാവ് ആയും വരാറുണ്ട്. കാലങ്ങളായുള്ള യാത്രകള്‍ക്കൊടുവില്‍ ഇങ്ങനെ കേവലമായ വിഷയങ്ങളില്‍ നിന്ന് മാറി വിശാലമായ വിഷയ ഭൂമികയിലേക്ക് ഗസലുകള്‍ ചെന്നെത്തിയിട്ടുണ്ട്. ഭൂലോകത്തെ മിക്കതിനെയും ഇന്ന് ഗസലുകള്‍ക്ക് വിഷയമായി കാണാനൊക്കും. പാരമ്പര്യ രീതികളെ പൊട്ടിച്ചെറിഞ്ഞ് പുതിയ പരീക്ഷണങ്ങള്‍ക്ക് ആധുനിക ഗസല്‍ കവികള്‍ മുതിര്‍ന്നതായി കാണാം.
അറബി ഭാഷയില്‍ നിന്നാണ് ഗസല്‍ എന്ന വാക്ക് രൂപം കൊള്ളുന്നത്. 'പ്രിയപ്പെട്ടതിനോടുള്ള സംസാരം' എന്നാണ് ആ വാക്കിന്റെ അര്‍ഥം. ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ഉരുവം കൊണ്ട ഗസല്‍ ശാഖ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് സൗത്ത് ഏഷ്യയെ തഴുകുന്നത്. ഇന്ന് അത് ഉര്‍ദു കാവ്യ ശാഖയിലെ ഏറ്റവും പ്രചാരമുള്ള ഒന്നായി മാറിക്കഴിഞ്ഞു.
ഗസല്‍ പ്രാസത്തിലും പല്ലവിയിലുമെല്ലാമായി ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
ശേര്‍ & മിസ്റ
ഈരടികളുടെ ശേഖരമാണ് ഗസല്‍ എന്ന് പറയുകയുണ്ടായി. ഇങ്ങനെയുള്ള ഈരടികളെ ശേര്‍ എന്നാണ് വിളിക്കുക. രണ്ടു വരികള്‍ ചേര്‍ന്ന് പൂര്‍ണമായ ഒരര്‍ഥം ഉണ്ടാകേണ്ടതുണ്ട്. ശേറിലെ ഓരോ വരികളെയും മിസ്റ എന്നാണ് പറയുക. രണ്ട് മിസ്റകള്‍ ചേരുമ്പോള്‍ ഒരു ശേര്‍ രൂപപ്പെടുന്നു. ശേറിലെ ഒന്നാമത്തെ വരിയെ 'മിസ്റ എ ഊലാ' എന്നും രണ്ടാമത്തെ വരിയെ 'മിസ്റ എ സാനി'  എന്നുമാണ് വിളിക്കുക. ഓരോ മിസ്റയും ഒരേ മീറ്ററില്‍(തോതില്‍) ആയിരിക്കേണ്ടതുമുണ്ട്. ഒരു ഗസലിലെ ഓരോ ശേറുകളും ഒരേ പ്രാസത്തിലും പ്രാസ വ്യവസ്ഥയിലുമായിരിക്കേണ്ടതുണ്ട്
റദീഫ്
ഓരോ ശേറിന്റെയും അവസാന വരി അവസാനിക്കുന്നത് ഒരേ വാക്കു കൊണ്ടോ പദ സമുച്ചയം കൊണ്ടോ ആയിരിക്കേണ്ടതുണ്ട്. ഇതിനെ റദീഫ് എന്നാണ് പറയാറ്.
എന്നാല്‍ ചില ഗസലുകളില്‍ റദീഫ് കാണാറില്ല. ഇത്തരം ഗസലുകളെ 'ഗൈര്‍ മുറദ്ദഫ് ഗസല്‍' എന്നാണ് പറയുക.
ഖാഫിയ
എല്ലാ ശേറുകളുടെയും റദീഫിനു തൊട്ടു മുന്‍പുള്ള വാക്ക്/ പദ സമുച്ചയം ഒരേ പ്രാസത്തില്‍ വരേണ്ടതുണ്ട്. ഇതിനെയാണ് ഖാഫിയ എന്നു വിളിക്കുക. ആദ്യ ശേറിലെ റദീഫിനു തൊട്ടു മുന്‍പുള്ള വാക്ക് 'നഖാബ്' എന്നാണെങ്കില്‍ അതേ പ്രാസത്തില്‍ തന്നെയായിരിക്കണം ഓരോ ശേറിന്റെയും റദീഫിനു തൊട്ടു മുന്‍പുള്ള വാക്ക്.
ആ പ്രാസത്തെയാണ് ഖാഫിയ എന്നു വിളിക്കുക.
