Sunday, 8 July 2012

മലയാളത്തിന്റെ ആകാശത്ത് ഉര്‍ദുവിന്റെ നക്ഷത്രം
ഒരു ജോലിക്കു വേണ്ടി മാത്രമായി മറ്റൊരു ഭാഷ പഠിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് അപവാദമായി ഇവിടെയൊരു ജീവിതമുണ്ട്. മാതൃഭാഷയോടൊപ്പം സ്‌നേഹിക്കുന്ന ഭാഷയെ നെഞ്ചോടു ചേര്‍ത്തുവെച്ച് ദിനചര്യയുടെ ഭാഗമാക്കി ഉര്‍ദുവിനുവേണ്ടി ജീവിതം സമര്‍പ്പിക്കുന്ന മലപ്പുറം തിരൂര്‍ക്കാട്ടെ കെ പി ശംസുദ്ദീന്‍ എന്ന ഷമ്മു മാഷാണ് ആ കഥാപുരുഷന്‍.
തിരൂര്‍ക്കാട് എ എം ഹൈസ്‌കൂളിലെ ഉര്‍ദു അധ്യാപകനായ ഷമ്മു മാഷ് ഭാഷാ സ്‌നേഹികളുടെ ലോകത്ത് കെ പി ശംസുദ്ദീന്‍ തിരൂര്‍ക്കാട് എന്ന തൂലികാ നാമത്തിലാണ് തിരിച്ചറിയുക. ബോംബെയില്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മീറ്റര്‍ ഇന്‍സ്‌പെക്ടറായി വിരമിച്ച പരേതനായ കൊട്ടാരപ്പറമ്പില്‍ മുഹ്‌യുദ്ദീന്റെയും അമ്പലക്കുത്ത് കുരിക്കള്‍ ഫാത്തിമയുടെയും നാലു മക്കളില്‍ ഇളയവനായി 1970 ജനുവരി 14ന് ബോംബെയില്‍ ജനിച്ചു. ബോംബൈയിലെ ഹാശിമിയ്യാ ഹൈസ്‌കൂള്‍, മഹാരാഷ്ട്രാ കോളജ് എന്നിവിടങ്ങളില്‍ പഠനം. പിതാവിന്റെ ഉര്‍ദു സ്‌നേഹം മക്കളെയെല്ലാം ഉര്‍ദു മീഡിയത്തില്‍ പഠിപ്പിക്കാന്‍ ഇടയാക്കി. ഉര്‍ദു ഭാഷാ സാഹിത്യത്തിലേക്കുള്ള ശംസുദ്ദീന്റെ പ്രയാണം ഇങ്ങനെയാണ് ആരംഭിച്ചത്. 1985ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍ ബോംബൈയിലെ ഉര്‍ദു ദിനപ്പത്രമായ ഹിന്ദുസ്താനില്‍ പാര്‍ട്ട് ടൈം പ്രൂഫ് റീഡറായി ചേര്‍ന്നു. പിന്നീട് പത്തു വര്‍ഷത്തോളം റിപ്പോര്‍ട്ടറായും ജോലി ചെയ്തു. തുടര്‍ന്ന് പിതാവ് സര്‍വ്വീസില്‍നിന്നു വിരമിച്ചതോടെ കുടുംബം തിരൂര്‍ക്കാട്ടേക്ക് താമസം മാറ്റി. ഉര്‍ദുവില്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ ചെറുപ്പം മുതലേ എഴുതിത്തുടങ്ങിയ ഷമ്മു മാഷ് ഇന്ന് മലയാളത്തിലും വിവിധ മാധ്യമങ്ങളില്‍ സ്ഥിരം എഴുത്തുകാരനാണ്.
ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം എ നേടി. 1995 മുതല്‍ തിരൂര്‍ക്കാട് എ എം ഹൈസ്‌കൂളില്‍ ഉര്‍ദു അധ്യാപകനായി ജോലി നോക്കുന്നതിനിടയില്‍തന്നെ കേരളത്തിലെ ഉര്‍ദു ഭാഷാ സാഹിത്യത്തിന്റെ ചരിത്ര സ്വാധീനത്തെ കുറിച്ചുള്ള ഗവേഷണം നടത്തി വരികയാണ് ഒന്നരപ്പതിറ്റാണ്ടിലേറെയായി ഷമ്മു മാഷ്.
