Sunday 25 October 2020

പൽ ദോ പൽ കാ ഷായർ -ഷബീർ രാരങ്ങോത്ത്

 തു ഹിന്ദു ബനേഗ ന മുസല്മാന് ബനേഗ
ഇന്സാന് കി ഔലാദ് ഹെ ഇന്സാന് ബനേഗ
(ഹിന്ദുവോ മുസല്മാനോ ആവുകയില്ല
മനുഷ്യപുത്രനാണ്, നീയൊരു മനുഷ്യനാവും)
മാനുഷികതയുടെ പാഠം വിളിച്ചോതുന്ന ഈ കവിത പിറന്നത് സാഹിര് ലുധിയാന്വിയുടെ തൂലികയിലൂടെയാണ്. സാഹിര് ചോദ്യങ്ങളെ ഭയപ്പെടുകയോ ചോദ്യങ്ങളുയര്ത്തുന്നതില് അമാന്തം കാണിക്കുകയോ ചെയ്തിരുന്നില്ല.
1921 മാര്ച്ച് 8 നാണ് അദ്ദേഹത്തിന്റെ ജനനം. അബ്ദുല് ഹയ്യ് എന്നതായിരുന്നു സാഹിറിന്റെ യഥാര്ഥ പേര്. പിതാവിന്റെ പന്ത്രണ്ടാമത്തെ ഭാര്യയായിരുന്നു സാഹിറിന്റെ മാതാവ്. അദ്ദേഹത്തില് നിന്നുള്ള ക്രൂരതകളെത്തുടര്ന്ന് പിതാവിനോട് അങ്ങേയറ്റം വെറുപ്പായിരുന്നു സാഹിറിന്. ദുരിതപൂര്ണമായ ജീവിതത്തില് നിന്നാണ് സാഹിറിന്റെ എഴുത്തിന് അഗ്‌നി കൈവന്നത്. ബിരുദ പഠന കാലയളവില് തന്നെ ഗസലുകളും നസ്മുകളും എഴുതുക വഴി സാഹിര് പ്രശസ്തിയുടെ കൊടുമുടി കയറിയിരുന്നു. 
1943 ല് സാഹിര് തന്റെ തല്ഖിയാന് എന്ന കാവ്യ സമാഹാരം പുറത്തിറക്കി. ശക്തമായ സാമൂഹ്യ വിമര്ശം തന്റെ കവിതകളില് അദ്ദേഹം ഉള്ക്കൊള്ളിച്ചിരുന്നു. പിന്നീട് ആദാബെ ലതീഫ്, ഷഹ്കാര്, പ്രിത്‌ലരി, സവേര തുടങ്ങിയ മാഗസിനുകളില് എഡിറ്ററായി ജോലി നോക്കിയിരുന്നു. അക്കാലയളവിനുള്ളില് തന്നെ പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷനില് അദ്ദേഹം അംഗമാവുകയും ചെയ്തു.
കവിതകളില് പുരോഗമനപരവും യാഥാര്ഥ്യ ബോധവുമുള്ള വരികള് കുറിക്കുമ്പോഴും താളം പ്രാസം എന്നിവ കാത്തു സൂക്ഷിക്കാന് അദ്ദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ടു തന്നെ ഏതു വിഭാഗം ജനങ്ങള്ക്കും സാഹിറിന്റെ കവിതകള് ഏറെ ഇഷ്ടമായിരുന്നു. ഏതെങ്കിലും ഒരു വിഭാഗം കവിതകള് മാത്രം എഴുതുന്ന ഒരാളായിരുന്നില്ല സാഹിര്. എല്ലാ തരത്തിലുള്ള കവിതകളും സാഹിറിന്റെ തൂലികയില് നിന്ന് പിറവി കൊണ്ടു. ഫ്യൂഡല് സമൂഹത്തെ നിശിതമായി വിമര്ശിക്കുമ്പോഴും ഒരു പ്രതീക്ഷാ നാളത്തെ ബാക്കി വെക്കുന്ന തരത്തിലായിരുന്നു സാഹിറിന്റെ രചനകള് എന്നു കാണാം.