മത്ല
ഒരു ഗസലിന്റെ ആദ്യത്തെ ശേറിനെയാണ് പൊതുവില്‍ മത്ല എന്നു വിളിക്കാറുള്ളത്. മറ്റു ശേറുകളില്‍ നിന്ന് വ്യത്യസ്തമായി ഓരോ മിസ്റയിലും ഒരേ പ്രാസവും ഒരേ വാക്കിനാലുള്ള അവസാനവുമായിരിക്കുമുണ്ടാവുക. അതായത് ശേറിന്റെ റദീഫും ഖാഫിയയും ഒന്നാമത്തെ മിസ്റയിലും ഉണ്ടാവും.
'സരക്തി ജായെ ഹെ രുക് സെ നഖാബ് ആഹിസ്ത ആഹിസ്ത
നികല്‍താ ആ രഹാ ഹെ ആഫ്താബ് ആഹിസ്ത ആഹിസ്ത'
എന്ന ശേറില്‍ 'ആഹിസ്ത ആഹിസ്ത' (റദീഫ്) ഒന്നാമത്തെ മിസ്റയിലും കാണാം. അതേ പോലെ 'ആബ്' എന്ന ശബ്ദം ഓരോ മിസ്റയിലും ഖാഫിയയായി വന്നതായി കാണാം. സാധാരണ ഗതിയില്‍ ഗസലിന്റെ ശീര്‍ഷകമായിട്ടാണ് മത്ലയെ പറയാറുള്ളത്.
ചിലപ്പോള്‍ ഒന്നിലധികം മത്ലകളുള്ള ഗസലുകളും ഉണ്ടാവാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ രണ്ടാമതു വരുന്ന മത്ലയെ 'മത്ല എ സാനി' എന്നാണ് വിളിക്കുക.
ബെഹര്‍
ഒരു ശേറിന്റെ നീളത്തെക്കുറിക്കുന്ന വാക്കാണ് ബെഹര്‍. ഒരോ ശേറും ഒരേ ബെഹര്‍ പിന്തുടരേണ്ടതുണ്ട്. 
തഖല്ലുസ്
ഒരു കവി അദ്ദേഹത്തിന്റേതായി തിരഞ്ഞെടുത്ത തൂലികാ നാമത്തെയാണ് തഖല്ലുസ് എന്ന് വിളിക്കുന്നത്. സാധാരണയായി ഗസലിന്റെ അവസാനത്തെ ശേറില്‍ തഖല്ലുസ് കടന്നു വരാറുണ്ട്.
മഖ്ത
ഒരു ഗസലിന്റെ അവസാനത്തെ ശേറിനെയാണ് പൊതുവെ മഖ്ത എന്നു വിളിക്കുക. നേരത്തെ സൂചിപ്പിച്ച പോലെ തഖല്ലുസ് മഖ്തയില്‍ ഉണ്ടാവും. അവസാനത്തെ ഈരടി എന്നതല്ല യഥാര്‍ഥത്തില്‍ മഖ്തയുടെ കാര്യം. ഗസലിന്റെ അവസാനം തന്നെയാവണമത്. ഗസലിന്റെ ആകെത്തുകയായുള്ള സംഗ്രഹിക്കലോ, കവി തന്നോടു തന്നെ ആത്മഭാഷണം നടത്തുന്നതോ ഒരു വിലാപമെന്നതോ കവി തന്റെ വ്യക്തിപ്രഭാവം പ്രകടിപ്പിക്കുകയോ ചെയ്യുന്ന ശേര്‍ ആയിരിക്കുമത്. എന്നാല്‍ കാലാന്തരങ്ങളായുള്ള പരിണാമങ്ങള്‍ക്കിടയില്‍ ഗസലുകളില്‍ മഖ്തകളും തഖല്ലുസും കാണാതെ വന്നു തുടങ്ങിയിട്ടുണ്ട്. 
ഗസലിലെ ഓരോ ശേറും മറ്റു ശേറുകളുമായി ആശയപരമായി ബന്ധം വേണമെന്നില്ല. ഓരോ ശേറിനും സ്വന്തമായി തന്നെ നിലനില്പുണ്ടാകണം. അതായത് ഒരു ഗസലിന്റെ ആദ്യ ശേറിലെ വിഷയം തന്നെയാകണം അടുത്ത ശേറിലും എന്നില്ല. തികച്ചും വ്യത്യസ്തമായ ഒന്ന് ആവാം. ഒന്നാല്‍ ഓരോ ശേറും സ്വയം തന്നെ അര്‍ഥ സമ്പുഷ്ടമായിരിക്കണം. എന്നാല്‍ ചിലപ്പോഴെങ്കിലും ഒരേ വിഷയം തന്നെ തുടര്‍ച്ചയായി പറഞ്ഞു പോകുന്ന ഗസലുകളും നമുക്ക് കാണാനൊക്കും. അവയെ 'മുസല്‍സല്‍ ഗസല്‍' എന്നാണു വിളിക്കുക. അവയില്‍ ഓരോ ശേറുകളും മറ്റൊന്നുമായി ചേര്‍ന്നു വരുന്നതായി കാണാനൊക്കും.