ഭാഷയുടെ ചരിത്രം തേടിയുള്ള യാത്രയ്ക്കിടയില്‍ ആയിരക്കണക്കിനു പുസ്തകങ്ങളുടെ റഫറന്‍സ് ലൈബ്രറിതന്നെ തന്റെ വീട്ടില്‍ ഒരുക്കിക്കഴിഞ്ഞു അദ്ദേഹം. ഭാഷാ ഗവേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യ മുഴുവനും പര്യടനം നടത്തി. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര പ്രദേശ്, ഗോവ, ദല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഭാഷാ പ്രചരണം നടത്തി ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 2010 ഡിസംബറില്‍ ഹൈദരാബാദില്‍ നടന്ന അന്താരാഷ്ട്ര അല്ലാമാ ഇഖ്ബാല്‍ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം ''മലയാളം മേ ഇഖ്ബാലിയാത്'' (ഇഖ്ബാല്‍ സാഹിത്യം മലയാളത്തില്‍) ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി കേരള സംസ്ഥാന ഉര്‍ദു പാഠപുസ്തക നിര്‍മാണ ശില്‍പശാലയില്‍ തുടര്‍ച്ചയായി പങ്കെടുക്കുകയും അധ്യാപക പരിശീലനത്തിന്റെ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പായി (എസ് ആര്‍ ജി) പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കെ യു ടി എയുടെ മുഖപത്രമായ 'ഉര്‍ദു ബുള്ളറ്റി'ന്റെ ചീഫ് എഡിറ്ററാണ്. മക്കരപ്പറമ്പ് പുണര്‍പ്പ യു പി സ്‌കൂളിലെ ഉര്‍ദു ക്ലബ്ബ് പുറത്തിറക്കുന്ന കേരളത്തിലെ ഏക ഉര്‍ദു ബാലമാസികയായ 'ഝലക് മാഹ്‌നാമ'യുടെ മുഖ്യ പത്രാധിപരുടെ സ്ഥാനവുമലങ്കരിക്കുന്നു. അന്‍ജുമന്‍ തര്‍ഖി ഉര്‍ദു ഹിന്ദ് കേരള സംസ്ഥാന കമ്മിറ്റി അംഗമാണ്. കേരള ഉര്‍ദു ടീച്ചേര്‍സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടും കേരള ഉര്‍ദു സെന്റര്‍ ട്രസ്റ്റ് കമ്മിറ്റി അംഗവുമാണ്. ജില്ലാ- സംസ്ഥാന സ്‌കൂള്‍ യൂണിവേഴ്‌സിറ്റി കലോത്സവങ്ങളില്‍ വിധി കര്‍ത്താവായ അദ്ദേഹം സീതി സാഹിബിന്റെ ലേഖനങ്ങള്‍ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. നിരവധി അവാര്‍ഡുകള്‍ ലഭിച്ച മാഷ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ ഇസ്‌ലാമിക വിജ്ഞാന കോശത്തില്‍ ഉര്‍ദുവിനെക്കുറിച്ചുള്ള പല ശീര്‍ഷകങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.
ഡോ. കമാല്‍ പാഷ തയ്യാറാക്കിയ ഖുര്‍ആന്‍ ചരിത്രഭൂമിയിലൂടെ വീഡിയോ ചിത്രീകരണത്തിന് ഉര്‍ദു പതിപ്പ് തയ്യാറാക്കിയപ്പോള്‍ ഇതിലും ശംസുമാഷുടെ സഹകരണമുണ്ടായിരുന്നു. ഉര്‍ദു ദിനപ്പത്രങ്ങളായ ഇഅ്തിമാദ്, രാഷ്ട്രീയ സഹാറ, ഉര്‍ദു ടൈംസ്, ഇന്‍ക്വിലാബ്  എന്നിങ്ങനെ നിരവധി പത്രങ്ങളും മാസികകളും വീട്ടില്‍ വരുത്തുന്ന മാഷുടെ വിവാഹത്തിന്റെ ക്ഷണക്കത്തുപോലും ഉര്‍ദുവിലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. മനസ്സിനും ശരീരത്തിനും യാതൊരു വിശ്രമവും കൊടുക്കാതെ കേരളത്തില്‍ ഉര്‍ദുവിന്റെ അടിവേരുകള്‍ തേടി ഊരുചുറ്റി പല പുതിയ വിവരങ്ങളും സമൂഹത്തിനു നല്‍കുന്നു. ഈയിടെ ശംസുദ്ദീന്‍ തിരൂര്‍ക്കാടിനു കിട്ടിയ ഏറ്റവും വലിയ അംഗീകാരം സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതാണ്.
