Wednesday 13 June 2012

മെഹ്ദി ഹസന്‍: അതിരുകള്‍ മായ്ച്ച സ്വരരാഗഗംഗ

ഗസല്‍ ലോകത്തെ മാസ്മരിക സാന്നിധ്യമായിരുന്ന മെഹ്ദി ഹസന്റെ വേര്‍പാട് സംഗീത ലോകത്തിന്റെ തീരാ നൊമ്പരമാണ്. വിഭജനത്തെ തുടര്‍ന്ന് മെഹ്ദി ഹസന്റെ കുടുംബം പാകിസ്ഥാനില്‍ താമസമാക്കിയെങ്കിലും മനുഷ്യര്‍ തീര്‍ത്ത അതിരുകളെ മായ്ക്കുന്ന അത്ഭുതമായി ആ സ്വരമാധുരി മാറുകയായിരുന്നു.
1927 ജൂലായ് 18ന് രാജസ്ഥാനിലെ പുരാതന സംഗീത കുടുംബ ത്തിലാണ് മെഹ്ദിയുടെ ജനനം. പിന്നീട്  ഇന്ത്യ-പാക് വിഭജനത്തെ തുടര്‍ന്ന് ഇരുപതാമത്തെ വയസ്സില്‍ അദ്ദേഹം പാകിസ്താനിലേക്ക് കുടിയേറി. ജന്മനാട്ടിലേക്ക് തിരിച്ചു വരാന്‍ മനസ്സു കൊണ്ട് ഒരുപാട് ആശിച്ചെങ്കിലും രാഷ്ട്രീയ നയം മാറ്റങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ തടസ്സമായി.  
പാകിസ്താനിലേക്ക് കുടിയേറിയ ആദ്യ കാലങ്ങളില്‍ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഉപജീവന മാര്‍ഗം കണ്ടെത്താന്‍ സൈക്കിള്‍ ഷോപ്പിലും പിന്നീട് കാര്‍ മെക്കാനിക്കായും ട്രാക്ടര്‍ മെക്കാനിക്കായും അദ്ദേഹത്തിന് ജോലി നോക്കേണ്ടി വന്നു. ഇതിനിടയിലും തന്റെ സംഗീതത്തോടുള്ള അഭിനിവേശം അദ്ദേഹം കൈവെടിഞ്ഞില്ല. 1957 ല്‍ പാകിസ്താന്‍ റേഡിയോയിലൂടെയാണ് അദ്ദേഹം തന്റെ രാഗ വിസ്മയത്തിന് തുടക്കം കുറിച്ചത്.