ഗാന രചയിതാക്കള്ക്ക് ഒട്ടും പ്രസക്തിയില്ലാത്ത കാലത്ത് കഴിവു കൊണ്ടും പരിശ്രമം കൊണ്ടും കവികള്ക്കും അര്ഹമായ സ്ഥാനം കണ്ടെത്തുന്നതില് സാഹിര് വലിയ സംഭാവനകളര്പ്പിച്ചിട്ടുണ്ട്. സാഹിര് സ്വയം ഒരു ആക്ടിവിസ്റ്റ് എന്നാണ് അടയാളപ്പെടുത്തിയിരുന്നത്. തെരുവുകളില് പതാക വഹിക്കുക മാത്രമല്ല, താന് പ്രതിനിധീകരിക്കുന്ന കലകളിലൂടെ ആക്ടിവിസം പ്രകടിപ്പിക്കുകയാണ് സാഹിര് ചെയ്തത്.
പാട്രിക് ലുമുംബയെ കൊന്നു കളഞ്ഞപ്പോള് സാഹിര് ഒരു കവിതയെഴുതിയിരുന്നു.
സുല്മ് ഫിര് സുല്മ് ഹെ ബഡ്താ ഹെ തൊ മിട് ജാതാ ഹെ
ഖൂന് ഫിര് ഖൂന് ഹെ തപ്‌കേഗാ തൊ ജം ജായേഗ
(അനീതി അനീതി തന്നെയാണ്, അധികരിച്ചെന്നാല് സകലതും തകരും
രക്തം രക്തം തന്നെയാണ്, ചിന്തിയെന്നാല് കട്ടപിടിക്കും.)
സാഹിറിന്റെ കവിതകള് അനീതിക്കിരയാവുന്നവര്ക്കുള്ള പരിചയായിരുന്നു. പ്രണയത്തേക്കാള് വലുതായി മറ്റു പലതുമിവിടെയുണ്ട് എന്ന ചിന്തയായിരുന്നു സാഹിറിനുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ വിവാഹിതനാകാന് സാഹിറിന് സാധിക്കുമായിരുന്നില്ല. ബോളിവുഡ് സിനിമാ ചരിത്രത്തില് ഇത്രയേറെ അംഗീകരിക്കപ്പെട്ട മറ്റൊരു കവി അപൂര്വമാണ്. 1980 ഒക്ടോബര് 25 ന് ഹൃദയാഘാതം മൂലമാണ് അദ്ദേഹത്തിന്റെ മരണം.
മുജ്‌സെ പെഹ്‌ലെ കിത്‌നെ ഷായര് ആയെ ഔര് ചലേ ഗയെ
കുച് ആഹേ ഭര് കര് ലോട്ട് ഗയെ കുച് നഗ്മേ ഗാകര് ചലേ ഗയെ
വൊ ഭി ഇക് പല് ക കിസ്സാ ഥെ, മെ ഭി ഇക് പല് കാ കിസ്സാ ഹൂ
കല് തുംസെ ജുദാ ഹോ ജാഊംഗാ, വൊ ആജ് തുമാരാ ഹിസ്സാ ഹൂ
(എനിക്കു മുന്പും ഒരുപാട് കവികള് ഇവിടെ വന്നു പോയിട്ടുണ്ട്
കുറച്ചു പേര് ഒരു നെടുവീര്പ്പിട്ടു കടന്നു പോയി, മറ്റു ചിലര് അല്പം പാട്ടുപാടിയും കടന്നു പോയി
അവരും ഇവിടെയൊരു നിമിഷത്തേക്കു മാത്രമുള്ളവരായിരുന്നു, ഞാനും ഒരു നിമിഷത്തിന്റെ കഥ മാത്രമാണ്
നാളെ ഞാനും നിങ്ങളെ പിരിഞ്ഞു പോകേണ്ടവനാണ്, ഇന്ന് ഞാന് നിങ്ങളുടെ ഭാഗവുമാണ്.)

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...