തമിഴ്‌നാട് ഉര്‍ദു അക്കാദമിയുടെ അവാര്‍ഡ് ഓഫ് ഓണറും കേരളത്തിലെ സഹൃദയ അവാര്‍ഡും ശംസുദ്ദീന്‍ മാസ്റ്റര്‍ക്കു ലഭിച്ചിട്ടുണ്ട്.
പ്രശസ്ത വാഗ്മിയും ഭാഷാപണ്ഡിതനും അന്‍ജുമന്‍ തര്‍ഖി ഉര്‍ദു സംസ്ഥാന പ്രസിഡണ്ടും മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവുമായ എം പി അബ്ദുസ്സമദ് സമദാനി ശംസുമാഷെ കുറിച്ച് ഇങ്ങനെ പറയുന്നു: ''ഉര്‍ദു ഭാഷയുടെയും ഉര്‍ദു സാഹിത്യത്തിന്റെയും പരിപോഷണത്തിനുവേണ്ടി വളരെ ചെറിയ പ്രായത്തില്‍തന്നെ വിലപ്പെട്ട സേവനങ്ങള്‍ അര്‍പ്പിക്കുന്ന അപൂര്‍വ്വ പ്രതിഭയാണ് ശംസുദ്ദീന്‍. ഒരു സ്ഥാപനം ചെയ്തു തീര്‍ക്കേണ്ട ജോലിയാണ് ഒരു വ്യക്തി ചെയ്യുന്നതെന്ന് അത്ഭുതം തന്നെ''
പെരിന്തല്‍മണ്ണ- മലപ്പുറം ദേശീയ പാതയില്‍നിന്ന് തിരൂര്‍ക്കാട് സ്‌കൂള്‍പ്പടിയിലെ പാറമ്മലില്‍ 'തമന്ന' യിലാണ് താമസിക്കുന്നത്. കൊച്ചി രാജകൊട്ടാരത്തില്‍ ഉര്‍ദു ഭാഷാ പഠനത്തിനു വേണ്ടി പ്രത്യേക മുറിയുണ്ടായിരുന്നുവെന്നത് ഗവേഷണത്തിലൂടെ കണ്ടെത്തിയ ശംസുദ്ദീന്‍ മാസ്റ്ററുടെ വീട്ടിലും ഒരു മുറി ഉര്‍ദു ഭാഷയ്ക്കായി  നീക്കിവെച്ചിരിക്കുകയാണ്. സാഹിത്യം, പഠനം, ചരിത്രം ഉള്‍പ്പെടെ അമ്പരപ്പിക്കുന്ന പുസ്തകങ്ങളുടെ ശേഖരം കൊണ്ടാണ് 'തമന്ന' യുടെ ചുമരുകള്‍ തീര്‍ത്തിട്ടുള്ളത്.  ഉര്‍ദു ഗവേഷണ വിദ്യാര്‍ഥികളുടെ റഫറന്‍സ് 'വീടാ'യി 'തമന്ന' ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു. ഈ അമൂല്യ ഗ്രന്ഥങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെകൂടി ബാധ്യതയാണ്. മതേതര ഭാഷയായ ഉര്‍ദുവിനെ ഷമ്മു മാഷിലൂടെ ലോകം ആദരിക്കുന്നത് കാത്തിരിക്കുകയാണ് ഭാഷാ സ്‌നേഹികള്‍.
പഴമള്ളൂര്‍ സ്വദേശിനി തേര്‍മണ്ണില്‍ ഫാത്തിമയാണ് ഭാര്യ. ഫാത്തിമ ആഫ്‌രിന്‍, ആയിശ നസ്‌രീന്‍, മുഹമ്മദ് നദീം എന്നിവര്‍ മക്കളാണ്. ഉര്‍ദു ഭാഷയെക്കുറിച്ച് ആധികാരികമായി അറിയാന്‍ പലരും ശംസുമാസ്റ്ററുമായി ബന്ധപ്പെടുകൊണ്ടിരിക്കുന്നു. അദ്ദേഹത്തോട്  00919847422682 എന്ന നമ്പറിലും shamsurdu@yahoo.comഎന്ന മെയില്‍ ഐഡിയിലും സംവദിക്കാം. 
-ഷമീര്‍ രാമപുരം

No comments:

Post a Comment