ഉര്‍ദു കവിതകളില്‍ ഏറെ തല്‍പരനായിരുന്ന അദ്ദേഹത്തിലെ പ്രതിഭയെ കണ്ടെത്തുന്നതില്‍ പാകിസ്താന്‍ റേഡിയോവിലെ ചിലര്‍ പ്രധാന പങ്കു വഹിച്ചു. പിതാവ് ഉസ്താദ് അസീം ഖാനും അമ്മാവന്‍ ഉസ്താദ് ഇസ്മാഈല്‍ ഖാനുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പരിശീലകര്‍.
അറുപതുകളിലും എഴുപതുകളിലും ഗസലില്‍ തന്റേതായ തരംഗം തീര്‍ക്കാന്‍ ഈ അപുര്‍വ്വ പ്രതിഭക്ക് കഴിഞ്ഞു. ഗസലില്‍ മാത്രമല്ല പാകിസ്താന്‍ സിനിമയിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. 1962ല്‍ ശിക്കാര്‍ എന്ന സിനിമയില്‍ 'മേരെ ഖവാബ് ഓ ഖയാല്‍കി ദുനിയലിയേ ഹുവേ' എന്ന ഗാനത്തോടെയായിരുന്നു തുടക്കം. ഏറെക്കാലം അഹമ്മദ് റുഷ്ദിയോടൊപ്പം പാക് സിനിമ ലോകം അദ്ദേഹം അടക്കിഭരിച്ചു.  
' ശബ്ദങ്ങളുടെ തമ്പുരാന്‍'എന്നാണ് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്ക്കര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.  'സര്‍ഹദേയന്‍' എന്ന ആല്‍ബ്ധില്‍ മെഹ്ദിയോടൊപ്പം 'തേര മില്‍ന ബഹുത് അഛേ ലഗേ ഹെ' എന്ന ഗാനം പാടിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് അവര്‍ കരുതുന്നത്.
എണ്‍പതുകളുടെ അവസാനത്തില്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സംഗീതലോകത്ത് നിന്നും വിട്ടു നിന്ന മെഹ്ദയുടെ തിരിച്ച് വരവ് ആരാധകരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. പ്രായത്തിന്റെ അവശതയിലും ആ ശബ്ദത്തിന്റെ മാന്ത്രികത ഒട്ടും ചോര്‍ന്നു പോയില്ല. നിരവധി ബഹുമതികള്‍ നല്‍കി പാകിസ്താന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.  സൈഗാള്‍ പുരസ്കാരം ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നും നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
രാജസ്ഥാനിലെ തന്റെ ബാല്യവും കൗമാരവും പലപ്പോഴും വേദനയുള്ള ഓര്‍മയായിരുന്നു അദ്ദേഹത്തിന്. ഏറ്റവും ഒടുവില്‍ 2000 ത്തിലാണ് ഇന്ത്യയില്‍ അദ്ദേഹം കച്ചേരി നടത്തിയത്. പിന്നീട് 2008 ല്‍ ഇന്ത്യയിലേക്ക് യാത്ര ആലോചിച്ചങ്കെിലും മുംബൈ ആക്രമണത്തെ തുടര്‍ന്ന് അത് റദ്ദാക്കി.  ലതാ മങ്കഷേ്കര്‍, ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരെ കാണണമെന്ന അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ രോഗാതുരമായ ശരീരം ഒന്നുകൂടി ജന്മനാട്ടിലെത്താനുള്ള ആശക്ക് വിഘാതമായി.
വിഷാദത്തിന്റെ പ്രതിബിംബങ്ങള്‍ പ്രതിഫലിക്കുന്ന കണ്ണാടിയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങള്‍. കണ്ണീര്‍ ചാലിച്ചെഴുതിയ ആ പ്രണയഗാനങ്ങള്‍ ആസ്വാദകര്‍ക്ക്  എന്നും വേറിട്ട അനുഭവമായിരുന്നു. മെഹ്ദി ഹസന്റെ ഭൗതിക സാന്നിധ്യം ഇല്ലാതായെങ്കിലും പാട്ടുകളെ പ്രണയിക്കുന്നവരുടെയുള്ളില്‍ ഒരിക്കലും നിലക്കാത്ത ഈണമായി അദ്ദേഹത്തിന്റെ പാട്ടുകള്‍ അലയടിക്കും.