ഇവയൊക്കെ ചേര്‍ന്നതാണ് യഥാര്‍ഥത്തില്‍ ഒരു ഗസല്‍.
ഈ നിയമങ്ങള്‍ പാലിച്ചുകൊണ്ട് എഴുതപ്പെടുമ്പോഴാണ് ഒരു ലക്ഷണമൊത്ത ഗസല്‍ പിറവി കൊള്ളുന്നത്. ആദ്യ കാലങ്ങളില്‍ മുഷായറകളിലും മറ്റുമായി ഒട്ടും സംഗീത ചേരുവകളില്ലാതെയായിരുന്നു ഗസലുകള്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്. അന്ന് ഗസലുകളുടെ ആശയത്തിന് പ്രാധാന്യം നല്കുന്ന രീതിയിലായിരുന്നു കൂട്ടായ്മകള്‍. എന്നാല്‍ പിന്നീട് ഗസലുകള്‍ സംഗീതം നല്കി ആലപിക്കാനാരംഭിച്ചതോടെ ഗസലിന്റെ സൗന്ദര്യം കൂടുതല്‍ ദീപ്തിമത്തായി മാറി. ഓരോ വാക്കിന്റെയും ഗാംഭീര്യം സംഗീതത്തിന്റെ സഹായത്തോടെ അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞു. ഇതോടെയാണ് ഗസല്‍ എന്ന കാവ്യശാഖ സംഗീത ശാഖയാണെന്ന് തെറ്റിദ്ധരിക്കാന്‍ തുടങ്ങിയത്.
മലയാള ഗസല്‍
മലയാളത്തിലാകട്ടെ ഗസല്‍ എന്ന് ഓമനപ്പേരിട്ടു പുറത്തിറങ്ങുന്നവയിലധികവും ഗസല്‍ എന്ന ആശയത്തെ വ്യഭിചരിക്കാന്‍ പോന്ന രചനകളാണ്. വേണു വി ദേശമാണ് മലയാളത്തില്‍ ആദ്യമായി ഒരു ഗസലെഴുത്തിനുള്ള ശ്രമം നടത്തുന്നത്. ഈരടികളായിട്ട് കവിതയെഴുതുന്നതില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചെങ്കിലും ആദ്യത്തെ രണ്ടോ മൂന്നോ ഈരടികളില്‍ പാലിക്കാന്‍ ശ്രമിച്ച റദീഫും ഖാഫിയയും അവസാന ഈരടികളില്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്. ആ കവിത ആലപിച്ചത് ഉമ്പായിക്കയായിരുന്നു. ഗസലിനോടുള്ള അടങ്ങാത്ത അഭിലാഷത്താല്‍ ഉമ്പായിക്ക മലയാളത്തില്‍ ഗസലൊരുക്കുന്നതിനായി പല കവികളെയും സമീപിക്കുകയും എഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആസാദ് ഗസല്‍ എന്ന് വിളിക്കപ്പെടാവുന്ന തരത്തിലുള്ള ഗസലുകള്‍ വിരിഞ്ഞെങ്കിലും പൂര്‍ണാര്‍ഥത്തിലുള്ള ഗസല്‍ അപ്പോഴൊന്നും പിറവി കൊണ്ടില്ല. പിന്നീട് ഏറെയിപ്പുറം ഷഹ്ബാസ് അമന്‍ ആണ് സജ്‌നി എന്ന രചനയിലൂടെ മലയാളത്തിന് പൂര്‍ണാര്‍ഥത്തിലുള്ള ഒരു ഗസല്‍ സമ്മാനിക്കുന്നത്. പിന്നീട് വിജയ് സുര്‍സെന്‍, കബീര്‍ ഇബ്രാഹിം, റഫീഖ് അഹമ്മദ് തുടങ്ങിയ കവികളിലൂടെയും വിരലിലെണ്ണാവുന്ന ഗസലുകള്‍ മലയാളത്തില്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ശാഖ എന്ന തലത്തിലേക്ക് അത് മലയാളത്തില്‍ വളര്‍ന്നിട്ടില്ല.

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...