ഉസ്താദ് മെഹ്ദി ഹസന്‍: അപരസാമ്യങ്ങളില്ലാത്ത തമ്പുരാന്‍



റേഡിയോ പാകിസ്ഥാനിലൂടെയാണ് ഉസ്താദ് മെഹ്ദി ഹസന്റെ യഥാര്‍ത്ഥ കഴിവുകള്‍ ലോകമറിയുന്നത്. ത്രുമിയും ഗസലുകളും വഴി റേഡിയോയില്‍  തുടക്കമിട്ട മെഹ്ദി ചുരുങ്ങിയ കാലം കൊണ്ട് പാകിസ്ഥാനില്‍ ജനപ്രീതിയും അംഗീകാരവും നേടിയെന്നു മാത്രമല്ല എണ്ണപ്പെട്ട സംഗീതജ്ഞരില്‍ ഒരാളായി പേരെടുക്കുകയും ചെയ്തു. അക്കാലത്ത് തിളങ്ങി നിന്ന ബില്‍ക്കത്ത് അലി ഖാന്‍, ബീദം അക്തര്‍, മുക്താര്‍ ബീഗം എന്നിവരോടു കിടപിടിക്കുന്നതായിരുന്നു മെഹ്ദിയുടെ ഇൌണങ്ങള്‍.
റേഡിയോയിലുടെ കൈവന്ന പ്രശസ്തി മെഹ്ദി ഹസന് സിനിമയിലേക്കുളള വഴി തുറന്നു. ശബ്ദവും വെളിച്ചവും സംയോജിച്ചപ്പോള്‍ മെഹ്ദിയുടെ സംഗീതത്തിന് വെളളിത്തിരയില്‍ ആവശ്യക്കാരേറെയായി. 1950 മുതല്‍ എഴുപതുകള്‍ വരെ പാകിസ്ഥാനി സിനിമയിലും സംഗീതത്തിലും മെഹ്ദി ഹസന്‍ യുഗം തന്നെയായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ ഏറെകിട്ടിയ വേളയിലും  മെഹ്ദി റേഡിയോയോടുളള ഇഷ്ടം കൈവിട്ടില്ല. ഒരാഴ്ചയില്‍ ഏഴ് പാട്ടു വരെ റേഡിയോയിലൂടെ മെഹ്ദിയുടെ ശബ്ദത്തില്‍ പുറത്തു വന്നു. റേഡിയോയ്ക്കും സിനിമയ്ക്കും ഒപ്പം സ്റ്റേജ് പരിപാടികളും മെഹ്ദി അവതരിപ്പിച്ചിരുന്നു.
അറുപതുകളില്‍ തന്റെ ഗസല്‍ നിധിയുമായി മെഹ്ദി ഹസന്‍ ലോക പര്യടനം ആരംഭിച്ചു. ഏഷ്യയിലെ മിക്കവാറും രാജ്യങ്ങളിലും മെഹ്ദി ഹസന് ആരാധകറേറെയായിരുന്നു. അസാമാന്യമായ സ്വരമാധുരി കൊണ്ട് ഗസല്‍ വസന്തം സൃഷ്ടിച്ച മെഹ്ദിയെ ഇന്ത്യയും ഹൃദയം നല്‍കി വരവേറ്റു. ഏറ്റവും ബുദ്ധിമുട്ടുളള രാഗങ്ങള്‍ പോലും അനായാസേന പാടി മെഹ്ദി ജനപ്രിയമാക്കി. 1983ല്‍ സഹാറാ എന്ന രാഗശൈലി മെഹ്ദിയുടെതായി പുറത്തുവന്നു. ജബ് തേരെ നേര്‍ മുസ്കുരാതേ ഹേ...  ഇൌ ശൈലിയിലുളള ഏറ്റവും പ്രശസ്തമായ ഗസലാണ്.
ഗസലിന്റെ ഇതരനാമമായി മാറി മെഹ്ദിയെ തേടി ബഹുമതികളും നിരവധിയെത്തി. 28 നാഗാ പുരസ്കാരങ്ങള്‍, 67 മറ്റു അവാര്‍ഡുകള്‍ തുടങ്ങി പാകിസ്ഥാന്‍ സംഗീതലോകത്തെ ഒട്ടുമിക്ക സംഗീത പുരസ്ക്കാരങ്ങളും സ്വന്തം പേരിലെഴുതി. 1999ല്‍ നൂറ്റാണ്ടിലെ ഗായകനുളള പുരസ്ക്കാരവും 2000 സഹസ്രാബ്ദത്തിന്റെ ഏറ്റവും നല്ല സ്വരമാധുരിക്കുളള പുരസ്ക്കാരവും നേടിയ മെഹ്ദി ഹസനെ ഇന്ത്യന്‍ സംഗീതം 1979ല്‍ സൈഗാള്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
ഗസലിന്റെ ഗഗനത്തില്‍ അപരസാമ്യങ്ങളില്ലാത്ത ഇണങ്ങള്‍ ബാക്കിനിര്‍ത്തി മെഹ്ദി ഹസന്‍ യാത്രയാകുമ്പോള്‍ പാകിസ്ഥാന് മാത്രമല്ല ലോക സംഗീതത്തിന് നഷ്ടമാകുന്നത് സംഗീതത്തിന്റെ വേറിട്ട ഒരു ശൈലികൂടിയാണ്.


ഗസലുകളുടെ ഈ തമ്പുരാന്‍ മെഹ്ദി ഹസന്‍



ലത പറഞ്ഞു-ഇതു ദൈവത്തിന്റെ ശബ്ദം


ഒരു ട്രാക്ടര്‍ മെക്കാനിക്കില്‍ നിന്ന് സംഗീത ചക്രവര്‍ത്തിപദത്തിലേക്കുള്ള ദൂരം മെഹ്ദി ഹസനെ സംബന്ധിച്ചിടത്തോളം ചെറുതായിരുന്നു. ഗസലുകളുടെ ഈ തമ്പുരാന്‍ സംഗീതത്തിന്റെ മാത്രമല്ല കാറുകളുടെയും ട്രാക്ടറുകളുടെയും ഉള്ളറിഞ്ഞാണു ജീവിച്ചത്. 20 വയസില്‍ പാക്കിസ്ഥാനിലെത്തി തുടര്‍ന്നു ദാരിദ്യ്രത്തില്‍ നിന്നു രക്ഷപ്പെടാന്‍ സൈക്കിള്‍ മെക്കാനിക്കായും കാര്‍ മെക്കാനിക്കായും ട്രാക്ടര്‍ മെക്കാനിക്കായും കഴിഞ്ഞ മെഹ്ദി ഹസന്‍ സംഗീതത്തെ താലോലിച്ചു തന്നെ വര്‍ക്ക്ഷോപ്പിലും ജോലി ചെയ്തു. 
അസുഖങ്ങള്‍ നിരന്തരം വേട്ടയാടിയ ജീവിതമായിരുന്നു ഹസന്റേത്. പന്ത്രണ്ടു വര്‍ഷം മുന്‍പുണ്ടായ പക്ഷാഘാതം അദ്ദേഹത്തിന്റെ ശരീരത്തിന്റെ പകുതി ഭാഗം തളര്‍ത്തിയിരുന്നു. കറാച്ചിയിലെ ആഗ ഖാന്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ഏറെക്കാലം ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ബന്ധുക്കള്‍ക്ക് വളരെ വലിയ തുകയാണു ചെലവായത്. പക്ഷാഘാതം വരുന്നതിനു മുന്‍പു തന്നെ അദ്ദേഹത്തിന് അസുഖം മൂലം എണ്‍പതുകളുടെ അവസാനത്തോടെ ശ്വാസകോശസംബന്ധമായ രോഗത്തോടെ ചലച്ചിത്ര പിന്നണിഗാന രംഗത്തു നിന്നു മാറിനില്‍ക്കേണ്ടിവന്നു. 
ജീവിതത്തില്‍ കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടും അവയെ നേരിടാന്‍ ഹസനു കഴിഞ്ഞത് സംഗീതത്തിന്റെ പിന്‍ബലം കൊണ്ടായിരുന്നു. മെഹ്ദി ഹസന്റെ ശബ്ദത്തെപ്പറ്റി പ്രശസ്ത ഗായിക ലത മങ്കേഷ്കര്‍ പറഞ്ഞത് ഇങ്ങനെയാണ്- ദൈവത്തിന്റെ ശബ്ദം. ലതയോടൊപ്പമാണ് ഹസന്‍ തന്റെ ഏക യുഗ്മഗാനം പാടിയിട്ടുള്ളത്. 
ഇന്ത്യയോട് എന്നും ഹസനു സ്നേഹമായിരുന്നു. തന്റെ ജന്മസ്ഥലം ഇന്ത്യയിലാണെന്നതിനാല്‍ പ്രത്യേകിച്ചും. 2000ത്തിലാണ് ഹസന്‍ അവസാനമായി ഇന്ത്യയില്‍ വന്ന് പാടിയത്. 2008 അവസാനം ഇന്ത്യയില്‍ പാടാന്‍ അദ്ദേഹം തുനിഞ്ഞെങ്കിലും 2008 നവംബറിലെ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 2010ല്‍ ലത മങ്കേഷ്കറിനെയും അമിതാഭ് ബച്ചനെയും കാണാന്‍ ഇന്ത്യയില്‍ വരാന്‍ രോഗാവസ്ഥയിലും അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ അസുഖം മൂലം അദ്ദേഹത്തിനു വരാനായില്ല. പക്ഷേ അദ്ദേഹത്തിന്റെ ശബ്ദം അതിര്‍ത്തികള്‍ കടന്ന് ലോകമെങ്ങും അപ്പോഴും പരക്കുകയായിരുന്നു

മെഹ്ദി ഹസന്റെ ഗസലുകളില്‍ ചിലത്



ആഗേ ബര്‍ഹേ നാ ക്വിസ
ആജ് തക് യാദ് ഹൈ വോ പ്യാര്‍ കാ മന്‍സാര്‍
ആംഘോം സെ മിലി ആംഘേം
ആപ് കി ആംഘോം നേ
ആയേ കുച്ഛ് 
അബ് കെ ഹം ബിച്ഡേ 
ചല്‍തേ ഹോ തോ ചമന്‍ കോ ചലിയേ
ദേഘ് തോ ദില്‍ കേ ജാന്‍ സെ 
ദില്‍ കി ബാത് 
ദില്‍ മേ തൂഫാന്‍
ദുനിയാ കിസി കെ പ്യാര്‍ മേം 
ഏക് ബാര്‍ ചലേ ആവോ
ഏക് ബസ് തൂ ഹി നഹി
ഗുല്‍ഷന്‍ ഗുല്‍ഷന്‍ 
ഹര്‍ ദര്‍ദ് കോ
ജബ് ഭീ ആത്തി 
ജബ് കോയി പ്യാര്‍ സെ ബുലായേ
ജബ് ഉസ് സുല്‍ഫ് കീ
മേം ഖായല്‍ ഹൂം 
മേ നസര്‍ സേ
മൊഹബത്ത് കര്‍ണേ വാലേ
തേരേ മേരേ പ്യാര്‍ കാ 






ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...